ഇന്ത്യ ഇസ്രയേല്‍ പക്ഷത്തേക്ക് നീങ്ങുമ്പോള്‍

യു.എന്‍ എക്കോണമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍  'ഷാഹേദ്' എന്ന ഫലസ്തീനീ എന്‍.ജി.ഒ നിരീക്ഷക പദവി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് പ്രമേയമവതിരിപ്പിച്ച ഇസ്രയേലിന് ഇന്ത്യയുടെ പ്രതിനിധി പിന്തുണ നല്‍കി വോട്ട് ചെയ്തത് മഹത്തായ പാരമ്പര്യത്തില്‍ നിന്ന് തിരിഞ്ഞ് നടത്തമായാണ് വിലയിരുത്തപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇസ്രയേലിന് അനുകൂലമായി ഒരിന്ത്യന്‍ പ്രതിനിധി പിന്തുണ നല്‍കിയിരിക്കുന്നത്. ചരിത്രത്തിലുടനീളം ഫലസ്തീന്‍ അനുകൂലമായ നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്ക് പറയാനുള്ളത്. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെല്ലാം എല്ലാകാലത്തും ഇസ്രയേലിന്‍റെ നെറികേടുകള്‍ക്കും അക്രമങ്ങള്‍ക്കും പിന്തുണ നല്‍കിപ്പോന്നപ്പോള്‍ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ നെടുന്തൂണായിരുന്ന ഇന്ത്യ പീഡിത ജനവിഭാഗമായ ഫലസ്തീനെ അകമഴിഞ്ഞ് സഹായിക്കുകയും ഐക്യരാഷ്ട്ര സഭയില്‍ ശക്തമായി പിന്തുണക്കുകയും ചെയ്തിരുന്നു. തീവ്ര വലത് പക്ഷ പാര്‍ട്ടിയായ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തിലും ശക്തമായ മുസ്ലിം വിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നതിന്‍റെ ആദ്യ ചുവട് വെപ്പുകളായി ഇതിനെ കാണേണ്ടി വരും. സ്വന്തം രാജ്യത്തെ ആസ്സാം എന്ന സംസ്ഥാനത്തെ 40 ലക്ഷം പേരെ പൗരന്മാരല്ലെന്ന് പറഞ്ഞ് പുറത്താക്കാന്‍ ശ്രമിക്കുന്ന പുതിയ ഇന്ത്യന്‍ നയത്തിന് കീഴില്‍ സയണിസ്റ്റ് ഇസ്രയേല്‍ ഫലസ്തീനികളെ പിറന്ന നാട്ടില്‍ നിന്നും പുറത്താക്കുന്നതും നരമേധം നത്തുന്നതും വിഷയമായാലേ അത്ഭുതമുള്ളൂ. 

ചേരി ചേരാ പ്രസ്ഥാനം 

അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളും സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ലോകത്ത് ഇരു ധ്രുവങ്ങളായി നിലനിന്നിരുന്ന രണ്ടാം ലോക മഹായുദ്ധാനന്തര സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളോടും തുല്യ അകലം പാലിച്ച് കൊണ്ടുള്ള ഒരു മൂന്നാം വിഭാഗം ഉയര്‍ന്ന് വന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളായിരുന്നു ഈ പ്രസ്ഥാനം കെട്ടിപ്പെടുത്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു, യൂഗോസ്ലോവിയന്‍ പ്രസിഡന്‍റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ത് പ്രധാനമന്ത്രി ജമാല്‍ അബ്ദുന്നാസര്‍ എന്നിവരായിരുന്നു പ്രധാന നേതാക്കള്‍. കോളനി വത്ക്കരണം അവസാനപ്പിക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. അറബ് രാജ്യങ്ങളടക്കം 112 രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്ന പ്രസ്ഥാനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു സയണിസത്തോട് അകലം പാലിക്കുകയും നിലപാടെടുക്കുകയും ചെയ്യുകയെന്നത്. 

ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ ഭാഗമായത് കൊണ്ട് തന്നെ ഇന്ത്യ തുടക്കം മുതല്‍ സയണിസ്റ്റ് രാജ്യമായ ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും ഫലസ്തീന് അനുകൂലമായി നിലകൊള്ളുകയും ചെയ്തു. 

ഫലസ്തീനുമായുള്ള ഇന്ത്യന്‍ ബന്ധം

സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാനുമായി യുദ്ധമുണ്ടായത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും പാക്കിസ്ഥാനുമായി മല്‍സര ബുദ്ധിയോടെയാണ് ഇന്ത്യ മുന്നോട്ട് നീങ്ങിയിരുന്നത്. പാക്കിസ്ഥാന്‍ ഒരു മുസ്ലിം രാജ്യമായതിനാല്‍ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ എളുപ്പം നേടിയെടുക്കുമെന്ന് ഭയന്ന ഇന്ത്യ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ നിരന്തര ശ്രമങ്ങളായിരുന്നു നടത്തിയത്. ഫലസ്തീനെ ശക്തമായി പിന്തുണക്കുകയും ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുകയും ചെയ്ത അറബ് രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ഇന്ത്യയുടെ ഫലസ്തീന് അനൂകൂലമായ നിലപാടിന്. 

1974ല്‍ ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ പി.എല്‍.ഒ യെ ഇന്ത്യ അംഗീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുമായി ലസ്തീന്‍ നേതാവായ യാസര്‍  അറഫാത്തിന് ഊഷ്മള ബന്ധമാണുണ്ടായിരുന്നത്. 1980 ല്‍ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 1988 ല്‍ ഫലസ്തീന്‍റെ രാഷ്ട്ര പദവിയെ അംഗീകരിച്ച് കൊണ്ട് ശക്തമായ ഇസ്രയേല്‍ നിലപാടും ഇന്ത്യ എടുത്തു. തുടര്‍ന്ന് 8 വര്‍ഷങ്ങള്‍ക്ക് ശേഷം 1996 ല്‍ ഗാസയില്‍ ഇന്ത്യയുടെ പ്രതിനിധി ഓഫീസ് നിര്‍മ്മിക്കുകയും ചെയ്തു. 2007 ല്‍ അന്നപോളീസില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഫലസ്തീന്‍റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ശക്തമായി പിന്തുണച്ചു. ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലെ ഏറെ വിലപിടിപ്പുള്ള ഭൂമി ഫലസ്തീന്‍ എംബസി സ്ഥാപിക്കാനായി ഇന്ത്യ സൗജന്യമായി വിട്ട് കൊടുത്തു. 2008 ല്‍ ഇന്ത്യ സന്ദര്‍ശിച്ച് ഫലസ്തീന്‍ പ്രസിഡ് മഹ്മൂദ് അബ്ബാസാണ് എംബസി ഉദ്‌ഘാടനം ചെയ്തത്. ഒന്നാം യു.പി.എ കാലത്ത് വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹ്മദ് നിരവധി തവണ ഫലസ്തീന്‍ സന്ദര്‍ശിക്കുകയും വിഷമഘട്ടങ്ങളില്‍ സമാശ്വാസം നല്‍കുകയും ചെയ്ത വ്യക്തിയാണ്. 

ഇന്ത്യയുടെ സാമ്പത്തിക സഹായം

നയതന്ത്രപരമായി അന്താരാഷ്ട്രീയ തലത്തില്‍ ഫലസ്തീന് ശക്തമായ പിന്തുണ നല്‍കിയതിനോടൊപ്പം വലിയ സാമ്പത്തിക സഹായങ്ങളും ഇന്ത്യ നല്‍കിയിട്ടുണ്ട്. 1995 ല്‍ വാഷിംഗ്ടണില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരു മില്യണ്‍ ഡോളര്‍ സഹായമാണ് ഇന്ത്യ നല്‍കിയത്. 1996 ല്‍ പാരീസില്‍ നടന്ന ഉച്ചകോടിയില്‍ ഇതേ സഹായം ഇന്ത്യ ആവര്‍ത്തിച്ചു. ഇതിന് പുറമെ ഫലസ്തീനിലെ സ്ഥാപനങ്ങള്‍ക്കും ഇന്ത്യ സഹായം നല്‍കിയിരുന്നു. ദേര്‍ അല്‍ ഇലാഹിലെ കോളേജില്‍ ലൈബ്രറി നിര്‍മ്മിക്കാനുള്ള മുഴുവന്‍ ഫണ്ടും ഇന്ത്യയാണ് വഹിച്ചത്. ഗാസയിലെ അല്‍ അസ്ഹര്‍ കോളേജിനും ഇന്ത്യ ലൈബ്രറിക്ക് ഫണ്ട് നല്‍കിയിട്ടുണ്ട്.  

 

     ഇസ്രയേലുമായുള്ള അടുപ്പം

ഫലസ്തീനുമായി അടുപ്പം പുലര്‍ത്തിയതിനാലാണ് ഇസ്രയേലുമായി തുടക്ക കാലങ്ങളില്‍ ഇന്ത്യ നയതന്ത്ര തലത്തില്‍ അകല്‍ച്ച കാണിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് 45 വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ല്‍ മാത്രമാണ് ഇന്ത്യയില്‍ ഇസ്രയേലിന് ഒരു എംബസി തുടങ്ങിയിട്ടുള്ളത്. അന്താരാഷ്ട്രീയ വേദികളിലെല്ലാം ഇസ്രയേലിന് വിരുദ്ധമായി വോട്ട് ചെയ്തിരുന്ന ഇന്ത്യ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് നിലപാടില്‍ മാറ്റം വരുത്താന്‍ തുടങ്ങിയത്. അമേരിക്കയുമായി കൂടുതല്‍ അടുത്ത ഇന്ത്യ സ്വാഭാവികമായും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രയേലുമായും നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയിട്ടുണ്ട്. 

അതേ സമയം 2018 ല്‍ മഹ്മൂദ് അബ്ബാസ് ഡല്‍ഹി സന്ദര്‍ശിക്കുകയും നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫലസ്തീന്‍റെ പരമാധികാരത്തെ അംഗീകരിക്കുന്നുവെന്നും ഫലസ്തീനുമായി ഊഷ്മള ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. 

അബ്ബാസിന് സ്വീകരണം നല്‍കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും അടുത്ത മാസം തന്നെ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രധാന മന്ത്രി  ഇസ്രയേലില്‍ സന്ദര്‍ശനം നടത്തിയത് ഇന്ത്യയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇസ്രയേലുമായി തീവ്രവാദവിരുദ്ധ പോരാട്ടത്തിലും നവസാങ്കേതിക വിദ്യാ കൈമാറ്റത്തിലും സഹകരണത്തിനായി ഇരു രാജ്യങ്ങളും ശ്രമിക്കുമെന്നും അന്ന് മോദിയും നെതന്യാഹുവും പറഞ്ഞിരുന്നു.

തുടര്‍ന്ന് നരേന്ദ്ര മോദി ഫലസ്തീനിലും സന്ദര്‍ശനം നടത്തി. ചരിത്രത്തിലാദ്യാമായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തിന് പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം നല്‍കി. ഇന്ത്യയും ഫലസ്തീനും കാലത്തിന്‍റെ പരീക്ഷണങ്ങള്‍ നേരിട്ട രാജ്യങ്ങളാണ്. നിരവധി വെല്ലുവിളികള്‍ക്ക് മുമ്പില്‍ ധീരമായ ചെറുത്ത് നില്‍പ് നടത്തിയവരാണ് ഫലസ്തീനികള്‍. ഫലസ്തീന്‍റെ പുരോഗതിയിലേക്കുള്ള യാത്രയെ ഇന്ത്യ എന്നും പിന്തുണക്കും. അദ്ദേഹം ട്വീറ്റ് ചെയ്തു. ഫലസ്തീന്‍റെ മുന്‍ പ്രധാന മന്ത്രി യാസര്‍ അറഫാത്തിന്‍റെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയ മോദി അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തു. 

മോദിയുടെ സന്ദര്‍ശനം ഇസ്രേയലും ഫലസ്തീനുമായും സമദൂര നിലപാടായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. നൂറ് കോടി രൂപയാണ് വര്‍ഷാവര്‍ഷം ഇന്ത്യ ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങുന്നതിന്‍റെ കണക്ക്. ഇതിനിടയിലും ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള തീരുമാനത്തിനെതിരെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ വോട്ട് ചെയ്തിരുന്നു. 2016 ല്‍ റാമല്ലയില്‍ ഒരു ഐ.ടി ഹബ് സ്ഥാപിക്കാനുള്ള 12 ദശലക്ഷം ഡോളര്‍ സഹായമാണ് ഇന്ത്യ നല്‍കിയിരുന്നത്. 

എന്നാല്‍ ഇസ്രയേലിനെതിരെ മുന്‍ കാലത്ത് നല്‍കിയത് പോലെയുള്ള പിന്തുണ പുതിയ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധ്യമല്ലെന്നാണ് ഇസ്രയേലിന് അനുകൂലമായി 'ഷഹേദ്' വിഷയത്തില്‍ വോട്ട് ചെയ്തതില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ഫലസ്തീന് അനുകൂലമായി ചില കാല്‍വെപ്പുകള്‍ നടത്തുന്നുണ്ടെങ്കിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളെ പിണക്കാതിരിക്കാനാണതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിന്‍റെ അനധികൃത കുടിയേറ്റത്തിനെതിരെ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനയായ ബി.ഡി.എസ് ( Boycott, Divestment and Sanctions movement) ന്‍റെ ദക്ഷിണേഷ്യന്‍ വക്താവായ അപൂര്‍വ ഗൗതം പറയുന്നത് മോദിയുടെ ഇന്ത്യ ഇസ്രയേലിന്‍റെ അടുത്ത പങ്കാളിയായിരിക്കുകയാണ്. മനുഷ്യാവകാശ ലംഘനം, അക്രമം, പുറത്താക്കല്‍ തുടങ്ങിയ പൊതുസ്വഭാവം സൂക്ഷിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയും ഇസ്രേയലും. അവര്‍ പറഞ്ഞു. 

ഇസ്രയേല്‍ രൂപീകരണം ഫലസ്തീനികളെ വഞ്ചിച്ച് കൊണ്ട് ചെയ്ത മഹാ അപരാധമായാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാന്‍സ് ഫ്രഞ്ച്കാരുടേതുമെന്നത് പോലെ ഫലസ്തീന്‍ ഫലസ്തീനുകളുടേതുമാണെന്നും ഗാന്ധി പറഞ്ഞിരുന്നു. ആ പാരമ്പര്യമായിരുന്നു ഇന്ത്യയുടെ വിദേശ നയത്തില്‍ പ്രതിഫലിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രപിതാവിന്‍റെ ഘാതകനെ മഹാത്മാവായി വിശേഷിപ്പിക്കുന്ന എംപിമാര്‍ പിന്തുണക്കുന്ന സര്‍ക്കാര്‍ രാഷ്ട്രപിതാവിന്‍റെ കാഴ്ച്ചപ്പാടിനെ പിന്തുണക്കുമെന്ന് വിചാരിക്കുന്നത് അബദ്ധമാവാനേ തരമുള്ളൂ. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter