അറഫ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്

അറഫാ ദിനത്തില്‍ അല്ലാഹു ഏറ്റവും താഴ്ന്ന ആകാശത്തിലേക്ക്  ഇറങ്ങിവരും. ജനങ്ങളെ ചൂണ്ടി മലക്കുകളോട് സാഭിമാനം പറയും: ''വിവിധ ഊടുവഴികളില്‍നിന്ന് എന്റെ അനുഗ്രഹവും കാരുണ്യവും പ്രതീക്ഷിച്ചു വന്ന എന്റെ അടിമകളാണിവര്‍. മണല്‍തരികളുടെ എണ്ണത്തോളം ദോഷങ്ങളുണ്ടെങ്കില്‍പോലും എന്റെ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുക്കും.'' അറഫാദിനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് നബി(സ) സൂചിപ്പിച്ച വാക്കുകള്‍. അല്ലാഹു വിശ്വാസികളെ നോക്കി അഭിമാനംകൊള്ളുന്ന അനര്‍ഘ നിമിഷങ്ങള്‍. ഓരോ അറഫയും  ഓരോ ജീവിതത്തെയും  ശുദ്ധീകരിക്കുന്നുവെന്നറിയിക്കുന്നു ഇത്. ലൈലത്തുല്‍  ഖദ്‌റിനോളം വരുന്ന അറഫാദിനത്തിന്റെ വിശ്വാസമാധുര്യം. പശ്ചാതപിക്കുന്ന മനസ്സുകള്‍ക്ക് സമാധാനമാണന്ന്.

അല്ലാഹുവിനോട്  ചോദിക്കുവീന്‍, ഉടനടി നല്‍കപ്പെടും. ദോഷങ്ങള്‍ എത്രതന്നെയുണ്ടായാലും  എത്ര ഭീകരമായിരുന്നാലും ദൈവ കാരുണ്യത്താല്‍  അന്ന് പൊറുക്കപ്പെടുന്നു. അറഫാദിനത്തിലും ജനങ്ങള്‍ക്കുമുന്നില്‍  കൈനീട്ടി നടക്കുന്ന  ഒരു യാചകനെ കണ്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നു ഖത്താബ് പറഞ്ഞത്രെ: ''ഏ മനുഷ്യാ.... ഇന്ന് നീ അല്ലാഹുവിനോടല്ലാതെ ജനങ്ങളോടാണോ യാചിക്കുന്നത്?! കഷ്ടം.'' ദൂരങ്ങള്‍ താണ്ടി അങ്ങകലെ  അറഫാഭൂമിയിലെത്തുന്ന  ഹാജിമാരും  വിശ്വാസദാര്‍ഢ്യത്താല്‍ സന്തപ്തമാകുന്ന  ഇവിടെയിരിക്കുന്ന  സമൂഹവും  ആ ദിവസത്തിന്റെ  ദൈവിക ദീപ്തിയില്‍ ഒന്നായിത്തീരുന്നു. കാല്‍ച്ചുവട്ടിലെ മരുഭൂമിയിലെ മണല്‍തരികളോളം ദോഷങ്ങള്‍ പേറി വന്ന  ഹാജി അറഫയില്‍ പുതിയൊരു കുഞ്ഞായി പിറക്കുന്നു. ഖേദം വിതുമ്പുന്ന മനസ്സുമായി ആ ദിനം കഴിക്കുന്നവര്‍ക്കു ജന്‍മത്തില്‍ ചെയ്ത തെറ്റുകളെ മായ്ച്ചുകളയാം. അന്ന്, ഹൃദയം തുറന്ന്, എല്ലാം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കണം വിശ്വാസികള്‍.

മനസ്സുരുകി, കരളലിഞ്ഞുള്ള ദുആകള്‍ വര്‍ദ്ധിപ്പിക്കണം. തിര്‍മുദിയുടെ നിവേദനത്തില്‍ നബി(സ) പറയുന്നു: ''പ്രാര്‍ത്ഥനകളില്‍ ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ്. ഞാനും മുന്‍കാല പ്രവാചകരും പറഞ്ഞതില്‍ ഏറ്റവുംനല്ലത് 'അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവന്‍ സര്‍വ്വശക്തനാണ്' എന്നതാണ്.'' വിശ്വാസികളുടെ നിരന്തര പ്രാര്‍ത്ഥനകളില്‍ അല്ലാഹുവിന്റെ കാരുണ്യ പ്രവാഹത്തില്‍ പിശാചിന് വീര്‍പ്പുമുട്ടുന്നു അറഫാദിനത്തില്‍. കാരണം തിന്‍മകള്‍ കുറയുകയാണ്. തെറ്റുകുറ്റങ്ങള്‍ പൊറുക്കപ്പെടുകയാണ്. തന്റെ പക്ഷം ദയനീയമായി പരാജയപ്പെടുന്നു. അതാണ് പ്രവാചക തിരുമേനി(സ) പറയുന്നത്. ''അറഫാദിനത്തേക്കാളേറെ നിന്ദിതനും നീചനും കോപാകുലനുമായി പിശാചിനെ മറ്റൊരു ദിവസത്തിലും കാണാനാവുകയില്ല. കാരണം, ആ ദിവസത്തിലാണല്ലോ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്നതും അതുവഴി ഒരുപാട് ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതും.'' ത്വല്‍ഹത്ത്ബ്‌നു ഉബൈദില്ല(റ) നിവേദനം  ചെയ്ത ഹദീസാണിത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ വിഭാവനം ചെയ്യുന്ന ആഗോള സാഹോദര്യത്തിന്റെ പ്രയോഗവല്‍ക്കരണം അറഫാ സംഗമത്തില്‍ ലോകം കാണുന്നു.

വ്യത്യസ്ത ദേശങ്ങളില്‍നിന്ന്, നാടുകളില്‍നിന്ന്, രാജ്യങ്ങളില്‍നിന്ന്, ഭൂഖണ്ഡങ്ങളില്‍നിന്ന്, വിവിധ ഭാഷകളുമായി, വര്‍ണ്ണ വൈവിദ്ധ്യവുമായി, വ്യത്യസ്ത ജീവിത ശൈലികളുമായി എത്തിയ ലക്ഷോപലക്ഷങ്ങള്‍ക്കിടയില്‍ വിവേചനത്തിന്റെ മിന്നലാട്ടംപോലുമില്ല. എല്ലാവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുമിച്ചുകൂടിയവര്‍. എല്ലാവരുടെയും ലക്ഷ്യങ്ങള്‍ ഒന്ന്. ആശയലോകം ഒന്ന്. നാവിന്‍തുമ്പിലെ മന്ത്രോച്ചാരണങ്ങള്‍ ഒന്ന്. വേഷവിതാനം ഒന്ന്... അറഫായുടെ ആകര്‍ഷണീയതയും മനോഹാരിതയുമാണത്. പരലോകത്തെ മഹ്ശറയെക്കൂടി ഓര്‍മ്മിപ്പിക്കുന്നു അറഫാസംഗമം. പ്രപഞ്ച നാഥന്റെ തിരുസമക്ഷം ഭക്തിയോടെ നമ്രശിരസ്‌കരായി നില്‍ക്കാനേ ഇന്നും അന്നും വിശ്വാസികള്‍ക്കാവൂ. അറഫ മറ്റൊരു ഓര്‍മ്മകൂടി നമ്മുടെ മനസ്സുകളിലേക്ക് കൊണ്ടുവരുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലക്ഷക്കണക്കിന് സ്വഹാബികളെ മുന്‍നിര്‍ത്തി പ്രവാചക തിരുമേനി ചെയ്ത മഹത്തായ പ്രഭാഷണത്തിന്റെ, മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ, ഇസ്‌ലാംമതത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഓര്‍മ്മകള്‍ അലയടിച്ചെട്ടുത്തുന്നു.

''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു. എന്റെ അനുഗ്രഹങ്ങള്‍ പൂര്‍ണ്ണമായി വര്‍ഷിപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുത്തി തന്നിരിക്കുന്നു.'' ആ വാക്കുകള്‍ക്ക് ചരിത്രത്തില്‍ മരണമില്ല. ആ അറഫാദിനം ഒരു വെള്ളിയാഴ്ച കൂടിയായിരുന്നു. വെള്ളിയാഴ്ചയിലെ പെരുന്നാള്‍ പെരുന്നാളിന്റെ പെരുന്നാളാണ്. നാം അറഫയെ പലവിധത്തില്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ അതിഥികളുടെ സംഗമം ഒരിടത്ത് നടക്കുമ്പോള്‍ അതില്‍ പങ്കുചേരാനാവാത്ത നമ്മള്‍ ആരാധനകള്‍ കൊണ്ട്, പ്രാര്‍ത്ഥനകള്‍കൊണ്ട് വിടവ് നികത്തണം. കണ്ണും കാതും നാക്കും മൂക്കുമെന്നു വേണ്ട സര്‍വ്വാവയവങ്ങളും അല്ലാഹുവില്‍ കേന്ദ്രീകൃതമായിരിക്കണം അറഫാരാത്രിയില്‍. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന തിരുവചനത്തില്‍ നബി(സ) പറയുന്നു: ''അറഫാദിനം വല്ലാത്തൊരു ദിനമാണ്. അന്ന് സ്വന്തം കേള്‍വിയെയും കാഴ്ചയെയും വാക്കുകളെയും നിയന്ത്രിച്ചവന്റെ ദോഷങ്ങളെല്ലാം പൊറുക്കപ്പെടും.''

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter