ഓർമ്മയില്ലേ, ഗുജറാത്ത് ?

-ഓർമ്മയില്ലേ, ഗുജറാത്ത് ?
കുറ്റ്യാടിയിൽ രണ്ടു ദിവസം മുമ്പ് നടന്ന ജാഥയിൽ ബി.ജെ.പി മുഴക്കിയ മുദ്രാവാക്യം സത്യത്തിൽ പ്രൗഢഗംഭീരമായിരുന്നു.

പൗരത്വ ബില്ലിനെ ഇത്രയേറെ ഒരു ലേഖനത്തിനും വ്യാഖ്യാനിക്കാനായിട്ടില്ല. ഒരു പ്രഭാഷണത്തിനും അതിനു് പറ്റിയിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള പണ്ഡിതരായ എല്ലാ പൗരത്വബിൽ വ്യാഖ്യാതാക്കളും തോറ്റു തൊപ്പിയിട്ടിരിക്കുന്നു!

പൗരത്വജാഥയിൽ കണ്ടതൊക്കെ സാധാരണക്കാരാണ്.കൂലിത്തൊഴിലാളികളാണ്. ജാഥ പിറകിലെത്തുമ്പോൾ നിഷ്ക്കളങ്കതയോടുക്കുന്ന ചില ജാഥാ മെമ്പർമാരുടെ ചമ്മിയ ചിരിയും ശ്രദ്ധേയമാണ്.
ജാഥ കൂടി രഹസ്യമായി നടത്താനായെങ്കിൽ എന്ന് നമ്മുടെ BJP സഹോദരന്മാരിൽ ചിലരെങ്കിലും മോഹിച്ചു പോയിട്ടുണ്ടാവണം. അതിന്റെ വിഷാദ സ്മൃതിയാവാം, ആ ചമ്മിയ ചിരി.

കഴിഞ്ഞ നാല്പത് വർഷത്തിനകത്ത് അനുയായികൾക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത് BJP മാത്രമാണ്. ഇടതുപക്ഷം അതിൽ വിജയിച്ചു എന്ന് പറഞ്ഞു കൂടാ. കോൺഗ്രസിലാണെങ്കിൽ നേതാക്കൾക്ക് പോലും അത് കിട്ടിയിട്ടുമില്ല.
കക്ഷിരാഷ്ട്രീയ പ്രവർത്തനം കൊണ്ടു മാത്രം ഉപജീവനം നടത്തിപ്പോകാമെന്ന് വിചാരിച്ചതിന്റെ ശിക്ഷയാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് അനുഭവിക്കുന്നത്.

നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്താൽ ഉദ്ബുദ്ധരായ BJP അനുയായികളെ കണ്ടുപഠിക്കൂ.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ കൂലിപ്പണിക്കാർ പോലും എത്ര ലളിതസുന്ദരമായിട്ടാണ് പൗരത്വ ബില്ലിനെ ആ ജാഥയിൽ വ്യാഖ്യാനിച്ചത്! എന്തൊരു രാഷ്ട്രീയ വ്യക്തതയും കാഴ്ചപ്പാടുമാണ്, സാധാരണക്കാരായ BJP ക്കാർക്ക് പോലും!

ഓർമ്മയില്ലേ ഗുജറാത്ത്.
-ഒമ്പത് അക്ഷരങ്ങളാൽ പൗരത്വ ബില്ലിനെ സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു
ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം

(ശിഹാബുദ്ധീന്‍ പൊയ്തുംകടവ് തന്‍റെ എഫ്.ബിയില്‍ എഴുതിയ കുറിപ്പ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter