ബംഗളൂരു സംഘർഷം: യു.എ.പി.എ ചുമത്താനൊരുങ്ങി കർണാടക സർക്കാർ
ബംഗളൂരു: പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ ബെംഗളൂരു സംഘര്‍ഷത്തില്‍ യു.എ.പി.എ. ഗുണ്ട ആക്‌ട് എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. കലാപം നടന്ന ഡിജെ ഹള്ളിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ക്ലെയിം കമ്മീഷണറിനെ നയമിക്കുന്നതിന് അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഗുണ്ട ആക്‌ട്, യു.എ.പി.എ. എന്നീ നിയമങ്ങളിലെ വകുപ്പുകള്‍ കേസില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ തീരുമാനം ഉടന്‍ കൈക്കൊള്ളും.

കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരീ പുത്രനായ​ നവീന്‍ ഫേസ്​ബുക്കില്‍ പ്രവാചക നിന്ദ പോസ്​റ്റിട്ടതി​നെ തുടര്‍ന്ന് ഡി.ജെ.ഹള്ളി കാവല്‍ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങുകയും നവീനെ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ആളുകള്‍ നവീ​ന്‍റെ കാറടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. എം.എല്‍.എയുടെ വീടിനു നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ വീടി​ന്‍റെ ജനല്‍ ചില്ലുകളടക്കം തകര്‍ന്നു.

നവീന്‍റെ അറസ്​റ്റ്​​ ആവശ്യപ്പെട്ട്​ ഡി.ജെ. ഹള്ളി പൊലീസ്​ സ്റ്റേഷന് മുന്നിലും ആളുകള്‍ തടിച്ചുകൂടി. ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്നു പേര്‍ മരിച്ചത്. 60തോളം പൊലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഓഗസ്റ്റ് 18 വരെ നീട്ടിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് മൊത്തം 340 പേരാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം സംഘർഷത്തിന് നേതൃത്വം നൽകിയത് എസ്ഡിപിഐ ആണെന്നും അതിനാൽ ആ പാർട്ടിയെ കർണാടകയിൽ നിരോധിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter