ബാബരി മസ്ജിദ്: നീതി തേടിയുള്ള നീണ്ട യാത്രക്ക് ദാരുണമായ അന്ത്യം
പലർക്കും സുപ്രീംകോടതിയുടെ വിധി ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്. ഞെട്ടാൻ അതിലിത്ര മാത്രം എന്താണുള്ളതെന്നാണ് ഞാൻ ആലോചിക്കുന്നത്. കോടതിയുടെ അന്തിമ വിധി ന്യായം ഇങ്ങനെ വായിക്കാം; 400 വർഷങ്ങളിലധികം നിലനിന്ന ഒരു മസ്ജിദ് തർക്ക പ്രദേശത്ത് ഉണ്ടായിരുന്നു, 1949 ൽ ഹിന്ദു വിഗ്രഹങ്ങൾ ബലമായി മസ്ജിദിൽ പ്രതിഷ്ഠിച്ചതാണ്, 1949 വരെ മുസ്‌ലിംകൾ അവിടെ നമസ്കാരം നിർവഹിച്ചിരുന്നു, ഏതെങ്കിലും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നതിന് തെളിവില്ല, 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത നടപടി തീർത്തും ക്രിമിനൽ കുറ്റമാണ്. ഈ സത്യങ്ങളെല്ലാം ഒരു അന്തിമ വിധി ന്യായത്തിലേക്ക് ഏതൊരു ന്യായാധിപനെയും നയിക്കാൻ പര്യാപ്തമാണ്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു; മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുക, മസ്ജിദിന് മറ്റൊരിടത്ത് ഭൂമി നൽകുക. തികച്ചും നിരാശാജനകമായ വിധി! ഈ ഭൂമിക്ക് പകരം രണ്ടിരട്ടി സ്ഥലം മറ്റൊരിടത്ത് ഓഫർ ചെയ്ത കോടതിയുടെ ഉദാരമനസ്കത ആരും കാണാതെ പോകരുത്.
തങ്ങളുടെ പോരാട്ടം നീതിക്കും തുല്യ പൗരത്വത്തിനു വേണ്ടിയുള്ളതായിരുന്നുവെന്നും അല്ലാതെ ഒരു കഷണം ഭൂമിക്കുവേണ്ടിയായിരുന്നില്ലെന്നും വിധി പുറത്തുവന്നതിനുശേഷം നിരവധി മുസ്‌ലിംകൾ വ്യക്തമാക്കിയിരുന്നു. നിങ്ങൾക്ക് കൂടുതൽ ആളുകൾ ഉണ്ടെന്നു കരുതി എന്റെ വീട്ടിലേക്കോ ആരാധനാലയത്തിലേക്കോ അക്രമത്തിലൂടെ കടന്നു വരാൻ പാടില്ലെന്ന ഒറ്റക്കാര്യം തെളിയിക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു ആ പോരാട്ടം. ഈ രാജ്യത്ത് അന്തസ്സോടെയും സുരക്ഷയോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശം ഓരോ മുസ്‌ലിമിനും ഉറപ്പു നൽകുന്ന ഒരു നിയമം ഇവിടെയുണ്ടെന്ന് ബാബരി തകർത്ത അക്രമികൾക്ക് കാണിച്ചു കൊടുക്കുക എന്നത് മാത്രമായിരുന്നു മുസ്‌ലിംകളുടെ ലക്ഷ്യം.
മുകളിൽ പരാമർശിച്ച ക്രിമിനൽ കുറ്റം സംബന്ധിച്ച് സംസാരിക്കുമ്പോൾ നമുക്ക് ഉത്തരം കിട്ടാത്ത വലിയൊരു ചോദ്യമുണ്ട്; മസ്ജിദിന് ചുറ്റും കർസേവ നടത്താൻ സുപ്രീംകോടതി അനുവാദം നൽകിയതെന്ത് നീതിയുടെ അടിസ്ഥാനത്തിലാണെന്നതാണത്. എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ അവിടെ നടന്ന അവസാന കർസേവ മസ്ജിദ് തകർത്തു ക്ഷേത്രം നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. 'മസ്ജിദ് വഹാം ബനായേകാ' (മസ്ജിദ് അവിടെത്തന്നെ നിർമിക്കും), തേൽ ലഗാ കർ ഡാബർ കാ, നാം മീഠാദോ ബാബർക്കാ.( ഡാബർ എണ്ണ തേച്ച്, ബാബറിന്റെ നാമം മായ്ച്ചു കളയൂ' എന്ന മുദ്രാവാക്യങ്ങൾ ആയിരുന്നു ഈ പരിപാടിയിൽ അവർ മുഴക്കിയിരുന്നത്.
കർസേവ സംബന്ധിച്ച് കല്യാൺ സിംഗ് സർക്കാർ കോടതിയിൽ കള്ളം പറയുകയായിരുന്നു. അങ്ങനെയാണ് കോടതിയുടെ അനുമതി ലഭിക്കുന്നത്. കർസേവയുടെ ലക്ഷ്യം എന്തെന്ന് അറിയാത്ത നിഷ്കളങ്കരായിട്ടാണല്ലോ കോടതി അനുവാദം നൽകിയത്.
ഇങ്ങനെ അനുവാദം കൊടുത്ത അതേ കോടതി പിന്നീട് അയോദ്ധ്യയിൽ നടന്ന സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയതെന്തിനായിരുന്നുവെന്നാണ് ഇനിയും മനസ്സിലാവാത്ത കാര്യമാണ്. അയോധ്യയിൽ നടന്നത് തീർത്തും ക്രിമിനൽ കുറ്റമാണെന്നും അതിൽ യു.പി സർക്കാരിന് പങ്കുണ്ടെന്നും ശക്തമായ ഭാഷയിൽ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും കുറ്റക്കാർക്കെതിരെ യോജിച്ച നടപടികളെടുക്കുന്നതിൽ പരാജയപ്പെട്ടു. ഇന്നും ആ കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുക മാത്രമാണ്.
ഈ ദാരുണ സംഭവത്തെ രണ്ടു കക്ഷികൾ തമ്മിലുള്ള വെറുമൊരു തർക്കമായി മാത്രം അവതരിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത് ഈ രണ്ടു കക്ഷികളും തീർത്തും വ്യത്യസ്തരായിരുന്നു എന്നതാണ്. ഒരു വിഭാഗം ഭരണഘടനയെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെയും വിശ്വസിച്ചവരാണെങ്കിൽ മറ്റൊരു വിഭാഗം ഭൂരിപക്ഷത്തിന്റെ ശക്തി കാണിച്ച് തെരുവിൽ ഇറങ്ങുകയും മസ്ജിദ് തകർക്കുകയും അങ്ങനെ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് മുറിവേൽപ്പിക്കുകയും ചെയ്തവരാണ്.
ബാബരി ധ്വംസനം ഇന്ത്യൻ ജനതയിൽ ആഴത്തിലുള്ള ദ്രുവീകരണം സൃഷ്ടിച്ചിട്ടുണ്ട്. അതേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് നൂറുകണക്കിന് നിരപരാധികൾക്കാണ്. സുപ്രീംകോടതി മറിച്ചൊരു വിധിയാണ് പുറപ്പെടുവിച്ചിരുന്നതെങ്കിൽ ഇനിയും ഒരുപാട് ജീവനുകൾ പൊലിഞേനെ എന്ന് ന്യായമായും സംശയിക്കാം.
തങ്ങൾക്കെതിരായ വിധിയാണ് പുറത്തു വരുന്നതെങ്കിൽ ശക്തമായ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കോടതിയുടെ വിധി എന്ത് തന്നെയായാലും ഹിന്ദു നയങ്ങളിലൂടെ മുന്നോട്ടുപോകുന്ന മോദി സർക്കാർ തീർച്ചയായും ക്ഷേത്രം നിർമ്മിക്കാൻ മുന്നോട്ടു വരുമെന്നുമുള്ള മറ്റൊരു സാധ്യതയും അവശേഷിച്ചിരുന്നു. ബാബരി മസ്ജിദ് വിധി ഹിന്ദു സമൂഹത്തിന് അനുകൂലമായത് വർഗീയത ഒരല്പമെങ്കിലും കുറയാൻ ഇടയാക്കുമെന്നാണ് പല പുരോഗമന രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടത്. അതിനാൽ ഈ വിധി പൂർണ സമ്മതത്തോടെ മുസ്‌ലിം സമൂഹം സ്വീകരിക്കണമെന്നും അങ്ങനെ ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാനായി മാതൃക സൃഷ്ടിക്കണമെന്ന് കൂടി അവർ തട്ടിവിട്ടിരുന്നു. ഈ വിധിക്കുശേഷം സരയൂ നദിയിൽ ഒരുപാട് ജലം ഒഴുകി, എന്നാൽ സുപ്രീം കോടതിയുടെ വിധി വർഗീയ ഭ്രാന്തന്മാർക്ക് ഗതിവേഗം പകരുകയാണുണ്ടായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള എതിർപ്പ് രൂക്ഷമായതും അങ്ങനെ മുസ്‌ലിംകൾക്കെതിരെ ഡൽഹിയിൽ സംഘപരിവാർ കലാപം അഴിച്ചുവിട്ടതും വിദ്യാർത്ഥികളുടെയും ആക്ടിവിസ്റ്റുകളുടെയും നേരെയുള്ള ഭരണകൂട വേട്ട വർധിച്ചതുമെല്ലാം ഈ യാഥാർഥ്യത്തിന് തെളിവാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനിരിക്കെ പൂജാരിയുടെ സഹായിക്കും 16 പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ച സംഭവം ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തെ ഇന്ത്യയിലെ മുസ്‌ലിംകൾ ക്കെതിരെയുള്ള വിദ്വേഷ പ്രചരണത്തിനായി ഉപയോഗിച്ചതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. അന്ന് കൊറോണ കേസുകൾ തുലോം തുച്ഛമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ്. അതിനാൽ അന്ന് സ്വീകരിച്ച സമാന നടപടികളുമായി ഭരണകൂടം രംഗത്ത് വരൽ തീർത്തും അനിവാര്യമാണ്.
കടപ്പാട്: ദ മുസ്‌ലിം മിറർ
Leave A Comment