മര്‍ഫൂഉം മുത്തസ്വിലും മുസ്നദും
ഹദീസിന്റെ വര്‍ഗ്ഗീകരണത്തില്‍ അല്പം അസ്പഷ്ടതയുള്ള രണ്ടെണ്ണമാണ് മുത്തസ്വിലും മുസ്നദും. നിര്‍വ്വചനത്തിലുള്ള വൈചാത്യങ്ങള്‍ക്കനുസരിച്ച് പരസ്പരം വേര്‍പിരിയാന്‍ പ്രയാസമുള്ളവയാണിത്. മുസ്നദ് ചിലപ്പോള്‍ മര്‍ഫൂആയും രൂപപ്പെടുന്നത് കൊണ്ടാണ് മര്‍ഫൂഇനെക്കുറിച്ചും ഇവിടെ പറയുന്നത്.
മര്‍ഫൂഅ് (مرفوع)
തിരുനബി (സ്വ) യിലേക്ക് ചേര്‍ത്തു പറയുന്ന – പരമ്പരയില്‍ റാവിയുടെ കണ്ണി മുറിഞ്ഞാലും ഇല്ലെങ്കിലും ശരി – ഹദീസാണ് മര്‍ഫൂഅ് എന്ന് ഒറ്റ വാക്കില്‍ പറയാം.
മുത്തസ്വില്‍ (متصل)
മുത്തസ്വിലിനു മൌസൂല്‍ (موصول) എന്നും പേരുണ്ട്. മുഅ്തസ്വില്‍ (مؤتصل) എന്നും ഇമാം ഷാഫിഇ (റ) ഉമ്മില്‍ പ്രയോഗിച്ചിട്ടുണ്ട്.
കണ്ണി മുറിയാതെ അവസാനം വരെ ചെന്നെത്തുന്ന പരമ്പര എന്നാണു മുത്തസ്വിലിന്റെ നിര്‍വ്വചനം. അവസാനം എന്ന് പറഞ്ഞതിന് തിരുനബി (സ്വ) എന്നര്‍ത്ഥമില്ല. മറിച്ച്, സ്വഹാബിയോ ത്വാബിഇയോ ആകാം. തിരുനബി (സ്വ) യില്‍ ചെന്നെത്തിയാല്‍ മുത്തസ്വിലും മര്‍ഫൂഉം ആയി. ഉദാഹരണം: മാലിക് (റ), ഇബ്നു ഷിഹാബു സ്സുഹ്രി (റ) യില്‍ നിന്ന്, അവര്‍ സാലിം ബിന്‍ അബ്ദില്ലാഹ് (റ) യില്‍ നിന്ന്, അവര്‍ തന്റെ പിതാവ് അബ്ദുല്ലാഹി ബിന്‍ ഉമറി (റ) ല്‍ നിന്ന്, അവര്‍ റസൂലുല്ലാഹി (സ്വ) യില്‍ നിന്ന്. പരമ്പര സ്വഹാബിയില്‍ തീരുകയാണെങ്കില്‍ ഹദീസ് മുത്തസ്വിലുമാണ് മൌഖൂഫുമാണ് (موقوف). ഉദാഹരണം: മാലിക് (റ), നാഫിഇല്‍ (റ) നിന്ന് അവര്‍ അബ്ദുല്ലാഹി ബിന്‍ ഉമറി (റ) ല്‍ നിന്ന്.
മേല്പറഞ്ഞ മര്‍ഫൂഉം മൌഖൂഫും മുത്തസ്വില്‍ ആണെന്ന് പ്രത്യേക നിബന്ധനയൊന്നും കൂടാതെത്തന്നെ പറയാം. എന്നാല്‍ പരമ്പര ത്വാബിഇയില്‍ ചെന്ന് തീരുകയാണെങ്കില്‍, ഇത് നിശ്ചിത വ്യക്തി വരെ മുത്തസ്വില്‍ ആണെന്നാണ് പറയുക. ഉദാഹരണം: ഈ ഹദീസ് ഇമാം സുഹ്രി (റ) വരെ മുത്തസ്വിലാണ്, ഇമാം മാലിക് (റ) വരെ മുത്തസ്വിലാണ്. അങ്ങനെ…
ത്വാബിഇയില്‍ മുറിയുന്ന എല്ലാ പരമ്പരകള്‍ക്കും പൊതുവെ മഖ്ത്വൂഅ് (مقطوع) എന്നാണു പറയുന്നത്. മഖ്ത്വൂഅ് എന്നാല്‍ മുറിക്കപ്പെട്ടത്തത് എന്നാണു ഭാഷാര്‍ത്ഥം. മുത്തസ്വില്‍ എന്നാല്‍ ചേര്‍ന്നത്/മുറിക്കപ്പെടാത്തത് എന്നും. മുത്തസ്വിലിന്റെയും മഖ്ത്വൂഇന്റെയും ഭാഷാര്‍ത്ഥത്തിലുള്ള ഈ വൈരുധ്യമാണ്, അത്തരം പരമ്പരക്ക് പ്രത്യേകം ത്വാബിഇയുടെ പേരും ചേര്‍ത്തു അതിരിട്ടു പറയണം എന്ന് നിഷ്കര്‍ഷിച്ചതിന്റെ കാരണം എന്നാണ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
പരമ്പരയില്‍ കണ്ണി മുറിയുന്ന ഹദീസുകള്‍ (അഥവാ, മുത്തസ്വിലല്ലാത്ത ഹദീസുകള്‍) മുറിയുന്ന കണ്ണിയുടെ തലമുറയും എണ്ണവുമൊക്കെ അനുസരിച്ച് വിവിധ പേരുകളില്‍ വര്‍ഗ്ഗീകരിക്കപ്പെട്ടിട്ടുണ്ട്. മുര്‍സലും (مرسل), മുങ്ക്വത്വിഉം (منقطع) മുഅ്ദലും (معضل) ഉദാഹരണങ്ങള്‍. അവയുടെ വിശീദീകരണം മറ്റൊരിടത്ത് പറയാം.
മുസ്നദ് (مسند)
മുസ്നദിനെക്കുറിച്ച് മൂന്ന് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. കണ്ണി മുറിയാതെ അവസാനം വരെ ചെന്ന് മുട്ടുന്ന പരമ്പരയുള്ള ഹദീസ് എന്നാണ് ഒരു പക്ഷം. തിരുനബി (സ്വ) വരെ എത്തണം എന്ന് നിര്‍ബന്ധമില്ല. സ്വഹാബിയില്‍ മുട്ടുന്ന മൌഖൂഫും (موقوف) ത്വാബിഇ യില്‍ മുട്ടുന്ന മഖ്ത്വൂഉം (مقطوع) മുസ്നദ് തന്നെ. എന്നാല്‍, കണ്ണി മുറിയാതെ തിരുനബി (സ്വ) വരെ ചെന്ന് ചേരുന്ന മര്‍ഫൂഇ (مرفوع) നാണ് മുസ്നദ് എന്ന് കൂടുതലായും പ്രയോഗിക്കുന്നത്. പക്ഷെ, ഈ അഭിപ്രായമനുസരിച്ച്, മുത്തസ്വിലും മുസ്നദും പൂര്‍ണ്ണമായും വേര്‍തിരിയുന്നില്ല. എന്നിരുന്നാലും, മസാനീദുകളില്‍ (മുസ്നദുകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളില്‍) സ്വഹാബിയില്‍ മുട്ടുന്ന മൌഖൂഫും (موقوف) ത്വാബിഇ യില്‍ മുട്ടുന്ന മഖ്ത്വൂഉം (مقطوع) ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നുണ്ട്.
Also Read:ഹദീസ്: ഇസ്‌ലാമിക തത്വശാസ്ത്രത്തിന്റെ ഉറവിടം
റാവികളുടെ കണ്ണി മുറിഞ്ഞാലും ഇല്ലെങ്കിലും, തിരുനബിയില്‍ ചെന്നെത്തുന്നത് എന്നാണു മറ്റൊരു പക്ഷം. ഹാഫിദ് അബൂ ഉമര്‍ ഇബ്നു അബ്ദില്‍ ബര്‍ (റ) (ഹിജ്ര 368 – 463) ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായപ്രകാരം, നേരത്തെ പറഞ്ഞ മര്‍ഫൂഉം മ്സുനദും ഒന്ന് തന്നെയാണ്. എന്നാല്‍ ഇത് പ്രചുര പ്രചാരത്തിലിരിക്കുന്ന പ്രയോഗത്തിനു എതിരാണ്. കാരണം, ചില ഹദീസുകളുടെ വിവിധ പരമ്പരകളെ നിരൂപണം ചെയ്യുന്നിടത്ത്, “ചിലയാളുകള്‍ ഈ ഹദീസിനെ മുര്‍സലാക്കിയും (مرسل) മറ്റുചിലര്‍ മുസ്നദാക്കിയും പറഞ്ഞിട്ടുണ്ട്” എന്ന് പറയുന്നതായി കാണാം. മുര്‍സലാക്കുക എന്നാല്‍ ത്വാബിഇ – സ്വഹാബിയെ പറയാതെ – നേരിട്ട് തിരുനബി (സ്വ) യില്‍ നിന്ന് പറയലാണ്. അതായത് കണ്ണി മുറിഞ്ഞതാണ് മുര്‍സല്‍. മുര്‍സലിന്റെ വിപരീത പക്ഷത്താണ് മുസ്നദിനെ ഹദീസ് നിരൂപകര്‍ കാണുന്നത്. കണ്ണി മുറിഞ്ഞാല്‍ മുസ്നദിന്റെ ഗണത്തില്‍ പെടില്ല എന്നര്‍ത്ഥം.
ആദ്യം മുതല്‍ തിരുനബി (സ്വ) വരെ കണ്ണി മുറിയാത്ത പരമ്പരയുള്ള ഹദീസിനു മാത്രമേ മുസ്നദ് എന്ന് പറയൂ എന്നതാണ് മൂന്നാമത്തെ അഭിപ്രായം. അത്തരം ഹദീസുകള്‍ക്കല്ലാതെ മുസ്നദ് എന്ന് പറയില്ല എന്നതാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം എന്ന് ഹാഫിദ് അബൂ ഉമര്‍ (റ) തന്നെ ഉദ്ധരിച്ചിട്ടുണ്ട്. അങ്ങനെത്തന്നെയായിരിക്കണം എന്ന് ഇമാം ഹാകിമും (റ) തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.
Leave A Comment