വനിതാമതില്‍: പാളിപ്പോയ ശ്രമം

മഹാപ്രളയത്തെ തുടർന്നു കേരളത്തിൽ
തകർന്ന മതിലുകളും സുരക്ഷാ ഭിത്തികളും പുനർനിർമിക്കാൻ ഉപയോഗപ്പെടുത്തേണ്ട സമയവും ധനവും ഊർജവും വെറും നിമിഷങ്ങളുടെ ഷോ മാത്രമായ വിവാദ മതിലിനായി വ്യയം ചെയ്യുന്നു. അതും സർക്കാറിന്റെ ഒത്താശയോടെ.

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ പുനരുത്ഥാനം നടത്താൻ മുൻകയ്യെടുക്കേണ്ട സർക്കാറാണ് കടമകൾ വിസ്മരിച്ചു പെണ്ണങ്ങളെ പിടിച്ചു മതിലിന്റെ കല്ലും സിമൻറുമാക്കി മാറ്റന്നത്. അവരെ മതിലാക്കുകയല്ല, അവർക്ക് സുരക്ഷയുടെ മതിലുകൾ പണിതു കൊടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്.

സ്വന്തം പാർട്ടിയുടെ അകത്തളത്തിൽ പോലും പെണ്ണുങ്ങളുടെ കണ്ണീരിനും പരാതിക്കും വില കൽപ്പിക്കാതെ തട്ടിക്കളിച്ചവർ, പാർട്ടി വേദികളിൽ ആനുപാതിക പ്രാതിനിധ്യത്തിന്റെ നാലയലത്ത് പോലും ഇടം നൽകാൻ മനസില്ലാത്തവർ പുറത്ത് മതിൽ കെട്ടി നവോത്ഥാനനാടകം കളിക്കുന്നു. ഒരു പാർട്ടിയോ മുന്നണിയോ ഇങ്ങനെ കാട്ടിക്കൂട്ടുന്നത് മനസിലാക്കാം. എന്നാൽ അതിനെ ഒരു സർക്കാർ വിലാസം ഏർപ്പാടാക്കുന്നത് അതിലേറെ വിചിത്രം.

സർക്കാരുകളുടെ നയങ്ങളും പരിപാടികളുമാണ് നാട്ടിൽ നവോത്ഥാനം കൊണ്ടുവരേണ്ടത്. പ്രഹസനമായി മാറുന്ന പ്രകടനങ്ങളല്ല. അത്തരം ഏർപ്പാടുകൾ പാർട്ടികൾക്ക് വിട്ടുകൊടുക്കുന്നതല്ലേ ബുദ്ധി?

ചില പ്രത്യേക മത /ജാതി വിഭാഗങ്ങെളെ മാത്രം സംഘാടകരാക്കി, പ്രത്യേക വിഭാഗങ്ങളെ മാത്രം അണിനിരത്തി നടത്തുന്ന ഇത്തരം പ്രഹസനങ്ങൾ സമൂഹ മനസിൽ വിവേചനത്തിന്റെ പുതിയ മതിലുകൾ തീർക്കാനേ ഉപകരിക്കൂ.

സിദ്ദീഖ് നദ് വി ചേരൂർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter