ചൂഷണങ്ങളില്ലാതാവാന്‍ വിദ്യാഭ്യാസം തന്നെ പരിഹാരം
ഞാന്‍ മദ്രസ ഒമ്പതാം ക്ലാസ് പൂര്‍ത്തിയാക്കി. സ്‌കൂള്‍ ഏഴാം ക്ലാസും. മുസ്‍ലിം സമുദായത്തിലെ പ്രമുഖരുടെ മക്കൾ പോലും നാല് വരെ മാത്രം പഠിച്ചിരുന്ന കാലത്തായിരുന്നു അത്. ഏഴാം ക്ലാസ്സിനപ്പുറം പെൺകുട്ടികളെ പഠിപ്പിക്കുക എന്നത് പരിഷ്കാരികളും ഇസ്‍ലാമിക വസ്ത്രാധാരണയിൽ നിഷ്കർഷ പുലർത്താത്തവരുമായ കുടുംബങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഒരപൂർവ്വതയായിരുന്നു. പെണ്‍മക്കള്‍ ഉയർന്നുപഠിക്കുന്നത് അച്ചടക്ക രാഹിത്യവും അഭിമാന ക്ഷതമുണ്ടാക്കുന്ന കാര്യവുമായാണ് സമൂഹം നോക്കിക്കണ്ടിരുന്നത്. അക്ഷരമറിഞ്ഞാല്‍ വേലിചാടുമെന്ന ഭീതിയായിരുന്നു. നിർഭാഗ്യവശാൽ ഏതെങ്കിലും കുട്ടി വിവേകമില്ലാതെ എന്തിലെങ്കിലും എടുത്തുചാടിയിരിക്കാം.. അതിന് മൊത്തം സ്ത്രീവര്‍ഗ്ഗം ശിക്ഷഏറ്റുവാങ്ങേണ്ടി വരുന്ന ദുരവസ്ഥയായിരുന്നു! ടെലിഫോണ്‍ സാർവത്രികമല്ലാതിരുന്ന കാലത്ത് തപാല്‍ വഴി ആശയവിനിമയം നടത്താൻ എല്‍.പി വിദ്യഭ്യാസം തന്നെ ധാരാളം എന്നായിരുന്നു സമുദായത്തിനകത്തെ പൊതുബോധം. കത്തെഴുതാൻ കഴിയുക എന്നായിരുന്നു അന്ന് സമുദായം സ്ത്രീക്ക് വേണ്ടി നിശ്ചയിച്ച ഏറ്റവും വലിയ യോഗ്യതയുടെ അളവുകോൽ..
എനിക്ക് സാഹിത്യവും സാഹിത്യകാരന്മാരെയും ഇഷ്ടമായിരുന്നു. പ്രസംഗം കേള്‍ക്കലും വായനയും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ എൻ്റെ കുട്ടിക്കാലത്ത് മുസ്‍ലിം പെൺകുട്ടികൾക്ക് ഭൂഷണമായ കാര്യങ്ങളായിരുന്നില്ല അവയൊന്നും. ഗുരുനാഥനായ സുകുമാര്‍ സാര്‍ (പ്രശസ്ത കവിയും സാഹിത്യകാരനുമായ സുകുമാര്‍ കക്കാട്) ഒരിക്കൽ ക്ലാസില്‍ എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചു. ടീച്ചര്‍ എന്നാണ് ഞാനുത്തരം പറഞ്ഞത്. സാഹചര്യം അനുവദിക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും ആഗ്രഹം അതായിരുന്നു.
പഠനകാലം കഴിഞ്ഞാൽ പിന്നെ മുസ്‍ലിം പെൺകുട്ടിയുടെ ജീവിതത്തിന്റെ ഗതിയും നിയോഗവും നിർണയിച്ചിരുന്നത് അവൾക്ക് വിധിച്ചിട്ടുള്ള വൈവാഹിക ജീവിതം മാത്രമായിരുന്നു. വിശാല ചിന്തയും ദൈവഭക്തിയുമുള്ള ഒരു മതപണ്ഡിതനായിരുന്നു എൻ്റെ സങ്കല്‍പ്പത്തിലെ പങ്കാളി. ആഗ്രഹ സഫലീകരണത്തിന് വേണ്ടി പ്രാർത്ഥനാപൂർവ്വം ധാരാളം ഖുര്‍ആന്‍ ഓതിയിരുന്നു.
ഇസ്‌ലാം സ്ത്രീകള്‍ക്ക് നൽകുന്ന അവകാശങ്ങളെകുറിച്ച് ചോദിച്ചാൽ ഇസ്‍ലാം അവളെ രാജ്ഞിയെപ്പോലെ ആദരിച്ചിരിക്കുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മുസ്‍ലിം സ്ത്രീയുടെ ശാക്തീകരണത്തിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതപങ്കാളിയാണ് ഞാൻ.. അദ്ദേഹത്തിന് അതിനുള്ള ശക്തിയും പ്രേരണയും നൽകുന്നത് മതഗ്രന്ഥങ്ങളും ഇസ്‍ലാമിക ചരിത്രവുമാണെന്ന് മനസ്സിലാക്കുന്നു. മുസ്‍ലിം സ്ത്രീക്ക് ഭൗതിക പഠനത്തിന് മാത്രമല്ല മത പഠനത്തിന് തന്നെയും പര്യാപ്‍തമായ അവസരങ്ങളുണ്ടായിരുന്നില്ല. ഇന്നവൾക്ക് മതവും ഭൗതികവും ഒരുമിച്ച് പഠിക്കാനുള്ള അവസരമാണ് വഫിയ്യ പോലുള്ള സംവിധാനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അറിവിലൂടെ മാത്രമേ സ്ത്രീ ശക്തയാവുകയുള്ളൂ.. അറിവിന് മാത്രമേ മതത്തിനകത്തും പുറത്തുമുള്ള അവളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ കഴിയൂ..
ഇസ്‍ലാം അനുവദിക്കുന്ന അവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കുന്ന മുസ്‍ലിം സ്ത്രീകൾ വിരളമാണ് എന്നതാണ് സത്യം. ലക്ഷ്യബോധത്തോടെയുള്ള മതവിദ്യാഭ്യാസത്തിൻറെ അപര്യാപ്തത, മതബോധത്തിൻ്റെ കുറവ്, സ്വാര്‍ത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സങ്കുചിത ചിന്തകളെ കൂട്ടുപിടിക്കൽ, മാറ്റങ്ങളെ ചെറുത്തുനിൽക്കുംവിധം ആഴത്തിൽ വേരൂന്നിയ പുരുഷ മേധാവിത്വ ചിന്ത തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങളിൽ പെടുന്നു.
നമ്മുടെ നാട്ടിലെ മുസ്‍ലിം സ്ത്രീകളുടെ അവസ്ഥ പണ്ട് ഇന്നത്തേക്കാൾ ശോചനീയമായ അവസ്ഥയിലായിരുന്നു. സമുദായം മതപരമായും ചിന്താപരമായും നാൾക്കുനാൾ മെച്ചപ്പെട്ടുവരുന്നു എന്ന ശുഭ സൂചനയാണത്. ദീനിബോധത്തിന്റെ അഭാവം തന്നെയാണ് മുമ്പത്തെ അവസ്ഥക്ക് പ്രധാന കാരണം. വിവാഹം സാധുവാകാൻ അനിവാര്യമായ മഹര്‍ പോലും നല്‍കാത്തവരുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. വിവാഹ സദസ്സില്‍ വെച്ച് ലോകമാന്യത്തിനുവേണ്ടി പറയപ്പെടുന്ന മഹര്‍ പലപ്പോഴും വധുവിന് മരണം വരെയും നല്കപ്പെട്ടിരുന്നില്ല. മുസ്‍ലിം സ്ത്രീക്ക് മതം നൽകുന്ന അവകാശങ്ങൾ എത്രമാത്രം നിഷേധിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് ഈ ഒറ്റ ഉദാഹരണത്തിലൂടെതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ..
ബാധ്യതകളും അവകാശങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ബാധ്യതകളേക്കാള്‍ അവകാശങ്ങള്‍ കൂടുതലാണെന്ന്തന്നെയാണ് എൻ്റെ അഭിപ്രായം. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആദ്യം വേണ്ടത് മത വിദ്യഭ്യാസവും ദീനീ ബോധവും ആണിനും പെണ്ണിനും ഒരുപോലെ നൽകുക എന്നതാണ്.വയോജന ക്ലാസുകളിലൂടെയും സ്ത്രീസംഗമങ്ങളിലൂടെയുമെല്ലാം പ്രഹസനങ്ങൾക്കും ശബ്ദഘോഷങ്ങൾക്കുമപ്പുറം ആഴത്തിലുള്ള ബോധവത്കരണങ്ങള്‍ നിരന്തരം നടക്കേണ്ടതാണ്. പഴയ തലമുറ പുതിയ തലമുറയെ കുറ്റപ്പെടുത്തുന്നതിന് പകരം അവർ ചെയ്യുന്ന നന്മയുള്ള പുതിയ ഉദ്യമങ്ങളും ശൈലികളും പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യേണ്ടതാണ്. മതത്തിന്റെ ആത്‌മാവ് ഉൾക്കൊണ്ടിട്ടുള്ള മാറ്റങ്ങളെ നെഞ്ചേറ്റേണ്ടതും അതുവഴി നഷ്ടപ്രതാപം വീണ്ടെടുക്കാൻ പരിശ്രമിക്കേണ്ടതും സമുദായത്തിന്റെ കൂട്ടുത്തരവാദിത്വമാണ്.
സൈനബ് അബ്ദുല്‍ ഹക്കീം
(ഹകീം ഫൈസി ആദൃശ്ശേരിയുടെ ഭാര്യ)
Leave A Comment