ഗാന്ധി 'മാത്രമാണ്' ഇന്ത്യയുടെ രാഷ്ട്രപിതാവ്
അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ മോഡിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തനിക്കെതിരെ ഇംപീച്ച്മെൻറ് നടപടികൾ ഡെമോക്രാറ്റുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിനിടയിലാണ് ഒരു തവണ കൂടി പ്രസിഡണ്ട് പദം ലക്ഷ്യമിട്ട് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിറങ്ങിയത്. വേദിയിൽ പരിപാടിക്ക് ആശംസകളർപ്പിച്ച ട്രംപ് മോഡിയെ പുകഴ്ത്തിയാണ് പൂർണ്ണമായും സംസാരിച്ചത്. ഈ പുകഴ്ത്തലുകൾ ആകട്ടെ നയതന്ത്ര സമീപനങ്ങളുടെ സർവ്വ സീമകളും ലംഘിച്ചതായി. മോഡിക്ക് മുമ്പ് ഇന്ത്യ പല പ്രശ്നങ്ങളിൽ പെട്ട് ഉഴലുകയായിരുന്നുവെന്നും അനൈക്യത്തിന്റ പാതയിലായിരുന്നുവെന്നും പറഞ്ഞ ട്രംപ് മോഡിയാണ് ഒരു പിതാവിനെ പോലെ അവയെല്ലാം പരിഹരിച്ച് രാജ്യത്തെ ഒന്നിച്ചു നിർത്തിയതെന്നും അതിനാൽ ഇന്ത്യയുടെ പിതാവെന്ന് വിളിക്കപ്പെടാൻ ഏറ്റവും അർഹൻ മോഡി മാത്രമാണെന്നും വിടുവായത്തം വിളമ്പി. മോഡിയെക്കുറിച്ച് അമേരിക്കക്കാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഇതിനുമുമ്പ് 2019 പൊതു തെരഞ്ഞെടുപ്പിനിടയിലാണ് മോഡിയെക്കുറിച്ച് അമേരിക്കയിൽ വലിയ ചർച്ചകൾ നടന്നിട്ടുള്ളത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമേരിക്കയുടെ പ്രമുഖ മാസികയായ 'ടൈം' 'മോഡി ദ ഡിവൈഡർ ഇൻ ചീഫ്' എന്ന കവർ സ്റ്റോറി പ്രസിദ്ധീകരിച്ചതോടെയായിരുന്നു ഇത്. എന്നാൽ ഇതേ മാഗസിൻ തന്നെ ഇന്ത്യയിലെ സാമ്പത്തിക ഉണർവിന് കാരണക്കാരനായി മോഡിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. എങ്കിലും ഇന്ത്യയിലെയും വിദേശത്തെയും മോദിയെക്കുറിച്ചുള്ള പൊതുധാരണ അദ്ദേഹം സമൂഹത്തിൽ അനൈക്യം സൃഷ്ടിക്കുന്ന വ്യക്തി ആണെന്ന് തന്നെയാണ്. നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനു പിന്നാലെ ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം മുന്നിൽ കാണുന്ന വിധ്വംസക ശക്തികൾ തങ്ങളുടെ തൽസ്വരൂപം പുറത്തെടുത്ത് സകല സീമകളും ലംഘിച്ച് ഗോമാംസത്തിന്റെ പേരിൽ സമൂഹത്തിൽ വർഗീയ വിഭജനങ്ങളും വിള്ളലുകളും സൃഷ്ടിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. രാജ്യത്ത് ന്യൂനപക്ഷവും ദലിത് ആദിവാസി വിഭാഗങ്ങളും അരിക് വൽക്കരിക്കപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഉള്ളത്. ഹിന്ദി ഭാഷ പോലും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനുള്ള മാർഗമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ട്വംപ് മോഡിയെ പുകഴ്ത്താനാണ് സമയം കണ്ടെത്തിയതെങ്കിൽ മോഡിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഡെമോക്രാറ്റിക് നേതാവ് ബേർഡ്സ് ആൻഡേഴ്സ് രംഗത്ത് വന്നത്. മോഡിയെ പോലുള്ള ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്യുന്ന ഏകാധിപതികളെയാണ് ട്രംപ് പിന്തുണക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ മോഡി ആയിരുന്നു വിദ്വേഷ ഭാഷയിൽ സംസാരിക്കാറുണ്ടായിരുന്നത്. എന്നാൽ പിന്നീട് ആ ജോലി വിജയകരമായി തുടരുവാൻ യോഗി ആദിത്യനാഥ്, ആനന്ദകൃഷ്ണ ഹെഗ്ഡ തുടങ്ങിയ ഹിന്ദു രാഷ്ട്രത്തിനുവേണ്ടി മറയേതുമില്ലാതെ സംസാരിക്കുന്ന പുതിയ അവതാരങ്ങളെ സൃഷ്ടിക്കാൻ മോഡിക്കായിട്ടുണ്ട്. ഈ ലിസ്റ്റിലെ ഏറ്റവും പുതിയ അവതാരം മലേഗാവ് സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട സാധ്വി പ്രഗ്യ സിംഗ് താക്കൂർ ആണ്. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിയെ വധിച്ച ഗോഡ്സേയെ സ്തുതിക്കുന്ന പ്രസ്താവനകളുമായിട്ടാണ് അവർ വർഗീയ വിഷം ചീറ്റുന്നത്. ചരിത്രത്തിൽ വലിയ ധാരണയൊന്നുമില്ലാത്ത, ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആകുന്നതെന്നതിനെക്കുറിച്ച് ഒന്നുമറിയാത്ത ട്രംപ് മോദിയെ പുകഴ്ത്തുന്നത് രാഷ്ട്രീയപരമായ നേട്ടങ്ങൾ മുന്നിൽകണ്ടാണ്. വർഷങ്ങൾക്ക് മുമ്പ് വരെ പാകിസ്ഥാനോടായിരുന്നു അമേരിക്കക്ക് കമ്പം. ശീതയുദ്ധ കാലയളവിൽ അറേബ്യൻ മേഖലയിലെ എണ്ണ സമ്പത്ത് കൈക്കലാക്കാനും മേഖലയിൽ സർവാധിപത്യം നേടിയെടുക്കുവാനും മേഖലയിലെ ശക്തിയായ പാകിസ്ഥാനോട് സൗഹൃദം പുലർത്തേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ ശീത യുദ്ധത്തിന് അറുതി വരികയും ചൈന സാമ്പത്തികമായ ശക്തിയായി ഉയർന്നു വരികയും ചെയ്യുന്ന സമയത്ത് ചൈനയോട് ചേർന്നുനിൽക്കുന്ന പാകിസ്ഥാനേക്കാൾ എതിർ സ്ഥാനത്തുള്ള ഇന്ത്യ തന്നെയാണ് അമേരിക്കക് ഏറ്റവും യോജിച്ച പങ്കാളിയായി അവർ കരുതുന്നത് അതുകൊണ്ടാണ് പാകിസ്താനോട് മുമ്പുണ്ടായിരുന്ന സൗഹൃദത്തിൽ നിന്ന് അമേരിക്ക അല്പം പിൻവാങ്ങിയതും ഇന്ത്യയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നതും. എങ്കിലും പാകിസ്ഥാനുമായി പൂർണമായി ബന്ധങ്ങൾ വിച്ഛേദിക്കുന്ന സമീപനം അമേരിക്ക കൈക്കൊണ്ടിട്ടില്ല. ഇപ്പോൾ ദൃശ്യമാവുന്ന രാഷ്ട്രീയനിലപാട് പ്രകാരം അമേരിക്ക ഒരേ സമയത്ത് തന്നെ ഇരുരാജ്യങ്ങളുടെയും തോളിൽ കയ്യിട്ടു നിൽക്കുന്ന അവസ്ഥയാണുള്ളത്. മോദിയെ രാഷ്ട്രപിതാവായി കണക്കാക്കണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. ഗാന്ധിയുടെ പൗത്രനായ തുഷാർ ഗാന്ധി ഇതിനോട് പ്രതികരിച്ചത് അമേരിക്കയുടെ രാഷ്ട്രപിതാവായി ജോർജ് വാഷിംഗ്ടണെ മാറ്റി നിർത്തി ട്രംപ് തന്നെ സ്വയം രംഗത്ത് വരുമോ എന്ന് ചോദിച്ചാണ്. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച പ്രസ്താവന ഇന്ത്യയിലെ പലരെയും വേദനിപ്പിച്ചിട്ടുണ്ട്. മോഡിയുടെ പ്രത്യയശാസ്ത്രവുമായി ജീവിക്കുന്ന ഒരാൾ പോലും ഗാന്ധിയെ രാഷ്ട്രപിതാവായി കണക്കാക്കുന്നില്ലെന്നത് ഒരു വലിയ സത്യമാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഹിന്ദുരാഷ്ട്രം ആണ്. എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ രൂപം കൊണ്ട ഈ രാഷ്ട്രത്തിന്റെ പിതാവായി ഗാന്ധി എങ്ങനെയാണ് മാറുകയെന്നതാണ് അവരുടെ ചോദ്യം രാഷ്ട്രപിതാവായി ഗാന്ധി പരിഗണിക്കപ്പെടുകയെന്നത് ദേശീയതയുമായി ചേർന്നു നിൽക്കുന്ന ആശയം കൂടിയാണ്. രാഷ്ട്ര നിർമിതിയിൽ പങ്കുള്ള ഏതൊരാളും ഐക്യത്തിന്റെ പ്രതീകമായി ഗാന്ധിയെ തന്നെയാണ് കണക്കാക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് മത-ജാതി, ദേശ-ഭാഷ വൈജാത്യങ്ങൾ നിലനിന്നിരുന്ന ഇന്ത്യയെ ഒരൊറ്റ ചരടിൽ കോർത്തിണക്കുന്നതിൽ ഗാന്ധിക്കുള്ള പങ്ക് നിസ്തുലമാണെന്ന് സമ്മതിക്കുന്ന വരാണ് ഭൂരിപക്ഷവും. മുസ്ലിം ലീഗിലെ പല അണികളും ഗാന്ധിയെ കണ്ടിരുന്നത് ഒരു ഹിന്ദു നേതാവായും ഹിന്ദു വർഗീയ ശക്തികൾ മഹാത്മാവിനെ കണ്ടിരുന്നത് മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന വ്യക്തി എന്ന നിലക്കും ആയിരുന്നു. ഗാന്ധിയുടെയും മറ്റു നേതാക്കളുടെയും വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ മൂലം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ പുതിയ ആദർശങ്ങൾ കൊണ്ട് പ്രബുദ്ധമായ ഒരു മഹത്തായ രാഷ്ട്രമായി ഇന്ത്യ മാറി തീർന്നു. ഭഗത് സിംഗ്, അംബേദ്കർ, നെഹ്റു, പട്ടേൽ തുടങ്ങിയവർക്കെല്ലാം ഈ ലക്ഷ്യ പൂർത്തീകരണത്തിൽ ചെറുതല്ലാത്ത പങ്കുണ്ട്. സാമ്രാജ്യത്വ വിരുദ്ധത എന്ന പ്രഥമ താല്പര്യത്തെ മുൻനിർത്തി ഭഗത് സിംഗ് പോലുള്ള വ്യക്തിത്വങ്ങൾ കത്തിച്ചുവച്ച സമരങ്ങൾ ഏറ്റെടുത്ത് ബഹുജന പങ്കാളിത്തത്തോടെയുള്ള സമരമാക്കി മാറ്റിയതിൽ ഗാന്ധിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഗാന്ധിയുടെ ഈ നേതൃത്വപരമായ പങ്ക് അംഗീകരിച്ചുകൊണ്ടാണ് 1944 ജൂലൈ ആറിന് സുഭാഷ് ചന്ദ്ര ബോസ് സിംഗപ്പൂർ റേഡിയോയിൽ നടത്തിയ പ്രസംഗത്തിൽ ഗാന്ധിയെ രാഷ്ട്രപിതാവായി അഭിസംബോധന ചെയ്ത് അദ്ദേഹത്തിൻറെ അനുഗ്രഹാശിസ്സുകൾ അഭ്യർത്ഥിക്കുന്നത്. സമാനമായ കാരണം കൊണ്ട് തന്നെയാണ് 1947 ഏപ്രിൽ ആറിന് സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടു തലേന്ന് ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്യാൻ ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു തയ്യാറായത്. ഇതിനെക്കുറിച്ചൊന്നും ഒരക്ഷരം പോലും അറിയാതെയാണ് മോഡിയെ രാഷ്ട്രപിതാവായി കണക്കാക്കണം എന്ന് ട്രംപ് പറഞ്ഞത്. പല സംഘപരിവാര പ്രവർത്തകരും ഇതിനെ വലിയ ആഘോഷമാക്കി കരുതുന്നുണ്ടെങ്കിലും ട്രംപിന്റെ പരാമർശങ്ങൾ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് സുതരാം വ്യക്തമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter