Video and Text : അധ്യായം 1, സൂറത്തുല്‍ ഫാതിഹ – Page 1 (7 ആയത്തുകൾ )
- സൂറത്തുല്‍ ഫാതിഹ – Page 1 (7 Aayas)
(Juz’u 1)
വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുമെന്ന പോലെ അതിലെ സൂറകളും (അധ്യായങ്ങള്‍-Chapters) അതിന്റേതായ തനിമ പുലര്‍ത്തുന്നവയാണ്. ഏറ്റം വലിയ സൂറത്തില്‍ (അല്‍ബഖറ) 286 ആയത്തുകളുണ്ടെങ്കില്‍ ഏറ്റം ചെറിയതില് (അല്‍കൗസര്‍) 3 ആയത്തുകളേയുള്ളൂ.
ഒരു ചെറിയ സൂറത്തില്‍ ഒന്നിലേറെ വിഷയങ്ങളുണ്ടാകാമെങ്കില്‍ ഒരു വലിയ അധ്യായത്തില്‍ ചിലപ്പോള്‍ പ്രധാനമായും ഒരു വിഷയമേ ഉണ്ടായിരിക്കൂ. അതുകൊണ്ടുതന്നെ, ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങുന്നവര്‍, അതിലെ അധ്യായങ്ങള്‍ മറ്റു ഗ്രന്ഥങ്ങളിലെ അധ്യായങ്ങളെപ്പോലെയാണെന്ന് ധരിച്ചുവെക്കരുത്.
സൂറത്തുല്‍ ഫാതിഹ മക്കിയ്യ ആണ്. ഹിജ്റക്കു മുമ്പ് മക്കയില്‍ വെച്ച് അവതരിച്ച സൂറത്തുകളാണ് മക്കിയ്യ വിഭാഗത്തില്‍ പെടുന്നത്. ഹിജ്റക്കു ശേഷം മദീനയില്‍ അവതരിച്ചത് മദനിയ്യ വിഭാഗത്തിലും പെടും.
ബിസ്മി അടക്കം 7 ആയത്തുകളാണ് ഈ സൂറയിലുള്ളത്.
തുടക്കം, ഉദ്ഘാടനം എന്നൊക്കെയാണ് ‘ഫാതിഹ’യുടെ ഭാഷാര്‍ഥം.
ശേഷം നടക്കാനുള്ളതിനെക്കുറിച്ചൊരു ചെറുവിവരണം സാധാരണഗതിയില്‍ ഉദ്ഘാടനത്തില്‍ പരാമര്‍ശിക്കാറുണ്ടല്ലോ... അതുപോലെ വിശുദ്ധ ഖുര്‍ആനിലുള്ളതിന്റെ മൊത്തം രത്നച്ചുരുക്കമാണ് സൂറത്തുല്‍ ഫാതിഹ.
ഈ സൂറക്ക് നിരവധി പേരുകളുണ്ട്
ഫാതിഹ, ഫാതിഹതുല് കിതാബ്
ഖുര്‍ആനിലെ ഒന്നാം അധ്യായമായിരിക്കയാല് ഇതിന് ഫാതിഹ (പ്രാരംഭം) എന്നും ഫാതിഹത്തുല്‍കിതാബ് (ഗ്രന്ഥത്തിന്റെ തുടക്കം) എന്നും പേരുണ്ട്.
തുടക്കം എന്നു വെച്ചാല്‍ ക്രോഡീകരണത്തില്‍ മാത്രമാണ്; അവതരണത്തിലല്ല. ആദ്യം അവതരിച്ചത് സൂറത്തുല്‍ അലഖ് (ഇഖ്റഅ്) ആണല്ലോ.
ഓരോ സൂറത്തിന്റെ സ്ഥാനം ഇന്നതിന്റെ മുമ്പും ഇന്നതിന്റെ ശേഷവുമാണെന്ന് തിരുനബി (സ്വ) അപ്പപ്പോള്‍ സ്വഹാബത്തിന് നിര്ദേശിച്ചുകൊടുത്തിരുന്നുവല്ലോ.
، أم الكتاب، أم القرآن
ഖുര്‍ആന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിനാല്‍ ഇതിന് ഉമ്മുല്‍കിതാബ് (ഖുര്‍ആനിന്റെ മൂലം) കിതാബിന്റെ അടിസ്ഥാനം, ഉമ്മുല്‍ ഖുര്‍ആന്‍ എന്നും പേരുണ്ട്.
السبع المثانيഅസ്സബ്ഉല്മസാനി
ആവര്ത്തിച്ചുവായിക്കപ്പെടുന്ന ഏഴു വചനങ്ങള്‍ എന്നര്‍ഥം.
وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ (87) الحجر
(തീര്‍ച്ചയായും ആവര്‍ത്തിത വചനങ്ങളില്‍ പെട്ട ഏഴെണ്ണവും, മഹത്തായ ഖുര്‍ആനും അങ്ങേക്ക് നാം നല്‍കിയിട്ടുണ്ട്).
5 നേരത്തെ ഫര്‍ള് നിസ്കാരങ്ങളിലായി 17 പ്രാവശ്യം മിനിമം നമ്മള് ആവര്ത്തിച്ചുചൊല്ലുന്നുണ്ടല്ലോ.
، الرقية الشفاء
സൂറത്തു ശിഫാഅ്, അര്റുഖ്യ തുടങ്ങിയ പേരുകള്‍ ചികിത്സരംഗത്ത് ഫാത്തിഹ സൂറത്തിന്റെ പ്രാധാന്യമാണ് മനസ്സിലാക്കിത്തരുന്നത്.
രോഗികള്‍ക്കരികില്‍ വെച്ച് സൂറതുല്‍ഫാതിഹയും, ഇഖ്ലാസും മുഅവ്വിദതൈനിയും ഓതി ഊതുന്നതിന് പ്രത്യേക ഫലമുണ്ടെന്നത് പ്രാമാണികമായി തെളിയിക്കപ്പെട്ടതാണ്.
ഒരു യാത്രക്കിടെ സ്വഹാബത്ത് ഒരു ഗ്രാമത്തിലെത്തിയപ്പോ, അവിടത്തെ ഗ്രാമത്തലവന് വിഷമേല്ക്കുകയും അയാളെ സൂറത്തുല്‍ ഫാതിഹ ഓതി മന്ത്രിക്കുകയും വിഷമിറങ്ങുകയും, അതിന് പ്രതിഫലം സ്വീകരിക്കാന്‍ തിരുനബി അനുമതി കൊടുക്കുകയും ചെയ്ത സംഭവം ഇമാം മുസ്ലിം, ഇമാം തുര്‍മുദി, ഇമാം നസാഈ, ഇമാം ഇബ്നുമാജ തുടങ്ങിയ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫാത്വിഹ സൂറത്തുകൊണ്ട് ചികിത്സ നടത്തി അത്ഭുതപ്പെടുത്തുന്ന ഫലങ്ങള്‍ കണ്ടതായി പല പണ്ഡിതരും അനുഭവസാക്ഷ്യം പറയാറുണ്ട്.
അല്‍അസാസ്, അല്വാഫിയ, അല്‍ഹംദ്, അല്‍കാഫിയ, തുടങ്ങി പന്ത്രണ്ടു പേരുകള്‍ ഇമാം ഖുര്‍ഥുബി(റ) എണ്ണിപ്പറഞ്ഞിട്ടുണ്ട്. 25 പേരുകളുള്ളതായി ഇമാം സുയൂഥിയും രേഖപ്പെടുത്തിയിരിക്കുന്നു.
ഈ സൂറക്ക് ഒരുപാട് പ്രാധാന്യങ്ങളുണ്ട്, ഒതിയില്ലെങ്കില് നിസ്കാരം ശരിയാകില്ല എന്നതുതന്നെ ഈ സൂറയുടെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്.
ഉബയ്യുബ്നു കഅ്ബ്(റ) തിരുനബി (സ്വ) ക്ക് ഒരിക്കല്‍ ഫാതിഹ ഓതിക്കൊടുത്തു. അപ്പോള്‍ അവിടന്ന് പ്രതികരിച്ചു: (ഇമാം അഹ്മദ്-അല്‍മുസ്നദ്).
والَّذِي نَفسِي بيَدِه، ما أُنزلَت سورةٌ في التَّوراةِ ولا في الإنجيلِ ولا في الزَّبورِ، ولا في الفُرقانِ مِثلُها ،وإنَّها لَهي السَّبعُ المَثاني والقُرآنُ العَظيمُ
എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന് തന്നെ സത്യം, തൌറാത്തിലോ, ഇന്ജീലിലോ ഖുര്‍ആനില്‍ തന്നെയുമോ ഇതുപോലെയൊരു അധ്യായം അവതരിപ്പിക്കപ്പെട്ടിട്ടില്ല.
7 സൂക്തങ്ങള്‍ മാത്രമേ ഇതിലുള്ളുവെങ്കിലും അനന്തമായ അര്‍ഥസാരങ്ങള്‍ ഫാതിഹ ഉള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആനിന്റെ ആദ്യന്തമുള്ള അന്തസ്സത്തയും രത്നച്ചുരുക്കവുമാണത്.
വിശ്വാസം, കര്‍മം, നിയമനിര്‍മാണം, പാരത്രികവിശ്വാസം, അല്ലാഹുവിന്റെ വിശേഷണങ്ങളിലുള്ള വിശ്വാസം, ശരിയായ വഴിയിലൂടെയുള്ള സഞ്ചാരം, വിശ്വാസത്തിന്റെയും സല്‍പന്ഥാവിന്റെയും സുസ്ഥിരതക്ക് അല്ലാഹുവിനോട് താഴ്മയോടെ അപേക്ഷിക്കല്‍, ദുര്‍മാര്‍ഗികളും കോപത്തിന് വിധേയരുമായ സമൂഹത്തില്‍ നിന്ന് അകന്നുനില്ക്കല് തുടങ്ങി ഒട്ടേറെ സുപ്രധാനമായ കാര്യങ്ങളാണ് സൂറയുടെ പ്രമേയം.
أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيم
പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു എന്നാണിതിന്റെ അര്‍ത്ഥം . മനുഷ്യന്റെ ആജീവനാന്ത ശത്രുവാണ് പിശാച്; നമ്മുടെ നന്മയില് കടുത്ത അസൂയാലുവും. പിശാചില്‍ നിന്നുണ്ടാകാവുന്ന എല്ലാതരം ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടുകയാണ് ഈ വാക്യത്തിലൂടെ.
പരിശുദ്ധ ഖുര്‍ആന്‍ പാരായണം ആരംഭിക്കുമ്പോഴും ഈ വാക്യം ചൊല്ലണെന്ന് അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ (النحل – ٩٨)
(അങ്ങ് ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ആട്ടിയകറ്റപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുക.)
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പിശാചിന്റെ ദുര്‍ബോധനങ്ങളും സമ്മര്‍ദ്ദങ്ങളും ഏല്ക്കാതിരിക്കനാണിത്.
ഇതുപോലെ, പിശാചിന്റെ ദുര്ബോധനത്തിന് സാധ്യതയുള്ളിടത്തൊക്കെ ‘അഊദു’ ചൊല്ലണം.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സാന്നിധ്യത്തില്‍ വെച്ച് രണ്ട് പേര് തമ്മില്‍ ചീത്ത പറയുകയുണ്ടായി. ദേഷ്യം കാരണം ഒരാളുടെ മുഖം ചുവന്നു . അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എനിക്ക് ഒരു വാക്ക് അറിയാം. അതവന് പറഞ്ഞിരുന്നെങ്കില്‍ ഈ ദേഷ്യം അവനെ വിട്ടുപോകുമായിരുന്നു- അതെ, أعوذ بالله من الشيطان الرجيم’.
ആയത്ത്-1
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ (1)
പരമദയാലുവും കരുണാമയനുമായ അല്ലാഹുവിന്റെ നാമധേയത്തില്‍.
ബിസ്മി’ ചൊല്ലല്‍ – അഥവാ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കല്‍ البَسْمَلَة എന്നാണിത് അറിയപ്പെടുക.
നമ്മള് തുടങ്ങാന്‍ പോകുന്ന കാര്യം.. അല്ലാഹുവിനെ ഏല്‍പ്പിക്കുകയാണ്.
ചെയ്യാന്‍ തുടങ്ങുന്ന ഏതു കാര്യവും ചെയ്തുതീര്ക്കുവാനോ വിജയിപ്പിക്കാനോ ഉള്ള സ്വന്തമായ കഴിവോ പ്രാപ്തിയോ മനുഷ്യന് ഇല്ല. അതിന് അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും കൂടിയേ തീരൂ. അതുകൊണ്ടുതന്നെ ആ സഹായവും അനുഗ്രഹവും പ്രതീക്ഷിച്ചുകൊണ്ടാണ് മനുഷ്യന് ഏതും കാര്യവും തുടങ്ങേണ്ടത്. ഈ വാക്യം പഠിപ്പിക്കുന്നത് അതാണ്.
ഇങ്ങനെ ബിസ്മി ചൊല്ലി തുടങ്ങിയാല്‍ പിന്നെ, ചെയ്യാന്‍ പോകുന്ന കാര്യം സാധിക്കുമെന്ന തികഞ്ഞ വിശ്വാസവും അത് വിജയകരമായിത്തന്നെ പര്യവസാനിക്കുമെന്ന ശുഭപ്രതീക്ഷയും ഉണ്ടായിരിക്കണം. കാരണം, അല്ലാഹു കരുണാനിധിയും മഹാകാരുണികനുമാണ്. തന്നെ കാര്യങ്ങള്‍ ഏല്പിച്ചവരെ ആരെയും അവന് കൈവെടിയുകയില്ല.
നല്ലത് ചെയ്യാനുള്ള പ്രചോദനവും, കഴിവും, സാഹചര്യവും നല്‍കുന്നത് അല്ലാഹുവാണല്ലോ. ഈ അനുഗ്രഹത്തിന്റെ സ്മരണയും, അതിന് കാണിക്കുന്ന ഒരു നന്ദിയും കൂടിയാണ് ബിസ്മി ചൊല്ലിത്തുടങ്ങുക എന്നത്.
رحمن، رحيم
അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഈ ലോകത്തുവെച്ച് കരുണ ചെയ്യുന്നവന് എന്നാണ് റഹ്മാന് എന്ന വാക്കിന് പൊതുവെ വ്യാഖ്യാനം നല്കപ്പെടുന്നത്.
അതുപോലെ, ഈ ലോകത്തുവെച്ച് അല്ലാഹുവിനെ അനുസരിച്ചവര്‍ക്ക് മാത്രം പരലോകത്ത് അനുഗ്രഹം ചെയ്യുന്നവന് എന്ന് റഹീം എന്ന പദത്തിനും വ്യാഖ്യാനമുണ്ട്.
അബൂബക്കര്‍ സിദ്ധീഖ് (رضي الله عنه) ന്റെ കാലത്ത് ഖുര്‍ആന്‍ ക്രോഡീകരിച്ച് എഴുതപ്പെട്ട ഒന്നാമത്തെ മുസ്ഹഫ് മുതല്ക്കുള്ള എല്ലാ മുസ്ഹഫുകളിലും സൂറത്തുത്തൗബ ഒഴിച്ചു മറ്റുള്ള 113 സൂറത്തുകളും ആരംഭിക്കുന്നത് ‘ബിസ്മി’ കൊണ്ടാണ്. (തൗബ സൂറത്തില്‍ ബിസ്മിയുടെ അഭാവത്തെക്കുറിച്ച് അവിടെ പഠിക്കാം إِنْ شَاءَ اللَّهُ).
അതുപോലെ, സൂറത്തുന്നംല് 30-ആം വചനത്തിലും ഒരു ‘ബിസ്മി’ ഉണ്ട്. ആ ബിസ്മി ആ വചനത്തിന്റെ ഒരു ഭാഗം തന്നെയാണ്.
﴿ إِنَّهُ مِنْ سُلَيْمَانَ وَإِنَّهُ بِسْمِ اللَّهِ الرَّحْمَانِ الرَّحِيمِ ﴾ [النَّمل: 30
അതേസമയം, സൂറത്തുകളുടെ ആരംഭത്തിലുള്ള ബിസ്മികള്‍ ഖുര്‍ആനില്‍ പെട്ടതാണോ, അല്ലേ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. ചുരുക്കിപ്പറയാം:
(1) ഓരോന്നിലെയും ബിസ്മി ആ സൂറത്തിലെ ഒന്നാം ആയത്താകുന്നു.
(2) അതതു സൂറത്തുകളിലെ ഒന്നാം ആയത്തിന്റെ ഒരു ഭാഗമാണ് ബിസ്മി.
(3) സൂറത്തുല്‍ ഫാതിഹയില്‍ മാത്രം ഒന്നാമത്തെ ആയത്താണ്. മറ്റു സൂറത്തുകളിലേത് സൂറത്തുകള്‍ തമ്മില്‍ തിരിച്ചറിയാനായി ആരംഭത്തില്‍ കൊടുത്തിട്ടുള്ളതാണ്.
(4) ഫാതിഹ അടക്കം എല്ലാ സൂറത്തുകളുടെയും ആരംഭം കുറിക്കുന്നതാണവ. അതായത്, ഒന്നുംതന്നെ അതതു സൂറത്തുകളിലെ ആയത്തുകളല്ല.
നമ്മളെ സംബന്ധിച്ചിടത്തോളം ബിസ്മി ഒരു വരദാനമാണ്. നമ്മള് ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ബിസ്മി കൊണ്ടാണ് ആരംഭിക്കേണ്ടത്, അല്ലാതിരുന്നാല്‍ അത് ഫലശൂന്യമായിത്തീരും. തിരുനബി പറഞ്ഞിട്ടുണ്ടല്ലോ – ബിസ്മില്ലാഹ് കൊണ്ട് ആരംഭിക്കാത്ത ഏതു കാര്യവും അനുഗ്രഹശൂന്യമായിരിക്കും.
നിരവധി വലിയ വലിയ രഹസ്യങ്ങളും ഫാഇദകളും മഹാന്മാര് ബിസ്മിയെക്കുറിച്ച് എണ്ണിപ്പറഞ്ഞിട്ടുണ്ട്.
സാന്ദര്‍ഭികമായി ഒരുകാര്യം പറയട്ടെ. ബിസ്മിയെ സൂചിപ്പിക്കാന്‍ 786 എഴുതാറില്ലേ, അത് മതിയാകുമോ, ബിസ്മി ഓതിയ, എഴുതിയ പ്രതിഫലം അതിന് കിട്ടുമോ... പറയാം.
പണ്ട് സംഖ്യകള്‍ എഴുതി വെക്കാന്‍ ഇന്നത്തെ പോലെ 0 മുതല്‍ 9 അക്കങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നില്ല. അന്ന് അറബികള്‍ അക്ഷരങ്ങള്‍ക്ക് പ്രത്യേകം വില നല്കി, അവ ഉപയോഗിച്ച് സംഖ്യകള്‍ രേഖപ്പെടുത്താറായിരുന്നു പതിവ്. അറബികള്‍ക്കു പുറമെ മറ്റു സെമിറ്റിക് ഭാഷക്കാരും ഇങ്ങനെ ചെയ്യാറാണ്ടായിരുന്നു.
ഇങ്ങനെ അക്ഷരങ്ങള്‍ക്ക് വില കല്പിച്ചുള്ള ഗണന പ്രക്രിയക്കു പറയുന്ന പേരാണ് ഹിസാബുല്‍ ജുമ്മല്‍ (حساب الجمل). ഇതിന്റെ രീതി ശാസ്ത്രം ആധികാരികമായി ചര്‍ച്ച ചെയ്തത് ബഹുമാനപ്പെട്ട ഇമാം മുഹമ്മദ് അല്‍ഖവാരിസ്മി മഫാതീഹുല്‍ ഉലൂമില്‍ ആണ്.
786 എന്നത് ഹിസാബുല്ജുമ്മല് പ്രകാരം ബിസ്മിയുടെ ഓരോ അക്ഷരങ്ങളുടെയും വിലയുടെ തുകയാണ്. ഇത് ബിസ്മിയെ ഓര്‍മ്മപെടുത്താനോ അല്ലെങ്കില്‍ ബിസ്മി ചൊല്ലിയിട്ടുണ്ടെന്നു അറിയിക്കാനോ ഉള്ള ഒരു സൂചകമായിട്ടാണ് ഉപയോഗിക്കുന്നത്.
ഇങ്ങനെ എഴുതുന്നതില്‍ ഇസ്ലാമികമായി അതിന് പ്രത്യേക പ്രാധാന്യമൊന്നുമില്ല. ബിസ്മി ഉച്ചരിക്കാതെ അങ്ങനെ എഴുതിയതു കൊണ്ടുമാത്രം ബിസ്മി ചൊല്ലിയ പ്രതിഫലം കിട്ടുകയുമില്ല. ബിസ്മിയുടെ ബഹുമാനവും ആദരവും ഈ സംഖ്യക്ക് നല്കാവതുമല്ല. സംഖ്യപറയുന്നത് ബിസ്മിയുടെ പകരമായവുകയും ഇല്ല.
അതു വെറും സൂചകം മാത്രമാണ്. ബിസ്മി ഓര്‍മ്മപ്പെടുത്തുന്നതിനു ഒരു സൂചകമായി ഇതു ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ച് കത്തുകള്‍ പോലോത്തത്, ബിസ്മിക്കനുയോജ്യമായ രീതിയില്‍ കൈകാര്യംചെയ്യപ്പെടാതിരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട്, സൂക്ഷ്മതയുടെ ഭാഗമായി ബിസ്മി എഴുതാതിരിക്കുകയും, എന്നാല്‍ കത്തു വായിക്കുന്നവനെ ബിസ്മി ചൊല്ലാന്‍ ഓര്‍മ്മിക്കുംവിധത്തില്‍ ഒരു സൂചകമായി 786 എഴുതുന്നതും അനുവദനീയമാണ്. ബിസ്മിക്കു പകരമായി ((ബി.)) എന്നു മാത്രം എഴുതുന്നതു പോലെ.
ഈ ആയത്ത് നമ്മുടെ ജീവിതത്തിലേക്കെടുക്കണം. നമ്മുടെ ജീവിതത്തിന്റെ നിഖിലമേഘലകളില് വിടാതെ കൊണ്ടുനടക്കുകയും വേണം.
എന്ത് നല്ല കാര്യവും ബിസ്മി ചൊല്ലിത്തുടങ്ങിയാല് മാശാ അല്ലാഹ്, അതില്‍ ബറകത്തും വിജയവും ഉണ്ടാകമെന്ന് മാത്രമല്ല, എല്ലാ ശര്റുകളും ഒഴിവാകുകയും ചെയ്യും.
നമ്മളും ശ്രദ്ധിക്കുക – ഓഫീസിലേക്ക് കയറുമ്പോള്‍, കംപ്യൂട്ടര്‍ സിസ്റ്റം ഓണാക്കുമ്പോള്‍, മെഷിനുകള്‍ ഓണാക്കു മ്പോള്‍, കട തുറക്കുമ്പോള്‍ ഇങ്ങനെ ഓരോ കാര്യത്തിലും ബിസ്മി കൂടെക്കൂട്ടുക തന്നെ വേണം.
അതുപോലെ വായിക്കാനും പഠിക്കാനും എഴുതാനും തുടങ്ങുമ്പോള്‍ ബിസ്മി കൊണ്ട് തുടങ്ങണം.
നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് ചൊല്ലാന്‍ നിര്ദ്ദേശിക്കപ്പെട്ടെ ദിക്റുകളെല്ലാം തുടങ്ങുന്നത് ബിസ്മി കൊണ്ടാണ്. വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍, വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍, ടോയ്ലറ്റിലേക്ക് കയറുമ്പോള്‍, ഡ്രസ് മാറുമ്പോള്‍, പള്ളിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും, വുളു ചെയ്യാന്‍ തുടങ്ങുമ്പോള്‍, ഹനത്തില്‍ കയറുമ്പോള്‍, ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍, മയ്യിത്ത് ഖബ്റിലേക്കിറക്കുമ്പോള്‍ എല്ലാം ബിസ്മികൊണ്ട് തുടങ്ങുന്ന ദിക്റുകളാണ് ചൊല്ലേണ്ടത്.
അതുപോലെ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങുമ്പോള്‍, കഴിക്കുമ്പോള്‍, പാത്രങ്ങള്‍ അടച്ചുവെക്കുമ്പോള്‍, വാലിതുകള് അടക്കുമ്പോള്‍ എല്ലാം ബിസ്മി മറക്കാതിരിക്കണം. അല്ലാഹുവിന്റെ പേര് പറഞ്ഞ് അടക്കുന്ന വാതിലുകള്‍, മൂടുന്ന പാത്രങ്ങള്‍ ഇതിലൊന്നും പിശാചിന് ഒരു സ്വധീനവും ചെലുത്താന്‍ കഴിയില്ലെന്ന് ഹദീസുകളില്‍ കാണാം.
എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും താഴെ കാണുന്നതുപോലെ 3 പ്രാവശ്യം ചൊല്ലിയാല്‍ അയാള്‍ക്ക് ഒരു ഉപദ്രവവും ഏല്‍ക്കുകയില്ലെന്ന് ഹദീസിലുണ്ട്. (അബൂദാവൂദ്, തുര്‍മുദി)
بِسْمِ اللَّهِ الَّذِي لا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ،
അടുത്ത ആയത്ത്-2
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2)
എല്ലാ സ്തുതികളും സര്‍വ ലോക പരിപാലകനായ അല്ലാഹുവിനാണ്.
ഇങ്ങനെ പറയാനുള്ള കാരണവും ഇതേ സൂക്തത്തില്‍ തന്നെ പറയുന്നു. സര്‍വ ലോകവും പരിപാലിക്കുന്നവന് അവനാണല്ലോ. അവന് തന്നെയല്ലേ സ്തുതിക്കപ്പെടേണ്ടത്.
മാലോകറ് ചെയ്യുന്ന എല്ലാ ഹംദുകളും അദ്യന്തികമായി അല്ലാഹുവിനാണ്.
നല്ല എഴുത്തെന്നൊക്കെ പറയാറില്ലേ, സത്യത്തില്‍ അല്ലാഹുവിനെയാണ് പ്രശംസിക്കുന്നത്. പേന, അത് പിടിച്ച കൈകള്‍, വിരലുകള്‍, അതിന് ജീവന് തന്ന് ആവശ്യാനുസരണം ഇളക്കാന്‍ സഹായിച്ചത്... ഇങ്ങനെ എല്ലാം ചെയ്തുതന്നത് അല്ലാഹുവാണ്.
ഈ ആയത്തും നമ്മള് അപ്പടി ജീവിതത്തിലേക്കെടുക്കേണ്ടതാണ്. അതായത്, എപ്പോഴം ഹംദ് കൊണ്ടുനടക്കേണ്ടവരാണ്.
അല്‍ഹംദുലില്ലാഹ് മനസ്സറിഞ്ഞ് പറഞ്ഞുകൊണ്ടേയിരിക്കുക. ഏറ്റവും വലിയ ദുആ കൂടിയാണത് എന്നാണല്ലോ തിരുനബി صلى الله عليه وسلم പറഞ്ഞത്.
ഹംദ് പറയാതിരിക്കുക എന്ന് വലിയ മോശത്തരമാണ്, നന്ദികേടാണ്. നമ്മുടെ കാര്യം തന്നെ എടുത്തുനോക്കൂ - ആരെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തിട്ട്, അയാള്‍ ഒരു നന്ദിപോലും പറഞ്ഞില്ലാന്ന് പറയാറില്ലേ...
അല്ലാഹു ചെയ്തുതന്ന ഒരു പാട് നിഅ്മത്തുകള്‍ അനുഭവിക്കുന്നവരാണ് നമ്മള് ല്ലേ... അതിനെല്ലാം നന്ദി ചെയ്യാന്‍ കഴിയില്ലെങ്കിലും നമ്മളെക്കൊണ്ടാവുന്നത്രയെങ്കിലും നമ്മള് ഹംദ് ചെ്യതേ മതിയാകൂ.
തിരുനബി صلى الله عليه وسلم പറയുന്നു - ഒരു നിഅ്മത്ത് കിട്ടി, അതിന് ഹംദ് പറഞ്ഞാല്‍ അതേറ്റവും ശ്രേഷ്ഠമായി മാറും, അതിന്റെ മാറ്റ് കൂടും.
നമ്മുടെ റബ്ബിന് വലിയ ഇഷ്ടമാണ് നമ്മളവനെ സ്തുതിക്കുന്നത്. നമ്മുടെ തെറ്റുകളെ അതുകാരണമായി പൊറുത്തുതരും, മീസാനുകളില് നന്നായി കനം തൂങ്ങും, നിരവധി പ്രതിഫലങ്ങള്‍ രേഖപ്പെടുത്തപ്പെടും.
നമ്മളും എപ്പോഴും ഹംദ് പറഞ്ഞ് ശീലിക്കുക, നമ്മുടെ കുടുംബത്തെയും കുട്ടികളെയും ശീലിപ്പിക്കുക.
എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും എപ്പോഴും അല്ഹുംദുലില്ലാഹ്... നമ്മള് പൊതുവെ അങ്ങനെയല്ല. എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്നൊരാള്‍ ചോദിച്ചാല്‍, ആ അങ്ങനെയൊക്കെ പോകുന്നു, തട്ടിമുട്ടി പോകുന്നു എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറയുകയാണ് പലരും ചെയ്യുന്നത്.
ആരാണിവിടെ ലോകത്ത് പ്രശ്നങ്ങളിലാത്തത്.. പ്രശ്നങ്ങളെ ക്ഷമാപൂര്‍വം തന്റേടത്തോടെ കൈകാര്യം ചെയ്യല്ലേ വേണ്ടത്... അങ്ങനെ നേരിട്ടാലേ മനസ്സറിഞ്ഞ് ഹംദ് ചെയ്യാന്‍ കഴിയൂ..
അല്ലാഹു തന്ന നിഅ്മത്തുകള്ക്ക് നന്ദി ചെയ്തില്ലെങ്കില്‍ അത് പിന്‍വലിക്കപ്പെടുമോ എന്ന് പേടിക്കേണ്ടവനാണ് സത്യവിശ്വാസി. അങ്ങനെ നിഅ്മത്തുകള്‍ പടിയിറങ്ങിപ്പോകാന്‍ നമ്മള് വഴിയൊരുക്കരുതല്ലോ.
അടുത്ത ആയത്ത്-3
പരമദയാലുവും കരുണാമയനുമായ
(കരുണാനിധിയും പരമകാരുണികനുമായ)
എല്ലാ സ്തുതിയും അല്ലാഹുവിനാണ് എന്ന് പറഞ്ഞതിന്റെ തെളിവും കാരണവും ഒന്നുകൂടി വ്യക്തമാക്കുകയാണ് ഈ മൂന്നാം സൂക്തം.
കൂടാതെ അല്ലാഹു സര്‍വലോകത്തെയും പരിപാലിച്ചുപോരുന്നത് അതിന് അവന് നിര്ബന്ധിതനായതുകൊണ്ടോ ലോകത്തോട് അവന് വല്ല കടപ്പാടും ഉണ്ടായതുകൊണ്ടോ അല്ല, നേരെമറിച്ച് അവന്റെ മഹത്തായ കാരുണ്യം കൊണ്ട് മാത്രാണെന്ന് സൂചിപ്പിക്കുകയാണ്.
അല്ലാഹുവിന്റെ 2 സുപ്രധാന വിശേഷണങ്ങള്‍. ബിസ്മിയിലുമുണ്ടല്ലോ ഇത് രണ്ടും. ആ കനിവിനും കാരുണ്യത്തിനും ദയാവായ്പിനും കൈയും കണക്കുമില്ല.
കടുത്ത ധിക്കാരികള്‍ക്കും നിഷേധികള്‍ക്കും വരെ പരിധിയില്ലാതെ അനുഗ്രഹങ്ങള്‍ നല്കുന്നവനാണ് അല്ലാഹു. സത്യവിശ്വാസികളും നല്ല കര്‍മങ്ങള്‍ ചെയ്തവരും പരലോകത്ത് അവന്റെ സവിശേഷ കാര്യത്തിന് വിധേയരുമാവുകയും ചെയ്യും.
അല്ലാഹുവിന്റെ ഈ റഹ്മത്താണ് എപ്പോഴും ഹൈലൈറ്റ് ചെയ്യപ്പെടേണ്ടത്.
കുട്ടികളോട് പ്രത്യേകിച്ചും അല്ലാഹുവിനെക്കുറിച്ച് പറഞ്ഞുകൊടുക്കുമ്പോള്‍ റബ്ബ് അങ്ങനെ ചെയ്യും, ഇങ്ങനെ ശിക്ഷിക്കും എന്ന് പറയുന്നതിന് മുമ്പ്, റബ്ബിന് ഇങ്ങനെ ചെയ്യുന്നതാണ് ഇഷ്ടം, ഇങ്ങനെ ചെയ്താല്‍ അല്ലാഹുവിന് നിന്നെ വലിയ ഇഷ്ടമാകും എന്ന തരത്തിലെല്ലാം സംസാരിച്ചുനോക്കൂ... ആ കുട്ടിയുടെ മനസ്സില്‍ അല്ലാഹുവിനോടുള്ള ഇഷ്ടമാണ് നിറയുക. അല്ലാഹുവിനെ കൂടുതല്‍ അറിയാനും ഇഷ്ടപ്പെടാനും അങ്ങനെ സല്‍കര്‍മങ്ങള്‍ ചെയ്യാനും ഈയൊരു സമീപനം ആ കുട്ടിയെ പ്രാപ്തനാക്കുമെന്നത് തീര്‍ച്ചയാണ്.
വല്ലാത്ത കാരുണ്യമല്ലേ റബ്ബ് നമുക്ക് ചെയ്തുതരുന്നത്. ആ കാരുണ്യം, സ്നേഹം പഞ്ഞാ തീരില്ല.
നമ്മളെ പടച്ചുപരിപാലിക്കുന്നത് എത്ര സൂക്ഷ്മമായാണ്, സുന്ദരമായാണ്...
എന്തൊരു ആകാര ഭംഗിയാണല്ലേ...ഏറ്റവും നല്ല രൂപത്തിലാണ് നമ്മളെ അവന് സൃഷ്ടിച്ചത്.
ഒരു കണ്ണ് – രണ്ടാമത്തെ കണ്ണ് അതിനു നേരെയാണ്.. ഒരേ ലെവലിലാണ്. ഒരു അര ഇഞ്ച് മേലെയാണെന്ന് വിചാരിക്കാ, എന്തായിരിക്കും സ്ഥിതി. കണ്ടാല്‍ പേടിയാകൂലേ.
നമ്മോട് സ്നേഹണ്ടായിട്ടല്ലേ റബ്ബ് ഇങ്ങനെ സൃഷ്ടിച്ചത്. അല്ലെങ്കില്‍ വേറെ എന്തെല്ലാം കോലത്തില്‍ പടക്കാമായിരുന്നു.
കണ്ടാമൃഗം കണ്ടിട്ടില്ലേ... കണ്ടാല്‍ അറപ്പ് തോന്നുന്ന തരം ജീവികളില്ലേ..
നമ്മളെ വളര്‍ത്തിക്കൊണ്ടുവന്നത് ആലോചിച്ചുനോക്കൂ... ഒറ്റത്തുള്ളി, ഓടിയോടി അണ്ഡവുമായി ചേരുന്നു. പിന്നെ ചെറിയ മാംസക്കഷ്ണം. എല്ലായി മാറി. വെറും എല്ല്, കൈയും കാലും കണ്ണും മൂക്കും ഒന്നൂല്ല. പിന്നെ അതിന്മേലെ ഇറച്ചി പൊതിഞ്ഞു. അപ്പോ എല്ലും ഇറച്ചുമായി ഒരു കഷ്ണം.
പിന്നെ പതുക്കെ വളരുകയാണ്... വളരുന്പോ ഓരോന്നും കൃത്യമായി വരികയാണ്..
പല്ല് നോക്കൂ. ഉണ്ടായപ്പോ ഇത്ര വലിപ്പമുണ്ടോ.. ഇല്ല. ആദ്യം അരിപ്പല്ലു വന്നു, പിന്നെ വളര്‍ന്നു പാകായപ്പോ നിന്നു. വളര്‍ച്ച നിക്കാന്‍ വേണ്ടി നമ്മള് മരുന്ന് കുടിച്ചില്ലല്ലോ.. ആ പല്ല് അങ്ങനെ കീഴ്പ്പോട്ട് വളര്‍ന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ..
ഒരു ഉദാഹരണെം പറഞ്ഞെന്നേ ഉള്ളൂ. ഇങ്ങനെ ഓരോന്നും ആലോചിച്ചുനോക്കൂ...
ആരാ നമ്മെ ഇത്രയും കൃത്യമായി പരിപാലിക്കുന്നത്, പടച്ച റബ്ബ്. ഈ ഭൂമുഖത്ത് നമ്മെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുതാരാണെന്ന ചോദ്യത്തിന്റെ ഉത്തരം അല്ലാഹു എന്ന് മാത്രമാണ്. തിരിച്ച് നമ്മളും അങ്ങനെയാകണം.. നമ്മളേറ്റും കൂടുതല്‍ ഇഷ്ടപ്പെടുന്നത് നമ്മുടെ റബ്ബിനെയാകണം.
നമ്മളെ നന്നായി പടച്ചുപരിപാലിക്കുന്നു ന്ന് മാത്രല്ല, ചെയ്യുന്നതിനൊക്കെ ധാരാളം പ്രതിപളവും തരികയാണ് റബ്ബ്, ഔദാര്യമായിട്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളൊക്കെയും അവന്റെ കാരുണ്യം കൊണ്ടായിട്ടു പോലും വലിയ വലിയ പ്രതിഫലങ്ങള്‍ നല്‍കുകയാണ്.
നല്ലൊരു കാര്യം ചെയ്യുകപോലും വേണ്ട, ചെയ്യാന്‍ കരുതിയാല്‍ തന്നെ മതി, നന്മയായി രേഖപ്പെടുത്തിവെക്കും റബ്ബ്. പിന്നെ അത് ചെയ്തില്ലെങ്കില്‍ പെലും ആ രേഖപ്പെടുത്തിയത് മായിക്കുകയില്ല.
അതും ഒരു നന്മക്ക് മിനിം 10 നന്മകളുടെ പ്രതിഫലമല്ലേ രേഖപ്പെടുത്തുന്നത്.
അലിഫ്-ലാം-മീം എന്ന് പറഞ്ഞാല്‍ മിനമം 30 ഹസനത്തുകള്‍ രേഖപ്പെടുത്തുന്നു.
ലൈലത്തുല്‍ ഖദ്റിന്റെ ഒരൊറ്റ രാത്രി ചെയ്യുന്ന ഇബാദത്തിന് 83 വര്‍ഷം ഇബാദത്ത് ചെയ്ത കൂലി നല്കുന്നു.
സത്യത്തില്‍ കൂലി തരേണ്ട വല്ല ആവശ്യമുണ്ടോ, നമ്മള് അടിമകളല്ലേ, പൊതുവെ അടിമകള്‍ക്ക് കൂലി കൊടുക്കാറില്ലല്ലോ..
നിത്യജീവിതത്തിന്റെ ഭാഗമായ ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ കൂലി.
തെറ്റുകള്‍ പൊറുക്കുന്ന കാര്യത്തിലാണെങ്കിലോ വല്ലാത്ത ഔദാര്യമാണ് റബ്ബ് കാണിക്കുന്നത്.
ജമാഅത്തായി നിസ്കരിക്കുന്ന സമയത്ത്, ഇമാമിനോടൊപ്പം ഒരൊറ്റ ആമീന്‍ പറഞ്ഞാള് ചെറുപാപങ്ങളൊക്കെ പൊറുത്തുതരുമെന്ന് ഹീദിസിലുണ്ടല്ലോ.
കടലിലെ നുരകളുടെയത്ര തെറ്റുകളുണ്ടെങ്കിലും എന്തേ വേണ്ടൂ, 33 സുബ്ഹാനല്ലാഹ്, 33 അല്‍ഹംദുലില്ലാഹ്, 33 അല്ലാഹു അക്ബര്‍... അല്ലെങ്കില്‍ ചെറിയൊരു ദിക്റ് – സുബ്ഹാനല്ലാഹി വബി ഹംദിഹി 100 വട്ടം..
ഏത് തെറ്റും തൌബ ചെയ്താല്‍ പൊറുത്തുതന്നില്ലേ.. ശിര്ക്കല്ലാത്തതെല്ലാം.
ചെറിയ തെറ്റുകള്‍ നന്മകള് കൊണ്ടു പൊറുതരുന്നില്ലേ. പള്ളിയിലേക്ക് നടക്കുന്ന ഓരോ ചവിട്ടടികള്‍ക്കും തെറ്റുകള്‍ പൊറുക്കുന്നു, ദറജകള്‍ ഉയര്‍ത്തുന്നു. നിസ്കാരത്തിന് കാത്തിരുക്കുമ്പോഴും നിസ്കരിക്കുന്ന അതേ കൂലി നല്കുന്നു. സ്വുബ്ഹി നിസ്കരിച്ച് അതേ സ്ഥലത്ത് ഉദയം വരെ ഇരുന്ന് ദിക്റ് ചൊല്ലിയാല്‍ ഹജ്ജും ഉംറയും ചെയ്ത കൂലി.. ഭക്ഷണം കഴിച്ച് അല്‍ഹംദുലില്ലാഹ് എന്ന് തുടങ്ങുന്ന ദിക്റ് മുഴുവന്‍ ചൊല്ലിയാല്‍, ഡ്രസിട്ട് ദിക്ര് മുഴുവന്‍ ചൊല്ലിയാല്‍, ചെറിയ തെറ്റുകളൊക്കെ പൊറുക്കുന്നില്ലേ...ഇങ്ങനെ ഒരുപാടുണ്ട് എഴുതാന്‍...
ചോദിച്ചാല്‍ എന്തെങ്കിലും തരാതെ മടക്കാത്ത റബ്ബ്, എത്ര, എപ്പോ, എങ്ങനെ ചോദിച്ചാലും മടുപ്പ് കാണിക്കാത്ത റബ്ബ്..
നമുക്ക് ചെയ്യാന്‍ കഴിയാത്തത് വല്ലതും റബ്ബ് പറഞ്ഞിട്ടുണ്ടോ, ഇല്ലല്ലോ.
സ്വര്‍ഗം തരണെങ്കില് കുടുംബവും മക്കളെയും ഒഴിവാക്കി മലമുകളില്‍ പോയി തപസ്സ് ചെയ്യണന്നു പറഞ്ഞിട്ടില്ലല്ലോ. സ്വര്‍ഗം തരണെങ്കില് സമ്പത്തൊക്കെ ദാനം ചെയ്ത് പട്ടിണി കിടക്കണമെന്ന് പറഞ്ഞിട്ടില്ല.
24 മണിക്കൂറുള്ള ദിവസത്തില്‍ ഒരു നേരം ഏതാനും മിനുട്ടുകള്‍ തന്നൂടേ എന്നേ ചോദിച്ചിട്ടുള്ളൂ. നിന്നാണ് നിസ്കരിക്കേണ്ടത്. കഴിയുന്നില്ലെങ്കില്‍ ഇരുന്നോളൂ, അല്ലെങ്കില്‍ കിടന്നോളൂ, ആംഗ്യം കാണിച്ച് നിസ്കരിച്ചോളൂ, ഒന്നിനും കഴിയുന്നില്ലേ, മനസ്സു കൊണ്ട് നിസ്കരിച്ചോളൂ..
നോന്പ് നോല്ക്കാന് പ്രയാസമാണ്, അസുഖാണ്. നോല്‍ക്കേണ്ടതില്ല, അസുഖം ഭേദമായിട്ട് നോറ്റാല്‍ മതി. മാറാത്ത അസുഖമാണ്, എങ്കില്‍ തീരെ നോല്‍ക്കേണ്ടതില്ല, ഒരു സാധൂന് ഭക്ഷണം കൊടുത്താല്‍ മതി.
നീ പറഞ്ഞത് എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല റബ്ബേ എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ പറ്റിയ ഒരു കാര്യവും റബ്ബ് നമ്മളോട് പറഞ്ഞിട്ടില്ല.
അടുത്ത ആയത്ത്-4
പ്രതിഫലം നല്കുന്ന ദിവസത്തിന്റെ അധിപന്
പ്രതിഫലം നല്കുന്ന ദിവസത്തിന്റെ ഉടമ എന്ന് പറഞ്ഞപ്പോ ഒരു കാര്യം മനസ്സിലായി, നമ്മള് ചെയ്യുന്ന പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിക്കുമെന്നും അതിനായി ഒരു പ്രത്യേക ദിവസം തന്നെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്നും. ആ ദിവസമാണ് പുനരുത്ഥാനദിനം.
റബ്ബേ, പ്രതിഫല ദിനം ഞാന്‍ അംഗീകരിക്കുന്നു. ആ ദിവസത്തിനു വേണ്ടി ഞാന്‍ ഒരുങ്ങിക്കോളാം... ആ ദിവസം നീ എനിക്ക് എളുപ്പമാക്കത്തരേണമേ എന്നൊക്കെയാണ് ഇതെല്ലാം പാരായണം ചെയ്യുമ്പോള്‍ മനസ്സിലുണ്ടാവേണ്ടത്... അപ്പോഴാണ് മനസ്സറിഞ്ഞ പാരായണമാകുന്നത്.
അന്ത്യനാളില്‍ മാത്രമല്ല, എല്ലാ കാലത്തും അല്ലാഹു തന്നെയാണ് അധിപനും രാജാവും. പക്ഷേ, ഇഹലോകത്ത് മറ്റു പലരും അധികാരം അവകാശപ്പെടാറുണ്ട്. ഇവിടെ അവകാശവാദങ്ങള്‍ പുറപ്പെടുവിക്കാനും അധികാരവടംവലി നടത്തുവാനും ധാരാളം ആളുകളുണ്ടായിരിക്കാം. പക്ഷേ, പരലോകത്ത്, ആരും അതിന് മുതിരില്ല. അപ്പോ സര്‍വാംഗീകൃതനായ അധിപനായിരിക്കും അല്ലാഹു.
വല്ലാത്തൊരു ദിനമാണ് ആ പ്രതിഫലദിനം. മിണ്ടാന്‍ പോലും ധൈര്യപ്പെടില്ല ആരും... വിചാരണയും അനുബന്ധ നടപടികളും സ്വര്‍ഗ-നരക പ്രവേശനവും എല്ലാം അവിടെയാണ് നക്കുന്നത്.
അടുത്ത ആയത്ത്-5
ഇതുവരെ അല്ലാഹുവിനെ പുകഴ്ത്തിപ്പറഞ്ഞ്, ഇനി നേരിട്ട് സംഭാഷണം നടത്തുകയാണ്. അല്ലാഹുവിനെ പ്രശംസിച്ച് നമുക്കവനോട് നേരിട്ട് സംഭാഷണം നടത്താന്‍ താല്പര്യം തോന്നുകയാണ്. അല്ലാഹു, സര്‍വലോക പരിപാലകനാണ്, മഹാകാരുണികനും കരുണാനിധിയുമാണ്.. പ്രതിഫലം നല്കുന്ന ദിവസത്തിന്റെ ഉടമസ്ഥനാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ നേരിട്ടൊന്ന് അഭിമുഖസംഭാഷണം നടത്തുവാന്‍ ഒരാഗ്രഹം...
നമ്മുടെ യഥാര്‍ഥ അവസ്ഥ അവന്റെ മുമ്പില്‍ തുറന്നുപറഞ്ഞ് സഹായം ചോദിക്കാന്‍ ഹൃദയത്തില്‍ ഒരഭിലാഷം... അതിന്റെ ബഹിര്‍സ്ഫുരമാണ് ഇനിയുള്ള ആയത്ത്.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5)
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.
മുസ്ലിംകള് അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുക. ബഹുദൈവാരാധന ഇസ്ലാം അംഗീകരിക്കുന്നില്ല... ഏകദൈവ വിശ്വാസവും ഏകദൈവ ആരാധനയുമെന്ന ആ മൌലിക കാര്യം പ്രഖ്യാപിക്കുകയാണിവിടെ.
എന്താണ് ഇബാദത്ത് - ഒരു വസ്തുവിനെ അങ്ങേയറ്റം ബഹുമാനിക്കുകയും അതിനു മുന്നില്‍ പരമമായ താഴ്മയും അത്യധികമായ എളിമത്വവും കാണിക്കുകയും ചെയ്യുക - (റാസി, ബൈളാവി, അബുസ്സുഊദ്, മദാരിക്). ഈ ഇബാദത്ത് അല്ലാഹുവിന് മാത്രമേ ആകാവൂ. അവന് ആരാധ്യനും റബ്ബുമാണ് എന്നതിനാല്‍ സഹായാര്ത്ഥനയും അവനോടു മാത്രമേ ആകാവൂ. കുഴിയില്‍ വീണ ഒരാള്‍, സഹോദരാ എന്നെ രക്ഷിക്കണേ എന്നപേക്ഷിക്കുന്നതും
രോഗി, ഡോക്ടറേ താങ്കള്‍ രോഗം സുഖപ്പെടുത്തിത്തരണേ എന്ന് പറയുന്നതും
പടച്ചോനേ, തിരുനബി-സ്വയുടെ മഹത്ത്വം കൊണ്ട് എന്റെ അസുഖം ഭേദപ്പെടുത്തേണേ എന്ന് തവസ്സുല്‍ ചെയ്യുന്നതും ഇപ്പറഞ്ഞതിന് എതിരല്ല. കാരണം, അവയെല്ലാം അല്ലാഹു നല്കുന്ന കഴിവുകൊണ്ടുതന്നെയാണ് സാധിക്കുന്നത്. ആ കഴിവിന് ജീവിച്ചിരിക്കുന്നവരെന്നോ മരിച്ചവരെന്നോ ഉള്ള വ്യത്യാസമില്ല.
മനുഷ്യരെത്ര യോഗ്യരും ബുദ്ധിമാനും ശക്തരുമാണെങ്കിലും അപൂര്‍ണനാണ്. ഒരു കാര്യവും സ്വന്തമായി-അല്ലാഹുവിന്റെ സഹായം കൂടാതെ-ചെയ്യുവാന്‍ സാധ്യമല്ല. അതുകൊണ്ട് എപ്പോഴും അല്ലാഹുവിന്റെ സഹായമാണ് പ്രതീക്ഷിക്കേണ്ടത്. കാര്യകാരണബന്ധമനുസരിച്ച് നമുക്കാരെങ്കിലും വല്ല സഹായവും ചെയ്യുന്നുവെങ്കില്‍ തന്നെ, അതിന് അല്ലാഹുവിന്റെ അനുഗ്രഹവും വേണ്ടുകയും കൂടാതെ കഴിയുകയില്ലല്ലോ. കാര്യകാരണങ്ങളെ ബന്ധപ്പെടുത്തിയ അല്ലാഹു, പലരില്‍ കൂടിയും, പലതില്‍ കൂടിയുമാണ് അവന്റെ സഹായഹസ്തം നമുക്ക് നീട്ടിത്തരുന്നത്.
വളരെ അര്‍ഥവ്യാപ്തിയുള്ള ആയത്താണിത്. സകല ആശയങ്ങളും ഇതിലുണ്ടെന്നാണ് മഹാന്മാര് രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു ഇറക്കിയ വേദഗ്രന്ഥങ്ങളുടെയും ഏടുകളും ആശയങ്ങള്‍ തൌറാത്തിലും, ഇന്‍ജീലിലും ഖുര്‍ആനിലും ഒരുമിച്ചികൂട്ടിയിട്ടുണ്ട്, ഈ മൂന്ന് ഗ്രന്ഥങ്ങളിലെയും ആശയങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്, വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങള്‍ സൂറത്തുല്‍ ഫാതിഹയിലുണ്ട്, സൂറത്തുല്‍ ഫാതിഹയുടെ ആശയങ്ങള്‍ ഈ ഒരൊറ്റ ആയത്തിലുമുണ്ട് (അഞ്ചാം വാക്യം).
അടുത്ത ആയത്ത്-6
അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഒന്നിനും കഴിവില്ലെന്ന് പറഞ്ഞ് നമ്മുടെ അവസ്ഥ വ്യക്തമാക്കിയപ്പോള്‍, കരുണാനിധിയായ അല്ലാഹുവിന്റെ തിരുസന്നിധിയില്‍ നിന്ന് 'എന്ത് സഹായമാണ് നിങ്ങള്‍ക്ക് വേണ്ടത്' എന്നൊരു ചോദ്യം ഉത്ഭവിക്കുന്നതായി സങ്കല്പിക്കപ്പെടുകയാണ്.
അപ്പോള്‍ തനിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ചുരുങ്ങിയ വാക്കുകളില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രാര്‍ഥിക്കുകയാണ് - ശരിയായ വഴിയില്‍ നീ ഞങ്ങളെ നയിക്കേണമേ എന്ന്.
اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6)
നേരായ മാര്‍ഗത്തില്‍ ഞങ്ങളെ നീ നയിക്കേണമേ
ഒരു ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ശരിയായ വഴിക്കാണ് 'മുസ്തഖീം' ആയ വഴി എന്ന് പറയുന്നത്. അതുതന്നെയായിരിക്കും ഏറ്റവും എളുപ്പമുള്ള വഴിയും.
ഈ വാക്യം പഠിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്:
മനുഷ്യജീവിതത്തിന് മഹത്തൊയരു ലക്ഷ്യമുണ്ട്, അത് നേടിയെടുക്കുന്നതാണ് ജീവിത വിജയം. അല്ലാഹുവിന്റെ സഹായമില്ലാതെ അതിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല.
ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വഴിതെറ്റി നാശത്തിലകപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ ലക്ഷ്യം തെറ്റിയാലോ, ജീവിതം മുഴുവന്‍ വൃഥാവിലാവുകയും ചെയ്യും.
ഈ പ്രാര്‍ഥന എപ്പോഴൊക്കെയാണ് ചെയ്യേണ്ടത്. എല്ലായ്പ്പോഴും ചെയ്യണം. നിരന്തരം ചെയ്തുകൊണ്ടിരിക്കണം. കാരണം, മരണം വരെ ഏത് നിമിഷവും വഴിതെറ്റാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രാര്‍ഥനയും ജീവിതാന്ത്യം വരെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം.
ഇവിടെ അല്ലാഹു പഠിപ്പിക്കുകയാണ്. നമ്മളെക്കൊണ്ട് നല്ല മാര്‍ഗം ചോദിപ്പിച്ച് പഠിപ്പിക്കുകയാണ്. നമ്മളത് ചോദിച്ചുകൊണ്ടിരിക്കണം, ഞാന്‍ ആള്‍റെഡി മുസ്ലിമല്ലേ, നേരായ വഴിയില്‍ തന്നെ യല്ലേ എന്ന് കരുതി ഇരിക്കരുത്.
ദുആയുടെ മര്യാദയും കൂടി ഇവിടെ റബ്ബ് നമ്മളെ പഠിപ്പിക്കുന്നുണ്ട്
ഞങ്ങളെ എന്നാണ്, എന്നെ എന്നല്ല, ദുആ ചെയ്യുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
അടുത്ത ആയത്ത്-7
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7)
നീ അനുഗ്രഹം ചെയ്തവരുടെ മാര്‍ഗത്തില്‍; കോപത്തിന് വിധേയരാവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ, ഏത് വിഭാഗമാണെങ്കിലും, അവരുടെ ആദര്‍ശം എത്ര പിഴച്ചതാണെങ്കിലും, ഞങ്ങള്‍ ശരിയായ വഴിയിലാണെന്ന് വാദിക്കാറുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍, നേരായ വഴി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചത് ഏതു വഴിയാണെന്ന് വ്യക്തമാക്കണമല്ലോ. അതാണ് 7-ആം വാക്യത്തിലുള്ളത്
അതായത്, നേരായ വഴി എന്നതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, നിന്റെ അനുഗ്രഹത്തിന് വിധേയമായവരുടെ വഴിയാണ്. അമ്പിയാക്കള്‍, സ്വിദ്ദീഖുകള്‍, ശുഹദാഅ്, സ്വാലിഹീങ്ങള്‍ എന്നിവരാണല്ലോ അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രമായവര്‍. സൂറ നിസാഅ് 69 ല്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ അവരുടെ വഴിയിലേക്കാണ് ഞങ്ങളെ നയിക്കേണ്ടത് എന്ന് ചുരുക്കം.
അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയെക്കുറിച്ച് പറഞ്ഞപ്പോള്‍, മറ്റു ചിലരെക്കുറിച്ച് നമ്മുടെ മനസ്സില്‍ ഓര്മ തെളിയുകയാണ്... ആരാണത്… ഈ വഴിയില്‍ നിന്ന് മനഃപൂര്‍വം വ്യതിചലിച്ച് റബ്ബിന്റെ കോപത്തിന് ഇരയായവര്‍.
അശ്രദ്ധ കൊണ്ടും ശരിയായി ചിന്തിക്കാത്തതു കൊണ്ടും അതില്‍ നിന്ന് തെറ്റി നാശത്തില്‍ അകപ്പെട്ടവര്‍.
غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
ആരാണിക്കൂട്ടരെന്ന് പല സ്ഥലങ്ങളിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കോപത്തിനിരയായവര്‍ എന്നതുകൊണ്ട് യഹൂദികളും വഴിപിഴച്ചവരെന്നതുകൊണ്ട് നസ്വാറാക്കളുമാണ് ഉദ്ദേശ്യമെന്നാണ് മുഫസ്സിറുകള്‍ രേഖപ്പെടുത്തയിട്ടുള്ളത്.
ഇവിടെയും അല്ലാഹു നമ്മളെക്കൊണ്ട് നല്ല കൂട്ടുകെട്ട് ചോദിപ്പിക്കുകയാണ്. ചീത്ത കൂട്ടുകെട്ടോ മോശമായ വഴിയോ വേണ്ട എന്ന് പ്രത്യേകം പറയിപ്പിക്കുകയും ചെയ്യുന്നു.
നമ്മളിങ്ങനെ ദുആ ചെയ്താല്‍ മാത്രം മതിയോ - അനുഗ്രഹം ലഭിച്ചവരുടെ വഴിയില്‍ നടത്തുവാന്‍ ദുആ ചെയ്യുക, അല്ലാത്തവരുടെ വഴിയില്‍ നടത്തരുതെന്ന് ദുആ ചെയ്യുക – ഇങ്ങനെ ദുആ ചെയ്തതുകൊണ്ട് മാത്രം നമ്മുടെ ഉത്തരവാദിത്തം തീരുകയില്ല. പിന്നെ എന്തുചെയ്യണം?
ചൊവ്വായ വഴി എന്നാല്‍ ഇന്നതാണെന്ന് വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാതാവുകൂടിയായ തിരുനബി (സ്വ) വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും വ്യക്തമായി കാണിച്ചുതന്നിട്ടുണ്ട്. അത് അവിടത്തെ സ്വഹാബികള്‍ നല്ലപോലെ മനസ്സിലാക്കുകയും അവരുടെ അനുചരന്മാരെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരും ശേഷമുള്ള മഹാന്മാരായ അഇമ്മത്തുകള്ക്ക് വള്ളിപുള്ളി വ്യത്യാസമില്ലാതെ എല്ലാം മനസ്സിലാക്കിക്കൊടുത്തിട്ട് കൈമാറിയിട്ടുണ്ട്. ഇങ്ങനെ മുന്‍ഗാമികളെ അനുകരിച്ച് പിന്‍ഗാമികള്‍ നടന്നുവന്ന വഴിയില്‍ തന്നെ നമ്മളും നടക്കണം. അപ്പഴേ ലക്ഷ്യത്തിലെത്തുകയുള്ളൂ.
ഫാതിഹ ഓതിയാല്‍ ആമീന്‍ (ഞങ്ങളുടെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ) എന്ന് പറയല്‍ സുന്നത്താണ്. നിസ്കാരത്തിലാകുമ്പോള് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ ഒരൊറ്റ ആമീന്‍ നമ്മുടെ ചെറുദോഷം പൊറുക്കാന്‍ കാരണമാണെന്ന് ഹദീസിലുണ്ടെന്ന് നേരത്തെ നമ്മള് സൂചിപ്പിച്ചരുന്നല്ലോ.
فقد روى البخاري (780) ، ومسلم (410) عن أبي هريرة رضي الله عنه أن النبي ص قال : إِذَا أَمَّنَ الْإِمَامُ ، فَأَمِّنُوا ، فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلَائِكَةِ ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
(ഇമാം ആമീന്‍ പറയുമ്പോള്‍ നിങ്ങളും പറയുക. കാരണം, ആരുടെ ആമീന്‍ മലക്കുകളുടെ 'ആമീനോ'ട് ഒന്നിച്ചുവോ (ഇമാമിനോടൊന്നിച്ച് മലക്കുകളും ആമീന്‍ ചൊല്ലുമെന്ന് വേറെ ഹദീസിലുണ്ട്-ബുഖാരി) അവന്റെ കഴിഞ്ഞുപോയ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്-ബുഖാരി, മുസ്ലിം.
ഫാതിഹയിലൂടെ അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം പുതുക്കിക്കൊണ്ടേയിരിക്കുകയാണ്.
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും മഹത്തായൊരു അധ്യായം, നിസ്കാരം എന്ന ഏറ്റവും നല്ല അമല്‍ ചെയ്യുമ്പോള്‍ 17 പ്രാവശ്യം നിര്‍ബന്ധമായും നമ്മളെക്കൊണ്ട് അല്ലാഹു പറയിപ്പിക്കുകയാണ്. അല്ലാക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയത്ത്, അവനുമായി മുനാജാത്ത് നടത്തുന്ന സമയത്ത് പറയിപ്പിക്കുകയാണ്.
ആ മുനാജാത്തില് ഫാതിഹ വെച്ചതിനൊരു രഹസ്യമുണ്ട്. ഇമാം അബൂഹുറൈറ رضي الله عنه റിപ്പോര്‍ട്ട് ചെയ്യുന്നതായി ഇമാം മുസ്ലിം رحمة الله عليه ഉദ്ധരിച്ച ഖുദ്സിയ്യായ ഹദീസ് നോക്കൂ-
ഫാതഹിത 2 ആയി വീതംവെച്ചിട്ടുണ്ട് റബ്ബ്. നമ്മള് പറയുന്നതും, അതിന് അല്ലാഹു മറുപടി പറയുന്നതും.
الْحَمْدُ لِلَّهِ رَبِّ العالَمِينَ എന്ന് പറയുമ്പോള്‍ റബ്ബ് മറുപടി പറയും: എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു.
الرَّحْمَنِ الرَّحِيمِ എന്ന് പറയുമ്പോള്‍ എന്റെ അടിമ എന്നെ പുകഴ്ത്തിയിരിക്കുന്നു എന്ന് മറുപടി പറയും.
مالِكِ يَومِ الدِّينِ എന്ന് പറയുമ്പോള്‍ എന്റെ അടിമ എന്നെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു എന്ന് പറയും.
إيَّاكَ نَعْبُدُ وإيَّاكَ نَسْتَعِينُ എന്ന് പറയുമ്പോള്‍ പറയുമത്രേ: ഇത് ഞാനും എന്റെ അടിമയും തമ്മിലുള്ള വ്യവസ്ഥയാണ്, എന്റെ അടിമക്ക് അവന് ചോദിച്ചതുണ്ട്.
اهْدِنا الصِّراطَ المُسْتَقِيمَ صِراطَ الَّذينَ أنْعَمْتَ عليهم غيرِ المَغْضُوبِ عليهم ولا الضَّالِّينَ എന്ന് പറയുമ്പോള്‍ പറയുമത്രേ: ഇത് എന്റെ അടിമയുടെ തേട്ടമാണ്, അവന് തേടിയത് അവന് ലഭിക്കുന്നതാണ്).
അല്ലാഹു ഇങ്ങനെ പറയുന്നുണ്ട് എന്ന ചിന്തയില്‍ ഫാതിഹ ഓതി നോക്കൂ, തീര്‍ച്ചയായും മനസ്സാന്നിധ്യം ലഭിക്കും.
മഹാനായ ഉമറുബ്നു അബ്ദില്‍ അസീസ്-റ ഫാതിഹ ഓതുന്നിതിനടയില് ഇടക്കിടെ നിര്‍ത്തുമായിരുന്നുവത്രെ. എന്തിനാണങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, പറഞ്ഞത്രെ – എന്റെ റബ്ബിന്റെ മറുപടി കേട്ട് ആസ്വദിക്കാനാണ്.
ഇപ്പോള്‍ നമ്മള് അതിമഹത്തായ ഈ സൂറയുടെ അര്‍ഥം പഠിച്ചുകഴിഞ്ഞു, ആശയം മനസ്സിലാക്കി. ഇനിയുള്ള നിസ്കാരങ്ങളില്‍ അര്‍ഥവും ആശയവും ആലോചിച്ച് മനസ്സറിഞ്ഞ് ഫാതിഹ ഓതുക. നമുക്കും ആ മറപുടി കേട്ട് ആസ്വദിച്ച് ഓതാം, റബ്ബ് സഹായിക്കട്ടെ-ആമീന്‍.
______________________
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment