കേരളത്തിലെ സാക്ഷരതയും മാപ്പിള സ്ത്രീയുടെ ഭാഷാ പ്രാവീണ്യവും
എന്നാൽ, രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അറബി മലയാളം ഏറ്റവും പ്രധാനപ്പെട്ട സംവേദന മാധ്യമമായി ഉപയോഗിക്കപ്പെട്ട കാലത്ത് മാപ്പിള സ്ത്രീകൾ ഭാഷയിൽ പ്രാവീണ്യം നേടുകയും നിരവധി കനപ്പെട്ട രചനകൾ വരെ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങു ദൂരെ മലബാറിലെ സ്ത്രീ ഇസ്‌ലാമിക ലോകത്ത് നടന്ന ചരിത്ര സംഭവങ്ങളെ കുറിച്ച് ആഴത്തിൽ അറിയുകയും അതിൽ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. മറ്റു സമുദായങ്ങളിൽപ്പെട്ട സ്ത്രീകൾ വായനയിലും എഴുത്തിലും ഇതിന്റെ നാലയലത്തുപോലും വരാത്ത കാലത്താണ് മാപ്പിള സ്ത്രീകൾ ചരിതം തീർത്തത്.
മാപ്പിള സാഹിത്യങ്ങളുടെ വികാസവും സ്ത്രീ സാക്ഷരതയും
അറിവിലും അതനുസരിച്ചുള്ള പ്രവര്‍ത്തനത്തിലും മാപ്പിള സ്ത്രീകൾ നൂറു ശതമാനം മാര്‍ക്ക് നേടിയിരുന്നു. ജീവിതത്തിന്റെ പ്രാകൃത പശ്ചാത്തലങ്ങളിലും അന്നത്തെ കാലത്തിനും സ്ഥലത്തിനുമനുസരിച്ചുള്ള ആപേക്ഷികമായ വളര്‍ച്ചയിലും അവര്‍ മികവ് നേടിയിരുന്നു.മുസ്‌ലിംലോകത്ത് വളര്‍ന്നു പന്തലിച്ചിരുന്ന ജ്ഞാന ശാഖകള്‍ കേരളീയമായ രൂപത്തിലും ഭാവത്തിലും ഇവിടെ ലഭ്യമായിരുന്നു. മാലപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും ഗൃഹാന്തരീക്ഷങ്ങളിൽ മുഴങ്ങിക്കൊണ്ടിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീ സാക്ഷരതക്കും വിദ്യാഭ്യാസത്തിനും വേണ്ടിയായിരുന്നു മാപ്പിള സാഹിത്യങ്ങളുടെ വികാസം തന്നെ. പുരുഷന്മാരുടെ വിദ്യാഭ്യാസത്തിനും മതപഠനത്തിനും ധാരാളം സാധ്യതകളും വഴികളുമുണ്ട്.
എന്നാല്‍, സ്ത്രീകള്‍ക്കിത് ലഭിച്ചിരുന്നത് വളരെ പരിമിതമായാണ്. ഈ വിടവിലൂടെയാണ് സത്യത്തില്‍ അറബിമലയാള സാഹിത്യങ്ങള്‍ മാപ്പിളമാര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയത്. സ്ത്രീകേന്ദ്രീകൃതമായിരുന്നു അതില്‍ അധികം രചനകളും. കര്‍മശാസ്ത്രപരമോ അനുഷ്ഠാനപരമോ വിശ്വാസപരമോ എന്തുതന്നെയായാലും സ്ത്രീകളെ മുന്നില്‍ കണ്ടു കൊണ്ടാണ് പലതും എഴുതപ്പെട്ടിരുന്നത്. അവയുടെ മാർക്കറ്റിംഗ് നടന്നിരുന്നത് വീടുവീടാന്തരം കയറിയിറങ്ങിയാണ്. അതുകൊണ്ടുതന്നെ, പഴയകാല മാപ്പിളപ്പെണ്ണുങ്ങള്‍ക്ക് പലവിധത്തിലുമുള്ള പാട്ടുകളും അറിവുകളുമുണ്ടായിരുന്നു. നിസ്‌കാരപ്പാട്ടും നിക്കാഹ് മാലയും പാടി അവര്‍ കുടുംബബന്ധത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളും നിസ്‌കാരത്തില്‍ ശ്രദ്ധ നല്‍കേണ്ട ഭാഗങ്ങളും വിശദീകരിക്കുമായിരുന്നു. മദ്‌റസകളും മക്തബുകളും ഉയര്‍ന്നുവരാത്ത കാലത്ത് ഈ അറബി മലയാള ഗ്രന്ഥങ്ങളായിരുന്നു മൊബൈല്‍ ട്യൂട്ടര്‍മാരായി വീടുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈയൊരു ജ്ഞാനാനുഭവം നേടിയവരിലെല്ലാം അതിനനുസരിച്ചുള്ള കാമ്പും കാണപ്പെട്ടിരുന്നു. ഈയൊരു ശ്രേഷ്ഠ പാരമ്പര്യത്തിന്റെ ഭാഗമെന്നോണം അമ്പതു കൊല്ലങ്ങള്‍ക്കു മുമ്പുവരെ നമ്മുടെ നാടുകളിലെ ഓത്തുപള്ളികളില്‍ പഠിപ്പിച്ചിരുന്ന ധാരാളം സ്ത്രീകളെ നമുക്ക് കണ്ടെത്താന്‍ കഴിയും. മൊല്ലാച്ചി എന്നാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്.
സ്വന്തം വീടിന്റെ കോലായിലോ വളപ്പില്‍ സജ്ജീകരിച്ച പ്രത്യേക ഷെഡ്ഢിലോ ആയിരുന്നു അവരുടെ ക്ലാസുകള്‍ നടന്നിരുന്നത്. ഒത്തു പള്ളികൾ വീടുകളുമായി ബന്ധപ്പെട്ടതിനാൽ പണ്ഡിതന്മാരുടെ ഭാര്യമാരും അധ്യാപനത്തിൽ പങ്കുവഹിച്ചിരുന്നു. ഫത്ഹുല്‍ മുഈനും അല്‍ഫിയയും ഓതിക്കൊടുത്തിരുന്ന പണ്ഡിത സ്ത്രീകളും നമ്മുടെ നാട്ടില്‍ കഴിഞ്ഞുപോയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തും പരിസരത്തും ഇന്നും ഈയൊരു പാരമ്പര്യം കുറച്ചെങ്കിലും നിലനില്‍ക്കുന്നുണ്ട്. ഖുര്‍ആന്‍ മന:പാഠമാക്കുന്ന ശീലവും അവര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രതാപം മുറ്റിനിന്ന ഒരു പാരമ്പര്യത്തില്‍ നിന്നും വര്‍ത്തമാന മുസ്‌ലിം സ്ത്രീകള്‍ പിന്നോട്ടു പോകുന്നുവെന്നതാണ്. മതമല്ല മറ്റെന്തോ ആണ് അവളെ ഇതില്‍നിന്നും പിന്നോട്ട് വലിക്കുന്നത് എന്നും.
സാഹിത്യത്തിലെ പെണ്‍ തികവ്
മാപ്പിള സാഹിത്യത്തിലെ പെണ്‍സാന്നിധ്യം വലിയൊരു വിസ്മയം തന്നെയാണ്. അറബിമലയാളം വ്യവഹാര ഭാഷയായി വിനിയോഗിക്കപ്പെട്ട കാലത്ത് ഒരു ഡസനോളം മാപ്പിള എഴുത്തുകാരികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നടുത്തോപ്പില്‍ ആയിശ, തലശേരി കുണ്ടില്‍ കുഞ്ഞാമിന, സി.എഛ്. കുഞ്ഞായിശ, കെ.ടി. ആസിയ, പുത്തൂര്‍ ആമിന, കെ.ടി. റസിയ, കെ. ആമിനക്കുട്ടി, ജമീല ബീവി തുടങ്ങിയവര്‍ അതില്‍ ചിലര്‍ മാത്രം. അവര്‍ സജീവമായി എഴുതുകയും, മാപ്പിളമാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഖദീജ ബീവി വഫാത്ത് മാല പോലോത്ത പല പ്രമുഖ രചനകളുടെയും കര്‍ത്രികളാവുകയും ചെയ്തിട്ടുണ്ട്. പുറത്തേക്കുള്ള എഴുന്നള്ളിപ്പിന്റെ ചെണ്ട കൊട്ടിയല്ല അവരിത് ചെയ്തിരുന്നത്.സഹജീവികളുടെ അഭിരുചിയും ആവശ്യവും തിരിച്ചറിഞ്ഞ് സ്വന്തമായിത്തന്നെ എഴുതി പ്രചരിപ്പിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. പെണ്ണെഴുത്തുപോലെ പെണ്ണിനെഴുത്തും മാപ്പിളമാര്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായിരുന്നു. മുമ്പു സൂചിപ്പിച്ചപോലെ അറബി മലയാള സാഹിത്യങ്ങളില്‍ വലിയൊരു അളവും സ്ത്രീകളെ മാത്രം ഉന്നംവെച്ചുകൊണ്ടാണ് ജന്മംകൊണ്ടിരുന്നത്. അറബിമലയാള കേരളത്തില്‍ സ്ത്രീ സാക്ഷരത നൂറുശതമാനമായിരുന്നുവെന്ന് പറയുന്നത് അതുകൊണ്ടാണ്. 1868 ല്‍ മാപ്പിളമാര്‍ക്കിടയില്‍ പ്രിന്റ് വന്നതുമുതല്‍ 1950 വരെയുള്ള കാലം മാത്രം ഒരു ഉദാഹരമായി എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കും.
Leave A Comment