വഴി നമുക്ക് തെരഞ്ഞെടുക്കാം... ലക്ഷ്യപ്രാപ്തി അവന്റെ കൈകളിലാണ്..
നുബുവ്വതിന്റെ പതിമൂന്നാം വര്‍ഷം. മദീനയിലേക്ക് പലായനം ചെയ്യാനുള്ള കല്പന വന്ന് ഏതാനും ദിവസങ്ങളേ കഴിഞ്ഞിട്ടുള്ളൂ. സാധിക്കുന്നവരൊക്കെ യാത്ര പുറപ്പെട്ടുകഴിഞ്ഞു. മക്കയില്‍ ഇപ്പോള്‍ ഏതാനും മുസ്‍ലിംകള്‍ മാത്രമേ ബാക്കിയുള്ളൂ. അസുഖമോ പ്രായാധിക്യമോ കാരണം പലായനം ചെയ്യാന്‍ സാധിക്കാത്തവര്‍ മാത്രം.
അവരിലൊരാളായിരുന്നു ളംറതുബ്നു ജുന്ദുബ് (റ). വാര്‍ദ്ധക്യത്തോടൊപ്പം വിവിധ അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തിന്, മരൂഭൂമിയിലൂടെ ഇത്രയും ദൂരം യാത്ര ചെയ്യുക എന്നത് സാധ്യമേ അല്ലായിരുന്നു. അതേസമയം, മക്കയില്‍ അവിശ്വാസികളോടൊപ്പം നില്‍ക്കുന്നതും അദ്ദേഹത്തിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. എന്ത് ചെയ്യണമെന്ന് അദ്ദേഹം പല തവണ ആലോചിച്ചു. അവസാനം, അവശതകളെയെല്ലാം അവഗണിച്ച് അദ്ദേഹം മദീനയിലേക്ക് പോവാന്‍ തന്നെ തീരുമാനിച്ചു.
അധികദൂരം പിന്നിട്ടില്ല, അദ്ദേഹം ഏറെ ക്ഷീണിതനാവുകയും അസുഖം കലശലാവുകയും ചെയ്തു. ഒരിക്കലും മദീനയിലേക്ക് എത്താനാകില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഒരു കൈ കൊണ്ട് മറ്റേ കൈയ്യിലടിച്ച് ഇങ്ങനെ പറഞ്ഞു, നാഥാ, ഇത് നിന്നോടുള്ള എന്റെ ഉടമ്പടി (ബൈഅത്) ആയി നീ സ്വീകരിച്ചാലും. ശേഷം രണ്ടാമത് ഒന്ന് കൂടി അടിച്ച്, ഇത് നിന്റെ പ്രവാചകരോടുള്ള എന്റെ ഉടമ്പടിയായും നീ സ്വീകരിക്കണേ എന്ന് പറയുകയും വൈകാതെ തന്നെ ചലനമറ്റ് വീഴുകയും ചെയ്തു.
ഉടനെ വാനലോകത്ത് നിന്ന് ദിവ്യസന്ദേശവുമായി ജിബ്‍രീല്‍ മദീനയില്‍ പ്രവാചകര്‍ക്ക് സമീപമെത്തി. ളംറതിന് സംഭവിച്ചതെല്ലാം വിവരിച്ചുകൊടുത്ത ശേഷം, ഈ സൂക്തം ഓതിക്കൊടുത്തു, ആരെങ്കിലും സ്വഭവനം വിട്ട്, അല്ലാഹുവിലേക്കും റസൂലിലേക്കും പലായനം ചെയ്യുന്നവനായി പുറപ്പെടുകയും വഴിക്ക് വെച്ച് മരണം പ്രാപിക്കുകയും ചെയ്താല്‍, നിശ്ചയം അവന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടിരിക്കുന്നു. (സൂറതുന്നിസാഅ്-100)
സംഭവം കേട്ട് പ്രവാചകരുടെ കണ്ണുകള്‍ ആര്‍ദ്രങ്ങളായി. സ്വഹാബികളെയെല്ലാം വിളിച്ച് അവരോട് സംഭവം വിശദീകരിച്ചുകൊടുത്തു. ആ സംസാരത്തിനിടെയാണ്, പ്രസിദ്ധമായ ആ ഹദീസ് അവിടുന്ന് അരുളിയത്, _പ്രവര്‍ത്തനങ്ങളെല്ലാം നിയ്യതുകള്‍ കൊണ്ട് മാത്രമാണ്. ഓരോരുത്തര്‍ക്കും അവരെന്താണോ ലക്ഷ്യമാക്കിയത് അത് മാത്രമാണ് ഉള്ളത്. _
ളംറത്(റ)വിന് ഇതോടെ വലിയൊരു ബഹുമതിയാണ് കൈവന്നത്, തന്റെ വിഷയത്തില്‍ ഒരു ആയത്തും ദീനിന്റെ അടിസ്ഥാന തത്വമായി മാറിയ ഒരു ഹദീസും അവതരിച്ചു എന്നതായിരുന്നു അത്. പാതി വഴിയില്‍ അവസാനിച്ച യാത്രയായിരുന്നു അതിന് നിമിത്തമായത് എന്നതാണ് അതിലേറെ കൌതുകകരം.
അല്ലാഹുവിലേക്കുള്ള മാര്‍ഗ്ഗത്തിലാവുക എന്നതാണ് പ്രധാനം. ലക്ഷ്യത്തിലെത്തുന്നതും എത്താതിരിക്കുന്നതും നമ്മുടെ കൈകളിലല്ല, അത് ജഗന്നിയന്താവിന്റെ നിയന്ത്രണത്തിലാണ്. ശരീരവും അതിലേറെ മനസ്സും തമ്പുരാന്റെ പാതയിലാക്കി നിര്‍ത്താനായാല്‍, അന്തിമ വിജയം സുനിശ്ചിതമാണ് എന്നര്‍ത്ഥം. നാഥന്‍ തുണക്കട്ടെ.
Leave A Comment