ഇന്നൊരു കഥ പറയലിലൂടെയാകാം കാര്യം പറച്ചിൽ...

ഇന്നൊരു കഥ പറയലിലൂടെയാകാം കാര്യം പറച്ചിൽ...

ഒരിക്കൽ ഒരു ചരക്ക് കപ്പൽ കാറ്റിൽപെട്ട് തകർന്നു.. രണ്ടുപേർ മാത്രം നീന്തി മരുഭൂമി സമാനമായ ഒരു ദ്വീപിൽ എത്തപ്പെട്ടു..ഒരൽപം ജലം മാത്രമുള്ള ആ ദീപിൽ നിന്നും തങ്ങളെ രക്ഷപ്പെടുത്താൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ബോധ്യപ്പെട്ട ഇരുവരും മനമുരുകി പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു..

പക്ഷെ ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നതെന്ന് അറിയാനായി ദീപിനെ തെക്കുഭാഗമെന്നും വടക്കു ഭാഗമെന്നും രണ്ടായി അവർ തിരിച്ചു..
ഒരാൾ തെക്കു ഭാഗത്ത് നിന്നും മറ്റേയാൾ വടക്കു ഭാഗത്ത് നിന്നും പ്രാർത്ഥന തുടങ്ങി..

ആദ്യമായി അവർ പ്രാർഥിച്ചത് ഭക്ഷണത്തിനു വേണ്ടിയായിരുന്നു.. പിറ്റേ ദിവസം രാവിലെ തെക്കുഭാഗത്ത് നല്ല ഫലങ്ങളുള്ള ഒരു മരം കാണപ്പെട്ടു..അടുത്ത ദിവസം അവർ വസ്ത്രത്തിനായി പ്രാർഥിച്ചു.. തെക്കുവശത്തുള്ള ആൾക്ക് മാത്രം വസ്ത്രം ലഭിച്ചു..


Also Read:ഒരുമിച്ചുള്ള ഈ യാത്ര,ഇനി അൽപ ദൂരം മാത്രം


അടുത്ത ദിവസം രക്ഷപ്പെടാൻ ഒരു തോണിക്കുവേണ്ടി ഇരുവരും പ്രാർഥിച്ചു.. തെക്കു വശത്ത്‌ മനോഹരമായ ഒരു തോണി വന്നു.. അപ്പോൾ തെക്കു വശത്തുള്ള ആൾ വന്ന തോണിയിൽ കയറി രക്ഷപ്പെടാൻ തീരുമാനിച്ചു ..വടക്കു വശത്തുള്ള ആളെ തോണിയിൽ കയറ്റാൻ അദ്ദേഹം സന്നദ്ധമായില്ല ..കാരണം അയാൾ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്.. അയാളുടെ ഒരു പ്രാർത്ഥനയും ദൈവം കേട്ടില്ല .. അയാളെ കയറ്റിയാൽ ദൈവ കോപം ഉണ്ടാകും എന്നൊക്കെയാണ് അദ്ദേഹം കരുതിയത്..

തോണി കരയിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ ആകാശത്തുനിന്നും ഒരു അശരീരി ശബ്ദം കേട്ടു.." നീ എന്തു കൊണ്ട് വടക്കുവശത്തുള്ള ആളെ വള്ളത്തിൽ കയറ്റിയില്ല ?"അയാൾ മറുപടി പറഞ്ഞു : "ശപിക്കപ്പെട്ട അയാൾ ഈ തോണിയിൽ കയറിയാൽ ദൈവം ഇഷ്ടപ്പെടില്ല, അങ്ങിനെ ചെയ്താൽ ഈ തോണി ഒരുപക്ഷെ മുങ്ങി പോയേക്കാം..അയാളുടെ ഒരു പ്രാർത്ഥന പോലും ദൈവം കേട്ടില്ലല്ലോ ?

അപ്പോൾ അശരീരി മറുപടി പറഞ്ഞു : "നിനക്കു തെറ്റു പറ്റി ..ശരിക്കും ഞാൻ അയാളുടെ പ്രാർത്ഥനയാണ്‌ കേട്ടത്.. നിൻ്റെ പ്രാർത്ഥന കേൾക്കണേ എന്നുമാത്രമായിരുന്നു അയാളുടെ പ്രാർത്ഥന.."ഇത് കേട്ട് തെക്കുഭാഗക്കാരൻ ലജ്ജിച്ച് പോയി, ദൈവത്തോട്‌ മാപ്പ് പറഞ്ഞു, വടക്ക് ഭാഗക്കാരനെയും കൂട്ടി യാത്ര തിരിച്ചു....

മേൽ കഥയിലെ പോലെ മറ്റുള്ളവരുടെ, നമ്മൾ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്തവരുടെയൊക്കെ മനമുരുകിയ പ്രാർത്ഥന കൊണ്ടാകാം പലപ്പോഴും നമുക്ക് പല നന്മകളും വന്നെത്തുന്നത് എന്ന് നമ്മൾ മനസിലാക്കണം.. പ്രത്യേകിച്ച് മാതാപിതാക്കളുടെ പ്രാർഥനകൾ, സുഹൃത്തുക്കളുടെ പ്രാർത്ഥനകൾ, അതുപോലെ നാം വല്ല ഉപകാരവും ചെയ്യുന്നവരുടെ പ്രാർത്ഥനകൾ..അവയ്ക്കെല്ലാം ദൈവത്തിൽ നിന്ന്. ഉത്തരം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്..

അത് കൊണ്ട് നമ്മൾ നമ്മുടെ ജീവിതത്തിൽ പറ്റാവുന്ന നന്മകളൊക്കെ ചെയ്ത് കൊണ്ടിരിക്കുക .... കൊച്ച് കൊച്ച് സഹായമായാൽ പോലും അത് ചെയ്യുക..പ്രാർത്ഥിക്കാൻ പറഞ്ഞവർക്ക് വേണ്ടി പ്രാർത്ഥിക്കുക...

ചിലപ്പോൾ ചിലരുടെ അനുഗ്രഹവും പ്രാർത്ഥനയും ആകാം നമ്മളെ വരാനിരിക്കുന്ന അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കുന്നത്.....നാമറിയാതെ നമ്മെ തേടി ദൈവസഹായം വരുന്നത് ഏത് വഴിക്ക് കൂടിയാണെന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല. നമുക്ക് ജീവിതം തന്ന ദൈവത്തിന് നന്ദി പറഞ്ഞ് നമുക്കാവുന്ന നൻമകളൊക്കെ ചെയ്ത് നമുക്ക് മുന്നേറാം... അതിന്നാവട്ടെ നമ്മുടെ ഇനിയുള്ള പരിശ്രമങ്ങളും.

(മുജീബുല്ല KM,സിജി ഇൻറർനാഷനൽ കരിയർ R&D ടീം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter