ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉമറാ നിരയിലെ പ്രാമാണികനായിരുന്നു ചെമ്മുക്കന്‍ അലവിക്കുട്ടി എന്ന കുഞ്ഞാപ്പു ഹാജി. ചെറുശ്ശോല ചെമ്മുക്കന്‍ മുഹമ്മദ് കുട്ടി ഹാജിയുടെയും തയ്യില്‍ കുഞ്ഞായിശുമ്മയുടെയും മകനായി 1940-ലാണ് ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍, കോട്ടക്കല്‍ ഗവണ്‍മെന്റ് മാപ്പിള ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടക കലയോട് താല്‍പര്യമുണ്ടായിരുന്നു. സ്‌കൂള്‍ ജീവിതത്തിനു ശേഷം അഭിനയമേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ഇടപെടലാണ് കുഞ്ഞാപ്പു ഹാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ബാപ്പു മുസ്‌ലിയാരുടെ സന്തത സഹചാരിയായി മാറിയ അദ്ദേഹം വ്യാപാര രംഗത്ത് നിറഞ്ഞു നില്‍ക്കുന്നതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി. 1977-ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ രൂപം കൊണ്ടപ്പോള്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായ പ്രഥമ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി.

എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരോടൊപ്പം മഹല്ലുകളും ദര്‍സുകളും ശാക്തീകരിക്കാന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയും രംഗത്തിറങ്ങി. 1983-ല്‍ കോട്ടക്കലിലെ എ.എം ടൂറിസ്റ്റ് ഹോമില്‍ സമ്മേളിച്ച ഈ നാലുപേരും കെ.എം സൈതവി ഹാജിയും ചേര്‍ന്നാണ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിക്ക് തുടക്കം കുറിക്കുന്നത്. സ്ഥാപനത്തിന്റെ പ്രഥമ ട്രഷററായിരുന്ന കുഞ്ഞാപ്പു ഹാജി പിന്നീട് ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സോവനം ചെയ്തു. പട്ടിക്കാട് ജാമിഅ നൂരിയ്യ ട്രഷറര്‍, വളവന്നൂര്‍ ബാഫഖി യതീംഖാന ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചു. 1971 മുതല്‍ മരണം വരെ പുലിക്കോട് മഹല്ല് സദാനത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തില്‍ സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന ഉമറാ സങ്കല്‍പ്പത്തിന്റെ മകുടോദാഹരമായി കുഞ്ഞാപ്പു ഹാജിയെ വിശേഷിപ്പിക്കാം. അര നൂറ്റാണ്ടിലേറെയായി വ്യാപാര രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച തന്റെ സമ്പാദ്യങ്ങളധികവും പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കുമായി മാറ്റിവെച്ച ഉദാര ശീലനായിരുന്നു അദ്ദേഹം. നേതാവും ന്യായാധിപനും മധ്യസ്ഥനും വ്യാപാരിയുമായി പ്രത്യക്ഷപ്പെടാറുള്ള അദ്ദേഹം പൊതുവേദിയില്‍ സംസാരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍ തുടങ്ങിയ കഴിഞ്ഞ തലമുറയിലെ പ്രാസ്ഥാനിക നേതാക്കളെ അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പുതിയ തലമുറക്ക് ഏറെ പകര്‍ത്താനുണ്ട്. 2020 നവംബര്‍ 22/ 1442 റബീഉല്‍ ആഖര്‍ 7-നായിരുന്നു വിയോഗം. കോട്ടക്കല്‍ പാലത്തറ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

സി.പി ബാസിത് ഹുദവി തിരൂർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter