ശിയാ കേന്ദ്രത്തിലെ യു.എസ് ആക്രമണം: ബാഗ്‌ദാദിലെ യുഎസ്‌ എംബസിയിലേക്ക്‌ വൻ പ്രതിഷേധ റാലി
ബാഗ്‌ദാദ്‌ :ഇറാഖിലും സിറിയയിലും ശിയാ പോരാളികളുടെ കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബാഗ്‌ദാദിലെ യുഎസ്‌ എംബസിയിലേക്ക്‌ വൻ പ്രതിഷേധ പ്രകടനം. അതീവ സുരക്ഷാമേഖലയിലെ എംബസി വളപ്പിലെ മതില്‍ കടന്നെത്തിയ ക്ഷുഭിതരായ ഇറാഖികളെ തടയാൻ അമേരിക്കന്‍ സൈനികര്‍ കണ്ണീര്‍വാതകഷെല്ലുകള്‍ വര്‍ഷിച്ചെങ്കിലും പ്രതിഷേധക്കാർ അവയെല്ലാം വകഞ്ഞ് മാറ്റി മുന്നോട്ട് നീങ്ങുകയായിരുന്നു. എംബസിയിലേക്ക്‌ കനത്ത കല്ലേറ് നടത്തിയ ജനങ്ങള്‍ അമേരിക്കന്‍ പതാകകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ശിയാ ഭൂരിപക്ഷ തെക്കന്‍ നഗരങ്ങളായ നജഫ്‌, ബസറ എന്നിവിടങ്ങളിലും ബാഗ്‌ദാദിന്‌ വടക്കുള്ള കിര്‍ക്കുക്കിലും മറ്റും സ്‌ത്രീകളടക്കം ആയിരങ്ങള്‍ അമേരിക്കന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചു. ഇറാഖ്‌ പാര്‍ലമെന്റിലേക്കും പ്രതിഷേധ ചൂട് പടർന്നു. ഡസന്‍കണക്കിന്‌ അംഗങ്ങള്‍ അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണം എന്നാവശ്യപ്പെട്ടു. അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്ന്‌ ഇറാഖ്‌ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു. ഐഎസ്‌ ഭീകരരെ ചെറുക്കുന്ന ഇറാഖിലെ ശിയാ സായുധ സംഘങ്ങളുടെ കൂട്ടായ്‌മയായ ഹാഷിദ്‌ അല്‍ശാബിയുടെ പതാകയേന്തിയായിരുന്നു പ്രകടനങ്ങള്‍. ഇതിലെ പ്രധാന ഘടകമായ ഹിസ്‌ബുള്ള ബ്രിഗേഡ്‌സിലെ അംഗങ്ങളാണ്‌ ഞായറാഴ്‌ച യുഎസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ഹാഷിദ്‌ അല്‍ശാബിയുടെ നായകനും ഇറാഖിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഫാലെ അല്‍ ഫയ്യദ്‌ അടക്കമുള്ളവര്‍ എംബസിയിലേക്കുള്ള പ്രകടനത്തില്‍ പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ യുഎസ്‌ എംബസിക്കു സമീപം ഒന്നിച്ച്‌ കബറടക്കുമെന്ന്‌ ഹാഷിദ്‌ നേതാക്കള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter