കാപട്യം അരുത്
അബൂഹുറൈറ(റ)വില്‍ നിന്നും നിവേദനം- റസൂല്‍ പറഞ്ഞു: ''കപട വിശ്വാസിയുടെ അടയാളങ്ങള്‍ മൂന്നെണ്ണമാണ്. സംസാരിച്ചാല്‍ കളവ് പറയും, വാഗ്ദാനം ചെയ്താല്‍ അത് പൊളിച്ചുകളയും, വിശ്വസിച്ചാല്‍ വഞ്ചിക്കും.'' (ബുഖാരി, മുസ്ലിം)
വിശ്വാസം മനുഷ്യന്റെ കരുത്താണ്. ചാഞ്ചല്യമില്ലാത്ത വിശ്വാസമാണ് മുസ്ലിമിന്റെ വിജയത്തിന്റെ നിദാനമായി ഭവിക്കുന്നത്. 'വിശ്വാസ'മെന്ന കേവലങ്ങളായ മൂന്നക്ഷരങ്ങളിലൊതുങ്ങുന്നതല്ല അറബിയിലെ 'ഈമാന്‍' എന്ന ക്രിയാധാതുവിന്റെ അര്‍ത്ഥഗ്രന്ഥവ്യാപ്തി. പ്രത്യുത, അല്ലാഹുവിലും അവന്റെ വിശുദ്ധ വേദങ്ങളിലും, അവന്റെ പരലക്ഷം വരുന്ന ദൂതന്മാരിലും, അനന്തകോടികളായ മാലാഖമാരിലും മനുഷ്യന്റെ ജീവിതത്തിന്റെ ഫലം കാണുന്ന അന്ത്യനാളിലും, എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായേ നടക്കൂയെന്ന വസ്തുതയിലും അധിഷ്ഠിതമായ കലര്‍പ്പില്ലാത്ത, സ്ഥിരതയാര്‍ന്ന വിശ്വാസമാണ് ഈ പദത്തിന്റെ സംക്ഷിപ്ത വിവക്ഷ.
ഇവിടെ കപടന്റെ കാപട്യം അര്‍ത്ഥശൂന്യവും വിഫലവുമാണെന്ന യാഥാര്‍ത്ഥ്യം സുതാര്യമാകുന്നു. പുറമെ വിശ്വാസത്തിന്റെ മോടിയും അലങ്കാരവും പ്രദര്‍ശിപ്പിച്ചു നടക്കുന്ന, അകതാരില്‍ ശക്തമായ നിഷേധവും അവിശ്വാസവും സത്യവിശ്വാസികളോട് കഠിനമായ വിരോധവും വിദ്വേഷവും വെച്ചു നടക്കുന്ന അബ്ദുല്ലാഹിബ്നു ഉബയ്യിനുബ്നു സലൂലുമാരുടെ തനിപ്പകര്‍പ്പുകള്‍ ഇന്നും ഒട്ടും കുറവല്ലതന്നെ. പ്രവാചകാധ്യാപനത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഈ വസ്തുതക്ക് ഒരു തിരുത്ത് ആവശ്യമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. നാക്കെടുത്താല്‍ കളവു മാത്രം ഉരിയാടിക്കൊണ്ടിരിക്കുന്ന വായാടികള്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ വളരെയേറെയാണ്. എന്തിനധികം പറയണം, കള്ളം പറഞ്ഞ് ആഘോഷിക്കാന്‍ പോലും ഇന്നൊരു 'വെടിദിനമുണ്ട്'. വിഡ്ഢിദിനമെന്ന ചെല്ലപ്പേരിലറിയപ്പെടുന്നുണ്ടെങ്കിലും ബുദ്ധിമതികള്‍ തന്നെയാണ് ഈ ആഭാസത്തിന് അണിനിരക്കുന്നതെന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഏറ്റെടുത്ത കാര്യം നിര്‍വ്വഹിക്കാതെ, ചെയ്ത വാഗ്ദാനങ്ങളും കരാറുകളും പൂര്‍ത്തീകരിക്കാതെ കുറ്റകരമായ അനാസ്ഥയുടെ പ്രയോക്താക്കളായി കഴിഞ്ഞു കൂടുന്നവരും ഇന്ന് എങ്ങും കാണപ്പെടുന്നു. അതുപോലെത്തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന വഞ്ചനയുടെയും ചതിപ്രവര്‍ത്തനങ്ങളുടെയും കഥയും. ഇങ്ങനെ കപടന്റെ പൊയ്മുഖവുമായി പകല്മാന്യന്മാരായി സമൂഹത്തില്‍ വിലസുന്നവര്‍ അനവധി യാണ്.
ശത്രുക്കളെ നേരിടാന്‍ ആയിരത്തോളം വരുന്ന സൈന്യവുമായി ഉഹ്ദിന്റെ രണഭൂമിയിലേക്കു തിരിച്ച പ്രവാചകന്(സ) വഴിക്കുവെച്ച് കാപട്യത്തിന്റെ വഞ്ചനാപരമായ പിന്തിരിയല് നേരില്‍ കാണേണ്ടിവന്നിട്ടുണ്ട്. കൂടാതെ, തബൂക്കില്‍ നിന്നും മടങ്ങുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്(സ) തങ്ങളെ ഒരു മലയിടുക്കിലേക്ക് തള്ളിയിട്ട് വധിച്ചുകളയാന്‍ വരെ അവര്‍ ഒരുങ്ങിയിട്ടുണ്ട്. അപ്പോള്‍ സ്രഷ്ടാവിന്റെ സംരക്ഷണംകൊണ്ടു മാത്രമാണ് തിരുദൂതര്‍ രക്ഷ നേടിയത്.
ഇത്തരം നീചകൃത്യങ്ങളുടെ പ്രയോക്താക്കളായതുകൊണ്ടു തന്നെയാണ് അല്ലാഹു അവരെക്കുറിച്ച് ഒരധ്യായം തന്നെ ഖുര്‍ആനില്‍ പ്രതിപാദിച്ചത്. തങ്ങള്‍ വിശ്വാസികളാണെന്നു പറഞ്ഞ് പ്രവാചകന്റെ കൂടെക്കൂടി തക്കം കിട്ടുമ്പോഴെല്ലാം തിരുദൂതര്‍ക്കും അനുയായികള്‍ക്കും മുമ്പില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിരുന്ന അവര്‍, തങ്ങളുടെ വിശ്വാസമെന്ന മുഖംമൂടി ഉപയോഗിച്ചാണ് അത്മരക്ഷ നേടിയിരുന്നത്. ഈ സത്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്: ''അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ.'' (മുനാഫിഖൂന്‍-2)
അഭിനവ സാഹചര്യത്തിലും കപടന്മാര് അഴിഞ്ഞാട്ടം തുടരുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങി വന്ന് മോഹന വാഗ്ദാനങ്ങളുമായി അവരെ പാട്ടിലാക്കി അവരുടെ പിന്തുണ തേടി ഭരണം കയ്യാളുമ്പോള്‍ ചെയ്ത വാഗ്ദാനങ്ങള്‍ ലവലേശം പോലും പാലിക്കാതെ ചവറ്റുകൊട്ടയിലെറിഞ്ഞ് സ്വന്തം കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ഗീബല്‍സിയന്‍ വങ്കത്തങ്ങള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന പെരുംനുണയന്മാരും ജനങ്ങളില്‍നിന്നും പറ്റുന്ന സൂക്ഷിപ്പുസ്വത്ത് കൊണ്ട് സ്വന്തം കാര്യം നേടുന്നവരും കാപട്യത്തിന്റെ നൂതന പതിപ്പുകളാണ്.
ആത്മ സുഹൃത്തിനെപ്പോലും സ്വാര്‍ത്ഥ താല്പര്യങ്ങള് മുന്‍നിര്‍ത്തി കൊന്നു കളയുന്ന ഭീകരന്മാരും ഇന്ന് രംഗം കയ്യാളിക്കൊണ്ടിരിക്കുന്നു. ബ്ലേഡുസംഘങ്ങളും മാഫിയാഭീമന്‍മാരും പാവങ്ങളെ വഞ്ചിച്ച് അവരുടെ രക്തമൂറ്റിക്കുടിക്കുന്നത് മാധ്യമങ്ങള്‍ സമൂഹത്തിന് പറഞ്ഞു കൊടുക്കുമ്പോള്‍ സമൂഹത്തിന്റെ ചലനം ഏതു ദിശയിലേക്കാണ് തിരിഞ്ഞിരിക്കുന്നത് എന്ന് എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നു.
ബന്ധുക്കളുടെ വേഷത്തിലെത്തുന്ന ശത്രുക്കളും അയല്പക്കത്ത് ഒളിഞ്ഞിരിക്കുന്ന വഞ്ചനകളും ക്രൗര്യവും നിഴല്‍ കണക്കെ പിന്തുടരുന്ന സന്തതസഹചാരിയുടെ വൈരം നിറഞ്ഞു നില്ക്കുന്ന മനസ്സും ഒരവസരത്തില്‍ വെളിച്ചത്തുവരുമ്പോള്‍ കാപട്യത്തിന്റെ ഇരയായിത്തീരാനേ നിഷ്കളങ്കനായ മനുഷ്യന് നിവൃത്തിയുണ്ടാവുകയുള്ളൂ. അതുകൊണ്ട്, ആട്ടിന്തോലണിഞ്ഞ് വിലസുന്ന ചെന്നായകളുടെ ആക്രമണങ്ങളെ നാം എപ്പോഴും കരുതിയിരിക്കുന്നത് നന്നായിരിക്കും. ഇന്ന് ആരിലും വിശ്വാസമര്‍പ്പിക്കാന്‍ കഴിയാത്ത യുഗമാണ്. സുഹൃത്ത് കയ്യിലേക്ക് മിഠായി വെച്ചു നീട്ടുമ്പോള്‍ പോലും അത് വാങ്ങുംമുമ്പൊന്ന് ചിന്തിക്കണം; കാരണം, ചിലപ്പോഴത് മാരകമായ വിഷഗുളികയായിരിക്കാം.
Leave A Comment