ലോക്ഡൌണ്‍ കാലത്ത് റമദാന്‍ വിരുന്നെത്തുമ്പോള്‍

വിശ്വാസിയുടെ ആരാധനാവസന്തമായ വിശുദ്ധ റമദാന്‍ കടന്നുവരുകയാണ്. നാമെല്ലാം ലോക്ഡൌണായി വീട്ടിനകത്തിരിക്കുകയാണ്, ആരാധനകളാല്‍ അലംകൃതമാവേണ്ട പള്ളികള്‍ അടഞ്ഞു കിടക്കുകയാണെന്ന ദുഖമുണ്ട്. അതേ സമയം, പലപ്പോഴും നമ്മുടെ റമദാനുകളെ അപഹരിക്കുന്ന മാര്‍കറ്റുകളും ഷോപ്പിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നില്ലെന്നത് ഒരു നിലക്ക്  ആശ്വാസകരവുമാണ്.
മറ്റു പല ആരാധനകളെയും പോലെ റമദാനും നമുക്കൊരു ആചാരമാവുന്നുവോ എന്ന് തോന്നുന്ന തരത്തിലായിരുന്നു പൊതുവെ ഇതുവരെയുള്ള നമ്മുടെ ശീലങ്ങള്‍. റമദാന്‍ ആയാല്‍ ജമാഅതിന് പോവണമെന്നും നിസ്കാരങ്ങള്‍ കൃത്യസമയത്ത് പാലിക്കണമെന്നുമെല്ലാം ശഠിക്കുകയും അത് കഴിഞ്ഞാല്‍ വീണ്ടും പഴയ പോലെ അശ്രദ്ധമായി കഴിയുകയും ചെയ്യുന്നത് ഇതല്ലേ തെളിയിക്കുന്നത്. അഥവാ, റമദാനില്‍ അങ്ങനെയൊക്കെയാവണമെന്ന് ശീലങ്ങളും നാട്ടുനടപ്പുകളും നമ്മോട് പറയുന്ന പോലെയായിരിക്കുന്നു കാര്യങ്ങള്‍.
എന്നാല്‍, ലോക്ഡൌണ്‍ കാലത്ത് കടന്നുവരുന്ന ഈ റമദാന്‍ ഒരു സുവര്‍ണ്ണാവസരമാണ്. നാട്ടിലെ നടപ്പുകളോ റമദാനിലെ പ്രത്യേക ശീലങ്ങളോ ഒന്നും കാണാനാവാതെ വീട്ടിലിരിക്കുമ്പോള്‍ നാം ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം നമ്മുടേത് മാത്രമായി മാറുന്നു. അതിന് പ്രചോദനമാവുന്നത് നമ്മുടെ മനസ്സാക്ഷിയും അല്ലാഹുവിലുള്ള വിശ്വാസവും പ്രതിഫല പ്രതീക്ഷയും മാത്രമായിരിക്കും. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ മനസ്സറിഞ്ഞുള്ള ആരാധനകളായി മാറുന്നത്. 
അത് കൊണ്ട് തന്നെ ഈ വിശുദ്ധ റമദാനില്‍ നമ്മുടേതായ ചിട്ടകളും ശീലങ്ങളും നാം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഏത് സമയത്ത് ഉറങ്ങണമെന്നും എപ്പോള്‍ ഉണരണമെന്നും നമുക്ക് തീരുമാനിക്കാം. അഞ്ച് വഖ്ത് നിസ്കാരം വീട്ടുകാരോടൊപ്പം ജമാഅതായി നിസ്കരിക്കാന്‍ നമുക്ക് തന്നെ സമയക്രമം കൊണ്ട് വരാം. സുന്നത് നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കുകയും തഹജ്ജുദ്, ളുഹാ പോലോത്ത നിസ്കാരങ്ങള്‍ക്ക് കൃത്യമായ സമയം നിശ്ചയിക്കുകയും ചെയ്യാം. ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേക സമയം നീക്കിവെക്കാം. ഓരോ നിസ്കാരത്തിന് ശേഷവും ഇഫ്താറിന് മുമ്പും അത്താഴത്തിന് ശേഷവുമെല്ലാം ഓതാനുള്ള ഭാഗങ്ങള്‍ നമുക്ക് തന്നെ തീരുമാനിക്കാം. 
കൂടെ, ദിവസവും ശ്രേഷ്ഠമായ ഏതാനും ദിക്റുകളും സ്വലാതുകളുമെല്ലാം പതിവാക്കാനും ശ്രമിക്കാം. കഴിയും വിധം തസ്ബീഹ് നിസ്കാരങ്ങളും കൂടെ ചേര്‍ക്കാം. ബാക്കി വരുന്ന സമയങ്ങള്‍ ഉപയോഗപ്പെടുത്തി, ഈ റമദാന്‍ കഴിയുമ്പോഴേക്ക് ഖുര്‍ആനിന്റെയും ഏതെങ്കിലും ഭാഗങ്ങളും ഏതാനും ഹദീസുകളും പഠിക്കാന്‍ കൂടി നമുക്ക് സമയം കണ്ടെത്താം.  എല്ലാം ചേര്‍ത്ത് നമ്മുടേതായ ഒരു ടൈംടേബിള്‍ നമുക്ക് സ്വയം ക്രമീകരിക്കാം. ഇത് നമുക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമെല്ലാം സാധിക്കും വിധം ബാധകമാക്കാം. സ്വശരീരത്തോടൊപ്പം ഭാര്യമക്കളെയും നരകത്തില്‍നിന്ന് കാക്കേണ്ട ഉത്തരവാദിത്തം നമ്മിലര്‍പ്പിതമാണല്ലോ.
ഇങ്ങനെ നാം സ്വയം തീരുമാനിക്കുന്ന സമയക്രമം എത്രമാത്രം നടപ്പിലാകുന്നുവെന്ന് ഓരോ ദിവസവും ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി മക്കളെയും ഭാര്യയെയുമെല്ലാം കൂട്ടി വിലയിരുത്താം. ചെയ്യാന്‍ കഴിയാതെ പോയത് തൊട്ടടുത്ത ദിവസം വീണ്ടെടുക്കാന്‍ ശ്രമിക്കാം. സാധിക്കാത്ത പക്ഷം, അവിടുന്നങ്ങോട്ടുള്ളതെങ്കിലും പരമാവധി പാലിക്കാന്‍ ശ്രമിക്കാം. റമദാന്‍ അവസാനത്തില്‍, കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തവര്‍ക്കോ കൂടുതല്‍ നന്നായി ചെയ്തവര്‍ക്കോ പ്രോല്‍സാഹനസമ്മാനങ്ങള്‍ നല്‍കുന്നതും ആലോചിക്കാവുന്നതാണ്. 
ഇങ്ങനെയെല്ലാം ചെയ്യാനായാല്‍, ഒരു പക്ഷെ, നമ്മുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ റമദാന്‍ ആയി നമുക്കിതിനെ മാറ്റാനാവും. എങ്കില്‍, ഈ ലോക്ഡൌണ്‍ നാം അതിജയിച്ചു എന്ന് നമുക്കാശ്വസിക്കാം, ലോക്ഡൌണിലും അനുകൂലമായി സാക്ഷി പറയുന്ന ഒരു റമദാന്‍ ലഭിച്ചു എന്ന ശുഭപ്രതീക്ഷയുമായി പെരുന്നാളിലേക്ക് കടക്കാം, നാഥന്‍ തുണക്കട്ടെ, ആമീന്‍.

തയ്യാറാക്കിയത്: മജീദ് ഹുദവി പുതുപ്പറമ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter