കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നയതന്ത്രവിദഗ്ദനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. നയതന്ത്ര വിദഗ്ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പത്രപ്രവര്‍ത്തകന്‍ , പത്രാധിപര്‍,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യാപാകിസ്താന്‍ സൗഹൃദത്തിന്റെ ശക്തമായ വക്താവായും നയ്യാര്‍ അറിയപ്പെടുന്നു.

നയ്യാരുടെ 'വരികള്‍ക്കിടയില്‍' (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എണ്‍പതോളം അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയായിരുന്നു.

ഓഗസ്റ്റ് 14, 1923 ന്് അവിഭക്ത ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ഒരു സിഖ് ഖത്രി കുടുംബത്തില്‍ ജനനം. അച്ഛന്‍ ഗുര്‍ബക്ഷ് സിംഗ്. അമ്മ പൂനം ദേവി. സിയാല്‍കോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളേജ് (സിയാല്‍കോട്ട്), എഫ്.സി.കോളേജ് (ലാഹോര്‍), ലോ കോളേജ് (ലാഹോര്‍), മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം (യു.എസ്.എ.) എന്നിവിടങ്ങളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്ത്യാ വിഭജനത്തിനു ശേഷം കുടുംബം ന്യൂഡല്‍ഹിയിലേക്ക് താമസം മാറ്റി. വിഭജനത്തിന്റെ മുറിപ്പാടുകള്‍ നയാറുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ വളരെയധികം സ്വാധീനിച്ചു.
'അന്‍ജാം' എന്ന ഉര്‍ദു പത്രത്തിലായിരുന്നു നയ്യറുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റ്‌റെ തുടക്കം.തുടര്‍ന്നു അമേരിക്കയിലെ ഇല്യൂനോവിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു. ഇന്ത്യയില്‍ തിരിച്ചെത്തിയ നയ്യര്‍ കുറച്ചുകാലം കേന്ദ്ര സര്‍വ്വീസില്‍ ജോലി ചെയ്തു.
അടിയന്തരാവസ്ഥക്കാലത്തെ നയ്യറുടെ ഭരണകൂടവിരുദ്ധ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. ഇക്കാരണത്താല്‍ അദ്ദേഹത്തിന് അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നു. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലായിരുന്നു നയ്യര്‍ അക്കാലത്ത് എഴുതിയിരുന്നത്.
1990ല്‍ അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായി. 1996ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു നയാര്‍. 1997 ആഗസ്റ്റില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
നയ്യാരുടെ ബിറ്റ്വീന്‍ ദ ലൈന്‍സ്, ഡിസ്റ്റന്റ് നൈബേഴ്സ്: എ ടെയ്ല്‍ ഓഫ് സബ്കോണ്ടിനെന്റ്, ഇന്ത്യ ആഫ്റ്റര്‍ നെഹ്റു,വാള്‍ അറ്റ് വാഗാ : ഇന്ത്യാപാകിസ്താന്‍ റിലേഷന്‍ഷിപ്പ്, ഇന്ത്യാ ഹൗസ് തുടങ്ങിയ കൃതികള്‍ പ്രശസ്തമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter