പിശാചിന് വാതിലുകള്‍ തുറക്കാതിരിക്കുക
lawഅബൂഹുറൈറ(റ) നിവേദനം, വല്ലതും സംഭവിച്ചാല്‍, അങ്ങനെ ചെയ്തിരുന്നെങ്കില്‍ അങ്ങനെ ആകുമായിരുന്നേനെ എന്ന് പറയരുത്, പകരം, അല്ലാഹുവിന്റെ വിധിയാണെന്നും അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നുവെന്നും പറയുക. കാരണം, ആയിരുന്നെങ്കിലെന്ന വചനം പിശാചിന്റെ പ്രവര്‍ത്തനം തുറന്ന് വെക്കുന്നു. (സ്വഹീഹ് മുസ്‍ലിം) ജീവിതത്തില്‍ പലപ്പോഴും നാം നേരിടുന്നതാണ് നിരാശ. എന്തെങ്കിലും കാര്യങ്ങള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാതെ പോകുമ്പോള്‍, നാം ചെയ്തുപോയ ഒരു കാര്യത്തിന്റെ അനന്തര ഫലം തിക്തമാകുമ്പോഴൊക്കെ നാം നിരാശരാവാറുണ്ട്. ശേഷം, അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, പകരം ഇങ്ങനെ ചെയ്താല്‍ മതിയായിരുന്നു എന്നൊക്കെ നാം ഓര്‍ത്തുപോവാറുണ്ട്. എന്നാല്‍, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം ചിന്തകള്‍ പ്രസക്തമല്ലെന്ന് മാത്രമല്ല, അത് തീര്‍ത്തും വര്‍ജ്ജിക്കേണ്ടതാണ്. എന്തുകാര്യം ചെയ്യുമ്പോഴും വേണ്ടത്ര ആലോചിച്ചേ വിശ്വാസി ചെയ്യാവൂ. ആവശ്യമായ ആലോചനകള്‍ക്ക് ശേഷം അത് ചെയ്യണമെന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍, പിന്നെ, പൂര്‍ണ്ണമായും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നോട്ട് പോകണമെന്നതാണ് ഇസ്‍ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ശേഷം അതിന്റെ ഫലങ്ങള്‍ അപ്രതീക്ഷിതമായി വരുന്നുവെങ്കില്‍, അത് അല്ലാഹുവിന്റെ വിധിയാണെന്നും അവന്‍ ഉദ്ദേശിച്ചത് മാത്രമേ നടക്കൂ എന്നുമുള്ള ഉറച്ച വിശ്വാസം മനസ്സിലുറപ്പിച്ച്, ചെയ്ത പ്രവര്‍ത്തനത്തിന് നാഥന്‍ പ്രതിഫലം തരുമെന്ന സദ്ചിന്തയാണ് വിശ്വാസിക്കുണ്ടാവേണ്ടത്. ജീവിതത്തില്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ വിശ്വാസിയെ പാകപ്പെടുത്തുന്ന ഏറ്റവും വലിയ ശുഭചിന്തയാണ് ഇത്. മുന്നോട്ടുള്ള ജീവിതത്തിന്റെ വഴിത്താരകള്‍ ഒന്നൊന്നായി അടയുമ്പോഴും, ക്ഷമ കൈകൊള്ളാനും പിടിച്ചു നില്ക്കാനും ഇത് വിശ്വാസിക്ക് കരുത്ത് പകരുന്നു. ആത്മഹത്യാനിരക്കില്‍ വിശ്വാസി സമൂഹത്തെ പിന്നിലാക്കുന്നതും ഈ മാന്ത്രിക വചനങ്ങള്‍ പകര്‍ന്നുനല്‍കുന്ന വലിയ ശക്തി തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter