പൊണ്ണത്തടിക്ക് പരിഹാരമായി ഭക്ഷണം നിയന്ത്രിക്കാനുള്ള ഗുളിക
അമിത വിശപ്പും ഭക്ഷണത്തോടുള്ള ആര്‍ത്തിയും മൂലം പൊണ്ണത്തടിയന്മാരായിത്തീര്‍ന്നവര്‍ക്ക് ലണ്ടനില്‍ നിന്നൊരു ശുഭ വാര്‍ത്ത. ലണ്ടനിലെ ഇംപീരിയല്‍ കോളജിലെയും മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലിലെയും ഗവേഷകര്‍ കണ്ടെത്തിയ ഭക്ഷണത്തോടുള്ള ആസക്തി കുറക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ഗുളികയാണ് പൊണ്ണത്തടിയുള്ളവര്‍ക്ക് തുണയായിത്തീരാന്‍ പോവുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ മരുന്നാണ് തങ്ങള്‍ കണ്ടത്തെിയിരിക്കുന്നതെന്നാണ് ഇംപീരിയല്‍ കോളജിലെ പ്രഫ. ഗ്രേ ഫ്രോസ്റ്റിന്‍റെയും മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലിലെ പ്രഫ. ഡേവിഡ് ലോമാസിന്‍റെയും നേതൃത്വത്തിലുള്ള ഗവേഷക സംഘം അവകാശപ്പെടുന്നത് . ഒരു വ്യക്തിക്ക് ആവശ്യമായ ഭക്ഷണം ആമാശയത്തിലേക്കെത്തിക്കഴിഞ്ഞാല്‍ തലച്ചോറിലേക്ക് സന്ദേശമെത്തിക്കാന്‍ സഹായിക്കുന്ന അസിറ്റേറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മ്മിച്ച ഗുളികയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ഗുളിക കഴിച്ചാല്‍ ആവശ്യത്തിനുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞതായി തലച്ചോറിലേക്ക് നേരത്തെത്തന്നെ കൃതിമ സന്ദേശമെത്തുകയും അങ്ങനെ പെട്ടെന്ന് വയര്‍ നിറഞ്ഞതായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് തോന്നുകയും ചെയ്യുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. സാധാരണ ഗതിയില്‍ പൊണ്ണത്തടിയന്മാരില്‍ വളരെ വൈകി മാത്രമാണ് ഈ പ്രവര്‍ത്തനം നടക്കുന്നതെന്നും ഇത് മൂലമാണ് അവര്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കാനിടയാകുന്നതെന്നും ഇക്കൂട്ടര്‍ പറയുന്നു. പുതിയ ഗുളികയുടെ കണ്ടുപിടുത്തത്തോടെ, ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ വിശപ്പ് നിയന്ത്രിക്കുക എന്ന ദീര്‍ഘ നാളായി ശാസ്ത്ര ലോകത്തിനു മുന്നിലുള്ള വെല്ലുവിളിക്ക് പരിഹാരമാകുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter