വിശുദ്ധ വചനം
യേശു ദൈവത്തിന്റെ വിശുദ്ധ വചനമാണെന്നും അതിനാല്‍ ദൈവമാണെന്നുമാണ് മറ്റൊരു വാദം. ഈ വചനവാദം തെളിയിക്കാന്‍ അവര്‍ ഖുര്‍ആന്‍പോലും ഉദ്ധരിക്കാറുണ്ട്. പക്ഷെ, നാമിപ്പോള്‍ ഖുര്‍ആനിലേക്ക് കടക്കേണ്ടതില്ല. ബൈബിളിലൂടെ തന്നെ നമുക്ക് സഞ്ചരിക്കുക. ഈ വചനത്തിന്റെ ഉള്ളുകള്ളികള്‍ നമുക്ക് മനസ്സിലാകും. ആദ്യമായി നാം ഗ്രഹിക്കേണ്ടത് വചനം എന്ന് യേശുവെ സംബന്ധിച്ചുള്ള വാക്കിനു പ്രത്രേകമായി പുതിയൊരര്‍ത്ഥം ബൈബിളിലില്ലെന്നാണ്. കല്‍പന, വാക്കുകള്‍, വാഗ്ദാനം, പ്രസ്താവം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ക്ക് അതുപയോഗിച്ചതിന് ഒട്ടേറെ തെളിവുകളുണ്ട്. ഇങ്ങനെയൊരര്‍ത്ഥത്തില്‍ യേശുവിനെക്കുറിച്ചും ഈ പദ സമുച്ചയമുപയോഗിക്കപ്പെട്ടിട്ടുണ്ട്. പിതാവില്ലാത്ത പ്രത്യേക സാഹചര്യത്തിലാണല്ലോ യേശുവിന്റെ ഗര്‍ഭധാരണം. ആ കല്‍പന യഹോവ പുറപ്പെടുവിച്ചുവെന്നത് ശരിതന്നെ.
എന്നാല്‍, മറ്റേതു കാര്യങ്ങള്‍ നടപ്പാക്കാനും യഹോവയുടെ കല്‍പന വേണമെന്നതു പോലെ മാത്രമായിരുന്നു ഇതും. എന്തെങ്കിലും പ്രത്യേക സ്വഭാവമുള്ള വാക്കോ അസാധാരണ പദസമുച്ചയമോ ഈ കല്‍പന പുറപ്പെടുവിക്കാനുപയോഗിച്ചതായി അറിവില്ല. എന്നാല്‍, ഈ വചനവാദമെന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? അതൊരു വാചകക്കസര്‍ത്താണ്. വചനമാകുന്ന പുത്രനില്‍ക്കൂടി ദൈവം, തന്നെ വെളിപ്പെടുത്തുകയാണെന്നു ഇവര്‍ വിശ്വസിക്കുന്നു. റവറന്റ് ഹാണിന്റെ വാക്കുകള്‍ അല്‍പം തമാശ കൂടി പകരുന്നതാണ്: മുസ്‌ലിംകള്‍ക്ക് ദൈവത്തിന്റെ വചനം നിത്യതയുള്ളതാണെന്ന വിശ്വാസം ഉണ്ട്. ദൈവവചനത്തിന് അറബി ഭാഷയില്‍ കലിമ എന്നതാണ് പദം. അല്ലാഹു എന്നു പറഞ്ഞാല്‍ ദൈവം എന്നര്‍ത്ഥം. മുസ്‌ലിംകള്‍ യേശുവിനെ ദൈവത്തിന്റെ വചനം എന്നര്‍ത്ഥം വരുന്ന കലിമത്തുല്ല എന്നാണ് വിളിക്കുന്നത്. ഇത് മുസ്‌ലിംകളുടെ മതഗ്രന്ഥമായ ഖുര്‍ആനില്‍ തന്നെയുള്ള ഒരു പ്രയോഗമാണ് (തെറ്റിദ്ധാരണകള്‍, പേ. 13).
ഈ വചനം യേശുവിനു മാത്രം ലഭിച്ചതാണോ? അല്ല. നാം മുകളില്‍ പറഞ്ഞപോലെ ഏതു കാര്യവും ദൈവത്തിന്റെ കല്‍പനയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ആദാമിനെയും ഹവ്വയെയും യഹോവ സൃഷ്ടിച്ചല്ലോ. എന്നിട്ട്, ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു. അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവ ജാതിയിന്മേലും സകല ഭൂചര ജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോട് കല്‍പിച്ചു (ഉല്‍പത്തി: 1:28). മനുഷ്യന്‍ ഭൂമിയില്‍ വന്നതും പെറ്റുപെരുകുന്നതും ഭൂമിയില്‍ വാഴുന്നതുമെല്ലാം ആ കല്‍പനയുടെ, വിശുദ്ധ വചനത്തിന്റെ പുലര്‍ച്ചയാണെന്നു വ്യക്തം. എങ്കില്‍ പിന്നെ, യേശുവിന്റെ ജന്മത്തിന് നിദാനമായിത്തീര്‍ന്ന വചനത്തിനു മാത്രം എന്തിത്ര പ്രാധാന്യം? യഹോവയുടെ വചനം മുഖേന യേശു ജന്മം കൊണ്ടു എന്നാണല്ലോ വാദം. ഈ വചനത്തിന് എന്തെങ്കിലും പ്രത്യേകാര്‍ത്ഥമുണ്ടോ എന്നുകൂടി നമുക്ക് പരിശോധിക്കാം.
'അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായ വിധികള്‍ സര്‍വ്വ ഭൂമിയിലുമുണ്ട്. അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓര്‍ത്തുകൊള്‍വിന്‍ (ദിനവൃത്താന്തം 16:14, 15). കല്‍പന എന്നര്‍ത്ഥത്തിനാണിവിടെ വചനം ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. 'ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളില്‍ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടര്‍ന്നു സേവിപ്പാന്‍ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത് (ആവര്‍ത്തന പുസ്തകം 28:14). യഹോവയുടെ വചനം നേരുള്ളത്; അവന്റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത് (സങ്കീര്‍ത്തനങ്ങള്‍ 33: 4). മനുഷ്യപുത്രാ, നീ യിസ്രയേല്‍ ഗൃഹത്തിന്റെ അടുക്കല്‍ചെന്ന് എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക. ഞാന്‍ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തില്‍ കൈക്കൊള്‍ക. ഞാന്‍ നിന്നെ യിസ്രയേല്‍ ഗൃഹത്തിന് കാവല്‍ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായില്‍നിന്ന് വചനം കേട്ടു എന്റെ നാമത്തില്‍ അവരെ ബോധിപ്പിക്കണം (യെഹെസ്‌കേല്‍ 3: 4, 10, 13).
പുല്ലുണങ്ങുന്ന, പൂ വാടുന്നു, നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്‍ക്കും (യെശയ്യാവ്: 40:8). ഒരു നൂറ് ഉദ്ധരണികള്‍ ഇങ്ങനെ ബൈബിളില്‍നിന്നെടുക്കാനുണ്ട്. മേല്‍ സൂചിപ്പിച്ച പോലെ വ്യത്യസ്തവും സാധാരണവുമായ അര്‍ത്ഥങ്ങള്‍ക്കാണവ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. യേശുവിന്റെ ജന്മത്തിന് നിദാനമായ വചനവും ആ ഗണത്തില്‍ പെടുന്നു. അതിന് തനതായ ഒരു പ്രത്യേകതയുമില്ല. ചുരുക്കത്തില്‍, ദൈവപുത്രന്‍, പരിശുദ്ധാത്മാവ്, ദൈവത്തിന്റെ വചനം എന്നിങ്ങനെയുള്ള ബൈബിള്‍ പ്രസ്താവങ്ങളിലൂടെ യേശുവിന് യാതൊരുവിധ പ്രത്യേകതകളും സ്ഥാപിക്കാനാവില്ലെന്ന് നാം സുവ്യക്തമായി കണ്ടുകഴിഞ്ഞു. ആ നിലക്ക് യേശുവിന് എന്തെങ്കിലും പ്രാധാന്യം കല്‍പിക്കപ്പെടുന്നെങ്കില്‍ മേല്‍ സൂചിപ്പിച്ച വിധം മറ്റു പലര്‍ക്കും അത്തരത്തിലുള്ള മഹത്വം അംഗീകരിക്കപ്പെടുകയും വേണ്ടതുണ്ട്. അല്‍പം സാമാന്യവിവരമുള്ള ആര്‍ക്കും ഈ വസ്തുത ബൈബിളില്‍ നിന്നു തന്നെ സൂര്യപ്രകാശംപോലെ വ്യക്തമാകുന്നു. (ഇസ്‌ലാമും ക്രിസ്ത്യാനിസവും )
Leave A Comment