ഖുശ് വന്ത് സിങ് മുമ്പേ പറഞ്ഞ ഫാസിസത്തിന്റെ അടയാളങ്ങൾ പൗരത്വ ബില്ലിൽ തെളിഞ്ഞു കാണുന്നു
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി മേഖലകളിൽ നിന്നുള്ള ഇന്ത്യക്കാർ ബില്ലിനെതിരെ ശക്തമായ പ്രതിഷേധ സ്വരങ്ങളാണ് ഉയർത്തിയത്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബംഗാൾ ജനത ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോവുകയാണ്. ബംഗാളിൽനിന്ന് കേട്ട ചില പ്രധാന ശബ്ദങ്ങളിലൊന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ മകൾ സനാ ഗാംഗുലി നടത്തിയ ട്വിറ്റർ പോസ്റ്റ് ആണ്. ഖുശ് വന്ത് സിംഗ് രചിച്ച പുസ്തകത്തിൽ നിന്നുള്ള ഒരു പേജ് പോസ്റ്റ് ചെയ്ത് കൊണ്ടാണ് സന തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത് ഫാസിസത്തെ കുറിച്ച് വളരെ മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയ എഴുത്തുകാരനാണ് ഖുശ് വന്ത് സിംഗ് . എൻഡ് ഓഫ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിൽ ഫാസിസത്തിന്റെ ലക്ഷണങ്ങൾ കൃത്യമായി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ഫാസിസത്തെ കുറിച്ചുള്ള പുസ്തകത്തിലെ പരാമർശങ്ങൾ ഇങ്ങനെ വായിക്കാം. "തങ്ങൾക്ക് വളരാൻ വേണ്ടി ഫാസിസ്റ്റ് ശക്തികൾ എല്ലാകാലത്തും ഉപയോഗിച്ചിരുന്ന അടവാണ് സമുദായങ്ങളെയും സംഘങ്ങളെയും ഭീകരരായി കാണിക്കുകയെന്നത്. ഭയപ്പെടുത്തലിൽ അസ്ഥിവാരമിട്ട ഒരു സംഘ ശക്തിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ആവശ്യമുള്ളത് നിരന്തരമായി ഭയം വിതക്കുക എന്നത് തന്നെയാണ്. മുസ്‌ലിംകളോ ക്രിസ്ത്യാനികളോ അല്ലാത്തത് കൊണ്ട് ഇതൊന്നും തങ്ങളെ ബാധിക്കുകയില്ല എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. സംഘികൾ ഇപ്പോൾ തന്നെ ഇടതുപക്ഷ ചരിത്രകാരന്മാരെയും പാശ്ചാത്യരുടെ വേഷവിധാനങ്ങൾ അടക്കമുള്ള സംസ്കാരം സ്വീകരിച്ചവരെയും ലക്ഷ്യംവെച്ച് തുടങ്ങിയിട്ടുണ്ട്. നാളെ ഒരുപക്ഷേ ഇറക്കം കുറഞ്ഞ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നവർക്കെതിരെയാവാം ആക്രമണം. ബീഫ് കഴിക്കുന്ന, മദ്യം കഴിക്കുന്ന, വിദേശ സിനിമകൾ കാണാൻ തിയേറ്ററിൽ പോകുന്ന, അമ്പലങ്ങളിലെ വാർഷിക സന്ദർശനങ്ങളിൽ പങ്കെടുക്കാത്ത എല്ലാവരെയും അവർ ലക്ഷ്യം വെക്കുമെന്നത് സുനിശ്ചിതമാണ്. ദന്ത മഞ്ചൻ ഉപയോഗിക്കുന്നതിനുപകരം ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്ന വരും വൈദ്യൻമാരെ രോഗങ്ങൾക്കായി സമീപിക്കുന്നതിനു പകരം ആശുപത്രിയിൽ പോകുന്നവരും ജയ് ശ്രീറാം എന്ന് വിളിക്കാതെ ഹസ്തദാനത്തിലൂടെയും ചുംബനത്തിലൂടെയും അഭിവാദനം ചെയ്യുന്നവരും തുടങ്ങി എല്ലാവരും ഫാസിസത്തിന് ഇരകളായി മാറിയേക്കും. ആരുമാരും സുരക്ഷിതരല്ല. നാമറിയുന്ന ഈ മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണമെങ്കിൽ യാഥാർത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ".

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter