കായികാഭ്യാസത്തിന്റെ ഇസ്‌ലാമിക പക്ഷം
വ്യക്തി പ്രാധാന്യങ്ങളുടെ ഉരക്കല്ലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരവേദിയുമെല്ലാം ആയി മാറിയിരിക്കുകയാണിന്ന് കായികാഭ്യാസം. ചിലര്‍ സ്വന്തം പ്രകൃതം ലളിതമായ അര്‍ത്ഥത്തില്‍ അഭ്യാസ യോഗ്യമെന്ന് പറഞ്ഞ് അഭിമാനിക്കാറുണ്ട്. ഇത് അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഗുണകരം തന്നെ. പക്ഷേ, ഇന്ന് പലരും സമയത്തെ കച്ചവടവത്കരിച്ചതിന്റെ പേരില്‍ മാത്രം അഭ്യാസിയെന്ന് വിളിക്കപ്പെടുന്നു. പലപ്പോഴും സ്വന്തം അധ്വാനത്തോടോ സഹകായികാഭ്യാസികളുടെ നേട്ടങ്ങളോടോ പൊരുത്തപ്പെടാത്ത ചില്ലറ കാശുകള്‍ക്ക് വേണ്ടി മാത്രം. ഒരു അഭ്യാസിയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും പ്രതികൂലമാണ് എന്നുതന്നെ പറയാം. പല രാഷ്ട്രങ്ങളും ഇന്ന് യുവാക്കളുടെ ശക്തിയെ ലക്ഷ്യം വെച്ച് മാത്രം വിവിധ പദ്ധതികളും ആസൂത്രണങ്ങളും വളര്‍ത്തിയെടുത്തിട്ടുണ്ട്. യുവശക്തിയുടെ സമ്പൂര്‍ണ പ്രകാശനത്തിനവര്‍ അഭ്യാസത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം രാഷ്ട്രങ്ങളില്‍ ഒരു ഭീമന്‍ വ്യവസായമായി ആയോധന കല വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഇത് ഈ കലയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായൊരു പ്രതിഭാസം തന്നെ. പക്ഷേ, പല രാഷ്ട്രങ്ങളിലും ഈ കല യുവശക്തിയുടെ കേവല ദുരുപയോഗ മാര്‍ഗമായി മാറിയിട്ടുണ്ട് എന്നത് കാണാതിരുന്നു കൂടാ. വൈജ്ഞാനിക നേട്ടങ്ങളെയൊക്കെ നിരാകരിച്ച് വെറും അലംഭാവവും ആഘോഷങ്ങളും മാത്രം അറിയുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ച് വിടുകയാണ് അത്തരം രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് പോലും മുഖ്യധാരാ സമൂഹങ്ങളോട് അനുകരിക്കാന്‍ വേണ്ടി മാത്രം ഈയിനത്തില്‍ ഭീമമായ ചെലവുകള്‍ നടത്തേണ്ടിവരുന്നുണ്ടത്രെ. ദരിദ്ര രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഫാക്ടറികള്‍ തുടങ്ങിയവയെല്ലാം ഗവണ്‍മെന്റിന്റെ കാരുണ്യം കാത്തിരിക്കുമ്പോഴും കോടികള്‍ തന്നെ കായികാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്നുവെന്നത് അത്ഭുതാവഹമാണ്. ഇവര്‍ ചെയ്യുന്നതെന്തായാലും നമ്മുടെ മുന്നില്‍ എല്ലാറ്റിന്റെയും മാനദണ്ഡമായി നിലനില്‍ക്കുന്നത് ഇസ്‌ലാം മാത്രമാണ്. ഈ അഭേദ്യമായ വ്യവസ്ഥ മുസ്‌ലിം പണ്ഡിതന്മാര്‍ക്കെന്നതിലുപരി എല്ലാ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും മുസ്‌ലിം വ്യക്തികള്‍ക്കും ബാധകമാണ്. വ്യായാമം എന്നാല്‍ ശക്തിയുടെ പര്യായമാണ്. അതുകൊണ്ട് തന്നെ ആളുകളിന്ന് വ്യായാമത്തില്‍ നിന്ന് തുടങ്ങി കായിക താരങ്ങളായി വളരാന്‍ സര്‍വത്ര ശ്രമിച്ചുകൊണ്ടിരിക്കുന്നു. താരശോഭയില്‍ നിന്നവര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. യുവത്വഘട്ടമെന്നത് ശക്തിപ്രസരണത്തിന്റേത് എന്ന പോലെ ശക്തിയുടെ ദുരുപയോഗത്തിന്റെ കൂടി ഘട്ടമാണ്. ശരിയായ ദിശാബോധം ലഭിക്കാത്തതിനാല്‍ മാത്രം എത്ര യുവത്വങ്ങളാണ് അക്രമാസക്തവും വിനാശകരവുമായി മാറുന്നത്. ജപ്പാനിലെ കായിക പദ്ധതികള്‍ പരിശോധിക്കുക. വിനോദങ്ങളിലുപരി അവയെല്ലാം വ്യായാമമുറകള്‍ കൂടിയാണ്. ഇതിലൂടെ ഫലപ്രദവും ഉപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ പരിശീലിപ്പിച്ചെടുക്കുന്നു. ജപ്പാനിന്റെ അസൂയാവഹമായ വളര്‍ച്ചക്കു പിന്നിലെ ഒരു പ്രധാന ഘടകവും ഇതുതന്നെയാണ്. അതേസമയം, ചില തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ കായിക മേഖലയെ ദുരുപയോഗം ചെയ്യുന്നതായും കാണാം. യുവശക്തിയുടെ ഉപരിപ്ലവ പ്രകാശനത്തിലൂടെ രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ വരെ കായിക മേഖല അവിടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ടത്രെ. പാശ്ചാത്യ സംസ്‌കാരവും ഇസ്‌ലാമിക സംസ്‌കൃതിയും കായികാഭ്യാസത്തെ വീക്ഷിക്കുന്നത് ശക്തി സംഭരണത്തിലേക്കുള്ള ഒരു കവാടമായിട്ടാണ്. പക്ഷേ, ഇസ്‌ലാമിനും പാശ്ചാത്യ സംസ്‌കാരത്തിനും ഇടയില്‍ മാര്‍ഗത്തിന്റെയും ലക്ഷ്യത്തിന്റെയും കാര്യത്തില്‍ വളരെയധികം അന്തരമുണ്ട്. മാര്‍ഗത്തിലെ അന്തരം വിശ്വപണ്ഡിതനായ അബുല്‍ ഹസന്‍ നദ്‌വി മാദാ ഖസ്വിറല്‍ ആലം ബിന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ എന്ന തന്റെ വിശ്വവിഖ്യാതമായ ഗ്രന്ഥത്തില്‍ പറയുന്നു: കായിക പ്രേമത്തിലും ശരീരാരാധനയിലും ആത്മിക നിരാകരണത്തിലും ആധുനിക പാശ്ചാത്യ സംസ്‌കാരം ഗ്രീക്ക് സംസ്‌കാരത്തിന്റെ സന്തതിയാണ്. അഭ്യാസം ഉപയോഗിച്ച് മനുഷ്യ ശക്തിയെ ചോര്‍ത്തിക്കളയുന്ന രീതിയിലേക്കവര്‍ തരം താഴ്ന്നിരിക്കുന്നു. അതിനവര്‍ നഗ്നതാ പ്രദര്‍ശനവും നിരോധിത ഉത്തേജക മരുന്നുകളും ഉപയോഗപ്പെടുത്തുക കൂടി ചെയ്യുന്നു. അവരുടെയടുത്ത് മൂല്യങ്ങള്‍ക്ക് എന്തു വില? അവര്‍ക്ക് മുഖ്യം വിജയം മാത്രം; മാര്‍ഗം എന്തുമാകട്ടെ. ഫലമോ, പാശ്ചാത്യ സംസ്‌കാരം പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു. എന്നാല്‍, ഇസ്‌ലാം ലക്ഷ്യങ്ങളില്‍ എന്ന പോലെ മാര്‍ഗത്തിലും സംശുദ്ധവും പരിപാവനവുമാണ്. കാരണം മറ്റൊന്നുമല്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്ന തത്വത്തെ ഇസ്‌ലാം പാടെ തള്ളിപ്പറയുകയും 'മനുഷ്യരേ, അല്ലാഹു സംശുദ്ധനാണ്; സംശുദ്ധമായതിനെ അല്ലാതെ അവന്‍ സ്വീകരിക്കുകയില്ല' (ഹദീസ്- മുസ്‌ലിം) എന്ന തത്വം സ്വീകരിക്കുകയും ചെയ്തു. ലക്ഷ്യങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിക അഭിവീക്ഷണം അറിയണമെങ്കില്‍ പേര്‍ഷ്യന്‍ സൈനിക കമാന്‍ഡര്‍ റുസ്തുമിനെ കാണാന്‍ പോയ മുസ്‌ലിം സൈന്യത്തിന്റെ പ്രതിനിധി റിബ്ഇയ്യിബ്‌നു ആമിറിന്റെ വാക്കുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി: 'ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് മനുഷ്യാടിമത്തത്തില്‍ നിന്നും ഭൗതിക ലോകത്തിന്റെ സങ്കുചിത മനോഭാവത്തില്‍ നിന്നും മനുഷ്യരെ ഇഹലോകത്തിന്റെയും പരലോകത്തിന്റെയും വിശാലതയിലേക്ക് കൈപ്പിടിച്ച് ഉയര്‍ത്താന്‍ വേണ്ടിയാണ്.' ഇസ്‌ലാം കായികാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത് മനുഷ്യന്റെ ഘടനയുമായും ഉത്തരവാദിത്വങ്ങളുമായും ബന്ധപ്പെട്ട പല കാരണങ്ങളാലാണ്. ശരീരഘടനയെ സ്പര്‍ശിച്ച് പ്രവാചകന്‍ പറഞ്ഞത് കാണുക: 'നിനക്ക് നിന്റെ ശരീരത്തോട് പല ബാധ്യതകളുമുണ്ട്' (ബുഖാരി). ഇതുപോലെ ഇസ്‌ലാം ലക്ഷ്യബോധത്തോടെയുള്ള അഭ്യാസത്തെ ശരീരത്തിന് കിട്ടേണ്ട അവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ശരീരത്തെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനുമുള്ളൊരു വഴിയായി അഭ്യാസത്തെ കാണുന്നു ഇസ്‌ലാം. മാനുഷിക ധര്‍മങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തി അല്ലാഹു പറയുന്നത് കാണുക: 'മനുഷ്യരിലെ ചിലരെ കൊണ്ട് ചിലരെ അല്ലാഹു തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ ഭൂമി എന്നോ നശിക്കുമായിരുന്നു.' (അല്‍ ബഖറ: 251) ശക്തി അധികാരത്തിന്റെ ഉറവിടമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ഒരു ലോകത്ത് മുസ്‌ലിംകള്‍ ആദര്‍ശ വാഹകര്‍ മാത്രമായി മാറാതിരിക്കാന്‍ അല്ലാഹു പ്രഖ്യാപിച്ചു: 'നിങ്ങള്‍ അവര്‍ക്ക് (ശത്രുക്കള്‍ക്ക്) വേണ്ടി സംഭരിക്കുക; നിങ്ങള്‍ക്ക് കഴിയുന്ന ശക്തി മുഴുവന്‍' (അല്‍ അന്‍ഫാല്‍: 60) അതുപോലെത്തന്നെ വിശ്വാസീക്ഷേമത്തിന്റെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം മാനദണ്ഡമായി പ്രഖ്യാപിച്ചത് കേവല വിശ്വാസത്തെ മാത്രമല്ല. ഇസ്‌ലാം ഇതുകൂടി പറഞ്ഞുവെച്ചു: 'ശക്തിയുള്ള വിശ്വാസിയാണ് ഉത്തമന്‍. അവനത്രെ ബലഹീനനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവന്‍. പക്ഷേ, എല്ലാവരിലും അവരുടേതായ നന്മയുണ്ട്' (മുസ്‌ലിം). എന്നാല്‍, വിശ്വാസത്തിന് കരുത്ത് പകരാന്‍ വിവരമില്ലായ്മയുടെ അടിത്തറയില്‍ പണിത കരുത്തിനെ ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അത് തീര്‍ത്തും മൃഗീയമായിരിക്കും. എടുപ്പിന് മുമ്പ് തറ പാകേണ്ടത് പോലെ ശക്തിയുടെ സൃഷ്ടിക്ക് മുമ്പ് വിജ്ഞാനത്തിന്റെ അടിത്തറ കെട്ടപ്പടുക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ഈ വിഷയം ഉദാഹരിക്കുന്നത് കാണുക: 'അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്കായി അല്ലാഹു ഒരു രാജാവിനെ നിയോഗിച്ചിരിക്കുന്നു. അവര്‍ പറഞ്ഞു: എങ്ങനെ അദ്ദേഹത്തിന് നമ്മുടെ മേല്‍ അധികാരം ലഭിക്കും? അയാളെക്കാള്‍ അധികാരത്തിനര്‍ഹന്‍ ഞങ്ങള്‍ തന്നെ. അദ്ദേഹം സമ്പത്ത് പോലും ഏറെ നല്‍കപ്പെടാത്തവനാണ്. പ്രവാചകന്‍ പ്രതികരിച്ചു: നിശ്ചയം അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേല്‍ തിരഞ്ഞെടുത്തിരിക്കുന്നു. വിജ്ഞാനത്തിലും ശരീരത്തിലും വിശാലത നല്‍കുകയും ചെയ്തിരിക്കുന്നു' (അല്‍ ബഖറ: 247). സമ്പത്തിനാല്‍ ദുഷിച്ചുപോയ ആ സമൂഹത്തിന് ഈ ദൈവിക പ്രഖ്യാപനത്തില്‍ വലിയൊരു പാഠമുണ്ടായിരുന്നു. അധികാരത്തിന്റെ വഴിയില്‍ ആദ്യമായി വരുന്നത് സമ്പത്തല്ലെന്നും വിജ്ഞാനവും ശക്തിയുമാണെന്നും ഇതിലൂടെ അവരെ പഠിപ്പിക്കുകയായിരുന്നു അല്ലാഹു. പഠനത്തെക്കാള്‍ വ്യായാമത്തില്‍ നന്മയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാക്യത്തില്‍ നിന്ന് പലതും ഉള്‍ക്കൊള്ളാനുണ്ട്. ഒന്നാമതായി, വ്യായാമം ഒരിക്കലും പഠനത്തോട് എതിരാവുന്നില്ല എന്നത് തന്നെ. രണ്ടാമതായി, ഓരോ കായികാഭ്യാസിക്കും ഒരു പരിധി വരെ വിദ്യാഭ്യാസം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. മൂന്നാമതായി, കായികാഭ്യാസത്തിലെ വിപത്കരമായ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ അറിവ് അത്യാവശ്യമാണ്. ഇസ്‌ലാം മാര്‍ഗത്തെ ലക്ഷ്യവുമായി ശക്തമായ നിലയില്‍ കൂട്ടിയിണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തെറ്റായ ലക്ഷ്യങ്ങളിലേക്കെത്തിക്കുന്ന മുഴുവന്‍ വഴികളെയും മതം നിഷിദ്ധമാക്കുന്നു. മുസ്‌ലിമിന്റെ ലക്ഷ്യം എന്തായിരിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നത് കാണുക: 'അല്ലാഹു നിനക്ക് പ്രദാനം ചെയ്തതിലൊക്കെയും പരലോകത്തെ കാംക്ഷിക്കുകയും ഇഹലോകത്തിലെ നിന്റെ ഓഹരി മറക്കാതിരിക്കുകയും ചെയ്യുക.' ഒരു ഹദീസ് ശ്രദ്ധിക്കുക: 'അല്ലാഹുവിന്റെ സ്മരണയില്ലാത്ത എല്ലാ കാര്യവും കളിയോ മറവിയോ ആണ്. ഇരു ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയിലെ ഒരാളുടെ നടത്തം, കുതിരയെ പരിശീലിപ്പിക്കല്‍, കുടുംബത്തോടൊപ്പമുള്ള വിനോദം, നീന്തല്‍ പഠിപ്പിക്കല്‍ എന്നീ നാല് കാര്യങ്ങള്‍ ഒഴികെ'. പരലോകം ലക്ഷീകരിക്കാത്ത മുഴുവന്‍ കാര്യങ്ങളെയും കളി എന്ന് വിശേഷിപ്പിക്കുന്ന ഈ ഹദീസ് വളരെ ഹൃദ്യം തന്നെ. ഈ ഹദീസിന്റെ ഉള്ളടക്കത്തെ ഒരു പൊതുനിയമമായി നമുക്ക് കാണാന്‍ സാധിക്കും. ഉപരി സൂചിത ഹദീസില്‍ അഭ്യാസത്തിന്റെ രണ്ട് മാതൃകകള്‍ പ്രവാചകര്‍ കാണിച്ചു തന്നിരിക്കുന്നു; കുതിരയെ പരിശീലിപ്പിക്കുക, നീന്തല്‍ പഠിക്കുക എന്നിവ. മറ്റൊരു പ്രവാചക വചനം കാണുക: 'അറിയുക, നിശ്ചയം ശക്തിയെന്നാല്‍ അമ്പെയ്ത്താണ്.' പ്രവാചകന്‍ മൂന്ന് പ്രാവശ്യം ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞു (മുസ്‌ലിം). ഈ ഹദീസിനെ 'നിങ്ങള്‍ അവര്‍ക്കെതിരെ കഴിയാവുന്ന ശക്തി സംഭരിക്കുക' എന്ന് ഖുര്‍ആനിക സൂക്തത്തിന്റെ തുടര്‍ച്ചയായി കാണാം. പ്രവാചകന്‍ ഇക്കാര്യം വെറും വാക്കിലൊതുക്കാതെ അനുചരര്‍ക്ക് പ്രായോഗികമായി കാണിച്ചുകൊടുക്കുകയുമുണ്ടായി. ഇക്കാര്യം പ്രവാചക പത്‌നി ആഇശ(റ) നിവേദനം ചെയ്ത പ്രസിദ്ധമായൊരു ഹദീസില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നുണ്ട്. അവര്‍ പറഞ്ഞു: 'പ്രവാചകനും ഞാനും ഒരിക്കല്‍ ഓട്ടമത്സരം നടത്തി. അന്നു ഞാന്‍ തങ്ങളെ മറികടന്നു. കുറച്ച് കാലശേഷം എന്റെ ശരീരം തടിച്ചുവന്നു. അങ്ങനെയൊരിക്കല്‍ പ്രവാചകന്‍ എന്നോട് മത്സരിക്കുകയും എന്നെ മറികടക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകന്‍ എന്നോട് പറഞ്ഞു: ഇത് അന്ന് നടന്നതിന് പകരമായി കരുതുക!' പ്രവാചകര്‍ ഇത്തരം അഭ്യാസങ്ങളില്‍ പലപ്പോഴും ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വളരെ വ്യക്തമാണ്. മറ്റൊരിക്കല്‍ പ്രവാചകര്‍(സ്വ) റുക്കാനതുബ്‌നു അബ്ദി യസീദിനോട് മല്‍പ്പിടിത്തം നടത്തി ജയിച്ചുവെന്നത് ചരിത്ര സംഭവമാണ്. മറ്റൊരവസരത്തില്‍ പ്രവാചകര്‍ സമുറതുബ്‌നു ജുന്‍ദുബിനെ ആദ്യം യുദ്ധത്തില്‍ നിന്ന് വിലക്കുകയുണ്ടായി. പക്ഷേ, ശക്തനായ എതിരാളിയെ മല്‍പ്പിടിത്തം നടത്തി തള്ളിയിട്ട് ശക്തി കാണിച്ചപ്പോള്‍ യുദ്ധത്തിന് പോകാന്‍ പ്രവാചക തിരുമേനി അദ്ദേഹത്തിന് അനുമതി നല്‍കി (ത്വബ്‌റാനി). മത്സരവേദികളെ പ്രവാചകര്‍ വീക്ഷിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ആഇശ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: 'എത്യോപ്യക്കാര്‍ കുന്തങ്ങള്‍ കൊണ്ട് കളിക്കുമ്പോള്‍ പ്രവാചക തിരുമേനിയുടെ മറവില്‍ ഞാന്‍ കളി കാണുമായിരുന്നു. ഞാന്‍ സ്വയം പിരിഞ്ഞുപോകുന്നത് വരെ അത് തുടരുകയും ചെയ്യും' (ബുഖാരി). കാളപ്പോരുകള്‍ അനുവദനീയമാണെന്ന് ഏതെങ്കിലും ബുദ്ധിശാലി പറയുമോ? കോഴിപ്പോര് അനുവദനീയമാക്കാനാവുമോ? 'ആത്മാവ് തുടികൊള്ളുന്ന ജീവിയെ ഇരയാക്കുന്നവരെ അവന്‍ ശപിച്ചിരിക്കുന്നു' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: കെട്ടിയിട്ടത് കാരണം ചത്തുപോയ ഒരു പൂച്ചയുടെ പേരില്‍ ഒരു സ്ത്രീ ശിക്ഷിക്കപ്പെടുകയും നരകാഗ്നി പ്രാപിക്കുകയും ചെയ്തു; അവള്‍ അതിന് തീറ്റ നല്‍കുകയോ ഭൂമിയിലെ പ്രാണികളെ തേടിയലയാന്‍ അഴിച്ചുവിടുക പോലുമോ ചെയ്തില്ല. (ബുഖാരി, മുസ്‌ലിം) പാശ്ചാത്യ- പൗരസ്ത്യ ധാരകളില്‍ നിന്ന് മുസ്‌ലിം ദേശങ്ങളിലേക്ക് കടന്നുകയറിയ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണ് യോഗാഭ്യാസം. മുസ്‌ലിം ഗ്രന്ഥങ്ങളില്‍ വരെ അവ ചികിത്സകളായി സ്ഥാനം പിടിക്കുകയുണ്ടായി. അറിവില്ലായ്മ കൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചതെങ്കില്‍ അവര്‍ അറിയട്ടെ; യോഗാഭ്യാസം വിഗ്രഹാരാധനയുടെ ശേഷിപ്പുകള്‍ അടങ്ങിയ ബുദ്ധിസത്തിന്റെ ആരാധനാചാരങ്ങളില്‍ പെട്ടതാണ്. അപഥ സഞ്ചാരികളായ പാശ്ചാത്യര്‍ക്ക് ഇത്തരം വായാടിത്തങ്ങളെല്ലാം അനുവദനീയമായേക്കാം. പക്ഷേ, യോഗയെക്കാള്‍ എത്രയോ മഹത്തരമായ നിസ്‌കാരമെന്നൊരു കര്‍മം കൊണ്ട് അനുഗൃഹീതരായ നമുക്ക്- മുസ്‌ലിംകള്‍ക്ക്- എങ്ങനെ അത് അനുവദനീയമാകും? നിസ്‌കാരത്തിന്റെ ആരാധനാപരവും കായികപരവുമായ ഗുണങ്ങള്‍ അമുസ്‌ലിംകള്‍ക്ക് വരെ വ്യക്തമായിട്ടും മുസ്‌ലിംകളില്‍ ചിലര്‍ക്ക് ഇനിയും ബോധ്യപ്പെടുന്നില്ലെന്നത് ഏറെ ചിന്തനീയമാണ്. ഇന്ന് ക്ലബ്ബുകളൊക്കെയും കായികാഭ്യാസികളുടെയും കായിക മത്സരങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ മുസ്‌ലിം അഭ്യാസി സ്വന്തം ശരീരം ശക്തിപ്പെടുത്താനും ശക്തിയെ ഉപയോഗപ്പെടുത്താനും മാത്രം ക്ലബ്ബില്‍ എത്തുന്നവനാണ്. അവന്റെ ശക്തിസംഭരണം തീര്‍ച്ചയായും ഒരു പ്രവാചക ചര്യ തന്നെ. നബി പറഞ്ഞു: 'ശക്തനായ വിശ്വാസി ബലഹീന വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന് തൃപ്തിപ്പെട്ടവനുമാണ്' (മുസ്‌ലിം). അവനറിയാം, തന്റെ അഭ്യാസം നിസ്‌കാരത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ കാരണമാകുമെങ്കില്‍ അത് വലിയൊരു ന്യൂനതയായിരിക്കുമെന്ന്. നിസ്‌കാരത്തിന്റെ കാര്യം വളരെ കര്‍ക്കശമായിത്തന്നെയാണ് ഇസ്‌ലാം കാണുന്നത്. പ്രവാചകര്‍ അക്കാര്യം അരക്കിട്ടുറപ്പിച്ചത് കാണുക: 'നമ്മുടെയും നിങ്ങളുടെയും ഇടയിലുള്ള ഏക ഉടമ്പടി നിസ്‌കാരമാണ്. അതിനെ ഉപേക്ഷിക്കുന്ന പക്ഷം അവന്‍ നിഷേധിയായിത്തീരും.' വിജയം ലക്ഷ്യമാക്കിയുള്ള മത്സരവും ഒരുവിഭാഗത്തിന്റെ വിജയവുമെല്ലാം മത്സര നടത്തിപ്പുകാര്‍ സമത്വം കൈവിടാത്തിടത്തോളം അനുവദനീയമാണ്. ഇതൊരു ഹദീസില്‍ വ്യക്തമാക്കപ്പെട്ടത് കാണുക: അമ്പെയ്ത്ത് മത്സരം നടത്തുന്ന ഒരുവിഭാഗം ആളുകളുടെ അരികെയെത്തിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഈ കളി വളരെ നല്ലതു തന്നെ. രണ്ടോ മൂന്നോ പ്രാവശ്യം അത് ആവര്‍ത്തിച്ച് പ്രവാചകന്‍ തുടര്‍ന്നു: നിങ്ങള്‍ എറിഞ്ഞു കൊള്ളുക. ഞാന്‍ ഇബ്‌നുല്‍ അദ്‌റഇന്റെ കൂടെ നില്‍ക്കാം. ഇത് കേട്ട ആ സമൂഹം മത്സരം നിര്‍ത്തി. പ്രവാചകര്‍ പറഞ്ഞു: എങ്കില്‍ ഞാന്‍ എല്ലാവരുടെയും കൂടെയാണ്. ഇതുകേട്ട അവര്‍ അമ്പെയ്ത്ത് നടത്തുകയും സമനിലയില്‍ മത്സരം സമാപിച്ച് പിരിഞ്ഞുപോവുകയും ചെയ്തു (ഹാകിം). എന്നാല്‍, കൈക്കൂലി പോലുള്ള മാര്‍ഗങ്ങളിലൂടെ വിജയം തേടുക എന്നത് ഒരുനിലക്കും അനുവദനീയമല്ല. പ്രവാചകര്‍ പറഞ്ഞു: 'അല്ലാഹു കൈക്കൂലി വാങ്ങുന്നവരെയും കൊടുക്കുന്നവരെയും ശപിച്ചിരിക്കുന്നു. (അഹ്മദ്) സംയമനം പാലിക്കല്‍ വിജയം വരിച്ച വിഭാഗത്തിന് കടമയാണ്. അഹങ്കാരത്തില്‍ അതിര് കവിയുക ഒട്ടും ഭൂഷണമല്ല തന്നെ. അല്ലാഹു പറഞ്ഞു: 'നിശ്ചയം അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുന്നില്ല' (നഹ്ല്‍). മാത്രമല്ല, അവന്‍ കല്‍പിക്കുക കൂടി ചെയ്തു: 'അല്ലാഹുവിന്റെ വിജയം സമാഗതമായിക്കഴിഞ്ഞാല്‍ നീ നിന്റെ നാഥന്റെ സ്തുതിയില്‍ മുഴുകുകയും അവനോട് പാപമോചനം ചോദിക്കുകയും ചെയ്യുക' (നസ്വ്ര്‍). വിജയിച്ചവര്‍ ആഹ്ലാദിക്കുക സ്വാഭാവികം മാത്രമാണ്. പക്ഷേ, ദൈവത്തിന്റെ ഇഷ്ടദാസന്മാരുടെ ആഹ്ലാദം നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രം. ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം ചെയ്യുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍.....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter