കോട്ടുമല ബാപ്പു മുസ്‌ലിയാര്‍: പാണ്ഡിത്യത്തിന്റെ ചടുല സൗന്ദര്യം

സമസ്തയുടെ സജീവ നേതൃനിരയിലെ പ്രധാനിയെയാണ്‌ കോട്ടുമല ഉസ്താദിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും ഇന്നലെകളുടെ വഴിത്താരയില്‍ ആശ്വാസ കിരണങ്ങളായി ചെയ്തിറങ്ങിയ ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രിയ പുത്രനാണ് ബാപ്പു മുസ്‌ലിയാര്‍.

പിതാവില്‍ നിന്ന് തന്നെയാണ് അറിവ് സ്വീകരിച്ച് തുടങ്ങിയത്. മദ്രസ്സ അഞ്ചാം ക്ലാസ് കഴിഞ്ഞതോടെ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ ഉപ്പയുടെ വിശ്രുതമായ ദര്‍സിലെത്തി. വല്യുപ്പ കോമു മുസ്‌ലിയാര്‍, ശംസുല്‍ ഉലമ, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, മഞ്ഞനാടി ഉസ്താദടക്കമുള്ള വലിയ ആലിമുകള്‍ ദര്‍സ് നടത്തിയ സ്ഥലമായിരുന്നു ഇത്.

പിന്നീട് ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉപ്പ പട്ടിക്കാട്ടേക്ക് പോയപ്പോള്‍ ഉപ്പയുടെ കൂടെ ബാപ്പു മുസ്‌ലിയാരും അവിടെയെത്തി. അന്ന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. അത് കൊണ്ട് തന്നെ ജാമിഅയിലെ ദര്‍സ്സില്‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അന്ന് മതപഠനവും സ്‌കൂള്‍ പഠനവും ജാമിഅ കേന്ദ്രീകരിച്ചാണ് നേടിയത്. അന്ന് മുത്വവ്വല്‍, മുഖ്‌സര്‍ എന്നീ കിതാബുകള്‍ മാത്രമായിരുന്നു അന്ന് ജാമിഅയ്യിലുണ്ടായിരുന്നത്.
ജാമിഅയില്‍ നിന്ന് പട്ടിക്കാട് ഹൈസ്‌കൂളിലേക്ക് പോവും.

സ്‌കൂള്‍ പഠനത്തിനടക്ക് അല്‍ഫിയ, ഫത്ഉല്‍ മുഈന്‍ വരെയുള്ള കിതാബുകള്‍ ഉപ്പയില്‍ നിന്നും ഓതിയെടുത്തു. സ്‌കൂള്‍ പഠനത്തിന് ശേഷം രാത്രിയും മറ്റുമായി ഈ കിതാബുകള്‍ പഠിക്കാന്‍ സമയം കണ്ടെത്തിയിരുന്നത്. ശംസുല്‍ ഉലമയും അതേ സമയത്ത് തന്നെ കോളേജിലുണ്ടായിരുന്നതിനാല്‍ ചെറുപ്പത്തിലെ ശൈഖുനയുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിരുന്നു.
baappu
കിതാബുകള്‍ ഓതാനുള്ള സൗകര്യത്തിന് വേണ്ടി മേല്‍ മുറിയിലെ ആലത്തൂര്‍ പടി ദര്‍സില്‍ ചേര്‍ന്നു. കെ. കെ അബൂബക്കര്‍ ഹസ്രത്തായിരുന്നും അന്ന് അവിടുത്തെ ഉസ്താദ്. ഒരു വര്‍ഷം ആ ദര്‍സില്‍ പഠിച്ചു. തഫ്‌സീര്‍, മിശ്കാത്ത്, മഹല്ലി, ശറഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകള്‍ കെ. കെ ഹസ്രത്തില്‍ നിന്നുമാണ് കരസ്ഥമാക്കിയത്. തുടര്‍ന്ന് കെ. കെ ഹസ്രത്ത് പൊട്ടിച്ചിറ അന്‍വരിയ്യയിലേക്ക് മാറിയപ്പോള്‍ ഉസ്താദിന്റെ കൂടെ അവിടെയെത്തി. രണ്ട് കൊല്ലം അന്‍വരിയ്യയില്‍ പഠിച്ചു.

കെ. കെ ഉസ്താദിന് പുറമെ വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാരും, കോക്കൂര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരും അവിടെത്തെ ഗുരുനാഥന്മാരായിരുന്നു. പൊട്ടച്ചിറയില്‍ നിന്നും വീണ്ടും ജാമിഅയ്യിലെത്തി. ജാമിഅയില്‍ ആറാം ക്ലാസിലാണ് ചേര്‍ന്നത്. അങ്ങനെ ജാമിഅയിലെ രണ്ടാം ഘട്ടം നാല് വര്‍ഷം പഠനം നടത്തി. 1971-ലാണ് ജാമിഅയ്യിലെത്തിയത്. 1975-ല്‍ സനദ് വാങ്ങി പുറത്തിറങ്ങി. സയ്യിദ് ഹൈദരലി തങ്ങള്‍ അന്ന് സഹപാഠിയായിരുന്നു.

പഠന ശേഷം ആദ്യം അരിപ്ര വേളൂര്‍ പള്ളിയിയാണ് സേവനം തുടങ്ങിയത്. അവിടെ മുദരിസ്സും ഖത്വീബും ഖാളിയുമായിരുന്നു. അന്ന് ദര്‍സില്‍ നാല്‍പത് വിദേശികളും അരുപതോളും സ്വദേശികളും പഠിക്കാനുണ്ടായിരുന്നു. ബൈളാവി, ബുഖാരി, മഹല്ലി, ജംഅ് തുടങ്ങിയ പ്രധാന കിതാബുകള്‍ അവിടെ ദര്‍സ് നടത്തിയിരുന്നു. തുടര്‍ന്ന് പിതാവിന്റെ നിര്‍ദേശ പ്രകാരം നന്തി ദാറസ്സലാമിലേക്ക് പോയി. കോളേജിന്റെ തുടക്ക കാലമായിരുന്നു അത്. എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൂടെയുണ്ടായിരുന്നു.

ശേഷം കടമേരി റഹ്മാനിയ്യ അറബിക് കോളേജിലെത്തി. ഉന്നത മതകലാലയമായി കടമേരി റഹ്മാനിയ്യയെ വളര്‍ത്തുന്നതില്‍ ബാപ്പു ഉസ്താദിന്റെ പങ്ക് അവിസ്മരണീയമാണ്. റഹ്മാനിയ്യയുടെ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എം. എം. ബഷീര്‍ മുസ്‌ലിയാരോടൊപ്പം ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട് ഉസ്താദ്.

ബിദഇകള്‍ക്കെതിരെയുള്ള ഖണ്ഡനത്തിന് പ്രത്യേക സിദ്ധി തന്നെയുണ്ട് ബാപ്പു ഉസ്താദിന്. പിതാവിന്റെ അതേ പാരമ്പര്യമാണ് ഈ രംഗത്ത് മകനും തുടരുന്നത്. പിതാവ് കോട്ടുമല ഉസ്താദ്, ശംസുല്‍ ഉലമ, വാണിയമ്പലം ഉസ്താദ്, കെ. വി ഉസ്താദ്, ആമയൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവരാണ് ഈ രംഗത്തെ വഴികാട്ടികള്‍. പാലക്കാട് ജില്ലയിലെ പൂടൂര്‍, കുറ്റിച്ചിറ, കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ബിദഇകളുമായുള്ള സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്.

സമസ്ത ജോ. സെക്രട്ടറിയെന്നതിന് പുറമെ വിദ്യാഭ്യാസ ബോര്‍ഡടക്കമുള്ള ഒട്ടു മിക്ക കീഴ്ഘടകങ്ങളുടെ നേതൃസ്ഥാനങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തക സമിതിയിലും നിറ സാന്നിധ്യമായിരുന്നു കോട്ടുമല ബാപ്പു മുസ്‌ലിയാര്‍. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഉസ്താദിന്റെ വിയോഗത്തോടെ വലിയ നഷ്ടമാണ് കേരളമുസ്‌ലിം ഉമ്മത്തിന് ഈ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter