സ്വവര്‍ഗ ലൈംഗികത: മൃഗങ്ങളെപോലും പിന്നിലാക്കുന്ന മനുഷ്യ വൈകൃതം
സ്വവര്‍ഗരതി: മതങ്ങളുടെ വീക്ഷണം

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രിംകോടതി നിരീക്ഷണം പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഐ.പി.സി 377ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഈ വകുപ്പ് ഭാഗികമായി റദ്ദാക്കിയ കോടതി ഇന്ത്യയില്‍ നാളിതു വരെ നിലനിന്നിരുന്ന സംസ്‌കൃതിയെയാണ് ചോദ്യം ചെയ്യുന്നത്. 

'പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ആരെങ്കിലും ബോധപൂര്‍വവും ശാരീരികവുമായ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അയാളെ ജീവപര്യന്തം തടവിനോ പത്തുവര്‍ഷം വരെയുള്ള തടവിനും പിഴക്കുംകൂടിയോ ശിക്ഷിക്കാവുന്നതാണ്' എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പതിനാറാം അധ്യായത്തിലെ 377ാം ഭാഗം പറയുന്നത്. 

ഈ നിയമപ്രകാരം സ്വവര്‍ഗരതി നടത്തുകയോ, മൃഗഭോഗത്തിലേര്‍പ്പെടുകയോ ചെയ്ത ഒരാള്‍പോലും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇതിനര്‍ഥം ഇവിടെ സ്വവര്‍ഗരതി നടക്കുന്നില്ലെന്നല്ല, അത് സമൂഹത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. ഒരിക്കല്‍ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് മാത്രം. എന്നിട്ടും ഇതിനെ മനുഷ്യാവകാശ പ്രശ്നമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ലൈംഗിക അരാചകത്വത്തിന്റെ പുതിയ നീക്കം ശക്തമായി നമുക്ക് കാണാനാകണം.

ഒന്നരനൂറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ നിലനിന്ന ഒരു നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടാന്‍ കാരണമെന്താണ്? ഐ.പി.സി 377ാം വകുപ്പ് നീക്കം ചെയ്യപ്പെട്ടാല്‍ സ്വവര്‍ഗരതിക്കുവേണ്ടി പ്രലോഭിപ്പിക്കുകയും അതിന് ആണുങ്ങളേയും പെണ്ണുങ്ങളേയും പ്രേരിപ്പിക്കുകയും അങ്ങനെയുള്ളവരെ കൂട്ടിയിണക്കാന്‍ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്യും. കച്ചവടതാല്‍പര്യങ്ങള്‍ ഈ വിഷയത്തില്‍ അരങ്ങുവാഴുമെന്നതിനാല്‍ ഇന്ത്യയിലെ കൗമാരക്കാരുടെ അവസ്ഥ ഭീതിതമായിരിക്കും. 

അരക്ഷിതാവസ്ഥയിലേക്ക് ഒരു നാടിനെ തള്ളിയിടുകയാണ് ചെയ്യുന്നത്. ഐ.പി.സി 377ാം വകുപ്പ് എടുത്ത് മാറ്റുന്നതോടെ ആര്‍ക്കും സ്വവര്‍ഗാനുരാഗികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും അവര്‍ക്ക് രമിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും ചെയ്യാന്‍ പറ്റുന്ന അവസ്ഥ സംജാതമാകും. സ്വവര്‍ഗാനുരാഗികളെ സംഘടിപ്പിച്ച് പരസ്പരം കൈമാറുകയും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന റാക്കറ്റ് നടത്താന്‍ ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ടാവുന്ന അവസ്ഥയുണ്ടാവുന്നത് എത്രമാത്രം ഭീതിതമാണ്. 

2008 സെപ്റ്റംബര്‍ 26ന് അഡിഷനല്‍ സോളിസിറ്റ് ജനറല്‍ പി.പി മല്‍ഹോത്ര ഡല്‍ഹി ഹൈക്കോടതിയെ ബോധിപ്പിച്ചത് തന്നെയായിരിക്കും ഭാവിയില്‍ സംഭവിക്കുക. അദ്ദേഹം പറഞ്ഞു: 'സ്വവര്‍ഗരതി സാമൂഹിക തിന്മയാണ്; അത് നിയന്ത്രിക്കുവാന്‍ രാഷ്ട്രത്തിന് അധികാരമുണ്ട്. സ്വവര്‍ഗരതിയെ കുറ്റകൃത്യമല്ലാതാക്കിത്തീര്‍ക്കുന്നതു വഴി സമാധാനലംഘനം സൃഷ്ടിക്കപ്പെട്ടേക്കാം. എയിഡ്സിന്റേയും എച്ച്.ഐ.വിയുടേയും നാശങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതിനും ജനങ്ങള്‍ക്ക് ദോഷകരമായിത്തീരുന്നതിനുമാണ് അത് അനുവദിക്കുന്നത് നിമിത്തമായിത്തീരുക. വലിയതോതിലുള്ള ആരോഗ്യപരമായ അപായങ്ങളിലേക്കും സമൂഹത്തില്‍ ധാര്‍മികമൂല്യങ്ങളുടെ തകര്‍ച്ചയിലേക്കുമാണ് അത് നയിക്കപ്പെടുക'. (Times of India, 27 sept 2008). 

ഇത്തരം കുത്തഴിഞ്ഞ ജീവിതത്തിലേക്ക് കൂപ്പ് കുത്തിയ സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥകളും നാം കാണാതെ പൊകരുത്. അമേരിക്ക പോലുള്ള പാശ്ചാത്യസമൂഹം നമുക്ക് അനുഭവ പാഠമാണ്. മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളും കലാപങ്ങളുമെല്ലാം പ്രസ്തുത സമൂഹത്തിന്റെ മുഖമുദ്രകളാണ്. എയിഡ്സിനേയും ഹെപ്പറ്റൈറ്റിസിനെയും പോലുള്ള രോഗങ്ങളാല്‍ സ്വവര്‍ഗഭോഗ സമൂഹം പൊറുതിമുട്ടുകയാണ്. കുടുംബത്തില്‍ നിന്നുള്ള അകല്‍ച്ചയും സാമൂഹികബന്ധങ്ങളുടെ തകര്‍ച്ചയും നിത്യസംഭവങ്ങളാണ്. ഇരുപത് വയസ് പ്രായമാകുമ്പോഴേക്ക് സ്വവര്‍ഗരതിയുടെ പാളയത്തിലെത്തിച്ചേര്‍ന്ന അമേരിക്കക്കാരില്‍ 30 ശതമാനവും മുപ്പത് വയസിനുമുമ്പ് മരിക്കുകയോ, എയിഡ്സ് ബാധിതരായിത്തീരുകയോ ചെയ്യുമെന്നുള്ളതാണ് കണക്ക്. (Clinical sPychiatry News, Oct 1994). 

ഇന്ത്യയിലെ യുവാക്കളെ ഇത്തരം ചതിക്കുഴിയിലേക്ക് തള്ളിയിടണോ എന്നാണ് സ്വവര്‍ഗാനുരാഗികളുടെ 'അവകാശ'നിഷേധത്തിന് നിമിത്തമാകുമെന്ന് പറഞ്ഞ് ഐ.പി.സി 377ാം വകുപ്പ് നീക്കം ചെയ്യുന്ന നിയമവിദഗ്ധര്‍ ചിന്തിക്കേണ്ടത്.

മതങ്ങളുടെ വീക്ഷണം

സ്വവര്‍ഗരതിയോട് വിവിധ മതദര്‍ശനങ്ങളുടെ കാഴ്ചപ്പാടും ഇതിനോട് ചേര്‍ത്ത് വിലയിരുത്തുന്നത് തീര്‍ത്തും ഉചിതമായിരിക്കും. സ്വവര്‍ഗപ്രേമികളെ ഇന്ത്യന്‍ പാരമ്പര്യം അംഗീകരിക്കുന്നില്ല. ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തില്‍ ആരും സ്വവര്‍ഗപ്രണയത്തെ അംഗീകരിച്ചിരുന്നില്ല. കന്യകയുമായി സ്വവര്‍ഗരതിയിലേര്‍പ്പെട്ടത് കന്യകയാണെങ്കില്‍ ഇരുനൂറ് പണം പിഴയായി വാങ്ങുകയും പത്ത് ചാട്ടവാറടി നല്‍കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന മനുസ്മൃതി ഇത് ചെയ്തത് വിവാഹിതയാണെങ്കില്‍ അവരുടെ രണ്ടുവിരലുകള്‍ ഛേദിക്കണമെന്നും തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി രാജവീഥിയിലൂടെ നടത്തണമെന്നും കൂടി കല്‍പ്പിക്കുന്നുണ്ട്.

'കനൈ്യവ കന്യാം യാ കുര്യാത്തസ്യാഃ സ്യാദ്വിശതോ ദമഃ
ശുല്‍ക്കം ച ദ്വിഗുണം ദദ്യാച്ഛിഫാശ്ചൈ വാപ്നുയാദ്ദശ
യാ തു കന്യാം പ്രകുര്യാത് സ്ത്രീ സാസദ്യോ മൗണ്ഡ്യമര്‍ഹതി
അംഗുല്യോരേവ വാ ച്ഛേദം ഖരേണോദ്വഹനം തഥാ'

'ഒരു കന്യക തന്നെ മറ്റൊരു കന്യകയെ മേല്‍പ്പറഞ്ഞ രീതിയില്‍ ദുഷിപ്പിച്ചാല്‍ 200 പണം പിഴ കൊടുക്കണം. അവള്‍ ദുഷിപ്പിക്കപ്പെട്ട കന്യകയുടെ പിതാവിന് കന്യാശല്‍കത്തിന്റെ ഇരട്ടികൊടുക്കുകയും ചാട്ടയോ ചൂരലോ കൊണ്ട് പത്തടി കൊള്ളുകയും വേണം.

ഒരു കന്യകയെ ദുഷിപ്പിക്കുന്നതു സ്ത്രീയാണെങ്കില്‍ അവര്‍ ഉടന്‍തന്നെ ശിരോമുണ്ഡനമോ സാഹചര്യമനുസരിച്ച് രണ്ടംഗുലികളുടെ ഛേദനമോ അര്‍ഹിക്കുന്നു. അതുപോലെ തന്നെ ആ സ്ത്രീയെ കഴുതപ്പുറത്തു കയറ്റി രാജവീഥിയിലൂടെ സഞ്ചരിപ്പിക്കുകയും വേണം. (മനുസ്മൃതി 8:369,370).

സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസിലാക്കാം.

'ബ്രാഹ്മണസ്യ രുജഃകൃത്വാ ഘ്രാതിര ഘ്രേയ മദ്യയോഃ
ജൈഹ്മ്യം ച മൈഥുനം പുംസി ജാതി ഭ്രംശകരം സ്മൃതം'
'ബ്രാഹ്മണനെ(താഡനാദിയാല്‍) പീഡിപ്പിക്കുക. അഘ്രേയങ്ങളായ (മണക്കാന്‍ പാടില്ലാത്ത) ഉള്ളി, അമേദ്ധ്യം മുതലായവയും മദ്യവും മണപ്പിക്കുക, വക്രത, പുരുഷന്മാരുമായി പ്രകൃതിവിരുദ്ധമൈഥുനം എന്നിവ ജാതിഭ്രംശകരമായ പാതകമാണ്.'(മനുസ്മൃതി 11:68). 

ബുദ്ധന്മാരുടെ നിലപാടും ഇത്തരത്തില്‍ സ്വവര്‍ഗലൈംഗികതയ്ക്ക് എതിരാണ്. 'തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക' എന്ന തത്വം പ്രബോധനം ചെയ്ത ചര്‍വ്വാകന്മാരുടെ നേതാവായി അറിയപ്പെടുന്ന ബൃഹസ്പതിയുടെതായി മാധവാചാര്യര്‍ തന്റെ സര്‍വദര്‍ശനസംഗ്രഹത്തില്‍ ക്രോഡീകരിച്ച സൂക്തങ്ങളില്‍ പോലും സ്വവര്‍ഗരതിയിലേക്ക് ക്ഷണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പരാമര്‍ശങ്ങളില്ലെന്ന വസ്തുത ശ്രദ്ധേയമാണ്.

ക്രൈസ്തവ ജൂത നിലപാടുകളും സ്വവര്‍ഗ ലൈംഗികതയ്ക്കെതിരാണെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. തോറയില്‍ ഇങ്ങനെ കാണാം: സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു (ലേവ്യ 18:22)

.'ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ' (ലേവ്യ 20:13).

'അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസാന്മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു' (കൊരിന്ത്യര്‍ 6:9-10). 

ഇത്തരം നിരവധി അധ്യാപനങ്ങള്‍ ക്രൈസ്തവതയില്‍ കാണാം. 
സ്വവര്‍ഗരതി കണിശമായി ഇസ്ലാം എതിര്‍ക്കുന്നു. സ്വവര്‍ഗരതി സ്വീകരിച്ച സദൂം നിവാസികള്‍ക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായ ലൂത്ത്(അ) അവിടത്തുകാരുമായി നടത്തിയ സംഭാഷണങ്ങളില്‍നിന്ന് സ്വവര്‍ഗരതിയെ കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം ആര്‍ക്കും വായിച്ചെടുക്കാവുന്നതാണ്:

 'നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ'(ഖുര്‍ആന്‍ 26:165,166).

 'നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു' (ഖുര്‍ആന്‍ 27:55.).

 'സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.'(ഖുര്‍ആന്‍ 7:81.) 

ലൂത്ത് നബിയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗികവൈകൃതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്ലാമിന്റേത് .

മുഹമ്മദ് നബി (സ) ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. സ്വവര്‍ഗരതിയുടെ നികൃഷ്ടത വ്യക്തമാക്കുന്ന നിരവധി ഹദീസുകളുണ്ട്. ഇബ്നു അബ്ബാസില്‍നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗങ്ങളെ കാമനിവൃത്തിക്കുവേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ' (നബി (സ) ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു)( തുര്‍മുദി, ഇബ്നുമാജ). 

സ്വവര്‍ഗരതിക്കെതിരേയുള്ള നിയമങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, അതില്ലാതാക്കുവാനുള്ള ധാര്‍മിക നിര്‍ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട് ഇസ്ലാം. ചെറുപ്പത്തിലുള്ള മനോവ്യതിയാനമാണ് ചിലരെ സ്വവര്‍ഗരതിക്കാരാക്കിത്തീര്‍ക്കുന്നതെന്ന് അത്തരക്കാരുടെ ജീവിതാനുഭവ വിവരണങ്ങളില്‍നിന്ന് വ്യക്തമാവുന്നുണ്ട്. ഇത്തരം വ്യതിയാനങ്ങള്‍ക്കുള്ള നിമിത്തമായിത്തീരുന്നത് പലപ്പോഴും ഇതര ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്ന ശീലമാണ്. 

വെറുതെ ഒരു തമാശക്കുവേണ്ടി മാതാപിതാക്കളാല്‍ തുടക്കം കുറിക്കപ്പെടുന്ന ഈ ദുഃശീലം പലപ്പോഴും മാരകമായ മനോവ്യതിയാനമായിത്തീരാറുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുമ്പോള്‍ സംതൃപ്തിക്ക് അടിമപ്പെടുന്നവരില്‍ പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ്ലാം ശക്തമായി വിലക്കുന്നുണ്ട്. ലൈംഗിക വൈകൃതങ്ങളിലേക്ക് കാലെടുത്തുവയ്ക്കുന്നതിന്റെ പ്രാഥമിക പടി അടച്ചുകളയുകയാണ് ഇസ്ലാം ഇതുവഴി ചെയ്തിരിക്കുന്നത്. ഇബ്നു അബ്ബാസില്‍നിന്ന് നിവേദനം: 'സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരേയും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളേയും നബി(സ) ശപിക്കുകയും അത്തരക്കാരെ വീട്ടില്‍നിന്ന് പുറത്താക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു'(ബുഖാരി).

കൗമാരപ്രായത്തിലുള്ളവര്‍ ഒരുമിച്ചു കിടക്കുന്നതാണ് പലപ്പോഴും സ്വവര്‍ഗാനുരാഗത്തിലേക്കുള്ള വാതിലായിത്തീരുന്നത്. ഒരേ ലിംഗത്തിലുള്ളവരാണെങ്കിലും ഒരുമിച്ചു കിടക്കുന്നത് സൂക്ഷിച്ചാകണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. അബൂഹുറൈറ(റ) നിവേദനം: പ്രവാചകന്‍(സ)പറഞ്ഞു: 'തങ്ങളുടെ നഗ്നത മറക്കാതെ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടപ്പമോ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പമോ കിടക്കരുത്'(അബൂദാവൂദ്).

സ്ത്രീപുരുഷ സംസര്‍ഗത്തിലൂടെയാണ് കുടുംബവും കുട്ടികളുമുണ്ടാവുന്നതെന്നതിനാല്‍ പ്രസ്തുത ബന്ധമാണ് വ്യക്തികളുടെ മാനസികാരോഗ്യത്തിനും സംതൃപ്തമായ കുടുംബാന്തരീക്ഷത്തിനും സമൂഹത്തിന്റെ ധാര്‍മിക നിലനില്‍പിനും അനിവാര്യമെന്ന് മതംപഠിപ്പിക്കുന്നു. ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതം ഇണകളായിത്തീര്‍ന്നവര്‍ തമ്മിലുള്ള ബന്ധമാണെന്ന മതത്തിന്റെ വീക്ഷണമാണ് മാനവികവും ശാസ്ത്രീയവും. മറിച്ചുള്ളതെല്ലാം പ്രകൃതിവിരുദ്ധവും ദൈവികവിരുദ്ധവും ആണ്.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter