ഇല്യുമിനാറ്റിയും ലോക സ്വാധീനവും

എ.സി 1700 കളില്‍ യൂറോപ്പില്‍ ക്രിസ്ത്യന്‍ സഭ തങ്ങളുടെ പൗരോഹിത്യവും അന്തവിശ്വാസങ്ങളും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും നവോത്ഥാന ചലനങ്ങളേയും  ശാസ്ത്രീയ കണ്ടുപിടുത്തങ്ങളേയും അടിച്ചമര്‍ത്തുകയും സമൂഹത്തില്‍ ഉയര്‍ന്ന് ചിന്തിക്കുന്നവരേയും ശാസ്ത്രജ്ഞന്മാരേയും ജീവിക്കാനനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന സാഹചര്യമുണ്ടായിരുന്നു. ആ കാലത്ത് അഥവാ 1776 മെയ് 1 ന് അപ്പര്‍ ബവൈറിയ എന്ന സ്ഥലത്ത് ആഡം വെയ്ഷാപ്റ്റ് എന്നായളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അന്നത്തെ ചര്‍ച്ചും പോപ്പുും അധികാരി വര്‍ഗവും വച്ച് പുലര്‍ത്തിയിരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായി ശബ്ദിക്കാന്‍ വേണ്ടി താരമ്യേന ചെറിയ ഒരു മുന്നേറ്റത്തിന്  തുടക്കമിട്ടു. ആ ടീമിന് ആഡം വെയ്ഷാപ്റ്റ് തന്നെ നിര്‍ദ്ദേശിച്ച പേരായിരുന്നു ഇല്ലുുമിനാറ്റി. സമൂഹത്തിലെ വിദ്യാ സമ്പന്നരായ ചെറുപ്പക്കാരായിരുന്ന ഇവര്‍ മുന്നോട്ട് വച്ച ആശയപരമായ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കിയ പേര് Order of Illuminati എന്നായിരുന്നു. ചോരത്തിളപ്പുള്ള ചെരുപ്പക്കാരുടെ പ്രതിഷേധ വേദിയായിരുന്നതിനാല്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന തീവ്രത അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും അത് തീവ്രവാദ, പൈശാചിക ലെവലിലേക്ക് ഉയര്‍ന്നതായി പറയപ്പെടുന്നില്ല. ക്രൈസ്തവ സഭയുടേയും വിശ്വാസികളുടേയും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്ന ആ സംഘടനയെ ബവൈറിയന്‍ ഭരണാധികാരിയായിരുന്ന ചാള്‍സ് തിയോഡര്‍ നിരോധിക്കുകയും പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തു. കുറച്ചു കാലം രഹസ്യമായി പ്രവര്‍ത്തനം തുടര്‍ന്ന ആ സംഘടന താമസിയാതെ നാമാവശേഷമായി. പിന്നീട് ആ സംഘടനയെക്കുറച്ച് രണ്ട് നൂറ്റാണ്ടോളം ആര്‍ക്കും വലിയ ധാരണയൊന്നും ഉണ്ടായതായി അറിയില്ല.

1960 കളില്‍ ഇംഗ്ലീഷ് മാഗസിനായ 'പ്ലേബോയ്'യുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന റോബര്‍ട്ട് ആന്ടന്‍ വില്‍സണും തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും നോവലിസ്റ്റുമായിരുന്ന റോബര്‍ട്ട് ജോസഫ് ഷേയയും ചേര്‍ന്ന് നിഗൂഢമായ ചില വിഷയങ്ങളെ ആസ്പദമാക്കി കാല്‍പനികമായി ചില കാര്യങ്ങള്‍ എഴുതിയുണ്ടാക്കി തങ്ങളുടെ പേര് വെളിപ്പെടുത്താതെ പ്ലേബോയ് മാസികയില്‍ പ്രസിദ്ധീകരിച്ചു. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നാമാവശേഷമായ ഇല്ലുുമിനാറ്റിയെ കേന്ദ്ര കഥാപാത്രമാക്കിയും സമീപ കാലത്ത് നടന്ന പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ പിതൃത്വം ആ പരേതാത്മാവിന് ചാര്‍ത്തിക്കൊടുത്തും അവരുടെ എഴുത്ത് പൊടിപൊടിച്ചു. അതിലെ ശ്രദ്ധേയമായ ഒരു പൊടിക്കൈയായിരുന്നു അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിന് പിന്നില്‍ ഇല്ലുമിനാറ്റിയെന്ന ഇനിയും നശിക്കാത്ത, പൂര്‍വ്വാധികം ശക്തിയോടെയും പൈശാചിക സേവയോടെയും പ്രവര്‍ത്തിക്കുന്ന രഹസ്യ ഭീകര സംഘടനയായിരുന്നുവെന്ന പരാമര്‍ശം.. സത്യവും മിഥ്യയും കൂട്ടിക്കലര്‍ത്തി തങ്ങള്‍ നടത്തുന്ന ഈ എഴുത്ത് പരീക്ഷണത്തെ വില്‍സണ്‍ വിശേഷിപ്പിച്ചത് ഗറില്ല ഓന്‍തോളജി  ('guerrilla ontology') എന്നും ഓപ്പറേഷന്‍ മൈന്‍ഡ്ഫക്ക്  ('Operation Mindfuck') എന്നുമായിരുന്നു. ഈ പരീക്ഷണം കലാകാരന്മാര്‍ എന്ന രീതിയില്‍ തങ്ങള്‍ക്ക് വലിയ ജനപ്രീതി നേടിത്തരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും പിന്നീട് ഈ എഴുത്തുകളെയെല്ലാം ഉള്‍പ്പെടുത്തി 'ദി ഇല്ലുുമാനാറ്റസ് ട്രിലോഗി' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു.. ഈ പുസ്തകം വലിയ അളവില്‍ ജനശ്രദ്ധയാകര്‍ഷിക്കുയും അതിലെ കാല്‍പനിക പരാമര്‍ശങ്ങള്‍ വിദ്യാ സമ്പന്നര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകുകയും ഈ വിഷയത്തില്‍ അഭികാമ്യമല്ലാത്ത പല അഭ്യൂഹങ്ങളും പരക്കുകയും ചെയ്തു. ക്രമേണ ഇല്ലുുമിനാറ്റി എന്ന ഭീകര-പൈശാചിക- രഹസ്യ സംഘടന യഥാര്‍ത്ഥത്തില്‍ അധോലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരാണ് ലോകത്തെ ഏത് രാജ്യത്തും ആര് ഭരിക്കണമെന്നും ജനങ്ങള്‍ എന്ത് കഴിക്കണമെന്നും തീരുമാനിക്കുന്നതെന്നും ലോകമാകെ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് അവരാണ് നിയന്ത്രിക്കുന്നതെന്നും അതിനാല്‍ ഇന്റര്‍നെറ്റുുപയോഗിക്കുന്ന എല്ലാവരെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും അവരുടെ കൈകളിലുണ്ടെന്നും പിശാചിന്റെ അക്കമെന്ന പേരില്‍ അറിയപ്പെടുന്ന 666 എന്നത് ഇല്ലുമിനാറ്റികള്‍ ഉപയോഗിക്കുന്നതാണെന്നും (Apple, Google, Vodafone, Cococola, world Bank, Toyota).......  മുതല്‍ ഇങ്ങ് കേരളത്തിലെ... (V-guard, Kalyan jewelers) തുടങ്ങിയവയുടെ വരേ ലോഗോ മാറ്റിയത് അവ അറിഞ്ഞോ അറിയാതെയോ ഇല്ലുുമിനാറ്റികളുടെ സ്വാധീന വലയത്തിലകപ്പെട്ടത് കൊണ്ടാണെന്നും വരേ ആളുകള്‍ വിശ്വസിക്കുന്ന സാഹചര്യമുണ്ടായി.  വില്‍സണും ഷേയക്കും ശേഷം പല പ്രമുഖരും ഈ കാല്‍പനികതക്ക് നിറം കൊടുത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഡാവിഞ്ചി കോഡ്  ( The Da Vinci Code)  തുടങ്ങിയ ബെസ്റ്റ് സെല്ലിങ് നോവലുകളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച (Dan Brown)ഡാന്‍ ബ്രൗണ്‍  തന്റെ ഏഞ്ചല്‍സ് ആന്‍ഡ് ഡെമോസ്ന്‍ (Angels and Demosn) എന്ന പുസ്തകത്തില്‍ (illuminati) ഇല്യുമിനാറ്റികളെക്കുറിച്ച് നടത്തിയ പരാമര്‍ശം ഒരു ഉദാഹരണം മാത്രം.

എന്നാല്‍ ഇല്ലുമിനാറ്റി എന്നത് കേവലം ഒരു മിത്താണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. മിത്തുകളുടെ ചുരുളഴിക്കുകന്നതില്‍ പരിണ പ്രജ്ഞനായി അറിയപ്പെടുന്ന ഡേവിഡ് ബ്രാംവെല്‍ (David Bramwell) നെപ്പോലുള്ളവര്‍  ഊഹാപോഹത്തിന്റെ അടിവേരന്വേഷിച്ചപ്പോഴാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് റോബര്‍ട്ട് ആന്ടന്‍ വില്‍സണിന്റേയും റോബര്‍ട്ട് ജോസഫ് ഷേയയുടേയും പ്രതി സംസ്‌കാര പ്രചരണ ബുദ്ധിയാണെന്നും അവര്‍ ഊതി വീര്‍പ്പിക്കുകയും മറ്റു പലരും തട്ടിക്കളിക്കുകയും ചെയ്ത കേവലം ഒരു ബലൂണാണ് അതെന്നും  തിരിച്ചറിഞ്ഞത്.

ഇതു പോലെ ഒരു ഇല്ലുമിനാറ്റിക്കഥ ഇന്ത്യന്‍ ചരിത്രത്തിലും പറയപ്പെടുന്നുണ്ട്. പണ്ട് കലിംഗ യുദ്ധത്തില്‍ ജയിച്ച അശോകന്‍ അവിടെ പിടഞ്ഞു വീണു മരിച്ച അനേകായിരങ്ങളുടെ ശവശരീരങ്ങള്‍ കണ്ട് മാനസാന്തരപ്പെട്ട് ബുദ്ധമത വിശ്വാസിയായതിന് ശേഷം മനുഷ്യ ബുദ്ധിയും അറിവും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്നതിന് പകരം അവയെങ്ങനെ നിര്‍മ്മാണാത്മകമായി ഉപയോഗിക്കാം എന്ന് ചിന്തിക്കുകയും തുടര്‍ന്ന് അന്നത്തെ ശാസ്ത്രീയ അറിവുകളുടെ ജനക്ഷേമകരമായ പ്രായോഗികതക്കും പിന്‍തലമുറകള്‍ക്ക് ഭാവിയില്‍ ഉപകരിക്കുന്ന പുതിയ അറിവുകള്‍ കണ്ടുപിടിക്കാനും വേണ്ടി ലോകത്തിന്റെ ഗതിവിഗതികള്‍ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒമ്പത് വിഷയങ്ങളെ പ്രതിനിധീകരിച്ച് ഒമ്പത് അജ്ഞാതരായ മനുഷ്യരെ നിയോഗിച്ചിരുന്നുവത്രേ. അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയും വിഷയങ്ങള്‍ അവലോകനം ചെയ്യാനും ഗവേഷണത്തിനും വേണ്ടി ഒമ്പത് അമൂല്യ പുസ്തകങ്ങളും മനുഷ്യ മനസ്സുകളെ സ്വാധീനക്കാനും ലോകത്തെ കീഴടക്കാനുമുള്ള ആശയ- മനോ ബലവും ഉണ്ടായിരുന്ന അവര്‍ തലമുറകളായി അധികാരം കൈമാറിവരുന്നുവെന്നാണ് വാദം.

പക്ഷേ പുരാധന-മധ്യകാല ഇന്ത്യന്‍ ചരിത്രത്തിലോ തുടര്‍ന്ന് ഇന്നു വരേയുള്ള ആധുക ചരിത്രത്തിലോ അങ്ങനെ ഒരു ഒമ്പതംഗ സംഘത്തെക്കുറിച്ചോ അവരുടെ തലമുറകളായുള്ള അധികാരക്കൈമാറ്റത്തെക്കുറിച്ചോ പ്രാമാണികമായ ചരിത്ര വിശദീകരണങ്ങള്‍ പറയപ്പെടുന്നില്ല. എന്നാല്‍ 1923ല്‍ ടാല്‍ബോട് മുണ്ടി എന്ന (ബ്രിട്ടീഷ് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ച) ആംഗ്ലോ അമേരിക്കന്‍ കാഥാകാരന്‍ അഡ്വഞ്ചര്‍ മാസികയില്‍ ദ നയന്‍ അണ്‍നോണ്‍ മെന്‍ എന്ന പേരില്‍ ഒരു തുടര്‍ക്കഥയെഴുതിയതോടെ ഈ തീം സഹൃദയ ലോകത്ത് ചെറിയ തോതില്‍ ചര്‍ച്ചാ വിഷയമായി. 19ാം നൂറ്റാണ്ടില്‍  ഫ്രഞ്ച് കൊളോണിയല്‍ ഭരണാധികാരിയും എഴുത്തുകാരനുമായ ലൂയിസ് ജാക്വളിറ്റ്  ഇങ്ങനെയൊരു ഒമ്പത് അജ്ഞാതരെക്കുറിച്ച് ശക്തമായി എഴുതിയിരുന്നെങ്കിലും ടാല്‍ബോട്ടിന്റെ കഥാ പരമ്പരയാണ് ആ ആശയത്തിന് ശ്രദ്ധനേടിക്കൊടുത്തത്. പിന്നീട് 1960 ല്‍ പ്രസിദ്ധീകൃതമായ ദ മോണിങ് ഓഫ് മെജീഷ്യന്‍സ് എന്ന പുസ്തകത്തില്‍ അതിന്റെ രചയിതാക്കളായ ലൂയസ് പവ്വല്‍സും ജാക്വിസ് ബെഗിയറും ഇത് കഥയല്ലെന്നും അശോക ചക്രവര്‍ത്തിയുടെ കാലത്ത് നടന്ന സംഭവമാണെന്നും ഈ ഒമ്പതു പേരുടേയും തലമുറ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും പോപ്പ് സില്‍വെസ്റ്റര്‍ അവരെ കണ്ടിരുന്നുവെന്നുമൊക്കെ സമര്‍ത്ഥിക്കാന്‍ നോക്കിയിട്ടുണ്ട്.  പക്ഷേ അവരുടെ നോവലുകള്‍ ജനങ്ങള്‍ നോവലായിക്കണ്ടത് കൊണ്ടും ലോകത്ത് അന്ന് അത് കാല്‍പനികതക്കപ്പുറം ചര്‍ച്ചവിഷയമാകാത്തത് കൊണ്ടും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടുവെന്ന് പറയാം. ഇല്ലെങ്കില്‍ ഇന്ത്യയില്‍ കഴിഞ്ഞു പോയ എല്ലാ ഭരണ മാറ്റങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഈ അജ്ഞാതരായ ഒമ്പതംഗ സംഘത്തിന്റെ കരങ്ങളും ബുദ്ധി ശക്തിയുമായിരുന്ന പ്രചാരണം ശക്തി പ്രാപിക്കുകയും പൊതു ജനം ആശങ്കാകുലരാകുകയും ചെയ്‌തേനേ.

ഒരു കാര്യം നമുക്കറിയാം. ഇന്ന് ലോകത്തെ സ്വാധീന ശക്തികള്‍ സമ്പന്നരാണ്. സമ്പന്നര്‍ എന്നത്  ഇന്ന് ബില്യണേഴ്‌സ് എന്നതിന്റെ പര്യായമാണല്ലോ. 2019 ലെ കണക്കനുസിച്ച് അവരുടെ എണ്ണം ലോകത്ത് 66 രാഷ്ട്രങ്ങളിലായി കേവലം 2048 ല്‍ കുറവാണ്. 600 ഓളം പേര്‍ അമേരിക്കയിലും 500 ഓളം പേര്‍ ചൈനയിലും 131 പേര്‍ ഇന്ത്യയിലും 114 പേര്‍ ജര്‍മ്മനിയിലുമാണ്. ഇവരില്‍ അതി സമ്പന്നരായ 26 പേരുടെ മാത്രം മൊത്തം ആസ്തി 1.4 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇത് ലോകത്തെ 3.8 ബില്ല്യണ്‍ ജനങ്ങളുടെ മൊത്തം ആസ്ഥിക്ക് തുല്യമാണ്. ഈ രീതിയില്‍ സമ്പത്ത് വിരലിലെണ്ണാവുന്നവരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടത് കൊണ്ട് അവര്‍ വിചാരിച്ചാല്‍ സമ്പത്ത് കൊണ്ട് ലോകത്ത് എന്തും നടത്താവുന്ന സാഹചര്യമാണ് ഇന്നുള്ളത്. അവര്‍ക്ക് ഏത് രാജ്യത്തും മാതൃ രാജ്യം പോലെയോ അതിലുപരിയായോ സൈ്വരവിഹാരം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ സംബന്ധിച്ച് ലോകമെന്നത് കുറേ രാജ്യങ്ങളല്ല, ഇന്റര്‍നെറ്റ് പോലെ എപ്പോഴും കൈപ്പിടിയിലൊതുങ്ങുന്ന ഒരു ചെറിയ സ്ഥലം പോലെ ഉപയോഗിക്കാവുന്ന ഒരു ഇട്ടാവട്ടമാണ്. അവര്‍ക്ക് സെന്‍ട്രല്‍ ബാങ്കുകള്‍ അംഗീകരിച്ച കറന്‍സിയും ക്രിപ്‌റ്റോ കറന്‍സിയും ഒരു പോലെയാണ്. പ്രാദേശിക, രാഷ്ട്രീയ, അന്താരാഷ്ട്രീയ നിയമങ്ങള്‍ക്ക് അവര്‍ അതീതരാണ്. ഏത് ദേശത്തേയും രാഷ്ട്രീയ പാര്‍ട്ടകളേയും ജനങ്ങളേയും പ്രകൃതി സമ്പത്തും തങ്ങളുടെ പണമെന്ന ആയുധം കൊണ്ട് നിഷ്പ്രയാസം ബഹുരാഷ്ട്ര ഭീമന്മാര്‍ കീഴടക്കുന്നത് ഇന്ന് ചര്‍ച്ചയല്ലാതായിരിക്കുകയാണല്ലോ. എന്നാല്‍ ഇവരെയെല്ലാം, എന്തിനേറെ അമേരിക്കന്‍ പ്രസിഡന്റിനേയും ബ്രിട്ടീഷ് രാജ്ഞിയേയും വരേ, ഒന്നുകില്‍ അവര്‍ അല്ലെങ്കില്‍ അവരെ നിയന്ത്രിക്കുന്നവര്‍ ഏക ലോക സങ്കല്‍പമുള്ള പൈശാചിക സ്വഭാവമുള്ള ഇല്ലുുമിനാറ്റികളാണെന്ന് പ്രചരിപ്പിക്കുന്നിടത്ത് വരേ ഈ ഇല്ലുമിനാറ്റ് സംവിധായകരുടെ അജണ്ടകള്‍ വിജയിച്ചു കഴിഞ്ഞു. ലോകത്തെ എണ്ണപ്പെട്ട പണച്ചാക്കുകളുടേയും ദൈനം ദിനം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന അവരുടെ കച്ചവടങ്ങളുടേയും താല്‍പര്യത്തിന് വേണ്ടി ലോകത്താകെയുള്ള ജനങ്ങളും ലോക രാഷ്ട്രങ്ങളിലെ സമ്പത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇല്ലുമിനാറ്റിയെന്ന ആശയത്തോടും അവരുടെ ഭാവങ്ങള്‍ക്ക് അതിലെ കഥാപാത്രങ്ങളോടും ഏറെ സാമ്യമുണ്ടായതാകാം ഒരു പരിധി വരേ പലരും (ഇല്ലുുമിനാറ്റിയാണ് ലോകം നിയന്ത്രിക്കുന്നത് എന്ന്) തെറ്റിദ്ധിരക്കാന്‍ കാരണം.

ചുരുക്കത്തില്‍ ഇല്ലുുമിനാറ്റികള്‍ എന്ന രഹസ്യ- പൈശാചിക- സര്‍വ്വ ശക്ത- ചൂഷണ- വശീകരണ- നശീകരണ- അജ്ഞാത- ബുദ്ധി സംഘം എന്നത് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത് പോലെയുള്ള ഒരു പ്രത്യേക സംഘടനയോ വ്യക്തികളോ ദജ്ജാലോ യഅജൂജ് മഅ്ജൂജോ ഭൂമിയിലെ പൈശാചിക സാന്നിദ്ധ്യമോ ഒന്നുമല്ല. റോബര്‍ട്ട് ആന്ടന്‍ വില്‍സണ്‍ തന്റെ കാഴ്ചപ്പാടായ counter culture പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ  തന്നെ ചില പുതിയ ചിന്തകള്‍ക്ക് ചിറക് മുളപ്പിക്കുവാനും അത് ജനങ്ങളില്‍ സ്വാധീനം ചെലുത്തുവാനും വേണ്ടി പൊടി തട്ടിയെടുത്ത കാലാവധി തീര്‍ന്ന ഒരു നാണയമാണത്. എന്നാല്‍ ആ ആശയം ജനങ്ങള്‍ക്കിടയില്‍ തരംഗമായപ്പോള്‍ ലോകത്തെ പല ദുഷ്ട ശക്തികള്‍ക്കും അവരുടെ അജണ്ടകള്‍ നടപ്പാക്കാനുള്ള പ്രോചോദകമായും, പൊതുവെ ബഹുരാഷ്ട കുത്തകകളുടെ ഇരകളായ സാമാന്യ ജനങ്ങള്‍ക്ക് അവര്‍ കേള്‍ക്കുന്ന ഇത്തരം കെട്ടു കഥകളെ അവര്‍ ദൈനം ദിനം കാണുന്ന ചൂഷകരുമായി ചേര്‍ത്തവായിക്കാന്‍ പ്രയാസമില്ലാത്തതിനാല്‍  വെറുതെയെങ്കിലും അവരെ ആശങ്കപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനുമുള്ള നിമിത്തമായും ആ ആശയം മാറി എന്നു മാത്രം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter