റാഹത് ഇന്ദോരി: ജനഹൃദയങ്ങൾ ഏറ്റെടുത്ത ഉറുദു കവിതാ സാമ്രാട്ട്
ഉറുദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ റാഹത് ഇന്ദോരി കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ച വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ സാഹിത്യലോകം ശ്രമിച്ചത് . ജന്മദേശമായ മധ്യപ്രദേശിലെ ഇന്ദോറിൽ വെച്ചായിരുന്നു എഴുപതുകാരനായ അദ്ദേഹത്തിന്റെ വിയോഗം. കൊറോണ വൈറസ് ബാധയെ തുടർന്ന് ശ്രീ ഓറോഭിന്ദോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കുവേണ്ടി പ്രവേശിപ്പിച്ചിരുന്നത്. തനിക്ക് കൊറോണ ബാധിച്ചതായി ട്വിറ്ററിലൂടെ പുറത്തുവിട്ടതിന്റെ പിറ്റേ ദിവസം തന്നെയാണ് അദ്ദേഹത്തിന് രോഗം മൂർച്ഛിച്ചതും അങ്ങനെ മരണപ്പെടുന്നതും.

ജനനം, വിദ്യാഭ്യാസം

1950 ജനുവരി ഒന്നിന് മധ്യപ്രദേശിലെ ഇൻഡോറിൽ വസ്ത്ര മില്ല് തൊഴിലാളിയായ റഫാതുല്ല ഖുറേശി, മഖ്ബൂൽ ഉനീസ ബീഗം എന്നീ ദമ്പതികളുടെ നാലാമത്തെ മകനായാണ് റാഹത് ഖുറേഷിയെന്ന റാഹത് ഇന്ദോരി ജനിക്കുന്നത്. ഇന്ദോറിലെ നുതാൻ സ്കൂളിൽ ഹയർസെക്കൻഡറി തലം വരെ പഠനം നടത്തിയ അദ്ദേഹം ഇന്ദോറിലെ ഇസ്‌ലാമിയ കരീമിയ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. 1975 ൽ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ബറക്കത്തുല്ല യൂണിവേഴ്സിറ്റിയിൽ നിന്ന് ഉറുദുവിൽ ബിരുദാനന്തര ബിരുദവും നേടി. ബിരുദാനന്തര ബിരുദം നേടി പത്തു വർഷങ്ങൾക്ക് ശേഷം1985 ൽ 'ഉറുദു മേം മുശായറ' എന്ന വിഷയത്തിൽ മധ്യപ്രദേശിലെ ബോജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി.

കവിയരങ്ങുകളിലേക്ക്

അർഥം സമ്പൂർണവും സരസവുമായ ഉറുദു കവിതകൾ കൊണ്ട് അദ്ദേഹം ശ്രോതാക്കളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. അദ്ദേഹത്തിൻറെ കവിയരങ്ങുകളിൽ ആളുകൾ കൂട്ടംകൂട്ടമായെത്തി. 45 വർഷങ്ങളാണ് അദ്ദേഹം ഉറുദു കവിതാ സദസ്സുകൾക്ക് അനുഗ്രഹമായി കവിതകളുടെ വർണ പ്രപഞ്ചം തുറന്നു വെച്ചത്.

തമാശ നിറഞ്ഞതും സുന്ദരവുമായിരുന്നു അദ്ദേഹത്തിന്റെ കവിതകളെല്ലാം. ഊറി ഊറി ചിരിക്കാൻ വക തരുന്ന നിരവധി കവിതകളും കാണാം. ഉറുദു ദേശീയതയുമായി ചേർന്ന് നിൽക്കുന്നതല്ലെന്ന വലതുപക്ഷ വർഗീയശക്തികളുടെ പ്രചരണത്തിന് അദ്ദേഹം കവിതയിലൂടെ മറുപടി പറഞ്ഞത് ബഹുരസമാണ്. 'ക്യാ കഹാ ഉറുദു ഗൈർ മുൽ കി ഹേ, തേരി മാ. കീ'. .എന്തു പറഞ്ഞു ഉറുദു ദേശീയമല്ലെന്നോ, നിന്റെ അമ്മയുടെ.. 'നിന്റെ അമ്മയുടെ' എന്നത് തെറിപറയാനായിട്ടാണ് ഉപയോഗിക്കാറ്. സ്വഭാവികമായും ഇതുതന്നെയാണ് ശ്രോതാക്കൾ കരുതിയത്. എന്നാൽ ആ വരികൾ ഒരിക്കൽ കൂടി പാടി അദ്ദേഹം ബാക്കി കൂട്ടിച്ചേർത്തു, 'ക്യാ കഹാ ഉറുദു ഗൈർ മുൽ കി ഹേ, തേരി മാ. കീ സബാൻ ഹേ ഉറുദു'. ഏറെ കരഘോഷത്തോടെയാണ് ആ വാക്കുകൾ സദസ്സ് സ്വീകരിച്ചത്.

വെറുതെ പാടി പോകുന്നതിനു പകരം ശ്രോദ്ധാവിനെ പിടിച്ചിരുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അവതരണങ്ങളെല്ലാം. കവിതയുടെ ആശയ തലം അദ്ദേഹത്തിൻറെ മുഖത്ത് വ്യക്തമായി സ്ഫുരിച്ച് നിൽക്കും. ആംഗ്യങ്ങളും മുഖഭാവങ്ങളും ചേർന്ന് ഒരു മനോഹരമായ അവതരണമായി മാറും. അതുകൊണ്ടാണ് ഇന്ത്യയിലെ നിരവധി നഗരങ്ങളിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ഉറുദു കവിതകൾ പാടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്.

അമേരിക്ക, ബ്രിട്ടൺ, യുഎഇ, ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂർ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കവിതകളുമായി ചെന്നെത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഉറുദു കവിതാ ലോകത്ത് പതിനായിരങ്ങളുടെ സുൽത്താനായി ഏറെക്കാലം വിരാജിക്കാൻ അദ്ദേഹത്തിനായി.

വലതുപക്ഷ സങ്കുചിത ചിന്തകൾക്കെതിരെ

ഇന്ത്യയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കാനായി സംഘപരിവാർ നടത്തുന്ന സംഘ് പരിവാർ പ്രചാരണങ്ങൾക്കെതിരെ തന്റെ കവിതകളിലൂടെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടപ്പോൾ അദ്ദേഹത്തിന്റെ കവിതകൾ ഏറെ പ്രചാരം നേടിയിരുന്നു. ഇന്ത്യയുടെ മണ്ണിൽ എല്ലാ ജനങ്ങളുടെയും ചോര പടർന്നിട്ടുണ്ടെന്നും ഏതെങ്കിലും ഒരുത്തനെ തന്തയുടെ വകയല്ല ഈ രാജ്യമെന്നുമർത്ഥം വരുന്ന സബീ കാ ഖൂൻ ശാമിൽ ഹേ യഹാം കി മിട്ടീ മേം. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ' എന്ന കവിത ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറിയിരുന്നു.

ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയപ്പോൾ ഈ വരികൾ അവർക്ക് വലിയ ആവേശമായിരുന്നു നൽകിയത്. കവിതകൾക്ക് പുറമേ നിരവധി സിനിമ ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. നിരവധി ജനപ്രിയ ഗാനങ്ങൾ അദ്ദേഹം പ്രേക്ഷകർക്കായി സമർപ്പിച്ചു. ഇന്നും ഹിന്ദി ക്ലാസിക് സംഗീതങ്ങൾ എന്ന പേരിൽ അദ്ദേഹത്തിൻറെ തൂലികയിൽ നിന്നും പിറന്ന സുന്ദര ഗാനങ്ങൾ അനേകായിരങ്ങളെ ഹർഷ പുളകിതരാക്കുന്നുണ്ട്. റാഹത് ഇന്ദോരി ലോകത്തു നിന്ന് വിട പറഞ്ഞുപോയാലും അദ്ദേഹം രചിച്ച കവിതകൾ ജീവനോടെ നൂറ്റാണ്ടുകളോളം നിലനിൽക്കും, സമര നായകർക്കത് ആവേശം പകരും, ഉറുദു ഭാഷക്ക് തന്നെ ജനഹൃദയങ്ങളിൽ ശ്രേഷ്ഠപദവി നിലനിർത്തും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter