റോഹിങ്ക്യന്‍ മുസ്‌ലിംകളെ സഹായിക്കാന്‍ തയ്യാറായി തുര്‍ക്കി
മ്യാന്‍മറില്‍ വംശീയ ആക്രമണത്തിന് ഇരയാകുന്ന റോഹിങ്ക്യന്‍ ജനതയെ സഹായിക്കാന്‍ തയ്യാറായി തുര്‍ക്കി. റോഹിങ്ക്യന്‍ ദുരിതത്തില്‍ ശക്തമായി ഇടപെട്ട തുര്‍ക്കിയുടെ സഹായ ഹസ്തം ഉടന്‍ തന്നെ മ്യാന്‍മറില്‍ എത്തും.
പതിനായിരം ടണ്‍ ഭക്ഷ്യ വിഭവങ്ങള്‍ അയക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാനാണ് ഉത്തരവിട്ടത്. രണ്ടു ദിവസം മുന്‍പ് മ്യാന്‍മര്‍ നേതാവ് ആങ് സാങ് സൂ കിയുമായി ഉര്‍ദുഗാന്‍ ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കാന്‍ സംവിധാനം ഒരുങ്ങുന്നത്.
അങ്കാറയിലെ പാര്‍ട്ടി യോഗത്തിലാണ് ഉര്‍ദുഗാന്‍ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തുര്‍ക്കി സന്നദ്ധ സംഘടനായ തുര്‍ക്കിഷ് കോര്‍പറേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഏജന്‍സി (തിക്ക) യുടെ നേതൃത്വത്തില്‍ ആയിരം ടണ്‍ ഭക്ഷ്യ വിഭവങ്ങള്‍ റോഹിങ്ക്യന്‍ ക്യാംപുകളില്‍ വിതരണം ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ടമാണ് പതിനായിരം ടണ്‍ ഭക്ഷ്യ വിഭവങ്ങള്‍ കൂടി വിതരണം ചെയുന്നത്.
ആഗസ്റ്റ് 25 മുതലുണ്ടായ സൈനിക ആക്രമണത്തിന് ശേഷം ഒന്നര ലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെ വിവിധ ക്യാംപുകളില്‍ കഴിയുന്നതെന്നാണ് വിവരം. വര്‍ഷങ്ങളായി തുറന്ന ജയിലിലാണ് ഇവര്‍ താമസിക്കുന്നതെന്നും ശാശ്വത പരിഹാരം സംബന്ധിച്ച് ബംഗ്ലാദേശുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു.