ശൈഖ് അലിയ്യുൽ കൂഫി(റ): കേരളക്കരയിലെ ഇസ്‍ലാമിക വാഹകൻ
ഇസ്‍ലാമിക വെളിച്ചം കേരളക്കരയിലെത്താൻ മാലിക് ദീനറിനെ പോലെ തന്നെ പങ്കാളിയായ സൂഫി വര്യനാണ് ശൈഖ് അലിയ്യുൽ കൂഫി. ഇസ്‍ലാമിക നാഗരികതയുടെ സുവർണ്ണ ദശയായി അടയാളപ്പെടുത്തപ്പെട്ട അബ്ബാസിയ്യ കാലഘട്ടത്തിൽ ഖലീഫ മഅ്മൂനിന്റെ ഭരണ കാലത്താണ് ഇറാഖിലെ കൂഫയിൽ നിന്ന് അദ്ദേഹം കേരളത്തിലെത്തുന്നത്. സ്വർഗംകൊണ്ട് സുവാർത്തയറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി സഅ്‌ദുബ്നു അബീ വഖാസ്(റ) വിന്റെ നേതൃത്വത്തിൽ ഇസ്‍ലാമിന്റെ അധീനതയിൽ വന്ന പ്രദേശമാണ് കൂഫ. പിൽക്കാല ഇസ്‍ലാമിക ചരിത്രത്തിലും വളരെ പ്രാധാന്യമേറിയ നിരവധി സംഭവ വികാസങ്ങൾക്ക് അരങ്ങായ ഈ മണ്ണിൽ നിന്നും മലബാറിലേക്ക് ഇസ്‍ലാമിക പ്രബോധനം ലക്ഷ്യം വെച്ച് ഏകദേശം ഹിജ്റ 208 നാണ് അലിയ്യുല്‍കൂഫി(റ) ഇവിടെ എത്തിപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു.
കേരള ചരിത്രം രചിച്ച ആദ്യകാല ചരിത്രകാരന്മാർ അലിയ്യുൽ കൂഫി തങ്ങളുടെ വരവിനെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: അവസാനത്തെ പെരുമാളായി പരിഗണിക്കപ്പെടുന്ന രാജാവിന്റെ കാലത്താണ് മഹാനവർകളുടെ ആഗമനമുണ്ടായത്. എ.ഡി. 824 ലായിരുന്നു ഇത്.
എ.ഡി. 813 ൽ അധികാരമേറ്റെടുത്ത ഖലീഫ മഅ്മൂനിന്റെ ഭരണ കാലം ലോക നാഗരികതകളുമായുള്ള ഇസ്‍ലാമിക സമൂഹത്തിന്റെ സാംസ്കാരിക സമ്പർക്കങ്ങളുടെ സുവർണ ദശയായിരുന്നു. ഇസ്‍ലാമിക സാമ്രാജ്യത്തിന്റെ വിപുലനത്തേക്കാൾ കൂടുതൽ അഭ്യന്തരമായ കെട്ടുറപ്പും സുസ്ഥിരതയും അനിവാര്യമായ പ്രത്യേകമായ സന്ദർഭം കൂടിയായിരുന്നു അത്. ശീഅകളുടെയും മവാലികളുടെയും പിന്തുണയോടെ അമവികളെ സ്ഥാനഭ്രഷ്ടരാക്കി അബ്ബാസികൾ അധികാരം പിടിച്ചെടുത്തെങ്കിലും പിൽക്കാലത്ത് ശീഅകളും ഇസ്‍ലാമിക സാമ്രാജ്യത്തിലെ വിവിധ ദേശക്കാരിൽ ചിലരും അബ്ബാസി ഭരണകൂടത്തിനെതിരെ കലാപങ്ങൾ നയിച്ച സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം കലാപങ്ങളെയും അഭ്യന്തര ശൈഥില്യങ്ങളെയും ഖലീഫ മഅ്മൂനിനും നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ പരിത്യാഗികളായ പലരും ഇക്കാലത്ത് തങ്ങളുടെ പ്രദേശങ്ങൾ വിട്ട് ഇസ്‍ലാമിക പ്രബോധനവും സാത്വിക ജീവിതവും ലക്ഷ്യം വെച്ച് പലായനം ചെയ്‌തിട്ടുണ്ടെന്ന കാര്യം ചരിത്ര വസ്‌തുതയാണ്. ഈ ഗണത്തിൽ പെട്ട പലായനം തന്നെയായിരിക്കും ശൈഖ് അലിയ്യുൽ കൂഫി(റ)വിന്റെയും അവരുടെ കൂടെ വന്ന ഉമർ മുഹമ്മദ് സുഹ്റവർദി ഉൾപ്പെടെയുള്ളവരുടെയും യാത്രയും എന്ന് അനുമാനിക്കാം. ഇവരുടെ ഈ പലായനത്തിന്റെ തൊട്ടുടനെയാണ് ഹിജ്റ 227 ൽ (എ.ഡി. 842) അബ്ബാസി സാമ്രാജ്യത്തിന്റെ ഭാഗം തന്നെയായിരുന്ന ഈജിപ്‌തിലെ കറാഫത്തുൽ കുബ്റ, കൈറോയിൽ പെട്ട ജബൽ മുഖദ്ദം എന്നീ സ്ഥലങ്ങളിൽ നിന്നായി വലിയൊരു സംഘം പലാനം ചെയ്ത് കായൽപട്ടണെത്തിയതും.
അലിയ്യുൽ കൂഫിയും സംഘവും കേരളത്തിലെത്തിയ സന്ദർഭത്തിൽ ആ കാലത്തെ കേരള ഭരണാധികാരി പെരുമാളുമായി കരാറിലേർപ്പെടുകയും തങ്ങളുടെ വരവിന്റെ ഉദ്ദേശ്യ ലക്ഷ്യം അറിയിക്കുകയും ചെയ്തു. ഇക്കാലത്ത് തന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച അശുഭകരമായ ചില സംഭവ വികാസങ്ങൾ കാരണം രാജാവ് വലിയ മോഹഭംഗങ്ങളിലായിരുന്നു. എന്നാൽ അലിയ്യുൽ കൂഫി(റ)യും സംഘവുമായുള്ള സമ്പർക്കങ്ങൾ രാജാവിന് സ്വസ്ഥതയും സമാധാനവും പകർന്നിട്ടുണ്ടാവണം. അതുകൊണ്ട് തന്നെ ജീവിതം വലിയ പ്രതിസന്ധികളാൽ മൂടപ്പെട്ട ആ സന്ദർഭത്തിൽ നിന്ന് രക്ഷ ലഭിക്കാൻ ചേരമാൻ രാജാവ് അലിയ്യുൽ കൂഫി(റ)യുടെ സാത്വിക വ്യക്തിത്വത്തിലേക്ക് ആകർഷിക്കപ്പെടുകയും അതുവഴി ഇസ്‍ലാമിക വിശ്വാസത്തിൽ അഭയം കണ്ടെത്തുകയും ചെയ്തു. ഇക്കാര്യം ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട രിഹ്ലത്തുൽ മുലൂക് എന്ന ഗ്രന്ഥം അവലംബിച്ച് ഡോ: സി.കെ. കരീം തന്റെ കേരള മുസ്‍ലിം ഡയറക്ടറി എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിശദീകരിക്കുന്നു:
"ഇതിനു പുറമേ ഹിജ്റ 208 ൽ (എ.ഡി. 824) എത്തിയ സൂഫി വര്യനും പണ്ഡിതാഗ്രേസരനുമായിരുന്ന കൂഫയിലെ ശൈഖ് അലി അനുയായികളോട് കൂടി മത പ്രചാരണത്തിനായി കേരളത്തിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യത്തിലും വിസ്‌മയകരമായ സിദ്ധിയിലും ആകൃഷ്‌ടരായി ധാരാളം സന്യാസിമാരും വൈദിക ശ്രേഷ്ഠന്മാർ പോലും ഇസ്‍ലാമിലേക്ക് ആകർഷിക്കപ്പെട്ടതായി രിഹത്തുൽ മുലൂക്കിൽ തറപ്പിച്ചു പറയുന്നുണ്ട്. അവസാനത്തെ പെരുമാൾ മൂന്ന് പന്തീരാണ്ട് കാലം ഭരണം നടത്തിയിരുന്നുവെന്നും അതിനുശേഷം അദ്ധ്യാത്മിക ചിന്തയിലേക്ക് മടങ്ങിയെന്നും ലൗകിക സുഖങ്ങളൊക്കെ പരിത്യജിച്ചിരുന്ന അദ്ദേഹം അധികാരം തന്റെ സാമന്തന്മാരെ ഏല്‍പ്പിച്ചുകൊണ്ട് തന്റെ അവസാന നാളുകൾ മക്കയെന്ന പുണ്യഭൂമിയിൽ കഴിച്ചുകൂട്ടുവാൻ ആഗ്രഹിച്ച് യാത്രപുറപ്പെട്ടുവെന്നുമാണ് ചരിത്രം.
ചേരമാൻ പെരുമാൾ എന്ന പേരിൽ പ്രസിദ്ധനും ജനപ്രീതി നേടിയ ഭരണാധിപനുമായ അദ്ദേഹം സൂഫി വര്യനായ കൂഫയിലെ ശൈഖ് അലിയുടെയും മറ്റും പ്രേരണയാലും അക്കാലത്ത് അഭിമാനകരമാം വണ്ണം വികാസം പ്രാപിച്ചുകൊണ്ടിരുന്ന മുസ്‍ലിം സമുദായത്തിന്റെ സമ്പർക്കത്താലും ഇവിടെ വെച്ച് തന്നെ മതപരിവർത്തനം ചെയ്തിരുന്നു."
ഏതാനും തലമുറകൾക്കപ്പുറമുള്ള തങ്ങളുടെ പൂർവ്വപിതാവായ ഒരു നാട്ടുരാജാവ് തിരുനബി(സ്വ) തങ്ങളുടെ കാലത്ത് തന്നെ അറേബ്യയിൽ പോയതും ഇസ്‍ലാം സ്വീകരിച്ചതുമെല്ലാം രാജാവിന്റെ ഇസ്‍ലാമാശ്ലേഷത്തിന് കൂടുതൽ പ്രചോദിപ്പിച്ചിരിക്കാം. ഇസ്‍ലാം സ്വീകരിച്ചതോടെ രാജാവിന് വലിയ പരിവർത്തനങ്ങൾ തന്നെ സംഭവിച്ചു.
അലിയ്യുൽ കൂഫി(റ)യും അനുചരന്മാരും മലബാറിന്റെ വടക്കൻ പ്രദേശങ്ങളിലെത്തുകയും മയ്യഴിപ്പുഴയുടെ തീര പ്രദേശങ്ങളിലായി തങ്ങളുടെ ദീനി ദൗത്യത്തിന് നേതൃത്വം നൽകുകയും ചെയ്തു. നാമമാത്രമാണെങ്കിലും ആദ്യമേ മുസ്‍ലിം അധിവാസമുണ്ടായിരുന്ന പ്രദേശങ്ങളാണ് സ്വാഭാവികമായും അവർ തിരഞ്ഞെടുത്തിട്ടുണ്ടാവുക. മുകളിലുദ്ധരിച്ച രിഹ്ലത്തുൽ മുലൂകിലെ വിവരണമനുസരിച്ച് ചോമ്പാൽ മുസ്‍ലിം അധിവാസമുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രദേശവും അതിന്റെ പരിസര പ്രദേശങ്ങളുമാണ് അവർ തങ്ങളുടെ ദീനി ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ചോമ്പാലിൽ നിന്ന് അൽപം വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പെരിങ്ങത്തൂരാണ് തന്റെ ദൗത്യത്തിന് ആസ്ഥാനമായി ബഹുമാനപ്പെട്ടവര്‍ തിരഞ്ഞെടുത്തത്. മഹാനവർകളോടൊപ്പം അനുഗമിച്ചിരുന്ന ഉമർ സുഹ്‌റവർദിയാകട്ടെ തന്റെ പ്രവർത്തന കേന്ദ്രമായി ചോമ്പാൽ തിരഞ്ഞെടുക്കുകയും ചെയ്തു.
ചോമ്പാലിൽ താവളമുറപ്പിച്ച സുഹ്റവര്‍ദി തന്റെ സവിശേഷ സിദ്ധികളാൽ ജനങ്ങൾക്കിടയിൽ സ്വീകാര്യനാവുകയും പ്രദേശത്തെ നാടുവാഴിയുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്തു. അലിയ്യുൽ കൂഫി(റ) ആകട്ടെ പെരിങ്ങത്തൂരിലെത്തിയ ശേഷം കനക മലയുടെ പ്രകൃതി രമണീയമായ ശാന്തതയിൽ തന്റെ ദീനി പ്രവർത്തനങ്ങൾ ആരംഭിച്ചു. തങ്ങളുടെ ദീനി ദൗത്യത്തിന് വേണ്ടി ഇത്തരം സവിശേഷ പ്രദേശങ്ങൾ ഈ മഹത്തുക്കൾ തിരഞ്ഞെടുക്കുന്നതിൽ ചരിത്രപരവും സാമൂഹികവുമായ ചില കാരണങ്ങളുണ്ട് എന്ന് തിരിച്ചറിയാനാവും.
തീരദേശങ്ങളും അതിനോടടുത്ത പ്രദേശങ്ങളും പുഴമാർഗം എത്തിപ്പെടാൻ സാധിക്കുന്ന ഉൾനാടൻ വാണിജ്യ കേന്ദ്രങ്ങളുമാണ് മുഖ്യമായും ഈ മഹത്തുക്കൾ തങ്ങളുടെ ദീനി ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തത് എന്നു കാണാം. ഇത്തരം പ്രദേശങ്ങളിലാണ് അക്കാലത്ത് അറബി കച്ചവട പശ്ചാത്തലമുള്ളവരും അവർ വഴി ഇസ്‍ലാം സ്വീകരിച്ച തദ്ദേശീയരും വാണിജ്യ ആവശ്യങ്ങൾക്കുവേണ്ടി അവരോട് സമ്പർക്കമുണ്ടായിരുന്ന കച്ചവടത്തിലെ മധ്യവർത്തികളും വസിച്ചിരുന്നത് എന്ന് കാണാം. വ്യാപാരാവശ്യങ്ങൾക്കുവേണ്ടി തീരദേശങ്ങളിലും ഉൾനാടൻ വാണിജ്യകേന്ദ്രങ്ങളിലും എത്തിപ്പെടുന്ന അറബികളും പേർഷ്യക്കാരുമായ വിദേശികളോട് സമ്പർക്കപ്പെട്ട് കച്ചവട രംഗത്ത് മധ്യവർത്തികളായി വർത്തിച്ചിരുന്നവരും കച്ചവടം വഴി താരതമ്യേന സമ്പന്നരായവരുമായ പ്രത്യേകമായ ഒരു സാമൂഹിക വിഭാഗം ഇക്കാലത്തോടെ രൂപപ്പെട്ടുവന്നിരുന്നു. ഇവരെയാണ് ദാവാരികൾ എന്ന് പറഞ്ഞിരുന്നത്. മയ്യഴിപ്പുഴയുടെ ഉൾനാടൻ തീരങ്ങളിൽ അക്കാലത്ത് വസിച്ചിരുന്ന ഈ ദാവാരികളാണ് ആദ്യകാലത്തെത്തിയ അലിയ്യുൽ കൂഫി(റ) ഉൾപ്പെടെയുള്ള പ്രമുഖരായ മഹത്തുക്കൾക്ക് തങ്ങളുടെ അധിവാസ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങൾ ചെയ്‌തുകൊടുത്തത് എന്ന് ചരിത്രങ്ങളിൽ കാണാം.
ദാവാരികളെ കൂടാതെ വിവിധ ജാതി വിഭാഗങ്ങൾ ഇസ്‍ലാമിലേക്ക് കടന്നുവന്നു. അലിയ്യുൽ കൂഫി(റ)ന്റെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ ഒരു മസ്‌ജിദ് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യകാല മസ്ജിദുകളിലൊന്നാണിത്. കൊടുങ്ങല്ലൂരിലെയും കാസർകോട്ടേയും ആദ്യകാല മസ്‌ജിദുകളോട് വാസ്‌തു സാദൃശ്യമുള്ള ഈ മസ്ജിദിനോട് ചേർന്ന് വളരെ പഴക്കമേറിയ ഒരു കുളവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം വർഷം പഴക്കമുള്ള കേരളത്തിലെ മറ്റു മസ്‌ജിദുകളോടനുബന്ധമായുള്ള കുളങ്ങളുടെ വാസ്‌തു സാദൃശ്യം ഈ കുളത്തിനുണ്ട്. കൽപടവുകളുള്ള ഈ കുളവും മസ്‌ജിദിന്റെ പഴക്കത്തിലേക്ക് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
അവലംബം
1- ദക്ഷിണേന്ത്യയിലെ മുസ്‌ലിം വേരുകൾ, സൂഫികൾ, സൂഫിസം _ അകമിയം വാർഷികോപഹാരം (2020)
2- പെരിങ്ങത്തൂര്‍ ജുമുഅത്ത് പള്ളിയും കനകമലയും- എന്‍.എ അബൂബക്കർ
Leave A Comment