പരീക്ഷകളെന്നല്ല, വിദ്യാഭ്യാസം പോലും, മാര്‍ഗ്ഗം മാത്രമാണ്, ലക്ഷ്യമല്ല
ഇത് മാര്‍ച്ച്. പൊതുവെ പരീക്ഷകളുടെ കാലം. പരീക്ഷ എന്നത് പലപ്പോഴും ആശങ്കകളുടെ കാലമാണ്. കുട്ടികളിലും രക്ഷിതാക്കളിലും സമ്മര്‍ദ്ദമേറുന്ന സമയമാണ് ഇത്. സ്കൂളിന്റെ പടി കാണാത്ത രക്ഷിതാക്കള്‍ക്ക് പോലും, തങ്ങളുടെ മക്കള്‍ക്ക് ഫസ്റ്റ് റാങ്കും മുഴുവന്‍ എ പ്ലസും കിട്ടണമെന്ന നിര്‍ബന്ധമാണ്. വിദ്യാഭ്യാസബോധം സമൂഹത്തില്‍ അത്രമേല്‍ വര്‍ദ്ധിച്ചുവെന്നത് ചെറിയ കാര്യമല്ല. നല്ല മാര്‍കോടെ വിജയം നേടാന്‍ ഇത് പലപ്പോഴും സഹായകമാവുന്നു എന്നതും പറയേണ്ടത് തന്നെ.
അതേ സമയം, അമിതമായ പ്രാധാന്യം നല്‍കി, കുട്ടികളില്‍ അതിസമ്മര്‍ദ്ദമുണ്ടാക്കി പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതും ചിലപ്പോഴെങ്കിലും നാം കേള്‍ക്കാറുണ്ട്. പരീക്ഷയെന്നത് എടുത്ത ഭാഗങ്ങള്‍ എത്രമാത്രം പഠിച്ചു എന്ന് അറിയാനുള്ള ഒരു മാര്‍ഗ്ഗമാണ്. ഒന്ന് കൂടി കയറി ചിന്തിച്ചാല്‍, വിദ്യാഭ്യാസം എന്നത് പോലും മാര്‍ഗ്ഗം മാത്രമാണ്, പരമമായ ലക്ഷ്യം സമൂഹസേവനമായിരിക്കണം. അതേസമയം, പരീക്ഷ കുട്ടികളുടെ താല്‍പര്യം തിരിച്ചറിയാനുള്ള വഴി കൂടിയാണ്. ഇംഗ്ലീഷിലും സാമൂഹ്യപാഠങ്ങളിലും വളരെ കുറഞ്ഞ മാര്‍ക് നേടുന്ന കുട്ടി, കണക്കിലും സയന്‍സിലും ഉയര്‍ന്ന മാര്‍ക് നേടുന്നത് പലപ്പോഴും നാം കാണാറുണ്ട്. ഓരോ മനുഷ്യജന്മത്തിന് പിന്നിലും ഓരോ ലക്ഷ്യമുണ്ടെന്ന് ഹദീസുകളില്‍ തന്നെ കാണാം, ആ ലക്ഷ്യപൂര്‍ത്തീകരണത്തിനാവശ്യമായ കഴിവുകളോടെയാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. അത് കൊണ്ട് തന്നെ, എല്ലാ വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക് ലഭിക്കണമെന്നും എല്ലാത്തിലും ഒരുപോലെ താല്‍പര്യമുണ്ടാവണമെന്നും വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല.
അതോടൊപ്പം ഓരോരുത്തരുടെയും ബുദ്ധിശേഷിയും വ്യത്യസ്തമാണ്. എല്ലാവരും തുല്യകഴിവും ബുദ്ധിയുമുള്ളവരായിരുന്നുവെങ്കില്‍, ഭൂമിയിലെ ജീവിതം തന്നെ ദുഷ്കരമായി മാറുമായിരുന്നുവെന്നതല്ലേ സത്യം. എല്ലാ മേഖലകളിലേക്കും ആവശ്യമായവരുണ്ടാവുമ്പോള്‍ മാത്രമേ, മനുഷ്യജീവിതം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകൂ. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും സിവില്‍ സര്‍വ്വീസുകാരും മാത്രമുണ്ടായത് കൊണ്ട് ജീവിതം മുന്നോട്ട് പോവില്ല. രാവിലെ വയലിലെത്തി കൃഷി ചെയ്യുന്ന കര്‍ഷകരും അവരെ സഹായിക്കുന്ന തൊഴിലാളികളുമില്ലായിരുന്നെങ്കില്‍, എല്ലാവരും പട്ടിണി മൂലം മരിച്ചുപോവുമായിരുന്നുവല്ലോ.
ആയതിനാല്‍ കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടെത്തി അതാത് മേഖലകളിലേക്ക് തിരിച്ചുവിടാനുള്ള മാര്‍ഗ്ഗമായി നമുക്ക് പരീക്ഷകളെ നോക്കിക്കാണാം. കൂടെ, ഓരോ വിഷയങ്ങളും കഴിവിന്റെ പരമാവധി പഠിക്കാനും മനസ്സിലാക്കാനുമുള്ള ആരോഗ്യപരവും സൌഹൃദപൂര്‍ണ്ണവുമായ അന്തരീക്ഷം നമുക്കൊരുക്കാം, കഴിയും വിധം നമുക്കവരെ സപ്പോര്‍ട്ട് ചെയ്യാം. ശ്രമം മാത്രമാണല്ലോ നമ്മുടെ കൈയ്യിലുള്ളത്, ബാക്കിയെല്ലാം നാഥനിലേല്‍പിക്കാം.
#onweb campaign - പരീക്ഷകളുടെ മാര്‍ച്ച്
Leave A Comment