രോഗികള്‍ക്ക് ആശ്വാസമായി ശ്വസിക്കാവുന്ന ഇന്‍സുലിന്‍ വരുന്നു
അമേരിക്കയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) കുത്തിവെപ്പ് ആവശ്യമില്ലാത്ത പുതിയ തരം ഇന്‍സുലിന് പൊതു ഉപയോഗത്തിനുള്ള അംഗീകാരം നല്‍കി. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഭക്ഷണ ശേഷം ശരീരത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന നില (പോസ്റ്റ്‌ പ്രാന്റിയല്‍ ഹൈപര്‍ഗ്ലൈസീമിയ) കുറക്കാന്‍ സഹായിക്കുന്ന പുതിയ സംവിധാനത്തിന് എഫ്.ഡി.എ അംഗീകാരം നല്‍കിയത്. ആസ്തമ രോഗികള്‍ ഉപയോഗിക്കുന്ന മരുന്നു പോലെ ഉപയോഗിക്കാവുന്ന അഫ്രെസ്സ (Afrezza) എന്ന് പേരിട്ടിരിക്കുന്ന ഇതിന് സ്ഥിരമായി ഉപയോഗിക്കുന്ന സാധാരണ ഇന്‍സുലിന്‍റെ കൂടെ ഉപയോഗിക്കാനേ പ്രാഥമിക ഘട്ടത്തില്‍ അനുമതിയുള്ളൂ. ഭക്ഷണത്തിന് ഇരുപത് മിനിട്ടു മുമ്പാണ് ഇത് ഉപയോഗിക്കേണ്ടത്. സാധാരണ ഇന്‍സുലിനേക്കാള്‍ കുറഞ്ഞ സമയം ശരീരത്തില്‍ നില്‍ക്കുന്നത് മൂലം പൊണ്ണത്തടിക്കും ബ്ലഡ് പ്ലഷറിനും കാരണമായിത്തീരാനുള്ള സാദ്ധ്യത താരതമ്യേന കുറവാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ പുതിയ മരുന്ന് വിജയകരമായി വിപണിയിലിറക്കുകയെന്ന വെല്ലുവിളിയാണ് ഇതിന്‍റെ നിര്‍മാതാക്കളായ മാന്‍കിന്‍റ് കോര്‍പറേഷനു മുമ്പില്‍ ഇനിയുള്ളത്. മുമ്പ് ഫിസര്‍ കമ്പനിയുടെ എക്സ്യൂബെറ എന്ന് പേരിട്ട ഇന്‍ഹേലര്‍ ഇന്‍സുലിന്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പിന്‍വലിക്കേണ്ടി വന്നിരുന്നു. ഏതായാലും വളരെ പ്രതീക്ഷയോടെയാണ് പുതിയ മരുന്ന് എഫ്.ഡി.എ അംഗീകാരം നേടിയ വാര്‍ത്ത ലോകം നോക്കിക്കാണുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter