A PHP Error was encountered

Severity: Warning

Message: fopen(/tmp/ci_sessionn000td9gcsa9l8qm1ngh7qevbdpdun1s): failed to open stream: No space left on device

Filename: drivers/Session_files_driver.php

Line Number: 176

Backtrace:

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 82
Function: __construct

File: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once

ഹിന്ദുത്വ ഫാഷിസം: സവര്‍ണ വരേണ്യതയുടെ വേരും പൂവും - Islamonweb
ഹിന്ദുത്വ ഫാഷിസം: സവര്‍ണ വരേണ്യതയുടെ വേരും പൂവും

മതേതര ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഹിന്ദുത്വ ഫാഷിസം. ചരിത്രാതീത കാലത്തെ ഓര്‍മിപ്പിക്കുമാര്‍ തങ്ങള്‍ക്കുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന വംശീയവരേണ്യത ഉയര്‍ത്തിക്കാട്ടി രാജ്യത്തെ തങ്ങളുടെ മാത്രം സ്വകാര്യ സ്വത്താക്കി ചുരുക്കാനാണ് ഇതിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. ഭരണഘടനക്കും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിഘാതമായ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് രൂപംകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്സും സംഘ്പരിവാറുമാണ് ഇത്തരം വിഷലിപ്തമായ ചിന്തകളുടെ പ്രണേതാക്കള്‍. നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ മതേതര സങ്കല്‍പത്തെ ഇല്ലായ്മ ചെയ്യാന്‍ മാത്രമേ ഇത്തരം ഉദ്ദ്യമങ്ങള്‍ സഹായിക്കുന്നുള്ളൂ.          

വര്‍ഗവെറിയുടെയും സഹവിദ്വേഷത്തിന്റെയും കൂട്ടക്കൊലരാഷ്ട്രീയത്തിന്റെയും പാഠങ്ങള്‍ അതിന്റെ ഏറ്റവും വെറുക്കപ്പെട്ട സ്രോതസുകളില്‍ പോയി പഠിച്ച് ഇന്ത്യയില്‍ പ്രയോഗവത്കരിക്കാന്‍ രംഗത്തുവന്ന പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. രൂപീകരണത്തിന്റെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകാനിരിക്കുന്ന സംഘത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഇതിനു സാക്ഷിയാണ്. മനുസ്മൃതി വായിച്ച് ഇന്ത്യയെ ഒരു ബ്രാഹ്മണ ക്ഷേത്രമാക്കി മാറ്റാന്‍ കഴിയുമെന്നാണ് അവര്‍ ധരിക്കുന്നത്. മോദി ഭരണത്തിലേറിയതോടെ കൊലവിളി രാഷ്ട്രീയത്തിലൂടെ അവര്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും. സവര്‍ക്കറും ഗോള്‍വാള്‍ക്കറും താത്ത്വികവത്കരിച്ചത് പ്രയോഗവത്കരിക്കുകയാണ് ഇന്ന് സംഘ്പരിവാര്‍. മതേതര ഇന്ത്യയെ ഇല്ലായ്മ ചെയ്തുകൊണ്ടുമാത്രമേ തങ്ങളുടെ മനസ്സിലെ 'ഏകശിലാത്മക ഭാരതം' അവര്‍ക്ക് പണിയാന്‍ കഴിയുകയുള്ളൂ. ഇത് രാജ്യം മുന്നില്‍ കാണുന്ന വലിയൊരു അപകടത്തെയാണ് സൂചിപ്പിക്കുന്നത്. 

 

ഇത്തരത്തില്‍ ബഹുസ്വര ഇന്ത്യ നേരിടുന്ന ഹിന്ദുത്വ ഫാഷിസമെന്ന മഹാ ഭീഷണിയെ കൂടുതല്‍ അടുത്തറിയേണ്ടതും രാജ്യത്തിന്റെ അഖണ്ഡതക്കും മതേതരത്വത്തിനും അതെങ്ങനെയാണ് എതിരാവുന്നതെന്ന് തിരിച്ചറിയപ്പെടേണ്ടതുമാണ്. 

രാജ്യസ്‌നേഹം എന്ന കപട ഘോഷം

ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആര്‍.എസ്.എസ്സിന്റെ ദേശീയവിരുദ്ധ പദ്ധതികളെക്കുറിച്ച് കൃത്യമായൊരു ബോധമുണ്ടായിരിക്കല്‍ ഓരോ ഇന്ത്യക്കാരനും അനിവാര്യമാണ്. ഹിന്തുത്വ അജണ്ടകളെ തിരിച്ചറിഞ്ഞ് മുളയില്‍തന്നെ അതിനെ ചെറുത്ത്‌തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസ്സിന്റെതന്നെ ആര്‍ക്കൈവ്‌സില്‍നിന്നും ലഭിച്ച രേഖകളുടെ വെളിച്ചത്തിലുള്ള ഈ അന്വേഷണം ഏറെ സഹായിക്കും. മതേതരത്വ ജനാധിപത്യ രാജ്യമായ ഇന്ത്യയെ സ്‌നേഹിക്കുകയും ഹിന്ദുത്വ കടന്നാക്രമണങ്ങളില്‍നിന്നും അതിനെ രക്ഷിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍ക്ക് ചരിത്രത്തിനു മറക്കാനാവാത്ത ഈ രേഖകള്‍ വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. 

മുസ്‌ലിംകളുടെ രാജ്യസ്‌നേഹം നിരന്തരം ചോദ്യം ചെയ്യുകയും ക്രിസ്ത്യാനികളെയും ദലിതുകളെയും രാജ്യദ്രോഹികളായി കാണുകയും ചെയ്യുന്ന ആര്‍.എസ്.എസ് തങ്ങളുടെ സ്വന്തം ചരിത്രത്തിലേക്ക് ഒരാവര്‍ത്തി തിരിഞ്ഞുനോക്കുന്നത് നല്ലതായിരിക്കും. അപ്പോള്‍ മനസ്സിലാകും ഇന്ത്യയില്‍ ആരാണ് യഥാര്‍ത്ഥ രാജ്യ സ്‌നേഹികളെന്നും ദേശവിരുദ്ധരെന്നും. തങ്ങളുടെ ഉല്‍ഭവം മുതല്‍ ഇന്നുവരെ ഇന്ത്യയുടെ സര്‍വ്വവിധ പോളിസികള്‍ക്കും എതിര് നിന്നവരായിരുന്നു ആര്‍.എസ്.എസ്സുകാര്‍. മനുസ്മൃതി ഭരണഘടനയും കാവിക്കൊടി ദേശീയ പതാകയും ഒരു ഹിന്ദു സ്വേച്ഛാധിപതി ഭരണത്തലവനുമായ, ക്രൈസ്തവരും മുസ്‌ലിംകളും ദലിതുകളും ഇല്ലാത്ത, ശക്തമായ ജാതീയ വിഭജനം നിലനില്‍ക്കുന്ന ഒരു ഇന്ത്യയാണ് ആര്‍.എസ്.എസ് എന്നും സ്വപ്‌നം കണ്ടിരുന്നത്. അതിനുവേണ്ടി ഭരണഘടനയെപ്പോലും ചോദ്യം ചെയ്യുകയാണ് അവരിന്ന്. ഇത്തരുണത്തില്‍, തങ്ങളുടെ ദേശീയ വിരുദ്ധ അജണ്ടകളെ ഉയര്‍ത്തിക്കാട്ടി, രാജ്യസ്‌നേഹത്തെക്കുറിച്ചോ ദേശീയതയെക്കുറിച്ചോ സംസാരിക്കാന്‍ ആര്‍.എസ്.എസ്സിന് യാതൊരു ധാര്‍മികാവകാശവുമില്ലെന്ന് തുറന്നുപറയുകയാണ് അവരുടെത്തന്നെ ചരിത്ര രേഖകള്‍.

മതേതരത്വത്തിനും ബഹുസ്വതക്കുമെതിരെ

ഇന്ത്യാരാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായ മതേതരത്വത്തെയും ബഹുസ്വരതയെയും ആര്‍.എസ്.എസ് അംഗീകരിച്ചിരുന്നില്ല. തങ്ങളുടതന്നെ സൈദ്ധാന്തികാചാര്യന്‍മാര്‍ പലതവണ ഇത് തുറന്നു പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്.

1947 ജൂലൈ മൂന്നിന് പ്രസിദ്ധീകരിക്കപ്പെട്ട ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍ ഇക്കാര്യം തുറന്നെഴുതുകയും ചെയ്തു. 'മഹത്തായ ഹിന്ദു രാജ്യം' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചുകഴിയുന്ന ഒരു രാജ്യത്തിന്റെ സാധ്യതയെത്തന്നെ പത്രം തള്ളിക്കളയുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തുല്യാവകാശങ്ങളോടെ ഒരുമിച്ചുകഴിയുകയെന്നത് ഒരു ബ്രിട്ടീഷ് ഗൂഢാലോചനയുടെ സൃഷ്ടിയാണെന്നാണ് പത്രം ആരോപിക്കുന്നത്.

തങ്ങളുടെ പ്രതിജ്ഞകളിലൂടെ ആര്‍.എസ്.എസ് കേഡര്‍മാര്‍ തയ്യാറെടുക്കുന്നതും ഈയൊരു സ്വപ്‌നസാക്ഷാല്‍കാരത്തിനുവേണ്ടിയാണ്. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ പതിവായി ചൊല്ലിവരുന്ന പ്രതിജ്ഞ ഇങ്ങനെ വായിക്കാം:

'സര്‍വ്വ ശക്തനായ ദൈവത്തിനും എന്റെ പൂര്‍വ്വ പിതാക്കള്‍ക്കും മുമ്പില്‍ ഞാന്‍ സഗൗരവം പ്രതിജ്ഞയെടുക്കുന്നു. പരിശുദ്ധമായ ഹിന്ദു മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ ശക്തിപ്പെടുത്തുകവഴി ഭാരതവര്‍ഷയുടെ മഹത്വം നേടിയെടുക്കുന്നതിനായി ഞാന്‍ ആര്‍.എസ്.എസ്സില്‍ അംഗമാകുന്നു. വളരെ ആത്മാര്‍ത്ഥതയോടെയും സത്യന്തതയോടെയും ഞാന്‍ സംഘത്തിന്റെ ജോലികള്‍ ചെയ്യുന്നതാണ്. എന്റെ ജീവിതത്തിലുടനീളം ഈ ലക്ഷ്യസാക്ഷാല്‍കാരത്തിനായി ഞാന്‍ ഉറച്ചുനില്‍ക്കുന്നതായിരിക്കും. ഭാരത് മാതാ കീ ജെയ്.'

ഒരു ഹിന്ദു രാജ്യത്തിനു വേണ്ടി അണികളുടെ മനസ്സൊരുക്കുകയാണ് ഇത്തരം പ്രാര്‍ത്ഥനകളിലൂടെയും പ്രതിജ്ഞകളിലൂടെയും ആര്‍.എസ്.എസ് ചെയ്യുന്നത്. രാഷ്ട്രീയപരമായും നിയമപരമായും സംവിധാനിക്കപ്പെട്ട ഇന്ത്യാരാജ്യത്തോട് കൂറും ആത്മാര്‍ത്ഥതയും തങ്ങള്‍ക്കില്ലെന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു. മറിച്ച്, ഇതിനെയെല്ലാം തകര്‍ത്ത് ഒരു ദൈവരാജ്യം പണിയാനാണ് ആര്‍.എസ്.എസ് പരിശ്രമിക്കുന്നത്. ഇത് അടിസ്ഥാനപരമായും രാജ്യത്തിന്റെ ഭരണഘടനക്കും താല്‍പര്യങ്ങള്‍ക്കും എതിരാണ്.

ദേശീയ പതാക അംഗീകരിക്കുന്നില്ല

ആര്‍.എസ്.എസ് 1925 ല്‍ തുടക്കം കുറിച്ചതുമുതല്‍തന്നെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ സംഘടിത പോരാട്ടങ്ങളെ പ്രതീകവല്‍കരിക്കുന്ന യാതൊന്നിനെയും അംഗീകരിച്ചിരുന്നില്ല. ദേശീയ പതാകയുടെ വിഷയം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. 1929 ഡിസംബര്‍ മാസം കോണ്‍ഗ്രസ് 'പൂര്‍ണ സ്വാതന്ത്ര്യം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്നു. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാനും അന്ന് ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കാനും അതിനു ആദരുവകളര്‍പ്പിക്കാനും പ്രഖ്യാപനം നടത്തി. ഇതറിഞ്ഞ ഹെഡ്ഗവാര്‍ ആര്‍.എസ്.എസ് ശാഖകളിലേക്ക് സര്‍ക്കുലര്‍ ആയച്ചു. അതില്‍, എല്ലായിടത്തും ദേശീയ പതാകയായി കാവി പതാക പ്രദര്‍ശിപ്പിക്കാനും അതിന് ആദരവുകളര്‍പ്പിക്കാനും അദ്ദേഹം ആജ്ഞാപിച്ചു. മുരളി മനോഹര്‍ ജോഷി, അരുണ്‍ ജയറ്റ്‌ലി പോലുള്ള ആര്‍.എസ്.എസ് നേതാക്കള്‍ അനിവാര്യ ഘട്ടങ്ങളില്‍ ശ്രീനഗറിലും മറ്റും ത്രിവര്‍ണ പതാക ആകാശത്തിലേക്ക് ഉയര്‍ത്തുന്നുണ്ടാകാം. തങ്ങള്‍ക്കുള്ളിലെ കപടമായ രാജ്യ സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അവരിത് ചെയ്യുന്നത്. അവരുടെ ഉള്ളില്‍ കാവി പതാക തന്നെയാണ് ഇപ്പോഴും പറക്കുന്നത്. ആര്‍.എസ്.എസ് എന്നും ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിക്കുകയും ഇകഴ്ത്തുകയും ചെയ്തിരുന്നുവെന്നതാണ് ചരിത്രം. താഴെ പറയുന്ന പ്രസ്താവനയില്‍നിന്നും അത് കൂടുതല്‍ വ്യക്തമാകും.

1947 ജൂലൈ 22 നാണ് ത്രിവര്‍ണ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി സ്വീകരിക്കപ്പെടുന്നത്. ഇതിനു തൊട്ടുമുമ്പ് ജൂലൈ 17 ന് ഓര്‍ഗനൈസറില്‍ 'ദേശത്തിന്റെ പതാക' എന്ന തലക്കെട്ടില്‍ ഒരു എഡിറ്റോറിയല്‍ വന്നിരുന്നു. ദേശീയ പതാകയുമായി ബന്ധപ്പെട്ട് നടന്നുവന്ന ചര്‍ച്ചകളോടുള്ള പ്രതികരണമായിരുന്നു അത്:

'പതാക ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായിരിക്കണമെന്നത് നമ്മളാരും അംഗീകരിക്കുന്നില്ല. ഇതൊരു അസംബന്ധ വാദം മാത്രമാണ്. പതാക രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ഒരേയൊരു രാജ്യം മാത്രമേയുള്ളൂ. അത് ഹിന്ദു രാജ്യമാണ്. 5000 ലേറെ വര്‍ഷം ഇടവിടാത്ത ചരിത്ര പാരമ്പര്യമുള്ള മണ്ണാണത്. അതാണ് നമ്മുടെ രാജ്യം. അതിനെ മാത്രം പ്രതിനിധീകരിക്കുന്നതായിരിക്കണം പതാക. ഇവിടത്തെ എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പതാക കണ്ടെത്തുക നമുക്ക് സാധ്യമല്ല. അത് ഏറെ സങ്കീര്‍ണവും അനാവശ്യവുമായിരിക്കും. ഒരു തെയ്യല്‍കാരാന്‍ കുപ്പായം തെയ്യുന്നപോലെ ഉണ്ടാക്കാവുന്നതല്ലല്ലോ നമ്മുടെ ദേശീയ പതാക.'

നിലവിലെ ദേശീയ പതാക അതൃപ്തികരമാണെന്ന ധ്വനിയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്!

ഭരണഘടനയെ തള്ളിപ്പറയുന്നു

ആര്‍.എസ്.എസ് ഇന്ത്യന്‍ ഭരണഘടനയെ എത്രമാത്രം അംഗീകരിക്കുന്നുണ്ടെന്ന് ഗോള്‍വാള്‍ക്കറിന്റെ ഈ പ്രസ്താവനയില്‍നിന്നും മനസ്സിലാകും:

'പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഭരണഘടനകളുടെ ഒരു സമ്മിശ്ര രൂപം മാത്രമാണ് നമ്മുടെ ഭരണഘടന. അതില്‍ നമ്മുടേതാണെന്നു പറയാന്‍ യാതൊന്നുമില്ല. നമ്മുടെ ദേശീയ ദൗത്യം, ജീവിത ലക്ഷ്യം തുടങ്ങിയവ എന്താണെന്ന് വ്യക്തമാക്കുന്ന വല്ല പരാമര്‍ശവും അതിലുണ്ടോ? ഇല്ല എന്നതാണ് സത്യം!'

ജനാധിപത്യത്തിനെതിരേ

ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ക്കപ്പുറം ആര്‍.എസ്.എസ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യ ഒരു ഏകാധിപത്യ ഭരണത്തിനു കീഴില്‍ വരണമെന്നതാണ്. 1940 ല്‍ നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് കേഡര്‍മാരുടെ ഒരുന്നത തല സംഗമത്തില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞു:

'ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ആശയത്താല്‍ പ്രചോദിതമായ ആര്‍.എസ്.എസ്സാണ് രാജ്യത്തുടനീളം ഹിന്ദുത്വയുടെ ജ്വാലകള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്നത്.'

ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ഈയൊരു മുദ്രാവാക്യം ആര്‍.എസ്.എസ് കടമെടുത്തത് യൂറോപ്പിലെ ഫാസിസ്റ്റ്, നാസിസ്റ്റ് പാര്‍ട്ടികളില്‍നിന്നാണെന്നത് വ്യക്തമാണ്. 

ഫെഡറല്‍ സംവിധാനത്തിനെതിരെ

ഇന്ത്യന്‍ രാഷ്ട്രീയ ഭരണ സംവിധാനമായി ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറല്‍ വ്യവസ്ഥയെ ശക്തമായി എതിര്‍ക്കുന്നു ആര്‍.എസ്.എസ്. 1961 ല്‍ നടന്ന ദേശീയോദ്ഗ്രഥന കൗണ്‍സിലിലേക്ക് ഗോള്‍വാള്‍ക്കര്‍ അയച്ച അഭിപ്രായത്തില്‍നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്. 

'ഇന്നത്തെ ഭരണത്തിലെ ഫെഡറല്‍ സംവിധാനം വിഘടനചിന്തയെ ഉണ്ടാക്കുക മാത്രമല്ല, വളര്‍ത്തുകവരെ ചെയ്യുന്നതാണ്. അത് ഒരു രാജ്യം എന്ന ആശയത്തെ നിരാകരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈയൊരു സംവിധാനം പൂര്‍ണമായും പിഴുത് മാറ്റേണ്ടിയിരിക്കുന്നു. അതിനായി ഭരണഘടന ശുദ്ധീകരിക്കുകയും ഒരു ഏകീകൃത ഭരണ സംവിധാനം രാജ്യത്ത് കൊണ്ടുവരികയും വേണം.'

ഇത് ഇന്ത്യന്‍ ഫെഡറലിസത്തെക്കുറിച്ച് ആര്‍.എസ്.എസ് ആചാര്യന്റെ ഒരു ഒറ്റപ്പെട്ട അഭിപ്രായം മാത്രമല്ല. ഓരോ ആര്‍.എസ്.എസ്സുകാരനും വായിച്ചിരിക്കണമെന്ന് അവര്‍ പറയുന്ന, തങ്ങളുടെ ബൈബിളെന്ന് അവര്‍ വിശ്വസിക്കുന്ന 'വിചാര ധാര'യില്‍ 'ഒരു ഏകീകൃത രാജ്യമാണ് ആവശ്യം' എന്നൊരു അധ്യായം തന്നെയുണ്ട്. ഇന്ത്യയുടെ ഫൈഡറല്‍ സംവിധാനത്തിനുള്ള പരിഹാരമായി ഈ ലേഖനത്തില്‍ അദ്ദേഹം പറയുന്നു:

'ഭരണഘടന മുന്നോട്ടുവെക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം കുഴിച്ചുമൂടാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഭാരതമെന്ന രാജ്യത്തിനുള്ളില്‍ പൂര്‍ണ അധികാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റുകളെയും തൂത്തെറിയേണ്ടതുണ്ട്. ഒരു രാജ്യം, ഒരു സ്റ്റേറ്റ്, ഒരു പാര്‍ലമെന്റ്, ഒരു നിര്‍വഹണ സമിതി എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.'

ഇന്ത്യയെന്ന നാമകരണത്തിനെതിരെ

കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി രാജ്യത്തിന് ഇന്ത്യയെന്ന നാമകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസ് അത് അംഗീകരിച്ചിരുന്നില്ല. ഹിന്ദുക്കളുടെ ഭൂമി എന്ന അര്‍ത്ഥത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന് പേരിടണമെന്നായിരുന്നു അവരുടെ ആവശ്യം. 1947 ജൂലൈ 31 ന് ഹിന്ദുസ്ഥാന്‍ എന്ന ശീര്‍ഷകത്തില്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയലില്‍ ഇക്കാര്യം അവര്‍ തുറന്നു പറയുന്നുണ്ട്. 

എഡിറ്റോറിയല്‍ അവസാനിക്കുന്നത് ഈ ആവശ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ്: 

'അതുകൊണ്ട്, ഇന്ത്യയുടെ ദേശീയ പതാക ഹിന്ദുക്കളുടെ പരമ്പരാഗത പതാക തന്നെയായിരിക്കണം. ദേശീയ ഭാഷ ഹിന്ദിയും പ്രിയപ്പെട്ട നമ്മുടെ മാതൃദേശം ഹിന്ദുസ്ഥാനുമായിരിക്കണം.'

ചുരുക്കത്തില്‍, രാജ്യസ്‌നേഹത്തിന്റെ പേരു പറഞ്ഞ് ഇന്ന് നാടുനീളെ കലാപങ്ങളഴിച്ചുവിടുന്ന ആര്‍.എസ്.എസ് തന്നെയാണ് രാജ്യം കണ്ട ഏറ്റവും വലിയ രാജ്യവിരുദ്ധര്‍ എന്നാണ് അവരുടെ തന്നെ ചരിത്രം വ്യക്തമാക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ചെയ്തതു കാരണം ഒന്നിലധികം തവണ നിരോധിക്കപ്പെട്ട സംഘടന മറ്റുള്ളവരെ നന്നാക്കാനായി രംഗത്തുവരുന്നതിനു മുമ്പ് സ്വന്തം ഇന്നലെകള്‍ ഒരാവര്‍ത്തി വായിച്ചുനോക്കുന്നത് നല്ലതായിരിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്ന ഒരു ഇന്ത്യക്കായി നമുക്ക് പ്രവര്‍ത്തിക്കാം. 

റഫറന്‍സ്

1. ഫാഷിസം: വഴിയും വര്‍ത്തമാനവും, ഡോ. ശംസുല്‍ ഇസ്‌ലാം, ബുക്പ്ലസ്, ചെമ്മാട്

2. ഫാഷിസവും സംഘ്പരിവാറും, ഡോ. എം.കെ. മുനീര്‍, ഒലീവ് ബുക്‌സ്, കോഴിക്കോട്

3. നോ ദി ആര്‍.എസ്.എസ്, ഡോ. ശംസുല്‍ ഇസ്‌ലാം

4. ബഞ്ച് ഓഫ് തോട്‌സ്, എം.എസ്. ഗോള്‍വാള്‍ക്കര്‍, സാഹിത്യ സിന്ധു, ബാംഗ്ലൂര്‍, 1996

5. വി ഓര്‍ അവര്‍ നാഷന്‍ഹൂഡ് ഡിഫൈന്‍ഡ്, എം.എസ്. ഗോള്‍വാള്‍ക്കര്‍, ഭാരത് പബ്ലിക്കേഷന്‍, നാഗ്പൂര്‍

6. ഓര്‍ഗനൈസര്‍, ആര്‍.എസ്.എസ് മൗത്ത് പീസ്, ഡല്‍ഹി

7. കളക്ടഡ് വര്‍ക്‌സ് ഓഫ് ഗോള്‍വാള്‍ക്കര്‍, ഭാരതീയ വിചാര്‍ സാധന, നാഗ്പൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter