റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകം-10

റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് മാര്‍ട്ടിന്‍ ലിങ്സ് എഴുതിയ മുഹമ്മദ് എന്ന കൃതിയാണ്.

വളരെ താല്പര്യത്തോടെ വായിച്ചു തുടങ്ങിയ പുസ്തകമാണ് മാർട്ടിൻ ലിങ്സ് എന്ന അബൂബക്കർ സിറാജുദ്ദീൻ എഴുതിയ 'മുഹമ്മദ്' എന്ന ഗ്രന്ഥം. അദർ ബുക്സ് പുറത്തിറക്കിയ കെ.ടി സൂപ്പിയുടെ വിവർത്തനമാണ് വായിച്ചത്. അനുവാചകരിൽ പലരും അഭിപ്രായപ്പെട്ടത് പോലെ ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണെന്ന് തുടക്കത്തിൽ തന്നെ മനസ്സിലാക്കാനായി. സംഭവബഹുലമായ പ്രവാചക ജീവിതത്തെ കുറിച്ച് ഒരുപാട് പഠനങ്ങളും ഗ്രന്ഥങ്ങളും വിരചിതമായിട്ടുണ്ട്. കടൽ പോലെ പരന്നുകിടക്കുന്ന ചരിത്ര വസ്തുതകൾ മൂല്യവും മർമ്മവും ചോരാതെ അടുക്കും ചിട്ടയോടെ സംക്ഷിപ്തമായി അവതരിപ്പിച്ചു എന്നതാണ് ഈ പുസ്തകത്തിന്റെ വലിയൊരു പ്രത്യേകത.

1909 ജനുവരി 24ന് ഇംഗ്ലണ്ടിൽ ജനിച്ച് 2005 മെയ് 12ന് നിര്യാതനായ ഗ്രന്ഥകാരൻ ഇസ്ലാമിനെ കുറിച്ച് പഠിക്കുകയും മാർമഡ്യൂക് പിക്താളിന്റെ സഹായത്തോടെ മുസ്‌ലിമായി അബൂബക്കർ സിറാജുദ്ദീൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വലിയ ചിന്തകനും പണ്ഡിതനുമായിരുന്ന അദ്ദേഹം കിടയുറ്റ വൈജ്ഞാനിക സംഭാവനകൾ തന്നെ മുസ്‌ലിം ലോകത്തിന് സമർപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളൊക്കെയും ലക്ഷണമൊത്ത ആധികാരിക പഠനങ്ങളാണ്. വൈജ്ഞാനിക ലോകത്തും പ്രവാചക പ്രേമികൾക്കിടയിലും അദ്ദേഹത്തിന്റെ പേര് അനശ്വരമാക്കിയ ഗ്രന്ഥമാണ് Muhammad, his life based on the earliest sources.

ചരിത്രത്തിന്റെ ഇടവഴികളിലൂടെ വളരെ ലളിതമായി പുഞ്ചിരിച്ചും കിന്നരിച്ചും മഴയും വെയിലും നിലാവും അനുഭവിച്ചും ആസ്വദിച്ചും ഒഴുകിപ്പോകുന്ന അവതരണമാണ് അദ്ദേഹത്തിന്റേത്. നബി ജീവിതത്തിലൂടെയൊരു വേറിട്ട തീർത്ഥയാത്രയെന്ന് ഒറ്റവാക്കിൽ പറയാം. വായിച്ചു തുടങ്ങിയ ആരെയും അവസാനംവരെ ജിജ്ഞാസയോടെ പിടിച്ചുനിർത്തുമെന്നതിൽ സംശയമില്ല. നബി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഗാംഭീര്യം ഒട്ടും ചോരാതെ വിശദീകരിക്കുകയും അതിനിടയിൽ സ്വാഭാവികമായി നടന്ന നബിയുടെ വിശാലമനസ്കതയുടെയും കാരുണ്യ വർഷത്തിന്റെയും ഉദാഹരണങ്ങൾ ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. സാധാരണ നബി ചരിത്ര കൃതികളിൽ കാണാത്ത പല അപൂർവമായ സംഭവങ്ങളും അക്കൂട്ടത്തിൽ വിശദീകരിച്ചിട്ടുണ്ട്.

തുടക്കം മുതൽ ഒടുക്കം വരെയുള്ള നബി ചരിത്രം സംക്ഷിപ്തമായും ആധികാരികമായും മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മനസ്സുനിറഞ്ഞ് വായിക്കാവുന്ന ഒരു ഗ്രന്ഥമാണിത്.

കെ.ടി സൂപ്പി നിർവഹിച്ച വിവർത്തനവും ഹൃദ്യവും ഗംഭീരവുമാണ്. വായനയ്ക്കിടയിലെവിടെയും ഇതൊരു ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷയാണ് എന്ന തോന്നൽ സൃഷ്ടിക്കുന്നേ ഇല്ല. മനസ്സിൽ നിന്നും എടുത്ത് എഴുതിയതുപോലെ പോലെ നല്ല ഒഴുക്കുള്ള ആകർഷണീയമായ ഭാഷ.

കുറച്ചു മുമ്പാണ് ഞാൻ ഇത് വായിച്ചു തുടങ്ങിയതെങ്കിലും ഒറ്റയടിക്ക് വായിച്ച് തീർക്കാതെ ഓരോ ഭാഗവും ആസ്വദിച്ച് ആസ്വദിച്ചു പതുക്കെപ്പതുക്കെ വായിച്ചു തീർക്കുകയാണുണ്ടായത്. മനസ്സിൽ ദുഃഖത്തിന്റെ ഇരുൾ പരക്കുമ്പോൾ പലപ്പോഴും ഇത് എടുത്തു വായിച്ചു ആത്മ സായൂജ്യം തേടിയിട്ടുണ്ട്. ഭാവനയിലെ കല്പിതകഥകളല്ല, ചരിത്രത്തിലൂടെ നടന്നുപോയ സമ്പൂർണ്ണനായ മനുഷ്യന്റെ പച്ചയായ ജീവിതമെഴുത്താണെന്ന് മനസ്സിലാക്കിയാൽ തന്നെ ഹൃദയം തുറന്നു വെച്ചാണ് ഇത് വായിക്കേണ്ടതെന്ന് ബോധ്യമാകും. പ്രവാചകാനുയായികൾ നിർബന്ധമായും ഈ പുസ്തകം വായിച്ചിരിക്കണം എന്ന അപേക്ഷയോടെ

-മൻസൂർ ഹുദവി മുള്ളേരിയ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter