ചോക്ലെറ്റ് ആരോഗ്യത്തിന് ഗുണകരമെന്ന് പുതിയ പഠനങ്ങള്‍
ചോക്ലെറ്റ് തിന്നുന്നവര്‍ക്ക് ശുഭവാര്‍ത്തകളാണ് അടുത്തിടെ പ്രസിദ്ധീകൃതങ്ങളായ ആരോഗ്യ രംഗത്തെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് കോക്രൈന്‍ ഗ്രൂപ്പ് ഗവേഷണ പഠനങ്ങളിലാണ് ചോക്ലെറ്റിലെ ഫ്ലാവനോള്‍ എന്ന രാസവസ്തു രക്തസമ്മര്‍ദ്ദം കുറക്കാനുതകുന്ന നൈട്രേറ്റ് ഓക്സൈഡ് ഉല്‍പാദിപ്പിക്കുന്നു എന്ന് കണ്ടെത്തിയത്. എന്നാല്‍ 2005 മുതലേ ഈ രംഗത്ത് ഗവേഷണങ്ങള്‍ ലോകത്ത് പല ഭാഗങ്ങളിലായി നടന്നു വരുന്നുണ്ട്. ഇരുണ്ട ചോക്ലെറ്റുകള്‍ തിന്നുന്നത് പ്രമേഹത്തെയും രക്ത സമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയതായി ഇറ്റലിയിലെ എല്‍-അക്വില്ല സര്‍വ്വകലാശാലയിലെ ഒരു സംഘം  2005 മാര്‍ച്ചില്‍ അവകാശപ്പെട്ടിരുന്നു. 2007 ഏപ്രിലിലാണ് ഡോ. ഡാവിഡ് ലെവിസ് ചോക്ലെറ്റിന് സ്നേഹ വായ്പ്പോടെയുള്ള ഒരു ചുംബനത്തേക്കാളും മനുഷ്യമസ്തിഷ്ക്കത്തെ ഉദ്ധരിക്കാനും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. വൈദ്യ ശാസ്ത്രത്തില്‍ എം. ഇ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശരീരത്തിനും മനസ്സിനും ആലസ്യതയും ക്ഷീണവും പിടികൂടുന്ന രോഗമാണ് ക്രോണിക് ഫറ്റീഗ് സിന്‍ഡ്രം (Chronic Fatigue Syndrome – CFS). ഇത്തരം രോഗികള്‍ക്ക് ഇരുണ്ട നിറത്തിലുള്ള ചോക്ലെറ്റുകള്‍ കഴിക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നതായി ഹാള്‍ യോര്‍ക്ക് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍ 2007 സെപ്തംബറില്‍ കണ്ടെത്തുകയുണ്ടായി. എന്നാല്‍ ചോക്ലെറ്റുകള്‍ക്ക് സ്തുതി പാടിയുള്ള ഇത്തരം ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ 2007 ഡിസംബറില്‍ ലോകോത്തര വൈദ്യശാസ്ത്ര ആനുകാലിക പ്രസിദ്ധീകരണമായ, ലാന്‍സെറ്റ് ഇതില്‍ വഞ്ചിക്കപ്പെടരരുതെന്ന് പറഞ്ഞു എഡിറ്റോറിയല്‍ തന്നെയെഴുതി. ചോക്ലെറ്റുകളിലെ നല്ല അംശമായ ഫ്ലാവനോളിനു കൈപ്പു രസമാണുള്ളത്. മിക്ക ചോക്ലെറ്റ് ഉല്‍പാദകരും ഈ ഫ്ലാവനോള്‍ എടുത്തു മാറ്റുകയും ചോക്ലെറ്റിന്‍റെ ഇരുണ്ട നിറം നില നിര്‍ത്തുകയുമാണ് ചെയ്യുന്നതെന്ന് പ്രസിദ്ധീകരണം കുറ്റപ്പെടുത്തി. ചോക്ലെറ്റ് കൂടുതല്‍ വിശാദം വരുത്തിവെക്കുമെന്ന 2010 ഏപ്രിലിലെ റിപോര്‍ട്ടാണ് പിന്നീട് ചോക്ലെറ്റിന് വാര്‍ത്താ മാധ്യമങ്ങളുടെ ആരോഗ്യ കോളങ്ങളില്‍ സ്ഥാനം നേടി കൊടുത്തത്. എന്നാല്‍ അന്നു തന്നെ ഇതിന്‍റെ സാധുതയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് സാന്‍ഡിഗോയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഡോ. നാറ്റാലി റോസും സഹപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. സാധാരണ വിശാദങ്ങള്‍ വുരുമ്പോഴും മൂഡ് നഷ്ടപ്പെടുമ്പോഴുമാണ് ജനങ്ങള്‍ ഒരൂ സ്വയം ചികിത്സ എന്ന നിലക്ക് ചോക്ലെറ്റ് കൂടുതല്‍ ഭക്ഷിക്കാറ്. അതിനാലായിരിക്കാം ഇങ്ങനെ ഒരു പഠന റിപ്പോര്‍ട്ട് എന്ന് അവര്‍ പറയുകയും ചെയ്തു. 2011 അവസാനമായപ്പോഴേക്കും ചോക്ലെറ്റിനു അനുകൂലമായ ഗവേഷണ റിപ്പോര്‍ട്ടുകളാണ് പുറത്തു വരാന്‍ തുടങ്ങിയത്. 2011 ആഗസ്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. 1,14,009 രോഗികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ പഠനം ചോക്ലെറ്റ് മസ്തിഷ്കത്തിന്‍റെയും ഹൃദയത്തിന്‍റെയും സംരക്ഷകനാണെന്ന് അഭിപ്രായപ്പെട്ടത്. ഗവേഷകരിലൊരാളായ ഡോ. ഓസ്കാര്‍ ഫ്രാന്‍സോ പറയുന്നത് ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള് ആവശ്യമാണെന്നാണ്. ഏകദേശം സമാന ആശയമാണ് ബ്രിട്ടീഷ് ഹാര്‍ട് ഫൌണ്‍ഡേഷനിലെ വിക്ടോറിയ ടൈലര്‍ക്കുമുള്ളത്. ആയിരം പേരുടെ ഭക്ഷണ രീതി, കലോറി ഉപഭോഗം, ബോഡി മാസ് ഇന്‍ഡക്സ് (ബി. എം. ഐ) എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം ചോക്ലെറ്റ് ശരീരവണ്ണം കുറക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ആര്‍കൈവ്സ് ഓഫ് ഇന്‍റേണല്‍ മെഡിസിന്‍സില്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനമായി വന്ന ഗവേഷണ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഓഗസ്ത് അവസാന വാരത്തില്‍ സ്വീഡനില്‍ നിന്നായിരുന്നു. സ്വീഡനിലെ 37,000 പുരുഷന്മാരില്‍ നടത്തിയ പഠനത്തിനൊടുവില്‍ ചോക്ലെറ്റ് തലച്ചോറിനേല്‍ക്കുന്ന ക്ഷതത്തില്‍ നിന്ന് രക്ഷിക്കുമെന്ന് കണ്ടെത്തി. പക്ഷേ, ഓരോ പഠന റിപ്പോര്‍ട്ടിലും ഇത് ചോക്ലെറ്റ് കൂടുതലായി ഉപയോഗിക്കാനുള്ള ഒരു കാരണമായി എടുക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്കു ശേഷം സ്ഥിരീകരിക്കപ്പെടേണ്ടതാണ് ഈ കണ്ടെത്തലുകള്‍ മുഴുവനും. ഈ ഗവേഷണ റിപ്പോര്‍ട്ടുകളില്‍ സിംഹ ഭാഗവും സര്‍വേകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter