ഇബ്‌നു റുഷ്ദ്: ആധുനികതക്ക് വഴി തെളിച്ച മുസ്‌ലിം ദാര്‍ശനികന്‍

മധ്യയുഗത്തിലെ അറബി ദാര്‍ശനികനും വൈദ്യശാസ്ത്ര പണ്ഡിതനുമായ ഇബ്‌നു റുഷ്ദ് അറബികളിലെ പേരെടുത്ത തത്ത്വചിന്തകനാണ്. യൂറോപ്പില്‍ അവറോസ് എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്‍ലിം സ്‌പെയ്ന്‍ ലോകത്തിന് നല്കിയ അമൂല്യ സംഭാവനകളില്‍ പ്രമുഖനാണ് അദ്ദേഹം. യൂറോപ്പിന്റെ ആത്മീയ പിതാവായും മതനിരപേക്ഷതയുടെ വക്താവായും അദ്ദേഹം അറിയപ്പെടുന്നു. 

ജനനവും ജീവിതവും

അബ്ദുല്‍ വലീദ് ബിന്‍ മുഹമ്മദ് ഇബ്‌നു റുഷ്ദ് എന്നാണ് പൂര്‍ണ്ണ നാമം. മുസ്‍‌ലിം സ്‌പെയ്‌നിലെ കൊര്‍ഡോവയില്‍ 1126 ല്‍ ഒരു ഉന്നത കുടുംബത്തില്‍ ജനിച്ചു. പിതാമഹന്‍ അബുല്‍ വാഹിദ് മുഹമ്മദ് മുറാബിതൂന്‍ ഭരണകൂടത്തിലും പിതാവ് മുവഹ്ഹിദൂന്‍ ഭരണകൂടത്തിലും ഖാളിയായി സേവനം ചെയ്തിട്ടുണ്ട്. 
ചെറുപ്പത്തില്‍ തന്നെ ഫിഖ്ഹിലും വൈദ്യശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടി.

പിന്നീട് മറാക്കിഷിലേക്ക് സ്ഥലം മാറി. അവിടെ വെച്ചാണ് വിശ്രുത തത്ത്വചിന്തകനും ഖലീഫ അബൂയഅ്ഖൂബ് യൂസുഫിന്റെ മന്ത്രിയുമായ ഇബ്‌നു തുഫൈലിനെ പരിചയപ്പെടുന്നത്. ഇബ്‌നു തുഫൈല്‍ മുഖേനയാണ് അദ്ധേഹം ഇബ്‌നു സുഹൈറുമായി ബന്ധപ്പെടുന്നതും അദ്ധേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതും. പിന്നീട് ഇബ്‌നു ബാജയുടെയും ശിഷ്യത്വം സ്വീകരിച്ചു. ഇബ്‌നു തുഫൈലുമായുള്ള ബന്ധം ഖലീഫയുടെ കൊട്ടാര ഭിഷഗ്വരനാവാനും (1182), സെവിയ്യ (1169), കൊര്‍ഡോവ(1171) പ്രദേശങ്ങളിലെ ഖാളിയാവാനും സഹായകമായി. ഖലീഫയുടെ നിര്യാണ ശേഷം പുത്രന്‍ അബൂ യൂസഫ് യഅ്ഖൂബും ഇദ്ധേഹത്തെ സ്ഥാനങ്ങള്‍ നല്കി ആദരിച്ചിരുന്നു. 

വിജ്ഞാനവും സംഭാവനകളും

വ്യത്യസ്തങ്ങളായ വൈജ്ഞാനിക ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇബ്‌നു റുഷ്ദിനായിട്ടുണ്ട്. ഇസ്‍‌ലാമിക തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, കര്‍മ്മശാസ്ത്രം, മന:ശാസ്ത്രം, രാഷ്ട്രമീമാംസ, സംഗീതസിദ്ധാന്തം, വൈദ്യശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ഖഗോള യാന്ത്രികത (celestial mechanism) തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതായിരുന്നു അദ്ധേഹത്തിന്റെ വൈജ്ഞാനിക മണ്ഡലം. ഈ മേഖലകളിലെല്ലാം അദ്ധേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. 

അദ്ധേഹത്തിന്റെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍ മാത്രം ഇരുപതിനായിരത്തിലധികം താളുകള്‍ വരും. താന്‍ മുന്നോട്ട് വെച്ച തത്ത്വശാസ്ത്ര ദര്‍ശനങ്ങള്‍ പില്‍കാലത്ത് അവറോയിസം എന്ന പേരിലറിയപ്പെട്ടു. പാശ്ചാത്യ പൗരസ്ത്യ തത്ത്വജ്ഞാനികള്‍ക്ക് ഏറെ പ്രിയമായിരുന്നു ആ ദര്‍ശനങ്ങളോട്. 

Also Read:ഇബ്നു ഹൈഥം; പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്

തത്ത്വശാസ്ത്രത്തില്‍ ഇബ്‌നു റുഷ്ദിന്റെ പ്രധാന ഗ്രന്ഥമാണ് തഹാഫുതുല്‍ തഹാഫൂത്ത്. തത്ത്വചിന്തയേയും ചിന്തകരേയും വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് ഈ ഗ്രന്ഥം രചിച്ചത്. ഇമാം ഗസ്സാലി (റ) യുടെ തത്ത്വജ്ഞാനി വിമര്‍ശന ഗ്രന്ഥമായ തഹാഫഫുത്തുല്‍ ഫലാസിഫക്കുള്ള മറുവാദമായാണ് ലോകം അതിനെ സ്വീകരിച്ചത്. ഇസ്‍‌ലാം ഒരിക്കലും ബുദ്ധിക്കോ തത്ത്വചിന്തക്കോ എതിരല്ലെന്നും അല്ലാഹുവിലേക്കുള്ള പാത തെളിയിക്കാന്‍ യഥാര്‍ത്ഥ യുക്തിചിന്ത മനുഷ്യനെ സഹായിക്കുമെന്നും അദ്ദേഹം വാദിച്ചു. 

ഗ്രീക്ക് ഫിലോസഫര്‍ അരിസ്‌റ്റോട്ടിലില്‍ ആകൃഷ്ടനായിരുന്ന ഇബ്‌നു റുഷ്ദ് അരിസ്‌റ്റോട്ടിലിയന്‍ ഗ്രന്ഥങ്ങള്‍ പലതും അറബിയിലേക്ക് ഭാഷാന്തരം ചെയ്യുകയും വ്യാഖ്യാനങ്ങള്‍ രചിക്കുകയും ചെയ്തു. അരിസ്‌റ്റോട്ടിലിനെ നേരിട്ട് വായിച്ച് മനസ്സിലാക്കാത്തവര്‍ ഇബ്‌നു റുഷ്ദിലൂടെ അദ്ദേഹത്തെ കണ്ടു. അരിസ്‌റ്റോട്ടിലിനോടുള്ള അമിതാദരവ് അദ്ദേഹത്തെ പലപ്പോഴും വിവാദ നായകനാക്കുകയും ചെയ്തു. കിതാബുല്‍ ഫല്‍സഫ ഫസ്‌ലുല്‍ മഖാലി ഫീ മുവാഫഖത്തില്‍ ഹിക്ക്മത്തി വ ശ്ശരീഅഃ, അല്‍ കശ്ഫു അന്‍ മനാഹിജില്‍ അദില്ല, പ്ലാറ്റോയുടെ ദി റിപ്പബ്ലിക്കുന്റെ  (the republic) ന്റെ വ്യാഖ്യാനം, അല്‍ ഫാറാബിയുടെ തര്‍ക്ക ശാസ്ത്രത്തെ കുറിച്ചുള്ള നിരൂപണം, മഹ്ദി ഇബ്‌നു തൂമാര്‍ത്തിന്റെ അഖീദയുടെ ഭാഷ്യം എന്നിവ ഇബ്‌നു റുഷ്ദിന്റെ ഫിലോസഫി രചനകളാണ്.

മറ്റു രചനകള്‍

തത്ത്വശാസ്ത്രത്തിന് പുറമെ വിവിധ വിജ്ഞാന ശാഖകളിലായി അറുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഇബ്‌നു റുഷ്ദിന്റെ വിരലിലെണ്ണാവുന്ന അറബി മൂലഗ്രന്ഥങ്ങള്‍ മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളതെങ്കിലും ലാറ്റിന്‍ ഹിബ്രു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒട്ടനവധി കൃതികള്‍ ഇന്നും പലയിടത്തുമുണ്ട്. വൈദ്യശാസ്ത്രത്തില്‍ ഇബ്‌നു റുഷ്ദ് പതിനാറില്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചതായി പറയപ്പെടുന്നു. അവയിലേറ്റവും ശ്രദ്ധേയമായത്  അല്‍ കുല്ലിയത്തു ഫിത്ത്വിബ്  എന്ന വൈദ്യശാസ്ത്രവിജ്ഞാനകോശമാണ്. വസൂരി രോഗത്തെയും അതുണ്ടാക്കുന്ന ജൈവിക മാറ്റങ്ങളെയും കുറിച്ച് വിശദമായി പ്രതിപാതിക്കുന്ന ഗ്രന്ഥമാണിത്. ബിദായത്തുല്‍ മുജ്തഹിദി വ നിഹായത്തുല്‍ മുഖതസിദ് മാലികീ കര്‍മശാസ്ത്രത്തില്‍ അദ്ദേഹം രചിച്ച കൃതിയാണ്. 

അവസാന കാലം

സെവിയ്യ, കൊര്‍ഡോവ പ്രദേശങ്ങളുടെ ഖാളി സ്ഥാനം അലങ്കരിച്ച് കൊണ്ടിരുന്ന ഇബ്‌നു റുഷ്ദിന് രാജ കൊട്ടാരത്തില്‍ വന്‍ സ്വീകാര്യതയായിരുന്നു. പക്ഷേ, തന്റെ അരിസ്‌റ്റോട്ടില്‍ ഗ്രന്ഥങ്ങള്‍ക്കുള്ള വ്യാഖ്യാനങ്ങളില്‍ മതവിരുദ്ധത ആരോപിക്കപ്പെട്ടതിനാല്‍ ഖലീഫ അബൂ യഅ്ഖൂബ് യൂസുഫ് അല്‍ മന്‍സൂര്‍ അദ്ദേഹത്തിന്റെ ജ്യോതിശാസ്ത്ര, വൈദ്യശാസ്ത്ര, ഗണിത ഗ്രന്ഥങ്ങളൊഴികെയുള്ളവ കത്തിക്കാനും അദ്ദേഹത്തെ നാടുകടത്താനും കല്‍പിച്ചു.  1195 ലായിരുന്നു ഇത്. പിന്നീട് തെറ്റ് മനസ്സിലാക്കിയ  ഖലീഫ അദ്ദേഹത്തെ തിരിച്ച് വിളിക്കുകയും സ്ഥാനങ്ങള്‍ തിരിച്ച് നല്‍കുകയും ചെയ്തുവത്രെ. വൈകാതെ 1198 ല്‍ മറാക്കിഷില്‍ വെച്ച് മരണമടയുകയായിരുന്നു. ആദ്യം വടക്കേ ആഫ്രിക്കയില്‍ അടക്കം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കൊര്‍ഡോവയിലേക്ക് കൊണ്ട് വന്ന്, പ്രമുഖ തത്ത്വചിന്തകനും സൂഫീവര്യനുമായ ഇബ്‌നു അറബിയുടെ നേതൃത്ത്വത്തില്‍ അടക്കം ചെയ്തുവെന്ന് പറയപ്പെടുന്നു.

അവലംബം

1-മുസ്ലിം ഭരണം, സ്പെയിനിലും സിസിലിയിലും-കെ.കെ മുഹമ്മദ് മദനി (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

2-സര്‍വ വിജ്ഞാന കോശം, (വോള്യം 2 :പേജ് 460)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter