അഭിമാനം പവിത്രമാണ്
അബൂഹുറൈറ(റ) യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ''ആരെങ്കിലും ഒരു മുസ്ലിമിനെത്തൊട്ട് ഒരു ബുദ്ധിമുട്ടിനെ തട്ടിമാറ്റിയാല്‍ അല്ലാഹു അവനെത്തൊട്ട് ഖിയാമത്ത് നാളിലെ ബുദ്ധിമട്ടുകളില്നിന്ന് ചിലതിനെ തട്ടിക്കളയും. ആരെങ്കിലും ഒരു മുസ്ലിമിനു മേല്‍ മറയിട്ടാല്‍ അല്ലാഹു ഇഹലോകത്തും പരലോകത്തും അവനു മറയിട്ടു കൊടുക്കും. അടിമ തന്റെ സഹോദരന്റെ സഹായത്തില്‍ വ്യാപൃതനായിരിക്കുന്ന കാലമത്രയും അല്ലാഹു അടിമയുടെ സഹായത്തിനുണ്ടാകും.'' (മുസ്ലിം)
അല്ലാഹു തന്റെ സൃഷ്ടികളില്‍ ഉത്തമരായ മനുഷ്യസമൂഹത്തെ ആദരിച്ചിട്ടുണ്ട്. 'നിശ്ചയം, നാം ആദം സന്തതികളെ ബഹുമാനിച്ചിരിക്കുന്നു'വെന്ന ഖുര്‍ആന്‍ സൂക്തം നമുക്ക് പറഞ്ഞു തരുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. മനുഷ്യസമൂഹത്തില്‍ തന്നെ അല്ലാഹുവിനെ അനുസരിച്ചും അവന്റെ കല്പനകള്ക്കു വഴിപ്പെട്ടും നിരോധനാജ്ഞ മുഖവിലക്കെടുത്തും കഴിഞ്ഞുകൂടുന്ന സത്യവിശ്വാസികളെ സ്രഷ്ടാവ് ഏറെ സ്നേഹാദരങ്ങളോടെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ വിളികള്‍ അവന് കേള്‍ക്കുന്നതും പെട്ടെന്ന് ഉത്തരം നല്‍കുന്നതും. അവര്‍ക്ക് ഗണ്യമായ തോതില്‍ അനുഗ്രഹങ്ങളും പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യുന്നതുമെല്ലാം. സത്യവിശ്വാസികള്‍ക്ക് സുവനലോകത്ത് ഒരുക്കിവെച്ചിരിക്കുന്ന പാരിതോഷികങ്ങളെ കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ അല്ലാഹു അവരെ ആദരിച്ചിരിക്കുന്നുവെന്നതിനുള്ള മതിയായ തെളിവുരേഖകളാണ്. ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ മനുഷ്യന് തന്റെ സമസൃഷ്ടികള്‍ക്ക് അര്‍ഹമായ പരിഗണനയും നിലയും വിലയും വകവെച്ചുകൊടുക്കേണ്ടതായി വരുന്നു.
ഇക്കാരണങ്ങളാലൊക്കെത്തന്നെ ഒരു മുസ്ലിമിന് തന്റെ സഹോദരനായ ഇതര മുസ്ലിമിനോട് പല കടപ്പാടുകളുമുണ്ട്. തന്റെ സമസൃഷ്ടിയുടെ വഴികാട്ടിയാകാന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്. തെറ്റുകളിലേക്ക് നീങ്ങുമ്പോള്‍ അരുതെന്ന് വിലക്കാനും ന്യൂനതകള്‍ കാണുമ്പോള്‍ അവ തിരുത്തിക്കൊടുക്കുന്നതോടൊപ്പം ഇതരരില്‍ നിന്നുമത് മറച്ചുവെക്കാനും നാം തയ്യാറാകണം. അന്യന്റെ അഭിമാനെം പിച്ചിച്ചീന്തുന്ന പ്രവണത നാം ഉപേക്ഷിക്കണം സുഹൃത്തിന്റെ പച്ച മാംസം ഭക്ഷിക്കാന്‍ നാം തയ്യാറായിക്കൂടാ. സമൂഹത്തിനിടയിലിട്ട് ഇതരനെ താറടിക്കുമ്പോള്‍ അവനനുഭവിക്കുന്ന മനോവേദന നമ്മള് മുന്‍കൂട്ടി കാണണം. കാരണം, അല്ലാഹുവും അവന്റെ ദൂതനും പവിത്രത കല്പിച്ചതാണ് മനുഷ്യന്റെ അഭിമാനമെന്ന വസ്തു. ആരും ആരെക്കാളും ഉത്തമരല്ലെന്ന ബോധമായിരിക്കണം എല്ലാവര്‍ക്കുമുണ്ടാകേണ്ടത്.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു സൃഷ്ടികളെ ഉദ്ബുദ്ധരാക്കുന്നത് ഈ യാഥാര്ത്ഥ്യത്തെകുറിച്ചാണ്. ''സത്യവിശ്വാസികളെ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ മറ്റുള്ളവരേക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാദം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ മറ്റുള്ളവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്കു പറയരുത്. നിങ്ങള്‍ പരിഹാസപ്പേര് വിളിച്ച് അന്യോന്യം അപമാനിക്കുകയുമരുത്. സത്യവിശ്വാസം കൈകൊണ്ട ശേഷം അധാര്‍മികമായ പേര് എത്ര ചീത്ത. വല്ലവരും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാണ് അക്രമികള്‍.(ഹുജൂറാത്ത്:11)'' ഈ വിശുദ്ധ സൂക്തത്തില്‍ വിരോധിക്കപ്പെട്ടതായി പറഞ്ഞ പരിഹാസവും കുത്തുവാക്കുകളും ചെല്ലപ്പേരുകളുമെല്ലാം ഒരുത്തന്റെ അഭിമാനത്തെ വ്രണപ്പെടുത്തുന്നവയാണ്. ഒരു മുസ്ലിമിനെ ചീത്ത വിളിക്കുന്നത് അധര്‍മകാരിയുടെ ലക്ഷണമാണെന്ന് പ്രവാചകന് (സ) നമ്മെ ഉദ്ബോധിച്ചിട്ടുണ്ട്.
തന്നെക്കാള്‍ ദരിദ്രനായതിന്റെയും തൊലികറുത്തുപോയതിന്റെയും മറ്റും പേരില്‍ അന്യരെ പരിഹാസപൂര്‍വം കാണുന്നവര്‍ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. തൊലി വെളുപ്പും സമ്പദ്സമൃധിയുമൊന്നും സ്രഷ്ടാവിന്റെ കോടതിയില്‍ സ്വീകാര്യമാവില്ല. പ്രത്യുത, ഹൃദയവിശുദ്ധിയും ദൈവ ഭക്തിയുമാണ് മനുഷ്യന്റെ വിജയത്തിനും ദൈവപ്രീതിക്കും നിദാനമാകുന്നത്. കടത്തിണ്ണകളിലെ സായാഹ്ന സംഭാഷണങ്ങളും നിരത്തിലെ നാട്ടു വര്‍ത്തമാനങ്ങളുമെല്ലാം ഇന്ന് ചൂട് പിടിക്കുന്നത് മറ്റുള്ളവരെക്കുറിച്ചുള്ള ആരോപണങ്ങള്‍ വിളമ്പുമ്പോഴാണ്. രാഷ്ട്രീയ കാര്യലാഭത്തിനായി നേതാക്കളെ കുറിച്ച് അപവാദക്കേസുകളും നുണപ്രചരണങ്ങളും മുറക്ക് നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാല്‍ അത്തരം പ്രചാരങ്ങള്‍, കേള്‍ക്കുന്ന മട്ടില്‍ തന്നെ വിഴുങ്ങിക്കളയാതെ അതിലെ സത്യാവസ്ഥ എന്തെന്നും അതിന്റെ ഉറവിടമേതെന്നും നാം മനസ്സിലാക്കണം. ''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെയടുത്ത് വന്നാല്‍ നിങ്ങളതിനെ പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ എന്തെങ്കിലുമൊരു ജനതക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരനാവാതിരിക്കുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.'' (ഹുജൂറാത്ത്: 6)
ചുരുക്കത്തില്‍ മനുഷ്യന്റെ അഭിമാനം പവിത്രമാണ്. അല്ലാഹുവും അവന്റെ റസൂലും അതിന് അര്‍ഹമായ പരിഗണനയും പ്രാധാന്യവും കല്പ്പിച്ചിട്ടുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, തന്റെ മുസ്ലിം സുഹൃത്തിനെ നിന്ദിക്കല്‍ തന്നെ വലിയ തെറ്റാണ്. രക്തം, ധനം, അഭിമാനം തുടങ്ങി ഒരു മുസ്ലിമിന്റെ മുഴുവന്‍ കാര്യങ്ങളും മറ്റൊരു മുസ്ലിമിന്റെ മേല്‍ നിഷിദ്ധമാണ്. അതുകൊണ്ട് തന്റെ സഹോദരന്റെ കാര്യത്തില്‍ ഓരോരുത്തനും അല്ലാഹുവെ സൂക്ഷിക്കേണ്ടതുണ്ട്.
Leave A Comment