രേഖകളില്ലാത്തതിന്റെ പേരിൽ തടങ്കലിലയക്കുമെങ്കിൽ ആദ്യത്തെയാൾ താനായിരിക്കുമെന്ന് അശോക് ഗെഹ് ലോട്ട്
ജയ്പൂര്‍: മുസ്‌ലിം സമൂഹത്തിന് നേരെ വിവേചനം കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സിഎഎ, എന്‍ആര്‍സി ബില്ലുകൾ പിന്‍വലിക്കണമെന്ന ആവശ്യമുര്‍ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് വീണ്ടും രംഗത്ത്. ജയ്പൂരില്‍ നടന്ന എന്‍ആര്‍സി-സിഎഎ വിരുദ്ധ പ്രതിഷേധത്തിലാണ് അദ്ദേഹം ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. 'പൗരത്വ നിയമ ഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണത്. ഇത് പിന്‍വലിച്ച്‌ രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം'- ഗെഹ് ലോട്ട് പറഞ്ഞു കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടെന്ന് ഉറപ്പുനൽകിയ അദ്ദേഹം തടങ്കല്‍ പാളയത്തിലേക്ക് ആര്‍ക്കെങ്കിലും പോകേണ്ട സാഹചര്യമുണ്ടായാല്‍ ആദ്യം പോകുന്ന ആള്‍ താനായിരിക്കുമെന്നും വ്യക്തമാക്കി. മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ എന്‍പിആറില്‍ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ല' മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ തുടക്കം മുതൽ ശക്തമായ സമര രംഗത്തുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. നിയമത്തിനെതിരെ മുഖ്യമന്ത്രി അണിനിരന്ന വൻ പ്രതിഷേധ പ്രകടനം രാജ്യത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. ദേശീയ ജനസംഖ്യ റജിസ്റ്ററിലെ ചോദ്യാവലിയില്‍ മാറ്റം വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുകയുണ്ടായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter