മക്തൂബ് - 13 വെളിപാടും ദിവ്യബോധനവും

എന്‍റെ സഹോദരന്‍ ശംസുദ്ധീന്‍,

അല്ലാഹു തന്‍റെ ഗോപ്യമായ വൃത്താന്തളാല്‍  താങ്കളെ പ്രതാപപ്പെടുത്തട്ടെ. 

കശ്ഫ് എന്നാല്‍ മറ നീക്കലാണ്. മുമ്പ് മനസ്സിലാകാതെ പോയ പലതും കശ്ഫ് സ്വീകരിച്ചവന്‍ മനസ്സിലാക്കുന്നു. അല്ലാഹു പറയുന്നു: പിന്നീട് നിനക്ക് മുമ്പിലുള്ള മറ നാം നീക്കി ( സൂറ ഖാഫ്-22 )

പരിശുദ്ധനും പരമോന്നതനുമായ അല്ലാഹുവിന്‍റെ പൂര്‍ണ്ണ സൗന്ദര്യത്തെ മനസ്സിലാക്കുവാന്‍ ഒരടിമക്ക് മുമ്പിലുണ്ടാകുന്ന തടസ്സത്തെയാണ് മറ എന്ന് പറയപ്പെടുന്നത്. ഒരു പാട് തടസ്സങ്ങളുണ്ട്. ഉദാഹരണത്തിന് ഇഹലോകം, പരലോകം. 
സൂഫികള്‍ പറയുന്നു: മൊത്തം 18 ലോകങ്ങളുണ്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ 80 എണ്ണമെന്നും കാണാം. ഇവയെല്ലാം മനുഷ്യന്‍റെ അകത്ത് തന്നെയുണ്ട്. കശ്ഫ് സംഭവിക്കുമ്പോള്‍ ഓരോ ലോകത്തിനും അനുസൃതമായൊരു അകക്കണ്ണിലൂടെ അവന്‍  നോക്കുന്നു. ഇവയെല്ലാം രണ്ട് ലോകങ്ങളില്‍ നിക്ഷിപ്തമാണ്. തമസ്സും ജ്യോതിസും അല്ലെങ്കില്‍ ഭൗതികലോകവും അഭൗതികലോകവും അല്ലെങ്കില്‍  ദൃശ്യവും അദൃശ്യവും അല്ലെങ്കില്‍ പാദാര്‍ത്ഥപ്രധാനമായതും ആത്മപ്രധാനമായും അല്ലെങ്കില്‍ ഇഹപരലോകങ്ങള്‍ എന്നെല്ലാം അവ വിളിക്കപ്പെടുന്നു. എല്ലാത്തിന്റെയും സാരം ഒന്ന് തന്നെ. 
ഭൗതികതയുടെ താഴ്ച്ചയില്‍ നിന്നും മതബോധത്തിന്‍റെ ഉന്നതിയിലേക്ക് നിശ്ചയ ദാര്‍ഢ്യത്തോടെ കേറാന്‍ ഒരു ആധ്യാത്മികസഞ്ചാരി ഉദ്ധേശിക്കുന്നു.  സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും ശരീഅതിന്‍റെ നിയമമനുസരിച്ച്, അകക്കാഴ്ച്ചയുള്ള ശൈഖിന്‍റ കൂടെ ത്വരീഖത്തില്‍ കാല്‍ എടുത്തു വെക്കുന്നു. അങ്ങനെ  തന്‍റെ പദവിക്കനുസരിച്ച് അവന്‍ കടന്ന് പോകുന്ന ഹിജാബുകളെക്കുറിച്ച് ഒരു അക്കാഴ്ച്ച  നല്‍കപ്പെടുന്നതാണ്. ആ പദവിയിലെ വ്യത്യസ്തമായ അവസ്ഥകള്‍ അതിലൂടെ അവന് കാണുന്നു.  ആദ്യം ബുദ്ധിയുടെ കണ്ണാണ് തുറക്കുക. മറ നീങ്ങുന്ന മുറക്ക് ബൗദ്ധികമായ സാരാംശങ്ങളുടെ കശ്ഫ് ലഭിക്കുന്നു. ചിന്താപരമായ കശ്ഫ് എന്ന് ഇത് പറയപ്പെടുന്നു. ഒരു സഞ്ചാരി ഇതിന്‍റെ മേല്‍ അമിതമായി അവലംബം കൊള്ളരുത്. ലക്ഷ്യത്തിലേക്ക് എത്തുന്നത് വരെ താല്‍കാലികമായി കണ്ടതുകൊണ്ട് മാത്രം അതിനെ ആശ്രയിക്കുന്നത് നല്ലതല്ല
ഹൃദയമേ, നീ കാണുന്നതെല്ലാം ലഭ്യമാകണമെന്നില്ല.
അധിക തത്വജ്ഞാനികള്‍ക്കും കാലിടറിയത് ഈ ഘട്ടത്തിലാണ്. ഇത് തന്നെയാണ് യഥാര്‍ത്ഥ ലക്ഷ്യപ്രാപ്തി എന്ന് അവര്‍ ധരിച്ചു. ബൗദ്ധികമായ കശ്ഫ് പിന്നിട്ടാല്‍ മാനസികമായ കശ്ഫിലേക്ക് എത്തിച്ചേരും. ഇത് കശ്ഫ് ശുഹൂദി എന്ന് വിളിക്കപ്പെടുന്നു. അതിന്‍റെ വിവിധ നൂറുകള്‍ അദ്ധേഹത്തിന്‍റെ മുമ്പില്‍ തെളിയുന്നു. പിന്നെ സിര്‍രിയായ കശ്ഫ് വെളിവാകുന്നു. ഇതാണ് ഇല്‍ഹാം അഥവാ ദിവ്യബോധനം. സൃഷ്ടിപ്പിന്‍റെ രഹസ്യങ്ങളും ഓരോ വസ്തുവിന്‍റെയും ഉണ്‍മയുടെ യുക്തിയും ഈയവസരത്തില്‍ തെളിഞ്ഞ് വരുന്നു. ഇതാണ് കവിയുടെ ഈ വാക്കിന്‍റെ താല്‍പര്യം

നിന്‍റെ പ്രണയം
എന്‍റെ ബോധ്യങ്ങളെ
കടന്നാക്രമിച്ചിരിക്കുന്നു.
നിന്നോടുള്ള പ്രിയം
എന്‍റെ ഉള്ളില്‍
ആണ്ട് പിടിച്ചിരിക്കുന്നു.
വിശുദ്ധരൊന്നും
കണ്ടിട്ടില്ലാത്ത
സിര്‍റുകളിലേക്ക്
അതെന്നെ
കൊണ്ടെത്തിച്ചിരിക്കുന്നു.

Read More: മക്തൂബ് - 12 പ്രകാശ പ്രസരണങ്ങളുടെ വിവിധ തലങ്ങള്‍

പിന്നെയാണ് ആത്മാവിന്‍റെ കശ്ഫുകള്‍ തെളിയുന്നത്. കശ്ഫ് റൂഹി എന്ന് ഇത് വിളിക്കപ്പെടുന്നു. ഈ പദവി വരിക്കുന്ന ആത്മജ്ഞാനി സ്വര്‍ഗനരകങ്ങളെയും മലക്കുകളെയും കാണുന്നു. അവരോട് സംസാരിക്കാനും അവര്‍ പറയുന്നത് കേള്‍ക്കാനും സാധ്യമാകുന്നു. ആത്മാവ് വീണ്ടും തെളിമ പ്രാപിക്കുകയും ഉടലിന്‍റെ മാലിന്യങ്ങളില്‍ നിന്നും ശുദ്ധമാവുകയും ചെയ്താല്‍ അനന്തമായ ലോകം അവിടെ തെളിഞ്ഞുവരുന്നു. അനന്തതയുടെ മേഖലയിലേക്ക് അദ്ധേഹത്തിന്‍റെ കണ്ണുകള്‍ പതിയുന്നു. സ്ഥല കാല മറകള്‍ ഉയര്‍ന്ന് പോകുന്നു. ഗതകാല സംഭവങ്ങളും ഭാവി കാര്യങ്ങളും വര്‍ത്തമാനകാലത്ത് നിന്ന് കൊണ്ട് തന്നെ മനസ്സിലാക്കാനാവുന്നു. നഗ്നനേത്രങ്ങളെ കൊണ്ട് അവന്‍ എല്ലാം കാണുന്നു. ചിലര്‍ സൃഷ്ടിപ്പിന്‍റെ തുടക്കവും അതിന്‍റെ വിവിധ ഘട്ടങ്ങള്‍ വരെയും കാണുന്നു. ഹാരിസ (റ) പറഞ്ഞപോലെ, പരസ്പരം കണ്ടുമുട്ടുന്ന സ്വര്‍ഗവാസികളെ ഞാന്‍ കാണുന്നു, അട്ടഹസിച്ചുകൊണ്ട് നടക്കുന്ന നരകവാസികളെയും.

ഭൗതികലോകത്തെ സ്ഥലകാലമാനങ്ങളുടെ മറ നീങ്ങിയാല്‍ അഭൗതികലോകത്തുള്ള സ്ഥലകാലങ്ങള്‍ തെളിയുകയും പാര്‍ശ്വങ്ങളുടെ മറ നീങ്ങുകയും ചെയ്യുന്നു. അന്നേരം മുന്‍ഭാഗമെന്നപോലെ പിന്‍ഭാഗത്തിലൂടെയും കാഴ്ച്ച സാധ്യമാവുന്നു. എന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും ഞാന്‍ നിങ്ങളെ കാണുന്നു എന്ന പുണ്ണ്യ നബിയുടെ വാക്ക് പോലെ.. .
ഈ സന്ദര്‍ഭത്തിലുണ്ടാവുന്നവയെ നാം കറാമത് എന്ന് പറയുന്നു. ഹൃദയങ്ങളിലുള്ളതും മറ്റു മറഞ്ഞ കാര്യങ്ങളും യഥാവിധം അറിയല്‍, തീ, വെള്ളം, വായു ഇവയിലൂടെ നടക്കല്‍, യാത്രാ ദൂരം കുറക്കാന്‍ വഴികള്‍ ചെറുതാവല്‍ തുടങ്ങിയവ. 
എന്നാല്‍ ഈ കറാമത്തുകള്‍ക്ക് വലിയ പരിഗണന ഇല്ല. കാരണം ദീനുള്ളവരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ഇതു സംഭവിക്കുന്നത് നാം കാണുന്നതാണല്ലോ. ഇബ്നു സ്വയ്യാദിനോട് നബി തങ്ങള്‍ ചോദിച്ചു: നീ എന്താണ് കാണുന്നത്?
ഇബ്നു സ്വയ്യാദ് പറഞ്ഞു: വെള്ളത്തിനുമീതെ ഒരു സിംഹാസനം ഞാന്‍ കാണുന്നു.
നബി പ്രതിവചിച്ചു: അത് ഇബ്‍ലീസിന്‍റെ സിംഹാസനമാണ്
ഇതു പോലുള്ളത് ഇബ്‍ലീസില്‍ നിന്ന് പോലും വെളിവാകും. മാത്രമല്ല ഒരാളെ വധിച്ചതിനു ശേഷം അയാള്‍ക്ക് ജീവന്‍ നല്‍കാന്‍ പോലും ഇബ്‍ലീസിനു സാധിക്കും. 

ദീനില്‍ പരിഗണിക്കപ്പെടുന്ന കറാമത്ത് ശരിയായ വിശ്വാസികളില്‍ നിന്നും ഉണ്ടാകുന്നത് മാത്രമാണ്. ആത്മാവിന്‍റെ കശ്ഫിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഗോപ്യമായ വെളിപെടലിലൂടെയാണ് ആ കറാമത് വെളിവാകുന്നത്. കാരണം വിശ്വാസിക്കും അവിശ്വാസിക്കും ആത്മാവ് ഉണ്ട്. എന്നാല്‍ ഗോപ്യമായ ഒരാത്മാവ് അല്ലാഹുവിന്‍റെ വിശേഷപ്പെട്ട അടിമകള്‍ക്ക്  മാത്രം ഉണ്ടാകുന്നതാണ്. ഇതാണ് സന്നിഹിതമായ ആത്മാവ്. അല്ലാഹുവിന്‍റെ വചനത്തിലുള്ള സൂചന ഇതാണ്, അവരുടെ ഹൃദയങ്ങളില്‍ വിശ്വാസം മുദ്രണം ചെയ്യുകയും തന്നില്‍ നിന്നുള്ള ആത്മാവ് കൊണ്ടവരെ ശകതരാക്കുകയും ചെയ്തിരിക്കും (മുജാദല 22)
തന്‍റെ പ്രിയപ്പെട്ട പ്രവാചകനെക്കുറിച്ചുള്ള അല്ലാഹുവിന്‍റെ വചനം ഇപ്രകാരമാണ്, മുന്‍പ്രവാചകര്‍ക്കെന്ന പോലെ താങ്കള്‍ക്ക് നമ്മുടെ കല്‍പ്പനകളില്‍ നിന്നുള്ള ചൈതന്യവത്തായ ഖുര്‍ആന്‍ നാം ബോധനം നല്‍കിയിരിക്കുന്നു. വേദമോ സത്യവിശ്വാസമോ എന്താണെന്ന് താങ്കള്‍ക്ക് അറിയുമായിരുന്നില്ല. എങ്കിലും അതിനെ നമ്മുടെ അടിമകളില്‍ നിന്ന് നാമുദ്ധേശിക്കുന്നവരെ സന്മാര്‍ഗ ദര്‍ശനം ചെയ്യുന്ന ഒരു പ്രകാശമാക്കി. നിശ്ചയമായും ഋജുവായ പന്ഥാവിലേക്ക് ആണ് താങ്കള്‍ മാര്‍ഗ ദര്‍ശനം നല്‍കുന്നത് (സൂറതു ശൂറാ - 52)
അഥവാ പ്രകാശത്താലുള്ള ഈ ആത്മാവിനെ നമ്മുടെ അടിമകളില്‍ നിന്നും ചലര്‍ക്ക് നാം നല്‍കുന്നു. അതിലൂടെ അവര്‍ അല്ലാഹുവിന്‍റെ വിശേഷണങ്ങളുടെ ലോകത്തേക്ക് എത്തിച്ചേരുന്നു. പേര്‍ഷ്യന്‍ ഉപമ ഇപ്രകാരമാണ്, റുസ്തുമിന്‍റെ ചരക്ക് റുസ്തുമിന്‍റെ സേനയേ ചുമക്കൂ.
ഈ ഗോപ്യമായ ആത്മാവ് രണ്ടു ലോകങ്ങള്‍ക്കിടയിലുള്ള - അല്ലാഹുവിന്‍റെ വിശേഷണങ്ങളുടെയും ആത്മാക്കളുടെയും - മധ്യവര്‍ത്തിയാണ്. അങ്ങനെ ഹൃദയം അല്ലാഹുവില്‍ നിന്നും വരുന്ന കശ്ഫുകളെ സ്വീകരിക്കുന്നു. അവയുടെ വെളിച്ചം ആത്മാക്കളുടെ ലോകത്തും പ്രതിഫലിക്കുന്നു. അല്ലാഹുവിന്‍റെ സ്വഭാവം സ്വീകരിക്കുവിന്‍ എന്ന പ്രവാചകവാക്കിന്‍റെ മഹത്വം ആ ലോകം നേടുന്നു. 
ഇതാണ് വിശേഷണങ്ങളുടെ കശ്ഫ്. ഈ ഘട്ടത്തില്‍ അല്ലാഹുവിന്‍റെ അറിവിന്‍റെ വിശേഷണം ആത്മീയസഞ്ചാരിക്ക് വെളിവായാല്‍ അവന് ലദുനിയായ (ദൈവദത്തമായ) അറിവ് നേടാനാവുന്നു. കേള്‍വിയുടെ വിശേഷണം തെളിഞ്ഞാല്‍ അല്ലാഹുവിന്‍റെ സംസാരവും അഭിമുഖ സംഭാഷണവും അദ്ധേഹത്തിനു കേള്ക്കാനാവുന്നു.

Read More: മക്തൂബ്-11 സിദ്ധീഖീങ്ങളുടെ അവസ്ഥാന്തരങ്ങൾ

അല്ലാഹുവിന്‍റെ കാഴ്ച്ചയുടെ വിശേഷണം തെളിഞ്ഞാല്‍ ദൈവികര്‍ശനം അദ്ധേഹത്തിന് സാധ്യമാകുന്നു. അല്ലാഹുവിന്‍റെ സൗന്ദര്യവിശേഷണങ്ങള്‍ തെളിഞ്ഞാല്‍ ഇലാഹീ സന്നിധാനത്തിന്‍റെ ജമാല്‍ ദര്‍ശിക്കാനുള്ള  ഭാഗ്യമുണ്ടാകുന്നു. ദിവ്വ്യപ്രഭാവത്തിന്‍റെ (ജലാല്‍) വിശേഷണം തെളിഞ്ഞാല്‍ യഥാര്‍ത്ഥ ഫനാ സാധ്യമാകുന്നു. ഖയ്യൂമിയ്യതിന്‍റെ വിശേഷണം തെളിഞാല്‍ യഥാര്‍ത്ഥ ബഖാ അദ്ധേഹത്തെ തേടിയെത്തുന്നു.  ഏകത്വത്തിന്‍റെ വിശേഷണം തെളിഞാല്‍ അദ്ദേഹം ഒറ്റയാവുന്നു. ബാക്കിയുള്ള വിശേഷണങ്ങളെല്ലാം ഇതുമായി തുലനം ചെയ്യൂ. 
ഈ അവസ്ഥയെ കുറിച്ചാണ് ചിലര്‍ പരഞ്ഞത്

നിന്നോടുള്ള
പ്രണയം 
എന്‍റെ സങ്കേതമാവുമ്പോള്‍
എല്ലാ ലോകങ്ങളുടെയും
സിര്‍റുകള്‍
എന്‍റെ ഉള്ളില്‍ തെളിയും.

അവിടെ
എന്‍റെ പാദം പതിഞ്ഞതു മുതല്‍
എന്‍റെ തേട്ടങ്ങളെല്ലാം
ഞാന്‍ നേടി.

എന്‍റെ സഹോദരാ,

ഇവിടെ കാര്യങ്ങള്‍ക്ക് കാരണങ്ങള്‍ ആവശ്യമില്ല. അത്കൊണ്ട് തന്നെ ഇവിടെ നിരാശയും വിഷമവും അനുവദനീയമല്ല. അല്ലാഹുവിന്‍റെ കാരുണ്യം പെയ്തിറങ്ങുന്നത് ഏറ്റവും നിന്ദ്യനും നിസ്സാരക്കാരനുമായ ആളുടെ മേല്‍ ആവാം.  അധകൃതനെ ഉന്നതസ്ഥാനീയനാക്കി അത് ഉയര്‍ത്തിയേക്കാം. 
ഒരു ഖദ്റിന്‍റെ രാവില്‍ ജിബ്രീല്‍ (അ)നോട് ഇപ്രകാരം പറയപ്പെട്ടു: ഈ രാവില്‍ ഭൂനിവാസികളിലേക്ക് നോക്കൂ. ജിബ്രീല്‍ (അ) നോക്കിയപ്പോള്‍ ബിംബാരാധകനായ ഒരു വയോധികനല്ലാത്ത മുഴുവന്‍ പേരും ഉറങ്ങുന്നതായി അദ്ധേഹം കണ്ടു. വയോധികനായ ആ ബിംബാരാധകന്‍ പണിപെട്ടുകൊണ്ടു തന്‍റെ ആരാധ്യവസ്തുവിനോട് സഹായം തേടുകയായിരുന്നു. ഇതു കണ്ട ജിബ്രീല്‍(അ) പറഞ്ഞു: എനിക്ക് സമ്മതം തന്നാല്‍ എന്‍റ അധികാരം ഉപയോഗിച്ചു ഇദ്ധേഹത്തെ ഇല്ലാതാക്കി ഭൂമിയെ ശുദ്ധമാക്കും.
ഉടനെ ഒരു വിളിയാളം വന്നു, ഓ ജിബ്രീല്‍, അവന്‍ എന്നെ ദൈവമാക്കി മനസ്സിലാക്കിയില്ലെങ്കിലും അവനെ അടിമയാക്കി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
മറ്റൊരു ഖദ്റിന്‍റെ രാവില്‍ ജിബ്രീല്‍(അ)നോട് പറയപ്പെട്ടു: ആരെല്ലാമാണ് ഉറങ്ങുന്നതെന്നും ആരെല്ലാമാണ് ഉണര്‍ന്നിരിക്കുന്നതെന്നും ചെന്ന് നോക്കൂ. ഉടനെ ജിബ്രീല്‍ (അ) സൃഷ്ടികളിലേക്കു നോക്കിയപ്പോള്‍ പള്ളി മിഹ്റാബില്‍ ഒറ്റക്കാലില്‍ നിന്ന് കൊണ്ട് താഴ്മയോടെയും ഭയഭക്തിയോടെയും പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുന്ന ഒരാളെ കണ്ടു. ഉടനെ ജിബ്രീല്‍(അ)നോട് പറയപ്പെട്ടു; അന്ന് ബിംബത്തിന്‍റെ മുമ്പില്‍ കണ്ട വ്യക്തിയാണിത്. പണ്ട് നമ്മില്‍ നിന്നും വിദൂരത്തായിരുന്നുവെങ്കിലും ഇന്ന് നമ്മുടെ ഹബീബും അടുത്ത ആളുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter