യോഗി ഹിന്ദുക്കളുടേത് മാത്രമല്ല സംസ്ഥാനത്തിന്റെയാകെ മുഖ്യമന്ത്രി-സമാജ് വാദി പാര്‍ട്ടി
ലഖ്‌നൗ: തന്നെ ക്ഷണിച്ചാലും അയോധ്യയില്‍ ബാബരി പള്ളിക്ക് പകരമായി നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമർശനമുയരുന്നു .

മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് ആദിത്യനാഥ് പറഞ്ഞതെന്നും പ്രസ്താവന പിന്‍വലിച്ച്‌ അദ്ദേഹം ജനങ്ങളോട് മാപ്പുപറയണമെന്നും ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളിലൊന്നായ സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. ആദിത്യനാഥിന്റെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്നായിരുന്നു പാര്‍ട്ടി വക്താവ് പവന്‍ പാണ്ഡെ കുറ്റപ്പെടുത്തിയത്.

”അദ്ദേഹം സംസ്ഥാനത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. അല്ലാതെ ഹിന്ദുക്കളുടേത് മാത്രമല്ല.സംസ്ഥാനത്തെ ഹിന്ദു, മുസ്‍ലിം ജനസംഖ്യ എത്രയോ ആവട്ടെ അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാവണം. എന്നാല്‍ അന്തസ്സില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായത്. അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിക്കണം”- പവന്‍ പാണ്ഡെ പറഞ്ഞു. . അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന മുസ്‌ലിം പള്ളിയുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് യോ​ഗി ആദിത്യനാഥ് നല്‍കിയ മറുപടിയാണ് വിവാദമായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഏതെങ്കിലും മതവുമായോ വിശ്വാസവുമായോ തനിക്ക് ഒരു പ്രശ്നവുമില്ല.

എന്നാല്‍ യോഗി എന്ന നിലയില്‍ ചോദിച്ചാല്‍ താന്‍ തീര്‍ച്ചയായും പങ്കെടുക്കില്ല. ഹിന്ദു എന്ന നിലയില്‍ മതപരമായ വിശ്വാസങ്ങള്‍ പ്രകാരം ആരാധിക്കാനും ജീവിക്കാനും തനിക്ക് അവകാശമുണ്ട്. പള്ളിയുടെ നിര്‍മാണോദ്ഘാടനത്തിന് തന്നെ ആരും ക്ഷണിക്കില്ല. താന്‍ പോവുകയുമില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter