ഇസ്‌ലാമിലെ കളിയും വിനോദവും
കളിയും വിനോദവും ആവശ്യമാണ്. സഗൗരവം കാര്യങ്ങളില്‍ മുഴുകിയാല്‍ ബോറടിക്കുന്നവര്‍ക്കു വിശേഷിച്ചും. വീടിനകത്തെ തന്റെ കൂട്ടുകാരിയോട് വിനോദത്തിലേര്‍പ്പെടാത്തവനു തന്റെ ജീവിതത്തിന്റെ രസം തന്നെ നഷ്ടപ്പെട്ടുപോെയന്ന നബിവചനം വിനോദത്തിന്റെ നേട്ടത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.
വിവേകമുള്ള മനുഷ്യന്‍ കളിയും കാര്യവും തിരിച്ചറിയണം. നബി(സ) പറഞ്ഞു: ''വിനോദം മൂന്ന് കാര്യങ്ങളിലാണ്. നിന്റെ കുതിരക്ക് പരിശീലനം നല്‍കുക, നിന്റെ വില്ലെടുത്ത് അസ്ത്രമെയ്ത്തു നടത്തുക, നിന്റെ സഹധര്‍മിണിയുമായി സല്ലപിക്കുക.'' (ഹാകിം)
തിരുനബി(സ) അരുളി: ''മലക്കുകളുടെ സാന്നിധ്യമുള്ള വിനോദങ്ങള്‍ മൂന്നെണ്ണം മാത്രമാണ്. പുരുഷന്‍ തന്റെ ഭാര്യയോടൊപ്പം വിനോദിക്കുക, കുതിരയോട്ട മത്സരം നടത്തുക, അമ്പെയ്തു മത്സരം നടത്തുക.'' (ഹാകിം)
നമ്മുടെ നാടുകളില്‍ ഫുട്ബാള്‍, വോളിബാള്‍, ക്രിക്കറ്റ് പോലുള്ള കളികള്‍ പ്രചാരമുള്ളതാണല്ലോ. ഇത്തരം കളികളുടെയെല്ലാം അടിസ്ഥാനവിധി അനുവദനീയം എന്നാണെങ്കിലും ഇന്നു നടക്കുന്ന കളികളില്‍ നിഷിദ്ധം വരുന്നു. അതുകൊണ്ട് തന്നെ കുറ്റകരമായി മാറുന്നു. ഔറത്തു വെളിവാക്കികൊണ്ടാണ് ഇന്നു പലരും ഇത്തരം കളികളില്‍ ഏര്‍പ്പെടുന്നത്. കളിയിലും കാര്യത്തിലും ഔറത്തു വെളിവാക്കല്‍ നിഷിദ്ധമാണ്.
അനുവദനീയമായ ഏതു കളിയിലും നിഷിദ്ധമായ ഏതെങ്കിലും ഒന്നു വന്നുചേരുന്നുണ്ടെങ്കില്‍ കുറ്റകരമായി മാറുന്നു. മനസ്സിനോ ശരീരത്തിനോ നേട്ടം ലഭിക്കുന്നതും നിരുപദ്രവകരവും നിര്‍ദോഷകരവുമായ വിനോദങ്ങള്‍ നിഷിദ്ധമാകുന്നില്ലെങ്കിലും ഉത്തരവാദിത്വങ്ങള്‍, നിര്‍ബന്ധ ബാധ്യതകള്‍എന്നിവയില്‍ നിന്നു ശ്രദ്ധതിരിക്കുന്നിടംവരെ അനുവദനീയമായ വിനോദങ്ങളിലും സത്യവിശ്വാസിമുഴുകിക്കൂടാ.
നബി(സ)യുടെ സഹാബത്ത് വിനോദവും തമാശയും അല്‍പം വര്‍ധിപ്പിച്ചപ്പോള്‍ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആന്‍ വാക്യം ഇപ്രകാരമാണ്: ''സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെയും അവനില്‍ നിന്നവതീര്‍ണമായ ഖുര്‍ആനിനെയും ഓര്‍ത്തു തങ്ങളുടെ ഹൃദയങ്ങള്‍ ഭയം കൊള്ളുവാന്‍ ഇനിയും സമയമായില്ലേ. തങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ട ജൂത-ക്രിസ്തീയ വിഭാഗം കാലപ്പഴക്കം ചെന്നപ്പോള്‍ അല്ലാഹുവിനെ കുറിച്ചോര്‍ക്കാനും സ്മരിക്കാനും കഴിയാതെ അവരുടെ ഹൃദയം ഭ്രാന്തമായ വിനോദപ്രിയത്താല്‍ കടുത്തുപോയതു പോലെ സത്യവിശ്വാസികള്‍ ആകാതിരിക്കാനും ഇനിയും സമയമായില്ലേ?''
ഭാന്ത്രമായ വിനോദപ്രിയമാണ് വര്‍ത്തമാന തലമുറയിലെ ബഹുഭൂരിപക്ഷത്തെയും കീഴടക്കിയിട്ടുള്ളത്. പത്ര-മാസിക-ആനുകാലികത്താളുകളില്‍ നിറയെ കളിയാണ്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും കായിക-വിനോദങ്ങള്‍ക്കു പ്രാമുഖ്യം കല്‍പ്പിക്കുന്നു. അതു മാത്രമാണു ജീവിതമെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു.
സ്വന്തം ജീവിതലക്ഷ്യമോ അതിനായുള്ള കര്‍മ്മങ്ങളോ പോകട്ടെ, ഈ നശ്വരലോകത്തെ സുഖജീവിതത്തിനു വേണ്ടി അല്ലെങ്കില്‍, അനിവാര്യ ജീവിതത്തിനു വേണ്ടി തങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്ന കച്ചവടം, തൊഴില്‍ പോലുള്ള ജീവിതമാര്‍ഗങ്ങള്‍ പോലും അവഗണിച്ചും അപകടപ്പെടുത്തിയുമാണ് ഇന്നു പലരും വിനോദത്തില്‍ മുഴുകുന്നത്. ഈ രീതിയൊന്നും സത്യവിശ്വാസിക്കു ഭൂഷണമല്ല.
യുദ്ധത്തിനു സഹായകമായ ഏതൊരു മൃഗവും ആയുധവും ഉപയോഗിച്ചുകൊണ്ടുള്ള മത്സരങ്ങള്‍ അനുവദനീയമാണ്. കുതിര, ഒട്ടകം, കഴുത, കോവര്‍കഴുത എന്നിവയെല്ലാം മത്സരം അനുവദിക്കപ്പെട്ടിട്ടുള്ള വാഹനമൃഗങ്ങളാണ്. ഇവയെ ഉപയോഗിച്ച് ഓട്ടമത്സരം നടത്താവുന്നതാണ്. അസ്ത്രം, കുന്തം, ചാട്ടുളി തുടങ്ങിയവയും മത്സരം അനുവദിക്കപ്പെട്ട യുദ്ധായുധങ്ങളാണ്. ഇക്കാര്യം മിക്ക ഫിഖ്ഹീ ഗ്രന്ഥങ്ങളിലും 'മുസാഭഖ' എന്ന അധ്യായത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനം ഓഫര്‍ ചെയ്യാവുന്നതും നല്‍കാവുന്നതുമാണ്, ചൂതാട്ട സ്വഭാവത്തിലാവരുത്. മത്സരാര്‍ത്ഥികളല്ലാത്ത മറ്റാരെങ്കിലുമാണ് സമ്മാനം ഓഫര്‍ ചെയ്യുന്നതെങ്കില്‍ അനുവദനീയമാണ്. നിങ്ങള്‍ രണ്ടു പേരും മത്സരം നടത്തുക, വിജയികള്‍ക്ക് ഞാന്‍ ഒരു ലക്ഷം രൂപ തരും എന്നു ഒരാള്‍ പറഞ്ഞാല്‍ അതില്‍ ചൂതാട്ടമില്ല; അതു അനുവദനീയവുമാണ്. മത്സരാര്‍ത്ഥികളില്‍ ഒരാള്‍ മാത്രം സമ്മാനം ഓഫര്‍ ചെയ്താലും അനുവദനീയമാണ്. ഉദാഹരണമായി, 'നീ എന്നെ പരാജയപ്പെടുത്തിയാല്‍ ഞാന്‍ നിനക്കു ആയിരം രൂപ തരും. ഞാന്‍ നിന്നെ പരാജയപ്പെടുത്തിയാല്‍ നീ ഒന്നും തരേണ്ടതില്ല' എന്നു ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ അതു അനുവദനീയമാണ്. കാരണം, അവിടെയും ചൂതാട്ടമില്ല. രണ്ടു പേരും പണം വച്ചു മത്സരിക്കുന്നുവെങ്കില്‍ അതു അസാധുവാണ്; നിഷിദ്ധമാണ്. അപ്പോള്‍, 'നീ എന്നെ പരാജയപ്പെടുത്തിയാല്‍ നിനക്കു ഞാന്‍ ആയിരം രൂപ തരും ഞാന്‍ നിന്നെ പരാചയപ്പെടുത്തിയാല്‍ നീ എനിക്കു ആയിരം തരണം' എന്നു പറയുന്നത് ചൂതാട്ടമാണ്; തെറ്റാണ്.
ചെസ്സുകളി
ഈ കളി അനുവദനീയമാണ്. ഇതാണ് ശാഫിഈ മദ്ഹബിന്റെ വീക്ഷണം. മറ്റു മൂന്നു മദ്ഹബിലും ചെസ്സുകളി നിഷിദ്ധമാണ്. നിഷിദ്ധകാര്യങ്ങള്‍ വന്നുചേര്‍ന്നാല്‍ കുറ്റകരമാകുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചെസ്സുകളി (ചതുരംഗം) ആലോചനയെയും ബുദ്ധിസാമര്‍ത്ഥ്യത്തെയും ലാക്കാക്കികൊണ്ടുള്ള കളിയാണ്. ഇതു അനുവദനീയമാണെങ്കിലും കറാഹത്തോടുകൂടിയാണ് അനുവദനീയം. അതുകൊണ്ട് തന്നെ ഒഴിവാക്കലാണ് നല്ലെതന്നു സ്പഷ്ടമായി.
ചീട്ടുകളി, കാരംബോര്‍ഡ്
നബി(സ) പറഞ്ഞു: ''മനുഷ്യന്‍ നേരംപോക്കിനായി നടത്തുന്ന എല്ലാ വിനോദവും അബദ്ധമാണ്. അവന്റെ വില്ലുപയോഗിച്ചുള്ള അസ്ത്രമെയ്ത്ത്, കുതിരക്കു പരിശീലനം നല്‍കല്‍, ഭാര്യയുമായുള്ള വിനോദം എന്നിവയൊഴിച്ച്.'' (തുര്‍മുദി, ഇബ്‌നുമാജ, ദാരിമി, അഹ്മദ്)
വിനോദത്തിലെ ന്യായവും അന്യായവും വേര്‍തിരിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡമാണ് ഈ തിരുവചനം. കാരണം, മതവീക്ഷണത്തില്‍ ഇഹത്തിലോ പരത്തിലോ ഒരു ഗുണവും നല്‍കാത്ത വല്ല വിനോദത്തിലും ഒരാള്‍ വ്യാപൃതനാകുന്നുവെങ്കില്‍ അതു അബദ്ധമാണ്; അന്യായമാണ്. മൂന്നു വിനോദങ്ങള്‍ അവയില്‍ നിന്നൊഴിവാണ്. അവ മൂന്നും നേരംപോക്കിനു വേണ്ടി നടത്തിയാലും സുബദ്ധമാണ്; അബദ്ധമല്ല. (കഫ്ഫുറആഅ്, പേജ് 145)
പണം വെച്ചുള്ള ചീട്ടുകളി, മറ്റുകളികള്‍ മുഴുവനും ചൂതാട്ട സ്വഭാവത്തിലാകുമ്പോള്‍ നിഷിദ്ധമാണെന്ന് മുകളില്‍നിന്ന് വ്യക്തമായല്ലോ. എന്നാല്‍, പണം വ്യവസ്ഥ ചെയ്യാതെയാണെങ്കിലും ചീട്ടുകളിയും കാരംബോര്‍ഡ് കളിയും ഹറാമാണ്. ആകയാല്‍ ചീട്ടുകളി, കാരംബോര്‍ഡ് കളി എന്നിവ നിരുപാധികം നിഷിദ്ധമാണ്. ഈ രണ്ടു കളിയിലും ബുദ്ധിക്ക് പ്രത്യേക സ്ഥാനമില്ല; കേവലം ഭാഗ്യത്തെ ആശ്രയിച്ചുള്ള കളികളാണിവ.
ഒളിച്ചുകളി, ഒളിപ്പിച്ചുകളി
കണ്ണുപൊത്തിക്കളിയാണ് ഒളിച്ചുകളി. മറ്റാര്‍ക്കും ഉപദ്രവം വരുത്താത്ത രീതിയില്‍ നടത്തുന്നതിന് വിരോധമില്ല. തമാശയ്ക്ക് വേണ്ടി ഒരിക്കല്‍ നബി(സ) തങ്ങള്‍ തന്റെ ഒരു ശിഷ്യന്റെ കണ്ണു പൊത്തുകയുണ്ടായി. അതു അദ്ദേഹത്തെ സന്തോഷിപ്പിക്കാനായിരുന്നു.
സാഹിറുബ്‌നുഹറാം എന്നാണ് ആ പ്രവാചകശിഷ്യന്റെ നാമം. സംഭവം ഇങ്ങനെ: സാഹിറുബ്‌നുഹറാം എന്ന ഗ്രാമീണരായ സ്വഹാബി ഗ്രാമത്തില്‍ നിന്നു പല വസ്തുക്കളും കൊണ്ടുവന്ന് നബി(സ)ക്ക് സമ്മാനിക്കുമായിരുന്നു. തിരിച്ചു പോകാന്‍ അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ വേണ്ട യാത്രാ സന്നാഹങ്ങള്‍ തിരുമേനി അദ്ദേഹത്തിന് ഒരുക്കികൊടുക്കുകയും ചെയ്യും. നബി(സ) ഒരിക്കല്‍ പറയുകയുണ്ടായി: ''സാഹിര്‍ നമ്മുടെ ഗ്രാമീണനും നാം അവന്റെ നഗരനിവാസികളുമാണ്. ഗ്രാമീണ വസ്തുക്കള്‍ അദ്ദേഹം മുഖേന നമുക്ക് ലഭിക്കുന്നു.'' തിരുമേനി(സ)ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹമാകട്ടെ കാഴ്ചയില്‍ ഒരു വിരൂപിയും. അദ്ദേഹം ഒരിക്കല്‍ ചരക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ നബി(സ) വന്നു പിന്നില്‍ നിന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇരു കൈകള്‍ കക്ഷങ്ങളിലൂടെ കടത്തി കൈകള്‍ കൊണ്ട് സാഹിറിന്റെ കണ്ണുകള്‍ പൊത്തിയായിരുന്നു ആലിംഗനം. ''ആരാണിത്? എന്നെ വിടൂ'' -സാഹിര്‍ പറഞ്ഞു. വാല്‍ കണ്ണുകള്‍ കൊണ്ട് തിരിഞ്ഞുനോക്കിയപ്പോള്‍ നബി(സ)യെ തിരിച്ചറിഞ്ഞു. അപ്പോള്‍ പരമാവധി തന്റെ പുറം നബി(സ)യുടെ മാറിലേക്ക് ചേര്‍ത്തുവെക്കാന്‍ അദ്ദേഹം ശ്രമിച്ചു. നബി(സ) ചോദിക്കാന്‍ തുടങ്ങി: ''ഈ അടിമയെ ആരാണ് വിലയ്ക്കു വാങ്ങുക.'' തദവസരം സാഹിര്‍ പറഞ്ഞു: ''എങ്കില്‍ അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ വാങ്ങാന്‍ ആളില്ലാത്ത വസ്തുവായി കണ്ടെത്തും.'' ''അല്ലാഹു തന്നെ സത്യം! പക്ഷേ, അല്ലാഹുവിങ്കല്‍ നീ വേണ്ടാത്ത വസ്തുവല്ല'' -നബി(സ) മറുപടി കൊടുത്തു (അഹ്മദ്, ബൈഹഖി)
കുട്ടികള്‍ നമ്മുടെ നാട്ടില്‍ കളിക്കുന്ന കണ്ണുപൊത്തിക്കളി അനുവദനീയമാണ്, നിഷിദ്ധമാകാനുള്ള നിമിത്തമില്ല. എന്നാല്‍, മറ്റൊരാളുടെ സാധനം അയാളറിയാതെ എടുത്തു ഒളിപ്പിച്ചു അയാളെ സംഭ്രമിപ്പിക്കുന്ന തരത്തിലുള്ള ഒളിപ്പിച്ചുകളി തെറ്റാണ്.
ഒരിക്കല്‍ ഒരു സ്വഹാബി ഒരു ഒളിപ്പിച്ചുകളി നടത്തിയത് നബി(സ)യുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവിടുന്ന് അതു നിരോധിക്കുകയുണ്ടായി. ഇബ്‌നു ഹജര്‍(റ) പറയുന്നു: ''അപരനെ ഭയപ്പെടുത്തുന്ന ഏതു പ്രവര്‍ത്തനവും ഹറാമാണ്. സൈദുബ്‌നു സാബിത്(റ) ഖന്തഖ് കുഴിക്കവേ ഉറങ്ങുകയും തദവസരം കൂട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തിന്റെ ആയുധം എടുത്തുവെക്കുകയും ചെയ്തു. മുസ്‌ലിമിനെ ഭയപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനം അന്നുതൊട്ട് നബി(സ) നിരോധിച്ചുവെന്നതാണ് ഒളിപ്പിച്ചുകളി നിഷിദ്ധമാണെന്നതിനു തെളിവ്. ഈ സംഭവം ഹാഫിള് ഇബ്‌നുഹജര്‍ അസ്ഖലാനി(റ) തന്റെ 'അല്‍ഇസാബ ഫീ തംയീസി സ്സ്വഹാബ:' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 10/287)
തമാശ രീതിയില്‍ സത്യം ഒളിപ്പിച്ചുവെക്കുന്നതു അനുവദനീയമാണെന്നു കുറിക്കുന്ന ചില സംഭവങ്ങളും കാണാം. അത്തരം ഒരു സംഭവം ഇബ്‌നുഹജര്‍(റ) ഉദ്ധരിക്കുന്നത് കാണുക: ''അബൂബക്കര്‍(റ) ഒരിക്കല്‍ കച്ചവടാവശ്യാര്‍ത്ഥം യാത്രപോയി. കൂടെ ബദ്‌റില്‍ പങ്കെടുത്ത രണ്ടു സ്വഹാബികളുമുണ്ടായിരുന്നു- നുഐമാനും സുവൈബിതും. നുഐമാന്‍ സുവൈബിതിനോട് ഭക്ഷണം ചോദിച്ചു. അബൂബക്കര്‍ സ്ഥലത്തെത്തിയിട്ടു തരാമെന്ന് പറഞ്ഞു. നുഐമാന്‍ സമീപത്തുണ്ടായിരുന്ന ആളുകളെ സമീപിച്ചു. തന്റെ അടിമയാണെന്ന് പറഞ്ഞ് സുവൈബതിനെ അവര്‍ക്കു വിറ്റു. പത്തു ഒട്ടകങ്ങള്‍ക്ക് പകരമായിരുന്നു വില്‍പന. അവര്‍ വന്നു സുവൈബതിന്റെ കഴുത്തില്‍ കയറിട്ടു കൊണ്ടുപോയി. വിവരമറിഞ്ഞു അബൂബക്കര്‍(റ) തന്റെ കൂട്ടുകാരോടൊപ്പം അവരെ സമീപ്പിച്ച് സുവൈബിതിനെ മോചിപ്പിച്ച് കൊണ്ടുവന്നു. ഈ സംഭവം നബി(സ)യോട് പറഞ്ഞപ്പോള്‍ അവിടത്തെ വിശുദ്ധ പല്ല് പ്രത്യക്ഷപ്പെടുമാറ് ചിരിച്ചു. കൂട്ടത്തില്‍ സ്വഹാബികളും ചിരിച്ചു.'' (തുഹ്ഫ : 287)
ഒളിപ്പിച്ചുകളി ഒരു വസ്തുവോ വസ്തുതയോ ആവട്ടെ തെറ്റാണെന്ന സൈദ്(റ)ന്റെ സംഭവത്തിലൂടെ ബോധ്യപ്പെട്ടതും അതു അനുവദനീയമാണെന്നു സുവൈബതിന്റെ സംഭവത്തിലൂടെ വ്യക്തമായതുമാണ് നാം കണ്ടത്. എന്നാല്‍, രണ്ടും തമ്മില്‍ വൈരുദ്ധ്യമില്ല.
ഇബ്‌നുഹജര്‍(റ) രണ്ടു സംഭവവും സംയോജിപ്പിക്കുന്നത് ശ്രദ്ധിക്കുക: ''അസഹ്യമായ ഭയപ്പാടുണ്ടാകുമെങ്കില്‍ തമാശക്കളി നിഷിദ്ധമാണ്. നിസാരമായ ഭയപ്പാടു മാത്രമാണുണ്ടാകുന്നതെങ്കില്‍ അനുവദനീയമാണ്. ഇപ്രകാരം ഇവ രണ്ടും സംയോജിപ്പിക്കാവുന്നതാണ്.'' (തുഹ്ഫ : 10/287)
സൈദിന്റെ ആയുധം ഒളിപ്പിച്ചുവെച്ചത് ഗുരുതരമായ ഭയപ്പാടാണു ഉണ്ടാക്കിയത്. മക്കയില്‍നിന്നു പുറപ്പെട്ട ശത്രുക്കള്‍ മദീനയിലെത്തും മുമ്പ് കിടങ്ങ് കുഴിച്ച് കഴിയണം. ഓരോ പത്തു പേര്‍ക്കും അതിനായി നാല്‍പതു മുഴം നീളം നബി(സ) നിശ്ചയിച്ചു കൊടുക്കുകയും ചെയ്തിരുന്നു. തിരക്കുപിടിച്ച ഈ തീവ്രയത്‌നത്തിനിടയില്‍ ആയുധം നഷ്ടപ്പെട്ടാലുണ്ടാകുന്ന മനോവേദന ഊഹിക്കാവുന്നതേയുള്ളൂ.
പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന വേളയില്‍ സുഹൃത്ത് തമാശ രീതിയിലാണെങ്കിലും അതു ഒളിപ്പിച്ചുവെക്കുന്നത് പാസ്‌പോര്‍ട്ടിന്റെ ഉടമസ്ഥനെ ശക്തമായ ഭയത്തിലകപ്പെടുത്തും. അതു നിഷിദ്ധമായ തമാശക്കളിയാണെന്നു ഫുഖഹാഇന്റെ നിമിത്തത്തില്‍നിന്നു സ്പഷ്ടമാകും.
സുവൈബിത്(റ)നെ വില്‍പന നടത്തിയ നുഐമാന്‍ തമാശക്കാരനായും ചിരിപ്പിക്കുന്നവനായും അറിയപ്പെട്ട ആളാണ്. അങ്ങനെയുളള ഒരാളുടെ പ്രവര്‍ത്തനം അയാളുടെ നിലപാട് അറിയുന്ന ഒരാളില്‍ ഗുരുതരമായ ഭയം സൃഷ്ടിക്കുകയില്ല. (തുഹ്ഫ 10/287)
പണം വച്ചുള്ള പന്തയ- ചൂതാട്ട സ്വഭാവത്തിലല്ലെങ്കില്‍ 'ഒറ്റയിരിട്ടക്കളി' അനുവദനീയമാണ്. കയ്യില്‍ ഒളിപ്പിച്ചത് ഒറ്റയോ ഇരട്ടയോ എന്നു പറയുക. ശരിയായാല്‍ പറഞ്ഞവന്‍ വിജയിച്ചു, അല്ലെങ്കില്‍ തോറ്റു. (തുഹ്ഫ 9/399) (എം.എ. ജലീല്‍ സഖാഫി പുല്ലാര)
Leave A Comment