ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-13 ദൃശ്യാനുഭവങ്ങൾകപ്പുറം ഞാൻ കണ്ട എർതുഗ്രുൽ ഗാസി
സോഗൂതിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ, എന്റെ കാലുകളില്‍ എന്തോ ഒരു തരിപ്പ് അനുഭവപ്പെടുന്ന പോലെയുണ്ടായിരുന്നു. അല്‍പം മുന്നോട്ട് നീങ്ങിയപ്പോള്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ആ നാമം ഉല്ലേഖനം ചെയ്യപ്പെട്ട മാര്‍ബിള്‍ ഫലകം കണ്ണില്‍ പെട്ടു, അതിങ്ങനെ വായിക്കാം, എര്‍തുഗ്രുല്‍ ഗാസി. അതോടെ, ഹൃദയം പടാപടാ മിടിക്കാന്‍ തുടങ്ങി. ഇസ്‍ലാമിക നിയമങ്ങളെല്ലാം പകര്‍ത്തി, ആറ് നൂറ്റാണ്ടിലേറെക്കാലം ലോകത്തിന്റെ ഒട്ടേറെ ഭാഗങ്ങള്‍ അടക്കി ഭരിച്ച വലിയൊരു സാമ്രാജ്യം സ്ഥാപിച്ചെടുത്ത, ധീരയോദ്ധാവിന്റെ വിശ്രമ കേന്ദ്രമാണ് അത്. എര്‍തുഗ്രുല്‍ ഗാസിയും അദ്ദേഹത്തിന്റെ പത്നി ഹലീമസുല്‍ത്താനയും ഒരുമിച്ചുറങ്ങുകയാണ് ഇവിടെ. നീതിക്കും ധര്‍മ്മത്തിനും വിരുദ്ധമായി ഒരു ചിന്ത പോലും സംഭവിച്ചാല്‍, ആ ഖഡ്ഗം തന്റെ മേലും പതിക്കുമോ എന്ന പേടിയും തോന്നാതിരുന്നില്ല.
തുര്‍കി ലക്ഷ്യമാക്കി യാത്ര തുടങ്ങിയപ്പോള്‍ തന്നെ, സോഗൂത് ആയിരുന്നു മനസ്സില്‍. ഇന്ന് ആ സ്വപ്നം പൂവണിഞ്ഞിരിക്കുന്നത്. ശരീരം ഇപ്പോഴാണ് ഇവിടെ എത്തുന്നതെങ്കിലും അതിനും എത്രയോ മുമ്പ് തന്നെ മനസ്സ് ഇവിടെ എത്തിക്കഴിഞ്ഞിരുന്നു എന്ന് വേണം പറയാന്‍.
സോഗുത് ശാന്തമാണ്. അവിടത്തെ ആളുകള്‍ ഏറെ ലോല ഹൃദയരും. ഉസ്മാനിയ്യാ കുടുംബമായ കായി ഗോത്രക്കാരാണ് അവിടെ താമസിക്കുന്നവരിലധികവും. സോഗുത് ഭൂമി ശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട ഇടമായിരുന്നു അക്കാലത്ത്. നയതന്ത്രപരമായി ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ആ ഭൂമികയില്‍, മംഗോളിയൻ സൈന്യവും ബൈസാന്റ്യൻ സൈന്യവുമെല്ലാം നേരത്തെ കണ്ണ് വെച്ചിരുന്നു. പക്ഷെ, സോഗൂത് എര്‍തുഗ്രുല്‍ ഗാസിക്കുള്ളതായിരുന്നു, അദ്ദേഹം സോഗൂതിനും.
തുർക്കിയിൽ അലയുന്നവരുടെ കണ്ണിൽ പെട്ടെന്ന് പെടാതെ പോകുന്ന നഗരമായിരുന്നു അല്‍പം മുമ്പ് വരെ സോഗൂത്. പക്ഷെ, റൂമിയുടെ മസ്നവി പലരെയും കൊനിയയിൽ എത്തിച്ചതു പോലെ, ദിരിലിഷ് എർതുഗ്രുൽ എന്ന സീരീസ് ഇന്ന് പലരെയും സോഗുതിൽ എത്തിച്ചിരിക്കുകയാണ്.
സോഗുത് ഒരു അതിർത്തി പ്രദേശമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരിമിച്ചു കൂടിയിരുന്ന സ്ഥലം. ഒട്ടോമൻ ഖിലാഫത്തിന്റെ സ്ഥാപകൻ ഉസ്മാൻ ഒന്നാമന്റെ പിതാവായ എർതുഗ്രുൽ ഗാസി ജനിക്കുന്നത് സോഗൂതിലാണ്. മധ്യ ഏഷ്യയിൽ താമസിച്ചിരുന്ന കായി ഗോത്രത്തിന്റെ തലവനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് സുലൈമാൻ ഷാ. തുർക്കികളുടെ അടിസ്ഥാനമായ ഓഗുസ് വംശം ഇരുപതിനാല് ഗോത്രങ്ങളാണ്. ഇവയില്‍ പ്രമുഖമാണ് കായിയും ദോദുർഗയും ദോഗാറുമെല്ലാം. ഇന്ന് നിലവിലുള്ള എല്ലാ തുർക്കി വംശജരും ഈ ഇരുപത്തിനാല് ഗോത്രങ്ങളില്‍ ഏതെങ്കിലും ഒരു ഗോത്രത്തിലേക്ക് ചേരുന്നവരായിരിക്കും. പ്രധാനമായും അവരെ ഐക്യപ്പെടുത്തുന്നത് അവരുടെ രാഷ്ട്രീയവും സംസ്കാരവുമാണ്.
Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-12 തുർകി സൂഫിസം കഥ പറയുന്നു....
1218ൽ മംഗോളിയൻ സൈന്യം ഖവാരിസ്മ് അക്രമിച്ചപ്പോൾ കായി ഗോത്രം ഏഷ്യമൈനറിലേക്ക് യാത്ര ചെയ്തു. സൽജൂഖ് സുൽത്താൻ അൽപ് അർസലാനും ബൈസാന്റിയൻ ചക്രവർത്തി റാംനോസും തമ്മിൽ 1071ൽ നടന്ന മാൻസിക്കേർട്ട് യുദ്ധത്തിൽ മുസ്ലിംകൾ നേടിയ വിജയമായിരുന്നു, അങ്ങോട്ട് പലായനം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. ആ യുദ്ധത്തിന് ശേഷം പല തുർക്കി ഗോത്രങ്ങളും ഏഷ്യമൈനറിലേക് കുടിയേറിയിരുന്നു. പിന്നീട് മംഗോളിയരുടെ ഭീഷണി കെട്ടടങ്ങിയപ്പോൾ സുലൈമാൻ ഷായും ഗോത്രവും സ്വദേശത്തേക്ക് തന്നെ തിരിച്ചുപോന്നു. യാത്രക്കിടയിൽ യൂഫ്രട്ടീസ് നദിയുടെ തീരത്ത് വെച്ച് സുലൈമാൻ ഷാ മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്റെ ഖബര്‍ യൂഫ്രട്ടീസ് തീരത്ത് തന്നെയാണ് നിലകൊള്ളുന്നത്.
400 കുടുംബങ്ങൾ അടങ്ങുന്ന കായി ഗോത്രത്തെ പിന്നീട് നയിച്ചത് എർതുഗ്രുലാണ്. അദ്ദേഹത്തിന്റെ കീഴിൽ അവർ ഏഷ്യമൈനറിലേക്ക് യാത്ര തുടർന്നു. യാത്രക്കിടെ, അങ്കാറയുടെ അടുത്തുവെച്ച് രണ്ടു സംഘങ്ങൾ യുദ്ധം ചെയ്യുന്നത് അവരുടെ ദൃഷ്ടിയില്‍ പെട്ടു. അതിൽ ഒരു സംഘം ദുർബലമായിരുന്നു. എർതുഗ്രുലും അദ്ദേഹത്തിന്റെ അശ്വഭടന്മാരും ദുർബലരോടപ്പം ചേരുകയും അവരെ വിജയിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ദുർബല സൈന്യം സൽജൂക്ക് സൈന്യവും മറുപുറത്ത് മംഗോളിയൻ സൈന്യവുമാണെന്ന് തിരിച്ചറിഞ്ഞത്. ജാസി യമൻ എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെട്ടത്. പ്രസ്തുത യുദ്ധത്തിൽ എർതുഗ്രുലാണ് തന്റെ സൈന്യത്തെ വിജയിപ്പിച്ചതെന്നറിഞ്ഞ സുൽത്താൻ അലാവുദ്ധീൻ ബൈസാന്റിയൻ അതിർത്തിയിലുള്ള ചില പ്രദേശങ്ങൾ എർതുഗ്രുലിന് സമ്മാനമായി വിട്ടുകൊടുത്തു. ബിലാജിക്, കോതാഹിയ, തന്റെ ജന്മനാടായ സോഗൂത് എന്നീ പ്രദേശങ്ങളായിരുന്നു അത്. എകദേശം 2000 ച.കി. മീ വിസ്തീർണമുണ്ടായിരുന്നു അവക്ക്.
തുടര്‍ന്നങ്ങോട്ട്, സുല്‍താനോടൊപ്പം ചേര്‍ന്ന് പടയോട്ടങ്ങളുടെ പരമ്പരയായിരുന്നു, വിജയങ്ങളുടെയും. ഒരോ വിജയത്തിന് ശേഷവും ഒരോ പ്രദേശം സുൽത്താൻ അദ്ദേഹത്തിന് പതിച്ചു നൽകി. വൈകാതെ, അതിർത്തി സംരക്ഷകൻ (ഔജ്ബക്ക്) എന്ന സ്ഥാപ്പേരും ബഹുമതിയും അദ്ദേഹത്തിന് സുൽത്താൻ ചാർത്തി നൽകി. തുടർന്ന് സുൽത്താൻ അലാവുദ്ധീന്റെ പേരിൽ ബൈസാന്റിയൻ അതിർത്തി പ്രദേശങ്ങൾ അക്രമിച്ച്, യാക്ക്ശഹർ പട്ടണമടക്കം കീഴടക്കി, എര്‍തുഗ്രുല്‍ തന്റെ ആധിപത്യ മേഖല വളരെയേറെ വികസിപ്പിച്ചു. എണ്‍പത് പിന്നിട്ടതോടെ, കാര്യങ്ങളെല്ലാം മകന്‍ ഉസ്മാനെ ഏല്‍പിക്കുമ്പോഴേക്ക്, വ്യവസ്ഥാപിതമായ ഒരു ഭരണകൂടത്തിന് വേണ്ടതെല്ലാം അദ്ദേഹം സംവിധാനിച്ച് വെച്ചിരുന്നു.
മതചിഹ്നങ്ങളെയും പണ്ഡിതരെയും സ്വൂഫികളെയും ഏറെ ബഹുമാനിക്കുന്നതായിരുന്നു എര്‍തുഗ്രുലിന്റെ പ്രകൃതം. അവക്കെതിരെ വരുന്ന ചെറിയൊ അനക്കം പോലും അദ്ദേഹത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. സ്വഹാബി പ്രമുഖനായ അബൂഅയ്യൂബില്‍ അന്‍സ്വാരി അന്ത്യവിശ്രമം കൊള്ളുന്നത് തുര്‍കിയിലെ ഇസ്താംബൂളിലാണ്. മുസ്‍ലിംകള്‍ കീഴടക്കുമെന്ന് പ്രവാചകര്‍ സന്തോഷപൂര്‍വ്വം പ്രവചിച്ച ആ ഭൂമികയിലേക്ക്, അമവീ ഭരണകാലത്ത്, തന്റെ വാര്‍ദ്ധക്യ അവശതകളെല്ലാം മറന്ന് സൈന്യത്തോടൊപ്പം പോയതായിരുന്നു അദ്ദേഹം. ശേഷം, അവിടെവെച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു. ഉസ്മാനിയ കുടുംബം അദ്ദേഹത്തിന്റെ ഖബ്റിനെ ഏറെ ബഹുമാനിച്ചിരുന്നു. അവരുടെ സുൽത്താൻ ഭരണത്തിലേറുന്ന അവസരത്തിൽ ആ സ്വഹാബി വര്യന്റെ ഖബ്റിന്റെ അരികിൽ വെച്ച് ആയത്തുകളും ഹദീസുകളും രേഖപ്പെടുത്തിയ ചന്ദ്രകലയുള്ള വാള് ഉയർത്തുമായിരുന്നു. ആ രീതിക്ക് തുടക്കം കുറിച്ചത് പോലും എര്‍തുഗ്രുല്‍ ഗാസിയായിരുന്നുവത്രെ.
തൊണ്ണൂറാം വയസ്സില്‍ 1281ലാണ് അദ്ദേഹം മരണം വരിക്കുന്നതെന്നാണ് പ്രബലാഭിപ്രായം. ജലാലുദ്ധീൻ റൂമിയുടെ സമകാലികനായിരുന്നു അദ്ദേഹം.
Leave A Comment