കശ്മീരിൽ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തമ്മില്‍ കാണാന്‍ പോലും സ്വാതന്ത്ര്യമില്ല- ഒമര്‍ അബ്ദുല്ല
ശ്രീനഗര്‍: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്ക് ഒരുവർഷം തികഞ്ഞിട്ടും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തമ്മില്‍ കാണാന്‍ പോലും സ്വാതന്ത്ര്യമില്ലെന്ന് കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല രംഗത്തെത്തി. പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ വസതിയില്‍ ബുധനാഴ്ച ചേരാന്‍ തീരുമാനിച്ച യോഗത്തിന് അനുമതി നിഷേധിച്ച സംഭവം പരാമർശിച്ചു കൊണ്ടാണ് കശ്മീരിൽ രാഷ്ട്രീയ പ്രവർത്തനത്തിന് സ്വാതന്ത്ര്യം ഇല്ലെന്ന് ഒമര്‍ ട്വീറ്റില്‍ പറഞ്ഞത്.

"കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ആഘോഷിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഒത്തുചേരാം. എന്നാല്‍ ഞങ്ങള്‍ക്ക് പിതാവിന്‍റെ വസതിയില്‍ തമ്മില്‍ കാണാന്‍ പോലും അവകാശമില്ല. ഒരു വര്‍ഷത്തിനുശേഷവും സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും ഞങ്ങളെ അനുവദിക്കാന്‍ അധികാരികള്‍ ഭയപ്പെടുന്നു". അദ്ദേഹം പറഞ്ഞു.

ഈ ഭയം കശ്മീരിലെ യഥാര്‍ഥ അവസ്ഥയെ തുറന്നുകാണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം തികയുന്ന ദിനത്തില്‍ കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാനായാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചതെന്നും വ്യക്തമാക്കി. കശ്മീർ ഭരണകൂടത്തിന് നടപടിയെ ഉമറിന്റെ പിതാവും മുൻമുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല എംപിയും വിമർശിച്ചു. "യോഗത്തിനെത്തേണ്ട നേതാക്കളെ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്, നേതാക്കളുടെയെല്ലാം വീടുകള്‍ക്ക് മുന്നില്‍ പൊലീസ് വാഹനങ്ങളാണ്. പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ഇതാണ് കശ്മീരിലെ സാഹചര്യം", ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter