കിഷൻ ഗഞ്ച് ഈദ് ദിന അക്രമണം: സത്യമെന്ത്?

ഓരോരോ വാർത്തകൾ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷൻഗഞ്ച് ഈദ് ദിന കയ്യേറ്റ വാർത്തകൾ. നേപ്പാൾ ബോർഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
മുസ്ലിംകൾ ഭൂമി കയ്യേറി ഈദ് നമസ്കരിച്ചു എന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണ്. 
1. മുസ് ലിംകൾ അവരുടെ ഈദ്ഗാഹിലാണ് നമസ്കരിച്ചത്. ആ ഭൂമിയെ കുറിച്ച് ഒരു തർക്കവുമില്ല. 
കേരളത്തിലെ ചില മുസ്ലിം വിഭാഗങ്ങൾ സ്റ്റേഡിയങ്ങളിലും കടപ്പുറത്തും മറ്റും താൽക്കലികമായി ഒരുക്കുന്ന ഈദ്ഗാഹ് മനസ്സിലുള്ളത് കൊണ്ടാണ് കേരളത്തിൽ 'ഭൂമി കയ്യേറി ഈദ് ഗാഹ് ആക്കി' എന്ന വാർത്ത വേഗം വൈറലായത്. ശരിക്കും ഹനഫി മദ്ഹബ് അനുസരിച്ച് ജീവിക്കുന്നവരുടെ ഈദ് ഗാഹ് കൺസപ്റ്റ് തന്നെ വേറെയാണ്.
ഹനഫി മുസ് ലിംകൾ പള്ളിക്ക് പുറത്ത് പ്രത്യേകം വഖഫ് ചെയത് മാറ്റിവെക്കുന്ന ഈദ് ഗാഹുകളിലാണ് രണ്ട് പെരുന്നാളുകൾ നമസ്കരിക്കുക. പള്ളികളല്ലാത്ത, അധികവും കൃഷിയിടങ്ങളിലൊ കാടുകളിലോ ഒറ്റച്ചുമരും ബാക്കി ഗ്രൗണ്ടുമാക്കി മാറ്റി വെച്ച, രണ്ട് പെരുന്നാളുകൾ മാത്രം നമസകരിച്ച് പിന്നീട് കൃഷി പോലും ചെയ്യാതെ ബഹുമാനത്തോടെ മാറ്റിവെക്കുന്ന ഈദ് ഗാഹുകൾ ഉത്തരേന്ത്യയിൽ സഞ്ചരിക്കുന്ന ഏതൊരാൾക്കും പരിചിതമായിരിക്കും. കല്ലും മുള്ളും നിറഞ്ഞതാണെങ്കിൽ പോലും അത്തരം ഭുമികളിൽ ചെരുപ്പിട്ട് കയറുന്നത് പോലും അവർക്കിഷ്ടമില്ല.
2. ഇന്നലെ അക്രമം നടന്നത് ഈദ്ഗാഹിലേക്ക് പോകുന്ന വഴിയിലുള്ള സർക്കാർ മുമ്പ് വിതരണം ചെയ്ത എന്നാൽ കഴിഞ്ഞ നാലഞ്ച് വർഷമായി തർക്കം നിലനിൽക്കുന്ന ഭൂമിയിലാണ്. ആ വഴിയിലൂടെ ഈദ് ഗാഹിലേക്ക് പോകുന്ന ഏതാനും ചിലരെയാണ് ആദിവാസികൾ പതിയിരുന്ന് അമ്പുകൾ എയ്ത് വീഴ്ത്തിയത്.
3. ഭൂമിയില്ലാത്തവർക്ക് സർക്കാർ വകയായുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായി ചില മുസ്ലിം കുടുംബങ്ങൾക്ക് സർക്കാർ പതിച്ച് നൽകിയ ഭൂമിയിൽ ചില ആദിവാസി കുടുംബങ്ങൾ അവകാശമുന്നയിച്ചതാണ് ഈ പ്രശ്നങ്ങളുടെ അടിസ്ഥാനം.
4. ഈ ഭൂമി തർക്കങ്ങളുടെ നിജസ്ഥിതി അറിയണമെങ്കിൽ മുസ് ലിം - ദലിത്- ആദിവാസി പിന്നാക്കക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഭൂമി സംഘർഷങ്ങളെക്കുറിച്ചറിയണം. അവരെ തമ്മിലടിപ്പിക്കുന്ന ഭൂപ്രഭുക്കളുടെ ജാതി വെറിയും സാമ്പത്തിക കൊള്ളയും, ഇപ്പോൾ അതിലേക്ക് സുഗമമായി ചേർക്കപ്പെടുന്ന വർഗ്ഗീയവിഷവും അറിയണം.
5. കിഷൻ ഗഞ്ചടക്കമുള്ള ഉത്തരേന്ത്യൻ ജില്ലകളിൽ ഏറ്റവും കൂടുതൽ കോടതി കേസുകളും കുടുംബ പ്രശ്നങ്ങളും നടക്കുന്നത് ഭുമി വിഷയത്തിലാണ്. അധികപേർക്കും നിന്ന് തിരിയാനുള്ള ഇത്തിരി ഭൂമിയാണുണകുക. അത് ഭാഗം വെച്ച് പോകുന്നതിനനുസരിച്ച് കുടുംബ തർക്കങ്ങൾ കൂടുന്നു. കൂടുതൽ ഭൂമിയുള്ള ഏതാനും ചിലരുടെ പാട്ടകൃഷിക്കാരാണ് അധികപേരും. സ്ഥലമില്ലാത്തതിനാൽ ഹൈവേകൾ പോലും കയ്യേറി അടയാളം വെച്ച് അവർ കൃഷി ചെയത ധാന്യങ്ങൾ ഉണക്കാൻ പോലും ഉപയോഗിക്കുന്നത് അവിടങ്ങളിൽ നിത്യ കാഴ്ചയാണ്. 
6. വലിയ ഭൂമി ഉടമകൾ അവർ തമ്മിലുള്ള കണക്കുകൾ തീർക്കാനും കച്ചവട കുതന്ത്രങ്ങൾക്കും ആദിവാസികളെ ഉപയോഗപ്പെടുത്തുന്നതും ഇളക്കിവിടുന്നതും ഈയിടെ വർദ്ധിച്ചു വന്നിട്ടുണ്ട്. ഓരോരുത്തർ തങ്ങളുടെ രാഷ്ട്രീയവും ആവശ്യാനുസരണം അതിലേക്ക് ചേർക്കുന്നു. അലീഗർ കിഷൻഗഞ്ച് സെന്ററിന് ഭൂമി അനുവദിച്ചപ്പോൾ അതിൽ ആദിവാസികളെ കുടിൽ കെട്ടി സമരം ചെയ്യാൻ പ്രേരിപ്പിച്ചവരിൽ അവിടെ മെഡിക്കൽ കേളേജടക്കമുള്ള സ്ഥാപന - ഭൂ താൽപര്യങ്ങളുള്ള സ്റ്റേറ്റ് ബി ജെ പി ട്രഷറർ ജെയ്സ്വാൾ മുതൽ അലീഗർ കാമ്പസ് അവിടെ വരരുത് എന്നാഗ്രഹിച്ച ചില മുസ്ലിം വ്യക്തികൾ വരെയുണ്ട്.
7. ഞാനറിയുന്ന കിഷൻഗഞ്ചിലെ മിക്ക മുസ്ലിം കുടുംബങ്ങളും തങ്ങളുടെ ഉറ്റവരുമായുള്ള ഭൂതർക്കങ്ങൾ, കേസുകൾ, കുഴപ്പങ്ങളുമായി കഴിയുന്നവരാണ്. ഇടക്കിടെ കൊലപാതകങ്ങൾ വരെ നടക്കും.
8. ഈ നോമ്പ് മാസം വളരെ അടുത്ത് ബന്ധമുള്ള ഒരു സുഹൃത്തിന്റെ അകന്ന കുടുംബത്തിൽ ജേഷ്ഠാനുജ മക്കൾ തമ്മിൽ വർഷങ്ങളായി നില നിൽക്കുന്ന കൃഷിഭൂമി തർക്കം പര്യമതയിലെത്തി. നോമ്പുതുറക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുന്നെ അനിയന്റെ മക്കൾ വാളുകളെടുത്ത് ജേഷ്ഠന്റെ മക്കളെ വെട്ടി. രണ്ടാൾ സ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു. ഒരു കുടുംബത്തിലെ മൂന്നാളുകൾ ഒരേ ദിവസം കൊല്ലപ്പെടുന്നു. പക്ഷെ വർഗ്ഗീയതയുടെ നിറമുള്ളതേ ഇന്ന് ഇന്ത്യയിൽ വാർത്തയാകു, ചർച്ചയാകൂ.
9. കിഷൻ ഗഞ്ചിൽ ഈദ് ദിനത്തിൽ നടന്ന അക്രമണത്തിൽ വർഗ്ഗീയത ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. പരപ്രേരണയാൽ പലപ്പോഴും ആദിവാസികൾ ഉണ്ടാക്കുന്ന
ഇത്തരം പ്രശ്നങ്ങളുടെ ഇരകൾ പലപ്പോഴും അവിടത്തെ ഹിന്ദുക്കൾ കൂടിയാണ്. അത് കൊണ്ട് തന്നെ ഈ പ്രശ്നത്തിൽ അവിടത്തെ ഹിന്ദുക്കളും മുസ്ലിംകളുടെ കൂടെയാണെന്നാണ് അറിയാൻ കഴിഞ്ഞത്.
10. ഇന്ത്യയിൽ വർഗ്ഗീയ ഫാസിസം ശക്തമായിട്ടുണ്ട്. എന്നാൽ അധിക വിഷയങ്ങളിലും മനുഷ്യജീവിതത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന അധികാര-പണ-ജാതി പ്രശ്നങ്ങളിലേക്ക് വർഗ്ഗീയത കൂളായി ചേർക്കപ്പെടുകയാണ്. സംഘ പരിവാർ ഫേക്ക് ഫാക്ടറികൾ ഇത്തരം ടൂളുകൾ നന്നായി ഉപയോഗപ്പെടുത്തുന്നു. ഇരബോധം കൂടിക്കൊണ്ടിരിക്കുന്ന മുസ്ലിംകൾ അതിൽ വീണുപോകുന്നു.കൂടുതൽ ജാഗ്രത കാണിക്കേണ്ട കാലമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter