മാപ്പിള ജീവിതത്തിന്റെ കീഴാള വായന

mappila bookനാട്ടിലെ ചെറിയ സ്‌കൂളുകളുടെ നേതൃത്വത്തില്‍ വരെ പ്രാദേശിക ചരിത്രവും സംസ്‌കാരവും ശേഖരിക്കുന്നതും അച്ചടിക്കുന്നതും ഇന്ന് ഒരു സാധാരണ സംഭവമാണ്. ചരിത്ര ഗവേഷണ രംഗത്തും സംസ്‌കാര പഠന മേഖലയിലും കാണുന്ന ഈ ആവേശം മാപ്പിള സംസ്‌കാര പഠനത്തിലും ഇന്ന് ഒരു പുതുമയല്ല. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം മാഷും തലമുറയും കാണിച്ചു തന്ന ഈ വഴിയില്‍ ശാസ്ത്രീയവും അക്കാദമികവുമായ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് അദ്ദേഹത്തിന്റെ മകനും ചരിത്രാധ്യാപകനുമായ ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ എഡിറ്റു ചെയ്ത 'മാപ്പിള കീഴാള പഠനങ്ങള്‍' എന്ന പുസ്തകത്തെ കാണാനാവുക. അറുന്നൂറിലധികം പുറങ്ങളിലായി 56 പേരുടെ ലേഖനങ്ങള്‍. കേരള മുസ്‌ലിം സംസ്‌കാരത്തെയും കീഴാള അടയാളങ്ങളെയും അന്വേഷിക്കാന്‍ ലേഖനങ്ങള്‍ മുതിരുന്നു. ആകെ മൂന്നു ഭാഗങ്ങള്‍. 'ചരിത്രം' ആണ് ഒന്നാം ഭാഗം. കേരളത്തിലെ മുസ്‌ലിം ആഗമനം മുതല്‍ വിവിധ മുദ്രകള്‍ വരെ വിശകലനം ചെയ്യുന്ന 19 ലേഖനങ്ങളാണ് ഈ ഭാഗത്തുള്ളത്. പ്രാദേശിക ചരിത്രത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്ന ഡോ.കെ.എന്‍ ഗണേശിന്റെ ലേഖനവും ബ്രിട്ടീഷ് കാലഘട്ടത്തില്‍ അന്തമാനിലേക്ക് മാപ്പിളമാരെ നാടുകടത്തിയതിന്റെ കൊളോനിയല്‍ യുക്തിയന്വേഷിക്കുന്ന അനീസുദ്ദീന്‍ അഹ്മദിന്റെ ലേഖനവും ഈ ഭാഗത്ത് എടുത്തു പറയേണ്ടവയാണ്. ഔപചാരിക ചരിത്രത്തിന്റെ രൂപങ്ങളില്‍ നിന്ന് പ്രാദേശിക ചരിത്രപഠനവും രചനയും എങ്ങനെ വേര്‍പിരിയുന്നുവെന്ന് പരിശോധിക്കുന്ന കെ.എന്‍ ഗണേശ്, പ്രാദേശിക ചരിത്രരചനയിലെ പ്രമാണങ്ങളെയും പഠനമേഖലകളെയും കുറിച്ച് വിശദീകരിക്കുന്നു. പ്രാദേശിക ചരിത്രപഠനത്തിനുള്ള ഒരു മാതൃകയായി തിരൂരങ്ങാടിയുടെ ചരിത്രപഠനത്തെ സംബന്ധിച്ച് നടന്ന പഠനത്തിന്റെ വിവിധ ഘട്ടങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നു. അന്തമാന്‍ നാടുകടത്തല്‍ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടീഷ് ബഹുമുഖ താത്പര്യങ്ങളായിരുന്നുവെന്നാണ് അനീസുദ്ദീന്‍ അഹ്മദ് പറയുന്നത്. മലബാറില്‍ നടന്ന കോളനിവിരുദ്ധ പോരാട്ടങ്ങളുടെ ബഹുത്വത്തെ പരിശോധിക്കാതെ പോകുന്ന ചരിത്ര പഠനങ്ങളില്‍ നിന്ന് ഈ ലേഖനം വേറിട്ടു നില്‍ക്കുന്നു. രണ്ടാം ഭാഗത്ത് കലയും സാഹിത്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ് നല്‍കിയിരിക്കുന്നത്. കോളനികാല സാഹിത്യത്തിലെ മാപ്പിള പ്രതിനിധാനം ചര്‍ച്ച ചെയ്യുന്ന ഡോ.ഉമര്‍ തറമേലിന്റെ ലേഖനവും നാടോടി കലകളുടെ മാപ്പിള ഭാഷ്യങ്ങള്‍ പരിശോധിക്കുന്ന ഡോ.എ നുജൂമിന്റെ ലേഖനവും ഈ ഭാഗത്തെ ശ്രദ്ധേയ രചനകളാണ്. പ്രാന്തവത്കരിക്കപ്പെട്ട സാഹിത്യ കലാ രൂപങ്ങള്‍ കേന്ദ്രീകൃതമായ അധികാര വ്യവസ്ഥയോട് പോരടിച്ചു കൊണ്ട് നിലനിന്ന രീതിയെങ്ങനെയെന്ന് മലബാറിലെ കോളനികാലഘട്ടത്തിലെ മാപ്പിള വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി ഉമര്‍ തറമേല്‍ പരിശോധിക്കുന്നു. കോളനി വിരുദ്ധ സാഹിത്യം എന്ന നിലയില്‍ തന്നെ വിവിധ മാപ്പിളപ്പാട്ടുകളെ അദ്ദേഹം വിലയിരുത്തുന്നുണ്ട്. മാപ്പിള കലകള്‍ എന്ന വേര്‍തിരിവ് സാമൂഹ്യ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ദഫും അറബനയുമെല്ലാം ഇസ്‌ലാം വരുന്നതിനു മുമ്പുതന്നെ അറബികള്‍ വഴിയും മറ്റും ഇവിടെ എത്തിയിരുന്നുവെന്നും നുജൂം തന്റെ ലേഖനത്തില്‍ പറയുന്നു. മൗലിദ്, വയള്, കളരി, വട്ടപ്പാട്ട്, ഒപ്പന, കോല്‍ക്കളി തുടങ്ങിയ വിവിധ കലകളുടെ മാപ്പിളനാടോടി ഭാഷ്യം അദ്ദേഹം വിവരിക്കുന്നു. 'സമൂഹം, സംസ്‌കാരം' എന്നു തലക്കെട്ടുള്ള മൂന്നാം ഭാഗത്ത് 19 ലേഖനങ്ങളാണുള്ളത്. ഇതില്‍, 'പയ്യന്നൂര്‍പാട്ടും ഉത്തരകേരളത്തിലെ ഉത്പാദന വിതരണ വ്യവസ്ഥയും' എന്ന ഡോ. കെ.പി രാജേഷിന്റെയും 'കടല്‍കോടതികള്‍' എന്ന ഡോ.രാംദാസ് പി. യുടെയും 'ദലിത് മതാരോഹണത്തിന്റെ കീഴാള പരിപ്രേക്ഷ്യം' എന്ന മുഹമ്മദ് അസ്‌ലം ഇ.എസിന്റെയും ലേഖനങ്ങള്‍ മലബാറിലെ കീഴാള ജനതയുടെ ജ്ഞാനിര്‍മിതിയുടെയും സംസ്‌കാര വ്യവഹാരങ്ങളുടെയും മണ്ഡലത്തെ സമീപിക്കാന്‍ സഹായിക്കുന്ന ലേഖനങ്ങളാണ്. പയ്യന്നൂര്‍പാട്ട് പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യപശ്ചാത്തലത്തെ വിശദമാക്കാന്‍ കെ.പി രാജേഷ് ശ്രമിക്കുന്നു. മധ്യകാല ഉത്തര കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂമിശാസ്ത്രത്തിലേക്ക് വെളിച്ചം പകരുന്നതാണ് പയ്യന്നൂര്‍പാട്ടിലെ കെട്ടുകഥയില്‍ പരാമര്‍ശിക്കുന്ന വ്യത്യസ്ത സാമൂഹ്യ വ്യവഹാര സൂചകങ്ങള്‍. മലബാര്‍ തീരത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കാണപ്പെട്ടിരുന്ന കടല്‍കോടതികള്‍ എന്നറിയപ്പെടുന്ന ഒരു പരമ്പരാഗത സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ അന്വേഷിക്കുകയാണ് രാംദാസ് പി. തര്‍ക്ക പരിഹാരത്തിന്റെയും വിഭവ നിര്‍വഹണത്തിന്റെയും സമ്പ്രദായമായി ആരംഭിച്ച കടല്‍കോടതികള്‍ പിന്നീട് അതിജീവിക്കാന്‍ കഴിയാതെ പരാജയപ്പെടുന്നതിനെയും പ്രഹസനമായി പുനര്‍ജനിക്കുന്നതിനെയും കുറിച്ച് ലേഖകന്‍ പറയുന്നുണ്ട്. മലബാറില്‍ ദലിതുകളുടെ ഇസ്‌ലാമിലേക്കുള്ള മതാരോഹണത്തെ ഹിന്ദു-മുസ്‌ലിം എന്ന ദ്വന്ദ്വത്തെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തുന്നതിനപ്പുറം ജന്‍മി-കൊളോനിയല്‍ വിരുദ്ധ സമരങ്ങളെ മുന്‍നിര്‍ത്തി വായിക്കുകയാണ് മുഹമ്മദ് അസ്‌ലം ഇ.എസ്. ദലിതുകളുടെ വിമോചനശ്രമമായ മതാരോഹണത്തെ കേരള നവോഥാനത്തിന്റെ ആണിക്കല്ലായി പരിഗണിക്കണമെന്ന് അദ്ദേഹം പറയുന്നു. കെ.എന്‍ പണിക്കരുമായും കെ.ഇ.എന്നുമായും പി.പി ഷാനവാസ് നടത്തിയ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ അവസാന ഭാഗം. മലബാറിലെ കോളനി വിരുദ്ധ സമരങ്ങള്‍, വ്യവഹാരങ്ങള്‍, വ്യക്തികള്‍, കൊളോനിയല്‍ ആധുനികത, ഫാസിസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു ഈ സംഭാഷണങ്ങളില്‍. മലബാര്‍ പഠനങ്ങളില്‍, വിശേഷിച്ച് മാപ്പിള പഠനങ്ങളില്‍ കീഴാള പരിപ്രേക്ഷ്യത്തില്‍ നടക്കുന്ന അക്കാദമിക ഗവേഷണങ്ങളിലെ മികച്ച സംഭാവനകളിലൊന്നായി ഈ പുസ്തകത്തെ വിലയിരുത്താം. അതേസമയം തന്നെ, വിഷയങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഒന്നുംകൂടി ശാസ്ത്രീയമാകാമായിരുന്നു എന്ന് ആകെക്കൂടി നോക്കുമ്പോള്‍ തോന്നുന്നു. മോയിന്‍കുട്ടി വൈദ്യരെ കുറിച്ചുള്ള കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ ലേഖനവും പാറോല്‍ ഹുസൈന്‍ മൗലവിയെ കുറിച്ചുള്ള റസാഖ് പയമ്പ്രോട്ടിന്റെ ലേഖനവും ഉള്‍പ്പടെയുള്ള ചില ലേഖനങ്ങള്‍ 'ചരിത്രം' എന്ന ഒന്നാം വിഭാഗത്തില്‍ വരുന്നതിനെക്കാള്‍ മറ്റു നല്ലമാര്‍ഗം തിരഞ്ഞെടുക്കാമായിരുന്നു. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിന്റെയും വചനം ബുക്‌സിന്റെയും സംയുക്ത സംരഭമാണീ പുസ്തകം. മാപ്പിള കീഴാള പഠനങ്ങള്‍ എഡിറ്റര്‍: ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ വചനം ബുക്‌സ് 550.00/ പേജ്: 538

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter