നിസ്‌കാരം: നിയമവും നിര്‍വഹണവും

തക്ബീറത്തുല്‍ ഇഹ്‌റാം കൊണ്ടാരംഭിച്ച് സലാം കൊണ്ടവസാനിപ്പിക്കുന്ന നിശ്ചിത വാക്കുകളും പ്രവൃത്തികളുമാണ് നിസ്‌കാരം. തക്ബീറത്തുല്‍ ഇഹ്‌റാം, ഫാത്തിഹ, ഒടുവിലെ അത്തഹിയ്യാത്ത്, ശേഷം നബിയുടെ മേലുള്ള സ്വലാത്ത്, ഒന്നാം സലാം വീട്ടല്‍ എന്നിവയാണ് വാചിക ഘടകങ്ങള്‍. നിയ്യത്ത്, നിറുത്തം, റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദ്, അവയ്ക്കിടയിലെ ഇരുത്തം, അത്തഹിയാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കല്‍, ഇവ ക്രമപ്രകാരം ചെയ്യല്‍ എന്നിവ പ്രാവര്‍ത്തിക ഘടകങ്ങളും അടങ്ങിത്താമസിക്കല്‍ എന്നതു ഘടകം തന്നെ. എന്നാലതു മറ്റു ചിലഘടകങ്ങളുടെ അനുബന്ധം മാത്രമാണ്. അവയ്ക്കു പുറമെ സുന്നത്തായ ധാരാളം വാക്കുകളും കര്‍മ്മങ്ങളും വേറെയുമുണ്ട്. അബ്ആള് സുന്നത്തുകള്‍, ഹൈആത്ത് സുന്നത്തുകള്‍ എന്നിവയായി അവ വിഭജിക്കപ്പെട്ടിട്ടുണ്ട്. നിസ്‌കാരത്തിന്റെ സാധുതയ്ക്ക് നിസ്‌കാരത്തിലുടനീളം പാലിക്കേണ്ടുന്ന നിബന്ധനകളുമുണ്ട്. മൊത്തത്തില്‍ മനുഷ്യശരീരം പോലെയത്രെ നിസ്‌കാരം. ഘടകങ്ങള്‍ അതിന്റെ ശിരസും നിബന്ധനകള്‍ ജീവനും അബ്ആളുകള്‍ അവയവങ്ങളും ഹൈആത്തുകള്‍ മുടിരോമങ്ങളുമാണ്.


‘തക്ബീറത്തുല്‍ ഇഹ്‌റാം കൊണ്ടാരംഭിക്കുന്നതും സലാം കൊണ്ടവസാനിപ്പിക്കുന്നതും’ എന്നു നിസ്‌കാരത്തെ നിര്‍വചിച്ചതില്‍ തക്ബീറും സലാമും നിസ്‌കാരത്തിന്റെ പുറത്തുള്ള കാര്യങ്ങളാണെന്നു വരുമെന്ന പന്തികേടൊന്നുമില്ല. കാരണം, ഒരു കാര്യം അതിന്റെ തന്നെ ഘടകങ്ങളെ കൊണ്ട് ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നതാവാമല്ലോ. പെരുന്നാള്‍ ഖുത്ബ തക്ബീറുകള്‍ കൊണ്ട് തുടങ്ങുമെന്ന് പറയുന്നിടത്ത്, ചില സംഗതികള്‍ അതില്‍ പെടാത്തത് കൊണ്ടാരംഭിക്കുമെന്ന് ഫുഖഹാഅ് ന്യായീകരിച്ചതില്‍നിന്ന് മറ്റുചിലതിന്റെ തുടക്കം അതില്‍ പെട്ടതുകൊണ്ടും ആവാമെന്നു ഗ്രാഹ്യമാകുന്നു. വിശുദ്ധ  ഖുര്‍ആന്റെ പ്രാരംഭം സൂറത്തുല്‍ ഫാതിഹയാണല്ലോ. ഫാതിഹ ഖുര്‍ആനില്‍ പെട്ടതും ഒന്നാമത്തെ അധ്യായവുമാണുതാനും.


‘സ്വലാത്ത്’ എന്ന ശബ്ദമാണ് നിസ്‌കാരത്തിന്റെ ശര്‍ഈ പദം.  പ്രാര്‍ത്ഥന എന്നു ഭാഷാര്‍ത്ഥം. നിര്‍ബന്ധവും സുന്നത്തുമായ പ്രാര്‍ത്ഥനകളടങ്ങുന്നത് കൊണ്ടാണ് നിസ്‌കാരത്തിന് സ്വലാത്ത് എന്ന് നാമകരണം വന്നത്. ഒരു സംഗതിയുടെ സകലത്തിനും അതിലെ ശകലത്തിന്റെ പേര് കൊടുക്കല്‍ സാര്‍വ്വത്രികമാണല്ലോ.. സ്വലാത്തിന്റെ ഭാഷാപരവും നിയമപരവുമായ വെവ്വേറെ വിവക്ഷകള്‍ ഏവര്‍ക്കും പരിചിതമാണ്.


വ്യക്തിഗത ബാധ്യതയായ നിര്‍ബന്ധ നിസ്‌കാരം ദിവസവും അഞ്ചെണ്ണമാണ്. അഥവാ അഞ്ചു നേരങ്ങളിലായി അഞ്ചുനിസ്‌കാരങ്ങള്‍. ഈ വസ്തുത ദീനില്‍ പെട്ടതാണെന്ന് പ്രമാണങ്ങളില്‍നിന്ന് അറിയപ്പെട്ടതാണ്. അതുകൊണ്ട് ആരെങ്കിലും അക്കാര്യം നിഷേധിച്ചാല്‍ മതഭൃഷ്ടനാകും. ദീനില്‍ പെട്ടതാണെന്ന് അനിഷേധ്യമാംവിധം അറിയപ്പെട്ട ഏത് കാര്യം നിഷേധിച്ചാലും അവിശ്വാസിയാകുമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ തൗബ ചെയ്ത് മടങ്ങുന്നില്ലെങ്കില്‍ വധിക്കപ്പെടേണ്ടതാണ്. നിര്‍ബന്ധത്തെ നിഷേധിക്കാതെ അലസതമൂലം നിസ്‌കാരം ജംഇന്റെ സമയവും കടന്ന്-അതുണ്ടെങ്കില്‍-ഒരാള്‍ ഖളാഅ് വീട്ടാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കൊല്ലപ്പെടേണ്ടതാണ്. എന്നാലിത്തരം ശിക്ഷാനടപടികള്‍ കൈകൊള്ളാനധികാരം ഭരണാധികാരികള്‍ക്കാണെന്നു പറയേണ്ടതില്ലല്ലോ.


അഞ്ച് നിസ്‌കാരങ്ങള്‍ ഒന്നിച്ച് നിര്‍ബന്ധമാക്കപ്പെട്ടത് മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിനാണ്. എന്നാല്‍ ആദം നബി(അ)യ്ക്ക് സുബ്ഹി, ദാവൂദ് നബിക്ക് ള്വുഹ്ര്‍, സുലൈമാന്‍ നബിക്ക് അസ്വര്‍, യഅ്ഖൂബ് നബിക്ക് മഗ്‌രിബ്, യൂനുസ് നബിക്ക് ഇശാഅ് എന്നിങ്ങനെ വിവിധ പ്രവാചകന്മാര്‍ക്ക് ഓരോരോ നിസ്‌കാരം ഉണ്ടായിരുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വേറെയും റിപ്പോര്‍ട്ടുകള്‍ ഇമാമുകളുടെ വിവരണത്തില്‍ കാണാം.


ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ് നബി(സ)യുടെ ഇസ്‌റാഇന്റെ രാത്രിയിലാണ് അഞ്ച് നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്. എന്നാല്‍, അന്നും പകലിലെ സുബ്ഹ് വാജിബായിരുന്നില്ല. നിസ്‌കാരത്തിന്റെ രീതി എങ്ങനെയെന്ന് അറിയിപ്പ് കിട്ടാത്തതു കൊണ്ടായിരുന്നു അത്. ശേഷം ള്വുഹ്ര്‍ മുതല്‍ സുബ്ഹ് വരെ ജീബ്‌രീലി(അ)നു പിറകില്‍ നബിയും നബി(സ)ക്ക് പിന്നില്‍ സ്വഹാബത്തും രണ്ടു ദിവസത്തിലായി ഈരണ്ടു തവണ നിര്‍വഹിച്ചു. അഞ്ച് നിസ്‌കാരങ്ങള്‍ എങ്ങനെ അനുഷ്ഠിക്കണമെന്ന് അഭ്യസിപ്പിക്കപ്പെടുകയുണ്ടായി.


ബാഹ്യമായ ശാരീരിക ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായത് നിസ്‌കാരമാണ്. ആന്തരിക ശാരീരിക ആരാധനകളില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ പറ്റിയും മറ്റും ചിന്തിക്കല്‍, ഖളാഅ് ഖദ്‌റില്‍ തൃപ്തിയടയല്‍ പോലുള്ളവ നിസ്‌കാരത്തിനെക്കാള്‍ മഹത്തരമാണ്. ‘ഒരുവേള ആലോചിക്കുന്നത് അറുപത് കൊല്ലത്തെ ആരാധനയെക്കാള്‍ ഉത്തമമാണെ’ന്ന് ഹദീസിലുണ്ട്. എന്നാല്‍ എല്ലാറ്റിനുമുപരി ഉല്‍കൃഷ്ടമായത് ഈമാന്‍-വിശ്വസിച്ചംഗീകരിക്കല്‍-ആണെന്നത് അറിയാമല്ലോ. ഏത് ഇബാദത്തിന്റെയും സാധുതയ്ക്കും സ്വീകാര്യതയ്ക്കും ഈമാന്‍ ഒഴിച്ചുകൂടാനാവാത്തതാണ്.
അഞ്ചു നേരങ്ങളില്‍ ഓരോ നിസ്‌കാരവും അതിന്റെ ആദ്യസമയത്ത് തന്നെ നിര്‍വഹിക്കലാണ് ഏറെ പുണ്യമുള്ളത്. സമയമായ ഉടനെ നിസ്‌കാരത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍-ശുദ്ധീകരണം, ബാങ്ക്, ഔറത്ത് മറയ്ക്കല്‍ എന്നിത്യാദി-കൊണ്ട് വ്യാപൃതമാകുകയാണ് വേണ്ടത്. പക്ഷേ, പതിവിനു വിപരീതമായി ധൃതി ആവശ്യമില്ല. അംഗസ്‌നാനത്തിനു വെള്ളം ലഭ്യമാക്കുക, വിസര്‍ജന വിഷമം ദൂരീകരിക്കുക തുടങ്ങിയ ചെറിയ പ്രവൃത്തികള്‍, ചെറിയ സംസാരം, നിസ്‌കാരത്തില്‍ ഭയഭക്തിയുടെ പൂര്‍ണത കൈവരുത്തുന്ന ഭക്ഷണഭോജനം എന്നിവ നടത്തുന്നത് ആദ്യസമയത്തിന്റെ ശ്രേഷ്ഠതയെ നഷ്ടപ്പെടുത്തുകയില്ല. നോമ്പ് തുറക്കുന്നവന്‍ വിശപ്പകറ്റുന്നവിധം കഴിച്ച് നിസ്‌കരിക്കുന്നതായിരിക്കും ഉചിതം. നിസ്‌കാരത്തില്‍ ശ്രദ്ധ കേന്ദ്രീകൃതമാക്കാന്‍ അതേറ്റവും നല്ലതാവും. എന്നാല്‍, അമിതാഹാരം കഴിച്ച് നിസ്‌കാരത്തില്‍ ഭയഭക്തിക്ക് തടസം വരുത്തുന്നത് നന്നല്ല. പൊതുജമാഅത്തിന്റെ ഇമാം പൊതുജനങ്ങള്‍ക്ക് നിസ്‌കാരത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ള പതിവ് സമയം കഴിഞ്ഞാല്‍ സന്നിഹിതരായവരെ വെച്ച് പെട്ടെന്ന് ജമാഅത്ത് തുടങ്ങണം. മഅ്മൂമുകള്‍ എണ്ണം കുറഞ്ഞാലും അങ്ങനെ തന്നെ. എന്തുകൊണ്ടെന്നാല്‍ ആദ്യ സമയത്തെ കുറഞ്ഞാളുകളെ കൊണ്ടുള്ള ജമാഅത്ത് അവസാന സമയം സംഗമിക്കുന്ന കൂടുതല്‍ പേരെ കൊണ്ടുള്ള ജമാഅത്തിനെക്കാള്‍ പ്രതിഫലാര്‍ഹമാണെന്നുള്ളതാണ് പ്രബല വീക്ഷണം.
സമയത്തിന്റെ ആദ്യത്തില്‍ തന്നെ നിസ്‌കരിക്കണമെന്നു പറഞ്ഞതില്‍നിന്ന് ചില സന്ദര്‍ഭങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അത്തരം നാല്‍പതോളം രൂപങ്ങള്‍ പണ്ഡിതന്മാര്‍ എണ്ണിയിട്ടുണ്ട്. ഒരു കാര്യം, അതു ശേഷം ചെയ്താലുണ്ടാകുന്ന നേട്ടം മുന്‍ഗണനയുള്ളതാവുകയും പിന്തിച്ചാലത് നഷ്ടപ്പെടുകയും ചെയ്യുമെങ്കില്‍ അത് സാധിപ്പിക്കുവാന്‍ വേണ്ടി നിസ്‌കാരത്തെക്കാള്‍ മുന്തിക്കുന്നതാണ്. നിസ്‌കാരം വൈകിപ്പിക്കുന്നത് മൂലമായി കരഗതമാകുന്ന പൂര്‍ണത ഉദാ. ജമാഅത്ത് കിട്ടുക, നേരത്തെയായാല്‍ ഇല്ലാതെയാകുന്ന പരിതസ്ഥിതിയിലും നിസ്‌കാരം പിന്തിപ്പിക്കലാണ് ഏറെ ഗുണകരം. ഉഷ്ണരാജ്യങ്ങളില്‍ പള്ളിയിലെ ജമാഅത്തിന് ദുരെ നിന്ന് വരുന്നവരുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ളുഹ്ര്‍ നിസ്‌കാരം നട്ടുച്ചയുടെ ചൂടാറുന്നതുവരെ-ള്വുഹ്‌റിന്റെ പകുതി സമയം കഴിയുന്നതിനു മുമ്പ്-പിന്തിപ്പിക്കല്‍ സുന്നത്താണ്. മധ്യാഹ്‌നം കഴിഞ്ഞ് മതിലുകള്‍ക്കും മറ്റും തണലുണ്ടാകുകയും ജമാഅത്തുദ്ദേശിച്ചവന് അവയിലൂടെ നടക്കാനാകുകയും ചെയ്യുന്നതു കൊണ്ടാണിത്.
പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്‌ലിമിനും നിസ്‌കാരം നിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമാണ് തക്‌ലീഫിന്റെ (വിധിവിലക്കുകള്‍ക്ക് വിധേയനാവല്‍) മാനദണ്ഡം. അന്ധനും ബധിരനുമായി ജനിച്ചൊരാള്‍ അതുപോലെ പ്രായം തികഞ്ഞാല്‍ അവന്‍ മുകല്ലഫല്ല. കാരണം, വിധിവിലക്കുകള്‍ അറിയാന്‍ അവനും നിര്‍വാഹമില്ലല്ലോ. ഒരുത്തനു വകതിരിവു ആയതിനു ശേഷമാണ് അന്ധതയും ബധിരതയും വന്നതെങ്കില്‍ അവന്‍ നിസ്‌കാര നിയമങ്ങള്‍ മനിസ്സിലാക്കിയിട്ടുണ്ടെങ്കില്‍ കഴിയാവുന്ന വിധം നിസ്‌കരിക്കല്‍ അയാള്‍ക്ക് നിര്‍ബന്ധമാകും.  തീരെ ഇസ്‌ലാമിക സന്ദേശം എത്താത്തവനും മുകല്ലഫല്ല.
ജന്മനാ കാഫിറായവനും നിസ്‌കാരം നിര്‍ബന്ധമാകുന്നില്ല. എന്നുവെച്ചാല്‍ ദുന്‍യാവില്‍ അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുകയില്ല. എന്നാല്‍, പരലോകത്ത് നിസ്‌കാരത്തിന് ശിക്ഷയനുഭവിക്കേണ്ടിവരും. മുസ്‌ലിംകള്‍ ഏകോപിച്ച കര്‍മശാസ്ത്രവിധികള്‍ പാലിക്കാത്ത കാഫിര്‍ പരലോകത്ത് അതിന്റെ പേരില്‍ പ്രത്യേകം ശിക്ഷിക്കപ്പെടുമെന്നാണ് പണ്ഡിതന്മാര്‍ പ്രബലപ്പെടുത്തുന്നത്. കാരണം ഇസ്‌ലാമാശ്ലേഷിച്ച് അവ നിര്‍വഹിക്കാനവനു അവസരമുണ്ടായിരുന്നല്ലോ.
കാഫിര്‍ മുസ്‌ലിമായാല്‍ മുന്‍കാല നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടേണ്ടതില്ല. അവനെ ഇസ്‌ലാം സ്വീകരിക്കുന്നതില്‍ താല്‍പര്യപ്പെടുത്താനാണിത്. എന്നാല്‍ മതഭൃഷ്ടന്‍(മുര്‍തദ്ദ്) താന്‍ ഭൃഷ്ടനായ കാലത്തെ മുഴുവന്‍ നിസ്‌കാരങ്ങളും ഖളാആ് വീട്ടേണ്ടതാണ്. അവ തന്റെ മേല്‍ കടുത്ത ഗൗരവം പുലര്‍ത്തലാണുദ്ദേശ്യം. ഏഴു വയസ്സായ കുട്ടിയോട് നിസ്‌കരിക്കുവാന്‍ കല്‍പ്പിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ പേടിപ്പിക്കുകയും വേണം. മാതാപിതാക്കള്‍, വസ്വിയ്യ്, ഖയ്യിം, അടുത്ത കുടുംബക്കാര്‍ എന്നിവര്‍ ക്രമപ്രകാരം ബാധ്യത നിറവേറ്റണം. ഇവരാരുമില്ലെങ്കില്‍ ഇമാം അഥവാ ഖാസി, അയാളുമില്ലെങ്കില്‍ സച്ചരിതരായ മുസ്‌ലിംകള്‍ എന്നിവര്‍ കുട്ടിയോട് നിസ്‌കാരം കൊണ്ട് കല്‍പ്പിക്കണം.
വകതിരിവായതിനു ശേഷം വിട്ടുപോയ നിസ്‌കാരങ്ങള്‍ ഖളാഅ്  വീട്ടാനും കുട്ടിയോട് കല്‍പ്പിക്കണം. പത്തു വയസ്സായാല്‍ നിസ്‌കരിക്കാത്തതിന്റെ പേരില്‍ മുറിവ് പറ്റാത്തവിധം അടിക്കേണ്ടതാണ്. എന്നാല്‍, മുറിവേല്‍പ്പിക്കുന്ന പ്രഹരം കൊണ്ടേ പ്രയോജനം ഉണ്ടാകുകയുള്ളൂവെങ്കില്‍ അടിക്കേണ്ടതില്ല. ചെറുപ്പത്തിലേ ശീലിപ്പിച്ചാല്‍ പ്രായപൂര്‍ത്തിയായാലും നിസ്‌കാരം പതിവാക്കികൊള്ളുമെന്നതാണ് ഇങ്ങനെ നിയമമാക്കുന്നതിന്റെ യുക്തി.
ആര്‍ത്തവം, പ്രസവരക്തം എന്നീ അശുദ്ധിയുള്ളവള്‍ തത്സമയത്തുള്ള നിസ്‌കാരങ്ങള്‍ പിന്നീട് ഖളാഅ് വീട്ടേണ്ടതില്ല. ഖളാഅ് വീട്ടല്‍ നിഷിദ്ധമാണവള്‍ക്ക്. കറാഹത്തേയുള്ളൂവെന്നും അഭിപ്രായമുണ്ട്. ഭ്രാന്തന്‍, ബോധരഹിതന്‍, അതിരുവിടാതെ ലഹരി ബാധിച്ചവന്‍ എന്നിവരും ഖളാഅ് വീട്ടേണ്ടതില്ല. എങ്കിലും സുന്നത്തുണ്ട്. അതിരു വിട്ടതു കാരണം ബുദ്ധി തകരാറിലായവന്‍ വിട്ടുപോയ നിസ്‌കാരം നിര്‍ബന്ധമായും ഖളാഅ് വീട്ടണം.
നിസ്‌കാരം നിര്‍ബന്ധമാകുന്നതിന് തടസ്സമാകുന്ന കാര്യങ്ങള്‍-അടിസ്ഥാന കുഫ്ര്‍, ആര്‍ത്തവം, പ്രസവരക്തം, കുട്ടിത്തം, ഭ്രാന്ത്, ബോധം നഷ്ടപ്പെടല്‍, ലഹരി എന്നിവ- നീങ്ങുകയും നിസ്‌കാരത്തിന്റെ നിര്‍ണിത സമയത്തില്‍നിന്ന് തക്ബീറത്തുല്‍ ഇഹ്‌റാമിന്റെയത്ര സമയം അവശേഷിക്കുകയും ചെയ്താല്‍ പ്രസ്തുത നിസ്‌കാരവും അതിനോടൊപ്പം പിന്തിച്ചു ജംആക്കപ്പെടുന്ന നിസ്‌കാരവും നിര്‍ബന്ധമാകുന്നതാണ്. അസ്വര്‍, ഇശാഅ് എന്നിവയുടെ സമയത്തില്‍ നിന്ന് തക്ബീറത്തുല്‍ ഇഹ്‌റാമിന്റെയത്രനേരം ലഭിക്കുന്നതുകൊണ്ട് യഥാക്രമം ളുഹ്ര്‍, മഗ്‌രിബ് എന്നിവയും നിര്‍ബന്ധമാകുന്നതാണ്.
നിസ്‌കരിച്ചു കൊണ്ടിരിക്കെ കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ ആ നിസ്‌കാരം പൂര്‍ത്തിയാക്കല്‍ അവന് നിര്‍ബന്ധമായി. ആ നിസ്‌കരിച്ചത് അവന് മതിയാകുന്നതുമാണ്. അതോടൊപ്പം ഒന്നുകൂടി മടക്കി നിസ്‌കരിക്കല്‍ സുന്നത്താണ്. നിസ്‌കാരം കഴിഞ്ഞു അതേസമയത്ത് പ്രായം തികഞ്ഞവനാണെങ്കിലും തഥൈവ.
നിര്‍ബന്ധത്തെ തടസ്സപ്പെടുത്തുന്ന കാര്യം സമയത്തിന്റെ തുടക്കത്തിലാണ് ഉണ്ടായതെങ്കില്‍ പ്രസ്തുത നിസ്‌കാരം ഏറ്റവും ലഘുവായി നിര്‍വഹിക്കാന്‍ ആവശ്യമായ നേരം തടസ്സരഹിതനായി എത്തിച്ചവനും ആ നിസ്‌കാരം ബാധ്യതയായി. തയമ്മും നിത്യഅശുദ്ധിക്കാരന്റെ ശുദ്ധീകരണം പോലുള്ള സമയമായതിനുശേഷം മാത്രം ചെയ്യേണ്ടുന്ന കൃത്യങ്ങള്‍ക്കും സമയം കിട്ടിയിട്ടുണ്ടെങ്കിലേ നിസ്‌കാരം നിര്‍ബന്ധമാകുകയുള്ളൂ. സാധാരണഗതിയില്‍ വളൂഅ്, കുളി തുടങ്ങിയ ശുദ്ധീകരണങ്ങള്‍ക്ക് വേണ്ടുന്ന സമയം ലഭിക്കണമെന്നില്ല. കാരണം, അതു സമയമാകുന്നതിനു മുമ്പ് സൗകര്യപ്പെടാമല്ലോ. അസ്വര്‍, ഇശാഅ് എന്നീ നിസ്‌കാരങ്ങളാണ് ഇപ്രകാരം വാജിബായതെങ്കില്‍ അതിന്റെ തൊട്ടു മുമ്പുള്ള യഥാക്രമം ളുഹ്ര്‍, മഗ്‌രിബ് എന്നിവയും കൂടെ നിര്‍ബന്ധമാകും. പക്ഷേ, സമയത്തില്‍നിന്ന് അതുകൂടി കൂടെ നിസ്‌കരിക്കാനുള്ള ഇടവേള കിട്ടിയിട്ടുണ്ടെങ്കില്‍ മാത്രം. ഇനി സമയത്തില്‍നിന്ന് ചുരുങ്ങിയപടി ഫര്‍ള് നിസ്‌കരിക്കാനുള്ള നേരം കുട്ടിയിട്ടില്ലെങ്കില്‍ നിസ്‌കാരം നിര്‍ബന്ധമാകുകയില്ല.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter