സ്‌നേഹ സുഗന്ധം പരക്കുന്ന മാസം

പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ഉപമ അതിരുകളില്ലാത്ത ആകാശമാണ്. കാലത്തിന്റെ ഗതിവ്യതിയാനങ്ങളോ ഭാഷ- ദേശാന്തരങ്ങളുടെ അതിര്‍വരമ്പുകളോ അതിനു പരിമിതിയാകുന്നില്ല. സ്‌നേഹം ആഴ്ന്നിറങ്ങിയ ഹൃദയങ്ങളില്‍ നിന്ന് മധുരവും മനോഹരവുമായ ശൈലിയില്‍ അത് ഒഴുകിക്കൊണ്ടിരിക്കുന്നു, അണമുറിയാത്ത പ്രവാഹം പോലെ. 

റബീഅ് പ്രവാചക പ്രകീര്‍ത്തനങ്ങളുടെ മാസമാണ്. കാലത്തിന്റെ വസന്ത മുഹൂര്‍ത്തം. പ്രവാചക സ്മരണകള്‍ ഇവിടെ കവിതയായും ഇശ്ഖായും പുനര്‍ജ്ജനിക്കുന്നു.

ആശയ സമ്പുഷ്ടി കൊണ്ടും ശൈലീമികവ് കൊണ്ടും ശ്രദ്ധേയമാണ് റസൂലിനെ സംബന്ധിച്ച മദ്ഹ് ഗീതങ്ങള്‍. തിരുനബിയുടെ ജീവിതകാലം തൊട്ട് ഇന്നേവരെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പ്രവാചക ഗീതങ്ങള്‍ വിരചിതമായി. അനേകം ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനം പ്രത്യേക സാഹിത്യ ശാഖയായിത്തന്നെ വളര്‍ന്നു. 

ബാനത് സുആദ്, ശര്‍റഫല്‍ അനാം, മുളരിയ, അല്ലഫല്‍ അലിഫ്, ബുര്‍ദ... പ്രകീര്‍ത്തന കാവ്യങ്ങളുടെ ലോകത്ത് അതുല്യ സ്ഥാനമുള്ള മദ്ഹുന്നബി ഗീതങ്ങളുടെ നിര നീണ്ടുകിടക്കുന്നു. 

'അങ്ങ് സൂര്യനാണ്; ചന്ദ്രനാണ്; പ്രകാശത്തിനു മേല്‍ പ്രകാശമാണ്; അമൂല്യവും അഞ്ജനവുമാണ് അങ്ങ്; ഹൃദയങ്ങളുടെ വിളക്കും അങ്ങുതന്നെ.' ശര്‍റഫല്‍ അനാമിലെ ഓരോ വരിയിലും നിറഞ്ഞൊഴുകുന്ന പ്രവാചക സ്‌നേഹം കാണാനാവും. 'അങ്ങ് ഉപ്പയോ ഉമ്മയോ? അങ്ങയുടേത് പോലുള്ള നന്മ അവരില്‍ പോലും ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല' എന്നത് മന്‍ഖൂസ്വ് മൗലിദിലെ വരികള്‍. വാക്കുകള്‍ക്കതീതമായ റസൂലിന്റെ നന്മക്കു മുന്നില്‍ സ്തബ്ധനായി നില്‍ക്കുന്നുണ്ട് ബുര്‍ദയില്‍ ഇമാം ബൂസ്വീരി. പ്രൗഢവും ഗംഭീരവുമായ സ്‌നേഹാവിഷ്‌കാരമാണ് ഓരോ മദ്ഹുന്നബി കാവ്യവും. 

മദ്ഹ് ഗീതങ്ങള്‍ എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ ജീവിതരീതി കൂടി മദ്ഹുന്നബിയുടെ അരികുകളില്‍ വായിച്ചെടുക്കാനാവും. പ്രാരബ്ധങ്ങളില്‍ നിന്ന് രക്ഷ തേടിയാണ് ഇമാം ബൂസ്വീരി പ്രവാചക സ്‌നേഹ സാഗരത്തിന്റെ കരക്കെത്തുന്നതും സുപ്രസിദ്ധമായ ബുര്‍ഉദ്ദാഅ് രചിക്കുന്നതും. പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന അപേക്ഷയുമായി ആളുകള്‍ സമീപിച്ചപ്പോഴാണ് സൈനുദ്ദീന്‍ മഖ്ദൂം മന്‍ഖൂസ്വ് മൗലിദ് രചിക്കുന്നത്.

മുനിഞ്ഞു കത്തുന്ന വിളക്കിനു ചുറ്റും വട്ടമിട്ടിരുന്ന് ശര്‍റഫല്‍ അനാമും മന്‍ഖൂസ്വ് മൗലിദും ഈണത്തില്‍ പാരായണം ചെയ്യുന്നത് മലയാളി മുസ്‌ലിമിന്റെ മധുരമുള്ള സ്മരണകളാണ്. മരണാനന്തര ചടങ്ങുകള്‍, ആണ്ടുകള്‍, ദിക്‌റ്- ദുആ സദസ്സുകള്‍, നേര്‍ച്ചകള്‍ തുടങ്ങി മലയാളി മുസ്‌ലിമിന്റെ സാമുദായിക ജീവിതവും ബന്ധവും സജീവമാക്കി നിര്‍ത്തുന്ന പുണ്യകര്‍മങ്ങളുടെ നാള്‍വഴിയാണ് മൗലിദുകളുടെ ചരിത്രവും വര്‍ത്തമാനവും.

അനുഗ്രഹത്തിന്റെ തിരുവോര്‍മകള്‍ സജീവമാകുന്ന വേളയില്‍ സ്‌നേഹത്തിന്റെ അതുല്യ പ്രകാശനങ്ങളായ മദ്ഹുന്നബി കാവ്യങ്ങളിലൂടെ ഒരാവൃത്തി കൂടി നടന്നുതീര്‍ക്കുന്നത് ഉചിതമാവും; പുണ്യകരവും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter