സ്നേഹപൂര്‍വ്വം എന്റെ ഇക്കാക്ക് (ഭാഗം 4.) നിങ്ങളില്ലാത്ത ഒരു ദിവസമോ.. ആലോചിക്കാന്‍ പോലും വയ്യ
സ്നേഹപൂര്‍വ്വം എന്റെ ഇക്കാക്ക്
കത്ത് 4. നിങ്ങളില്ലാത്ത ഒരു ദിവസമോ.. ആലോചിക്കാന്‍ പോലും വയ്യ
അസ്സലാമുഅലൈകും വറഹ്മതുല്ലാഹ്
ഇക്കാ, സുഖം തന്നെയല്ലേ. എന്റെ ഇക്കാക്ക് സുഖം തന്നെയായിരിക്കും. ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്, അത് അല്ലാഹു കേള്‍ക്കാതിരിക്കില്ല എന്ന് എനിക്ക് ഉറപ്പുമുണ്ട്.
ഓരോ കത്തിലും ഇക്കാ, ഇക്കാ എന്ന് വിളിച്ചാണ് ഞാന്‍ തുടങ്ങാറ്. ദൈനംദിന ജീവിതത്തിലും ഞാന്‍ അങ്ങനെത്തന്നെയാണല്ലോ നിങ്ങളെ അഭിസംബോധന ചെയ്യാറ്. ഇന്നലെ എപ്പോഴോ എന്റെ ചിന്ത ആ ഭാഗത്തേക്ക് പോയി. കഴിഞ്ഞ ഇരുപത് വര്‍ഷമായിട്ട് അറിയുക പോലും ചെയ്യാതിരുന്ന ഒരാള്‍, എന്റെ പെട്ടെന്നാണ് എന്റെ ഇക്കയായി മാറിയതെന്ന്. നികാഹ് എന്ന ആ കര്‍മ്മം കഴിഞ്ഞു എന്ന് ഞാന്‍ അറിഞ്ഞപ്പോഴേ, എന്റെ മനസ്സ് മന്ത്രിച്ചിരുന്നു, ഇനി എന്റെ ഇക്കയാണെന്ന്, എന്റെ മാത്രം. പിന്നീടങ്ങോട്ട് ഓരോ ദിവസവും ആ സ്വാര്‍ത്ഥ ചിന്ത കൂടിവരികയായിരുന്നു.
നിങ്ങളില്ലാത്ത കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളെ കുറിച്ച് ഞാന്‍ ഇടക്കിടെ ആലോചിക്കാറുണ്ട്. ഉമ്മയോടും ഉപ്പയോടും കൊഞ്ചി നടന്നിരുന്ന ചെറുപ്പകാലം, ശേഷം കൂട്ടുകാരോടൊത്ത് സ്വൈരവിഹാരം നടത്തിയ സ്കൂള്‍-മദ്റസാ കാലം, അത് കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ ചെലവഴിച്ച ഹോസ്റ്റല്‍ ജീവിത കാലം. ഓരോ സമയത്തും ഓരോരുത്തരായിരുന്നു കൂട്ട്. അപ്പോഴൊക്കെ അവരില്ലാതാവുന്നതിനെ കുറിച്ച് ആലോചിക്കാനേ വയ്യായിരുന്നു.
എന്നാല്‍ ഇന്ന് അവരെല്ലാം അവരുടെ വഴിക്ക് പോയി. എല്ലാമെല്ലാമായ ഉമ്മയെയും ഉപ്പയെയും വരെ പിരിഞ്ഞ്, ഒരു പരിചയവുമില്ലായിരുന്ന നിങ്ങളുടെ കൂടെയാണ് ഇപ്പോള്‍ എന്റെ ജീവിതം, മുമ്പ് കണ്ടിട്ടുപോലുമില്ലാത്ത വീട്, കേട്ടിട്ട് പോലുമില്ലാത്ത നിങ്ങളുടെ ബന്ധുക്കള്‍, സ്വപ്നത്തില്‍ പോലും നിനച്ചിട്ടില്ലാത്ത അയല്‍വാസികള്‍.. എല്ലാം ഇന്ന് എന്റേത് കൂടി ആയിരിക്കുകയാണ്. അവരെയെല്ലാം ഞാനുമായി കോര്‍ത്തിണക്കിയ ചരട് എന്റെ ഇക്കയാണ്.
മറ്റുള്ളവരുടെ മുമ്പിലേക്ക് നിങ്ങളുടെ കൂടെ പോവുമ്പോള്‍ എന്തൊരു അഭിമാനമാണെന്നോ. ഇത് എന്റെ ഇക്കയാണ്, എന്റെ മാത്രം ഇക്ക എന്ന് ഉറക്കെ വിളിച്ചു പറയാന്‍ വരെ കൊതിക്കാറുണ്ട്.
Also Read:സ്നേഹപൂര്‍വ്വം എന്റെ ഇക്കാക്ക് (ഭാഗം 3). എവിടെയോ ജനിച്ച് വളര്‍ന്ന രണ്ട് പേര്‍, എന്തൊരു അല്‍ഭുതമാണ് അല്ലേ..
ഇപ്പോള്‍ എന്റെ മനസ്സ് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു, നിങ്ങള്‍ എവിടെയാണോ അവിടെയാണ് ഞാന്‍.. നിങ്ങളുടെ ലോകം അതാണ് എന്റെയും ലോകം. നിങ്ങളില്ലാത്ത ഒരു ദിവസം പോലും ഇപ്പോള്‍ ചിന്തിക്കാനേ ആവുന്നില്ല.
മുമ്പൊരിക്കല്‍ ഞാനെന്റെ വീട്ടില്‍ പോയി വൈകുന്നേരമായപ്പോഴേക്ക് തിരിച്ച് വന്നത് ഓര്‍ക്കുന്നില്ലേ. എന്തേ ഇന്ന് തന്നെ പോന്നത് എന്ന ചോദ്യത്തിന്, നിങ്ങളില്ലാതെ അവിടെ നില്‍ക്കാന്‍ തോന്നുന്നില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞിരുന്നു. വല്ലാതെയങ്ങ് സുഖിപ്പിക്കല്ലേ മോളേ എന്ന് പറഞ്ഞ് അന്നെന്നെ കളിയാക്കിയിരുന്നില്ലേ.
എന്നാല്‍, അത് തന്നെയായിരുന്നു സത്യം. നിങ്ങളില്ലാത്ത ഒരു രാത്രി പോലും ഇപ്പോള്‍ ഓര്‍ക്കാനേ ആവുന്നില്ല. ജോലിയാവശ്യാര്‍ത്ഥം പ്രവാസജീവിതം നയിക്കുന്നവരുടെ ഭാര്യമാരെ കുറിച്ച് ഞാന്‍ ഇടക്കിടെ ആലോചിച്ചുപോവാറുണ്ട്. എങ്ങനെയാണ് അവരൊക്കെ അവരുടെ ഇക്കമാരെ പിരിഞ്ഞിരിക്കുന്ന് ആവോ. അതും വര്‍ഷങ്ങള്‍. യുദ്ധത്തിന് പോവുന്നവരോട് പോലും, നാല് മാസത്തിലപ്പുറം നില്‍ക്കരുതെന്ന് രണ്ടാം ഖലീഫ ഉമര്‍(റ) നിര്‍ദ്ദേശം കൊടുത്തിരുന്നു എന്ന് എവിടെയോ കേട്ടിട്ടുണ്ട്. വായിച്ചപ്പോള്‍ ആ നിര്‍ദ്ദേശത്തോട് വല്ലാത്ത ബഹുമാനവും ഖലീഫയുടെ ആ കരുതലിനോട് വല്ലാത്ത ആദരവും തോന്നിപ്പോയി.
ഞാന്‍ ഒരിക്കല്‍ കൂടി ആണയിട്ട് പറയുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷം നീ എങ്ങനെയാണ് ജീവിച്ചത് എന്നൊന്നും തിരിച്ച് ചോദിക്കരുത്, ഇനിയങ്ങോട്ട് നിങ്ങളില്ലാത്ത ഒരു രാത്രിയെ കുറിച്ച് പോലും എനിക്ക് ചിന്തിക്കാനാവില്ല. നിങ്ങള്‍ പുരുഷന്മാര്‍ക്ക് ഒരു പക്ഷേ, അങ്ങനെ ആവണമെന്നില്ല. ഞങ്ങളെപ്പോലെ ലോലമായ മനസ്സല്ലല്ലോ നിങ്ങളുടേത്.
മരണം വരെ ഇങ്ങനെ തുടരാനാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. കൂടെ ഞാന്‍ ഇങ്ങനെ കൂടി മനസ്സാ ആഗ്രഹിക്കാറുണ്ട്, നമ്മുടെ മരണം ഒരുമിച്ചായിരുന്നെങ്കില്‍... അത് സാധ്യമല്ലെങ്കില്‍ ആദ്യം യാത്രയാവുന്നത് ഞാനാകണേ എന്ന്. കാരണം, നിങ്ങളില്ലാതെ ഭൂമിയില്‍ ഒരു ദിവസം പോലും ഒറ്റക്ക് നില്‍ക്കുന്ന ആലോചിക്കാനേ വയ്യ.. അത് തന്നെ കാരണം.
പേപ്പറിലേക്ക് കണ്ണൂനീര്‍ ഉറ്റിവീഴും മുമ്പ് തല്‍ക്കാലം നിറുത്തട്ടെ, ബാക്കി അടുത്ത കത്തിലാവാം..
നിങ്ങളുടെ സ്വന്തം കുല്‍സു
Leave A Comment