പ്രവാചകസ്നേഹം
അനസ്ബ്നു മാലിക(റ)വില്‍നിന്ന് നിവേദനം,റസൂല്‍(സ) പറയുന്നു. ''നിങ്ങളിലൊരുത്തന് സ്വനന്തം പിതാവിനേക്കാളും മാത്വിനേക്കാളും പുത്രനേക്കാളും മറ്റു മുഴുവന്‍ ജനങ്ങളേക്കാളും ഏറ്റവും പ്രിയങ്കരന്‍ ഞാനാകുന്നതുവരെ അവന് പരിപൂര്‍ണ്ണ വിശ്വാസിയാവുകയില്ല.''(ബുഖാരി)
Also read: https://islamonweb.net/ml/17-January-2021-506
ഉപര്യുക്ത തിരുവചനം വിരല്‍ ചൂണ്ടുന്നത് മുസ്ലിമിന്റെ വ്യക്തി ജീവിതത്തില്‍ ഒഴിക്കാനാവാത്ത ഒന്നാണ് പ്രവാചകനോടുള്ള അടങ്ങാത്ത അനുരാഗവും സ്നേഹവുമെന്ന വസ്തുതയിലേക്കാണ്. സ്നേഹം ഒരു മാനുഷിക വികാരമാണെങ്കില്‍ അതേറ്റവും കൂടുതല്‍ ഉണ്ടാവേണ്ടത് സൃഷ്ടിപ്പിന് തന്നെ ഹേതുവായ പുണ്യ രസൂലിനോടായിരിക്കണമെന്നതാണ് യാഥാര്‍ത്ഥ്യം. ഒരുത്തന്റെ വിശ്വാസം പൂര്‍ണമാവണമെങ്കില്‍ ഇശ്ഖ് അവനില്‍ രുഢമൂലമായിരിക്കണമെന്നാണ് ഹദീസിന്റെ ധ്വനിയെങ്കില് വിശുദ്ധ വേദഗ്രന്ഥം ഖുര്‍ആനിനും പറയാനുള്ളത് തുല്യഭാഷയാണ്. അല്ലാഹു തന്റെ ദൂതനോട് പറയുന്നതായി ഖുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. ''നബിയെ, പറയുക.നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ തെറ്റുകള്‍ പൊറുത്തു തരികയും ചെയ്യു'' മെന്ന്. അല്ലാഹുവോടുള്ള സ്നേഹം അവനുലുള്ള വിശ്വാസങ്ങളിലും ആരാധനാ കര്മ്മങ്ങളിലുമാണ് നിലകൊള്ളുന്നത്. ഇവ സാധ്യമാകണമെങ്കില്‍ റസൂലിനെ പിന്‍പറ്റണമെന്നാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. റസൂലിനെ പിന്‍പറ്റുകയും അവിടന്ന് പറഞ്ഞ് തന്ന കാര്യങ്ങള്‍ അനുസരിച്ച് ജീവിക്കലും തന്നെയാണ് ഇശ്ഖിന്റെ വിവക്ഷയും. ''ആരെങ്കിലും എന്റെ ചര്യ ഇഷ്ടപ്പെട്ടാല്‍ അവര്‍ എന്നെ ഇഷ്ടപ്പെട്ടു. ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാല്‍ അവര്‍ എന്റെ കൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.''
ഇശ്ഖിന്റെ രാജപാതയിലൂടെ പിറകോട്ട് സഞ്ചരിക്കുമ്പോള്‍ നമുക്കിവിടെ ഒരുപാട് സ്നേഹ നക്ഷത്രങ്ങളുമായി സന്ധിക്കാന്‍ അവസരം ലഭിക്കുന്നു.വേദന കടിച്ചിറക്കി ഗുഹന്തരത്തിലിരുന്ന് കണ്ണീര് വാര്‍ക്കുന്ന സിദ്ദീഖ്(റ)വില്‍ തുടങ്ങുന്ന ശൃംഖല ബിലാലിലൂടെയും ബൂസ്വൂരിയിലൂടെയും അനന്തമായി നീളുകയാണ്. തൂക്കുമരത്തിലേക്ക് നടന്നടുക്കുന്ന ഖുബൈബി(റ)ന്റെ മുഖത്ത് പ്രകടമാകുന്നത് പ്രവാചകനോടുള്ള അദമ്യമായ അനുരാഗത്തിന്റെ ധൈര്യം കലര്‍ന്ന ഭാവമാണ്. യുദ്ധമുഖം സങ്കീര്‍ണമായ ഘട്ടത്തില്‍ അനുയായികളില്‍ മുക്കാല്‍പങ്കും രംഗം വിട്ടോടി രക്ഷപ്പെടാന്‍ നോക്കുമ്പോഴും നിശ്ചയ ദാര്‍ഢ്യത്തോടെയും മനോധൈര്യത്തോടെയും പ്രവാചകനു ചുറ്റും പ്രതിരോധത്തിന്റെ മനുഷ്യമതില്‍ തീര്‍ക്കുന്നതും സ്നേഹത്തിന്റെ മറ്റൊരു അവര്‍ണനീയമായ അനുഭവമായി ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു. അടര്‍ക്കളത്തില്‍ തന്റെ ഭര്‍ത്താവും സന്താനങ്ങളും രക്തസാക്ഷികളായെന്ന് കേട്ടിട്ടും 'എന്റെ പ്രവാചകനെന്തു പറ്റി' എന്ന അന്വേഷണവുമായി ഫാത്വിമ ബിന്ത് തുഖൈസിനെ മുന്നോട്ടു ഗമിക്കാന്‍ പ്രേരിപ്പിച്ചത് അവാച്യമായ സ്നേഹത്തിലൂട്ടിയ മാനസികാവസ്ഥയായിരുന്നു. ഉഹ്ദില്‍ പ്രവാചകന്റെ പല്ല് പൊട്ടിയതറിഞ്ഞ് തന്റെ വായിലെ ഓരോ ദന്തങ്ങളും തല്ലിക്കൊഴിക്കാന്‍ മഹാനായ സ്വഹാബിയെ പ്രചോദിപ്പിച്ചതും, പ്രവാചക വിയോഗ വാര്‍ത്ത കേട്ട മാത്രയില്‍ തനിക്കിനി ആരെയും കാണേണ്ടതില്ലെന്ന് പറഞ്ഞ് സ്രഷ്ടാവിനോട് തന്നെ അന്ധനാക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച് അന്ധത വരിക്കാന്‍ അബ്ദുല്ലാഹിബ്നു സൈദിനെ സന്നദ്ധനാക്കിയതും മറ്റൊന്നുമായിരുന്നില്ല.
മൗലിദു പാരായണങ്ങളും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ഇനിയും സജീവമാക്കേണ്ടിയിരിക്കുന്നു. ചേതനയറ്റ ഇന്നിന്റെ രാത്രി യാമങ്ങളെ ജീവസ്സുറ്റതാക്കാന്‍ മൗലിദ് പാരായണങ്ങള്ക്കേ കഴിയൂ എന്ന ബോധം നമുക്കുണ്ടായിരിക്കണം. 'അതെ, എന്റെ സമുദായം നാശത്തിലാകുന്ന അവസരത്തില്‍ എന്റെ ചര്യ മുറുകെ പിടിച്ചാല്‍ അവന് നൂറ് രക്തസാക്ഷികളുടെ പ്രതിഫളമുണ്ടെ'ന്ന പ്രവാചക വചനം എന്നും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ.
Leave A Comment