മഹല്ലുകൾക്ക് വേണ്ടി വഖ്ഫ് ബോർഡ് സഹായം തേടി എസ്എംഎഫ്
മലപ്പുറം: കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുവാൻ നടപ്പിലാക്കിയ ലോക് ഡൗൺ മൂലം എല്ലാ വരുമാന മാർഗങ്ങളും നിലച്ച് കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന മഹല്ല് ജമാഅത്തുകളെയും മുതവല്ലിമാരെയും സഹായിക്കുന്നതിനായി ഈവർഷം വഖ്ഫ് ബോർഡിലേക്ക് അടക്കുവാനുള്ള വഖ്ഫ് വിഹിതം പൂർണമായും ഒഴിവാക്കി കൊടുക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡിനോട് ആവശ്യപ്പെട്ടു.

ബോർഡിൻറെ സാമൂഹ്യ ക്ഷേമ പദ്ധതിയിൽ നിന്ന് സ്ഥാപനങ്ങളിലെ 60 വയസു കഴിഞ്ഞ ജീവനക്കാർക്ക് നൽകുന്ന പ്രതിമാസ പെൻഷൻ, പാവപ്പെട്ടവർക്കുള്ള വിവാഹ, വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങളും വിതരണം ചെയ്യാതെ മുടങ്ങിക്കിടക്കുകയാണ്.

ഇതിന് ആവശ്യമായ സംഖ്യ കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പല വിഭാഗങ്ങൾക്കും വ്യത്യസ്ത സഹായങ്ങൾ നൽകുമ്പോൾ സമൂഹത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗത്തിനു മുമ്പ് അനുവദിച്ചതും അർഹതപ്പെട്ടതുമായ അവകാശം പിടിച്ചുവെക്കുന്നത് ശരിയല്ലെന്നും എത്രയും പെട്ടെന്ന് സഹായം നൽകുന്നതിന് വഖ്ഫ് ബോർഡ് സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും എസ്എംഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുക, പിരിച്ചുവിടുക തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളൊന്നും മഹല്ല് ജമാഅത്തുകളുടെ ഭാഗത്ത് നിന്നുണ്ടാവാതെ ശ്രദ്ധിക്കണമെന്ന് എസ്എംഎഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജിയും സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter