ബാബരി മസ്ജിദ് തകർത്ത കേസ്:  ഇനിയുള്ള നടപടികൾ വീഡിയോ കോൺഫറൻസ് വഴി
ലക്നൗ: ബാബരി മസ്ജിദ് തകർത്ത കേസിലെ ബാക്കിയുള്ള നടപടികൾ വീഡിയോ കോൺഫറൻസ് വഴി പൂർത്തിയാക്കാൻ ലക്നോവിലെ പ്രത്യേക സിബിഐ കോടതി തീരുമാനിച്ചു.

കേസിൽ സാക്ഷിവിസ്താരം പൂർത്തിയായിട്ടുണ്ട്. പ്രതികളെ വിളിച്ചുവരുത്തി അവർക്കെതിരായി കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകൾ വിശദീകരിക്കുന്ന നടപടിയാണ് ഇനി ബാക്കിയുള്ളത്. അതായിരിക്കും വീഡിയോ കോൺഫറൻസ് വഴി പൂർത്തിയാക്കുക. ബിജെപി നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, വിശ്വഹിന്ദുപരിഷത്ത് നേതാവ് തുടങ്ങിയ പ്രമുഖരാണ് കേസിലെ പ്രതികൾ.

കേസിൽ രണ്ടു സാക്ഷികളെ കൂടി വിസ്തരിക്കാൻ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 2016-17 ൽ ഇവരുടെ മൊഴികൾ കോടതി രേഖപ്പെടുത്തിയെങ്കിലും ക്രോസ് വിസ്താരം നടത്താൻ അവസരം ലഭിച്ചിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച ഇക്കാര്യം കോടതി വീണ്ടും പരിഗണിക്കും. കേസിൽ വിധി പറയാനുള്ള അവസാന തീയതി ഏപ്രിൽ രണ്ടിൽ നിന്ന് ആഗസ്ത് 31 ലേക്ക് സുപ്രീംകോടതി നീട്ടി നൽകിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter